സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിങ്ങിനും അധിക്ഷേപങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ സൽമാൻ ഖാൻ. പ്രസവാനന്തരം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെയും വയസ്സിനെയും ചൊല്ലി ഓൺലൈനിൽ നടക്കുന്ന കടന്നാക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. അംബാനി കുടുംബത്തിന്റെ ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുത്ത നടി കത്രീന കൈഫിന്റെ രൂപത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന അധിക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സൽമാന്റെ ഈ പ്രതികരണം.

To advertise here,

'ബിഗ് ബോസ് 20'-ന്റെ ഏറ്റവും പുതിയ 'വീക്കെൻഡ് കാ വാർ' എപ്പിസോഡിലാണ് സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നവർക്കായി സൽമാൻ ഖാൻ പരസ്യമായി രംഗത്തുവന്നത്. താൻ നേരിടുന്ന പ്രായത്തെച്ചൊല്ലിയുള്ള അധിക്ഷേപങ്ങളെക്കുറിച്ച് സൽമാൻ ഖാൻ തുറന്നുപറഞ്ഞു. തനിക്ക് ഇപ്പോൾ 60 വയസ്സായെന്നും പതിറ്റാണ്ടുകൾക്ക് മുൻപ് 'മേം നെ പ്യാർ കിയ' എന്ന ചിത്രത്തിൽ കണ്ടതുപോലെ എപ്പോഴും കാണപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ട്രോളർമാർക്ക് മറുപടിയായി വേദിയിൽ വെച്ച് തന്റെ തൊപ്പിയും ജാക്കറ്റും ടി-ഷർട്ടും അഴിച്ച്, മേക്കപ്പ് തുടച്ചുമാറ്റി "ഭായ് തടിച്ചു, ഭായിയെ ട്രോൾ ചെയ്യൂ" എന്ന് വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

‘‘ഒരാളുടെ ശരീരഭാരത്തെക്കുറിച്ചോ, ലുക്കിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ, വയസ്സിനെക്കുറിച്ചോ, അമ്മയാകുന്നതിനെക്കുറിച്ചോ പരിഹസിക്കുന്നത് നിങ്ങളുടെ വളർത്തലിന്റെ ഗുണനിലവാരമാണ് കാണിക്കുന്നത്’’ എന്നായിരുന്നു സൽമാന്റെ കടുത്ത വാക്കുകൾ. ഒരു കലാകാരന്റെ ജോലിയെ വിമർശിക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സൽമാൻ ചൂണ്ടിക്കാണിച്ചു. സിനിമയോ അഭിനയമോ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നുപറയാൻ പ്രേക്ഷകർക്ക് അവകാശമുണ്ടെന്നും എന്നാൽ അത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സിനിമയുടെ ടിക്കറ്റ് വാങ്ങുന്നത് വഴി ആ നടനെ വാങ്ങിയിട്ടില്ലെന്ന് ട്രോളർമാരെ അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read: തടി കൂടി കരിയർ അവസാനിച്ചെന്ന് സോഷ്യൽ മീഡിയ; 350 കോടിയുടെ നേട്ടവുമായി കത്രീനയുടെ ബ്യൂട്ടി ബ്രാൻഡ്

സോഷ്യൽ മീഡിയ ട്രോളുകൾക്ക് പുറമെ നടിമാർക്ക് നേരിടേണ്ടി വരുന്ന പാപ്പരാസി സംസ്കാരത്തെയും സൽമാൻ വിമർശിച്ചു. വാഹനങ്ങളിൽ നിന്ന് ഇറങ്ങുന്ന സമയത്ത് നടിമാരുടെയും തന്റെ കുടുംബത്തിലുള്ളവരുടെയും ശരീരഭാഗങ്ങളിലേക്ക് ക്യാമറകൾ കേന്ദ്രീകരിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു. സെലിബ്രിറ്റികളുടെ ശരീരവും വ്യക്തിജീവിതവും പൊതുസ്വത്താണെന്ന ചിന്താഗതിയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പേരെടുത്തുപറഞ്ഞില്ലെങ്കിലും പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയതിന്റെ പേരിൽ രൂക്ഷമായ സൈബർ ആക്രമണം നേരിട്ട നടിയും സുഹൃത്തുമായ കത്രീന കൈഫിനെ പിന്തുണച്ചും സൽമാൻ സംസാരിച്ചു. "ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ശരീരത്തിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. അവരത് ആർക്കും മുന്നിലും തെളിയിക്കേണ്ടതില്ല. സിനിമകളിലേക്ക് തിരിച്ചെത്തുമ്പോൾ അവർ വീണ്ടും ഫിറ്റാകും, എന്നാൽ ഇപ്പോൾ അവർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹം. പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത്?" അദ്ദേഹം ചോദിച്ചു.

സോഷ്യൽ മീഡിയയിലൂടെയുള്ള നിരന്തരമായ അധിക്ഷേപങ്ങൾ വ്യക്തികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും സൽമാൻ മുന്നറിയിപ്പ് നൽകി. അജ്ഞാത അക്കൗണ്ടുകൾ ഉണ്ടാക്കി മറ്റുള്ളവരെ താഴ്ത്തിക്കെട്ടി പണം സമ്പാദിക്കുന്ന രീതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മറ്റുള്ളവരെ പരിഹസിക്കുന്നതിന് മുൻപ് സ്വന്തം ജീവിതത്തിലേക്കും ആരോഗ്യത്തിലേക്കും നോക്കണമെന്ന് താരം ഉപദേശിച്ചു.