താരസംഘടന 'അമ്മ'യിലെ തർക്കങ്ങളിൽ സംഗീത സംവിധായകനും പെർഫോമറുമായ സ്റ്റീഫൻ ദേവസി നൽകിയ വിശദീകരണങ്ങളിൽ പ്രതികരണവുമായി നടി മാലാ പാർവതി. താൻ മനസിലാക്കിയിടത്തോളം അൻസിബ ആരോപണം ഉന്നയിച്ചത് സ്റ്റീഫൻ ദേവസിക്കെതിരല്ലെന്ന് മാലാ പാർവതി ഫെയ്‌സ്ബുക്കിൽ കുറിച്ചു. 'അമ്മ' ഭരണസമിതി അനുമതി നൽകാത്ത പരിപാടിക്കാണ് താൻ വരുന്നതെന്ന് സ്റ്റീഫൻ ദേവസി അറിഞ്ഞുകാണില്ലെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ, 20 മിനിറ്റ് പരിപാടിക്ക് 13.5 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്ന് ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അവർ പരിഹസിച്ചു.

To advertise here,

'ഞാൻ മനസിലാക്കിയിടത്തോളം അൻസിബ ആരോപണം ഉന്നയിച്ചത്, സ്റ്റീഫൻ ദേവസിക്കെതിരെ അല്ല. കുടുംബ സംഗമത്തിൽ ഇത്രയും രൂപ ചെലവാക്കി എന്തിനാണ് ഇങ്ങനെ ഒരു പ്രോഗ്രാം എന്ന തർക്കമുണ്ടായെന്നും പ്രോഗ്രാം നടത്താനോ അതിന് ചെലവാകുന്ന പണമോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ പാസാക്കിയില്ല എന്നതുമാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി പാസ്സാക്കാത്ത ഒരു പ്രോഗ്രാമിനാണ് താൻ വരുന്നത് എന്ന് അദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല', മാലാ പാർവതി കുറിച്ചു

'പിന്നെ, എനിക്ക് വ്യക്തിപരമായി സംശയം ഉണ്ടായിരുന്നു. 'അമ്മ'യുടെ കുടുംബ സംഗമത്തിന്, 20 മിനിറ്റ് പ്രോഗ്രാമിന് 13.5 ലക്ഷം രൂപ സ്റ്റീഫൻ വാങ്ങി കാണുമോയെന്ന്?!. 20 മിനിറ്റ് പ്രോഗ്രാമിന് 13.5 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ഫീസ് എന്ന് ബോധ്യപ്പെട്ടു. സന്തോഷം', അവർ കൂട്ടിച്ചേർത്തു.

ഒരു വാർത്താ ചാനലിന് നൽകിയ പ്രതികരണത്തിലാണ് സ്റ്റീഫൻ ദേവസി താനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകിയത്. കുടുംബസംഗമത്തിലെ കുറച്ചുനേരത്തെ പരിപാടിക്ക് വേണ്ടി മാത്രമല്ല, അതിന്റെ മുന്നൊരുക്കങ്ങൾക്ക് ഉൾപ്പെടെയാണ് താൻ 13.5 ലക്ഷം പ്രതിഫലമായി വാങ്ങിയതെന്നായിരുന്നു സ്റ്റീഫൻ ദേവസി വ്യക്തമാക്കിയത്. 12 പേരോളമുള്ള സംഘം തനിക്കൊപ്പമുണ്ടായിരുന്നു. പ്രീ- പ്രൊഡക്ഷനും മിക്‌സിങ്ങും മാസ്റ്ററിങ്ങും ഉൾപ്പെടെയാണ് പ്രതിഫലം. ആരും കമ്മിഷൻ വാങ്ങിയിട്ടില്ല. രണ്ടാഴ്ച സമയം പരിപാടിക്കുവേണ്ടി നീക്കിവെച്ചുവെന്നും സ്റ്റീഫൻ ദേവസി പറഞ്ഞു.

സ്റ്റീഫൻ ദേവസിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് അൻസിബ ഹസൻ പരസ്യമായും മറ്റ് അംഗങ്ങൾ 'അമ്മ' ജനറൽ ബോഡിയിലും ആരോപണം ഉന്നയിച്ചിരുന്നു. സ്റ്റീഫൻ ദേവസിയുടെ പരിപാടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് നടത്തിയത് എന്നായിരുന്നു ഒരു ആരോപണം. സ്റ്റീഫന്റെ പ്രതിഫലം പെരുപ്പിച്ച് കാണിച്ചു, കമ്മിഷൻ വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നത്. 'അമ്മ'യ്ക്കുവേണ്ടി ആവശ്യപ്പെട്ടിരുന്നെങ്കിൽ സ്റ്റീഫൻ പ്രതിഫലം വാങ്ങാതെ പരിപാടി അവതരിപ്പിക്കുമായിരുന്നുവെന്ന് അൻസിബയും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു.