ദുബായ്: ഈ വർഷം ആദ്യ പകുതിയിൽ ഗൾഫ് മേഖലയിൽ രേഖപ്പെടുത്തിയ ആകെ സൈബർ ആക്രമണങ്ങളുടെ പകുതിയും നേരിട്ടത് യു.എ.ഇയും സൗദി അറേബ്യയുമാണെന്ന് റിപ്പോർട്ട്. ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് കമ്പനിയായ 'പോസിറ്റീവ് ടെക്നോളജീസ്' പുറത്തുവിട്ട പഠനത്തിലാണ് നിർണായക വിവരങ്ങളുള്ളത്. മേഖലയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട രാജ്യം യു.എ.ഇയാണ് (ആകെ ആക്രമണങ്ങളുടെ 35 ശതമാനം). തൊട്ടുപിന്നാലെ ഇറാനും (17 ശതമാനം), സൗദി അറേബ്യയും (15 ശതമാനം) സ്ഥാനം പിടിച്ചിട്ടുണ്ട്.

To advertise here,

വർഷത്തിന്റെ ആദ്യ പാദത്തിലാണ് ആകെ ആക്രമണങ്ങളുടെ 96 ശതമാനവും നടന്നതെന്ന് പോസിറ്റീവ് ടെക്നോളജീസ് അധികൃതർ വ്യക്തമാക്കി. വർഷത്തിന്റെ തുടക്കത്തിൽ മേഖലയിലുണ്ടായ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളെത്തുടർന്ന് സർക്കാർ-ഭരണകൂട സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളാണ് ഇതിന് പ്രധാന കാരണം. യു.എ.ഇയിലും സൗദി അറേബ്യയിലുമുള്ള പ്രമുഖ ഐ.ടി, ടെലികോം, ബാങ്കിംഗ് കമ്പനികൾ എന്നിവയാണ് പ്രധാനമായും കടന്നാക്രമണങ്ങൾക്ക് ഇരയായതെന്ന് പോസിറ്റീവ് ടെക്നോളജീസ് ചീഫ് ഇവാഞ്ചലിസ്റ്റ് ഓഫീസർ അലക്സി ലുക്കാട്സ്കി ജിസെക് ഗ്ലോബൽ പറഞ്ഞു.

ഗൾഫിൽ നടന്ന വിജയകരമായ സൈബർ ആക്രമണങ്ങളിൽ ഏറിയ പങ്കും സർക്കാർ അഡ്മിനിസ്ട്രേറ്റീവ് സ്ഥാപനങ്ങൾക്കെതിരെയായിരുന്നു (27 ശതമാനം). വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ പകുതിയും സൗദി അറേബ്യയിലാണ് (17 ശതമാനം) റിപ്പോർട്ട് ചെയ്തത്. പൊതുമേഖല/മറ്റ് സ്ഥാപനങ്ങളിൽ 23 ശതമാനവും രേഖപ്പെടുത്തി.

സോഫ്റ്റ്വെയറുകളിലും ഹാർഡ്വെയറുകളിലുമുള്ള സുരക്ഷാ അപാകതകൾ മുതലെടുത്താണ് 38 ശതമാനം ആക്രമണങ്ങളും നടന്നത്. പഴക്കം ചെന്ന സുരക്ഷാ സിസ്റ്റങ്ങളെ എളുപ്പത്തിൽ തുളച്ചുകയറാൻ ആക്രമണകാരികൾക്ക് സാധിച്ചു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത മാലീഷ്യസ് സോഫ്റ്റ്വെയറുകൾ, ഈമെയിൽ, വാട്ട്സ്ആപ്പ് എന്നിവ വഴി നടത്തുന്ന ഫിഷിംഗ് തട്ടിപ്പുകൾ എന്നിവയാണ് മറ്റ് പ്രധാന മാർഗങ്ങൾ.

ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കണമെന്നും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ തരം ഭീഷണികളെ ചെറുക്കാൻ തയ്യാറെടുക്കണമെന്നും സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.