സംഭാഷണ ശൈലിയെയും ഉച്ചാരണത്തെയും ചൊല്ലി സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടി രശ്മിക മന്ദാന. ഇത്തരം അനാവശ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ ജോലിയിൽ മാത്രം കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നടി വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് രശ്മിക തന്റെ നിലപാട് വ്യക്തമാക്കിയത്.

To advertise here,

'കർണാടകയിലെ കുടക് സ്വദേശിയായ എന്റെ മാതൃഭാഷ 'കൊടവ തക്ക്' ആണ്. ഈ ഭാഷയ്ക്ക് മാത്രമായി പ്രത്യേക സിനിമാ ഇൻഡസ്ട്രി ഒന്നുമില്ല. എന്നാൽ, ഭാഷ എനിക്കൊരിക്കലും ഒരു തടസ്സമായിരുന്നില്ല. എല്ലാ ഭാഷകളെയും സ്വന്തം ഭാഷയായാണ് കാണുന്നത്. തെലുങ്ക്, ഹിന്ദി സിനിമാമേഖലകളിലേക്കുള്ള വളർച്ചയ്ക്ക് പിന്നിൽ ആരാധകരുടെ പിന്തുണയാണ്', താരം വ്യക്തമാക്കി.

അനാവശ്യമായ വിമർശനങ്ങൾക്ക് ചെവികൊടുത്ത് തന്റെ ശ്രദ്ധ വഴിതിരിച്ചുവിടാൻ താല്പര്യമില്ലെന്ന് രശ്മിക പറഞ്ഞു. ഓരോ സിനിമയിലും മികച്ചത് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മറ്റാരുടെയും വഴിയിൽ തടസ്സമാകാൻ ആഗ്രഹിക്കുന്നില്ല. നടി എന്ന നിലയിൽ എന്റെ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,' രശ്മിക കൂട്ടിച്ചേർത്തു.

2016-ൽ 'കിരിക് പാർട്ടി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് 2018-ൽ 'ചലോ' എന്ന ചിത്രത്തിലൂടെ തെലുങ്കിലും, 2021-ൽ 'സുൽത്താൻ' എന്ന ചിത്രത്തിലൂടെ തമിഴിലും, 2022-ൽ 'ഗുഡ്‌ബൈ' എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. നിലവിൽ ദക്ഷിണേന്ത്യൻ, ബോളിവുഡ് സിനിമാ വ്യവസായങ്ങളിൽ സജീവ സാന്നിധ്യമാണ് രശ്മിക.