വിജയ്‌യുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്‌യെ പ്രശംസിച്ച് നടൻ സൂരി. ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രത്തിന്റെ ട്രെയിലർ, ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ. ചിത്രത്തിന്റെ കഥ പറയുന്ന സമയത്ത് ജേസണിൽ കണ്ട എളിമ, നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യെ ഓർമിപ്പിച്ചുവെന്ന് സൂരി പറഞ്ഞു.

To advertise here,

ഒന്നര വർഷം മുമ്പ് ലൈക്ക പ്രൊഡക്ഷൻസിന്റെ തമിഴ് കുമരന്റെ ഓഫീസിൽവെച്ച് ജേസൺ സഞ്ജയ്‌യെ കണ്ട സംഭവം സൂരി ചടങ്ങിൽ ഓർത്തെടുത്തു.

'തമിഴ് കുമരൻ സാറിന്റെ ഓഫീസിൽവെച്ച് രണ്ടര മണിക്കൂർ എടുത്ത് 'സിഗ്മ'യുടെ കഥ പറഞ്ഞു തന്നു. ആ സമയത്ത് വിജയ് അണ്ണൻ എന്നോട് സംസാരിക്കുന്നത് പോലെയാണ് തോന്നിയത്. എന്റെ അപ്പന്റെ കൂടെയിരിക്കുന്ന അനുഭവമായിരുന്നു അത്.' സൂരി പറഞ്ഞു.

ജേസണിന്റെ എളിമയെയും സൂരി പ്രശംസിച്ചു. 'ഇത്രയും വിനയമുള്ള ആളാവുക എന്നത് വലിയൊരു കാര്യമാണ്. ഒരു സംവിധായകനെന്ന നിലയിൽ താങ്കൾ തീർച്ചയായും വിജയിക്കണം. എന്നാൽ ഇടയ്‌ക്കൊക്കെ നായകനായും അഭിനയിക്കണം,' സൂരി ജേസണോട് അഭ്യർഥിച്ചു.

സൂരിയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞ ജേസൺ സഞ്ജയ്, ഭാവിയിൽ ഒന്നിച്ചു പ്രവർത്തിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ചടങ്ങിൽ തന്റെ കുടുംബാംഗങ്ങൾ നൽകിയ പിന്തുണയ്ക്ക് ജേസൺ നന്ദി അറിയിച്ചു.

അമ്മ സംഗീത, പിതാവ് വിജയ്, സഹോദരി ദിവ്യ സാഷ എന്നിവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. തുടർന്ന് തന്റെ മാതൃസഹോദരൻ സഞ്ജീവിനെയും ജേസൺ പ്രത്യേകം സ്മരിച്ചു. കോളേജ് പഠനത്തിന് ശേഷം സംവിധായകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സഞ്ജീവ് പിന്തുണച്ചുവെന്നും, ഈ ലോകത്ത് തനിക്ക് ഏറ്റവും വിശ്വാസമുള്ള വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നും ജേസൺ പറഞ്ഞു.

ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ഒരു ആക്ഷൻ-അഡ്വഞ്ചർ ഹീസ്റ്റ് ചിത്രമാണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ സന്ദീപ് കിഷൻ, ഫരിയ അബ്ദുള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സമ്പത്ത് രാജ്, രാജു സുന്ദരം, ശിവ് പണ്ഡിറ്റ്, ഷീല രാജ്കുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും.