തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേർപാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമപ്രവർത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ ഇത്തരത്തിൽ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്കാരത്തിന് തീരാക്കളങ്കമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളിൽനിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചുമാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

To advertise here,

 

മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മാധ്യമപ്രവർത്തകന്റെ കർത്തവ്യ നിർവഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം അതീവ ഗൗരവത്തിൽ പരിഗണിക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി 

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിനെതിരെ കർശനനടപടിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. സൈബർ വിഭാഗം ഐജിക്കാണ് ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടിയുണ്ടാവുക.

മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബർ അധിക്ഷേപത്തിന് കാരണമെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.