അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ചിത്രത്തിന്റെ ഭാഗമാവാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് കൈതപ്രം സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റിൽ കുറിച്ചു. സത്യൻ അന്തിക്കാടുമായുള്ള സൗഹൃദം ഓർത്തെടുത്താണ് കുറിപ്പ്. മംഗലാപുരത്തുവെച്ച് നടക്കുന്ന ചിത്രത്തിന്റെ കമ്പോസിങ്ങിന് അനൂപ് വിളിക്കാൻ വരുന്നതും കാത്തിരിപ്പാണ് താനെന്ന് കൈതപ്രം കുറിച്ചു.

To advertise here,

'അനൂപ് സത്യന്റെ ചിത്രം, ലാലിന്റെ അഭിനയം, ജെയ്ക്‌സിന്റെ സംഗീതം. L368 എന്നു താത്കാലിക പേരുള്ള സിനിമയിൽ പങ്കുചേരുമ്പോൾ എന്തോ അഭിമാനമാണ് മുന്നിൽ', കൈതപ്രം കുറിച്ചു.

'പടങ്ങൾ തുടർച്ചയായി ചെയ്യുമ്പോഴും ഇല്ലാത്തപ്പോഴും ഒരേ സ്‌നേഹം പുലർത്തുന്ന കൂട്ടുകാരനാണ് എനിക്ക് സത്യൻ അന്തിക്കാട്. അനൂപ് എന്റെ വീട്ടിൽ വന്നു കഥ പറയുമ്പോൾ ആ വികാരവായ്പോടെയാണ് ഞാനിരുന്നത്', അനൂപ് കഥപറയാൻ വന്നതിനെക്കുറിച്ച് കൈതപ്രത്തിന്റെ വാക്കുകൾ.

ALSO READ | ചെക്ക് ഷർട്ടും മുണ്ടുമുടുത്ത് മോഹൻലാൽ; അനൂപ് സത്യൻ ചിത്രത്തിൽ ജോയിൻ ചെയ്തു, തൊടുപുഴയിൽ ഷൂട്ടിങ്

'സത്യന്റെ കുടുംബപുരാണമാണ് എന്റെ രണ്ടാമത്തെ ചിത്രം. ശ്രീനിയും സത്യനും കഥ മെനയുന്ന കാലം. ഇ.സി. തോമസ് എന്ന കൂട്ടുകാരൻ എന്നെയും കൂട്ടി അളകാപുരി ഹോട്ടലിൽ ചെല്ലുന്നു. അവിടെ താമസിക്കുന്ന മുരളിയുടെ മുറിയിലേക്കാണ് ഞാൻ ചെന്നത്. ഇ.സി. കൈയിലുള്ള ചെറിയ ടേപ്പ് റെക്കോർഡറിൽ 'എന്നെന്നും കണ്ണേട്ടന്റെ' പാട്ടുകളുമായി സത്യന്റെ മുറിയിലേക്ക് ചെല്ലുന്നു. ശ്രീനി മാത്രമേയുള്ളൂ. എന്റെ കാര്യം പറയുന്നു. പാട്ട് ഓൺ ചെയ്യുന്നു. 'ദേവദുന്ദുഭി' എന്ന ഗാനം കേട്ടുകൊണ്ട് സത്യൻ മുറിയിലേക്ക് കടന്നുവരുന്നു. എന്നെ പറ്റി സംസാരിക്കുന്നു. അടുത്ത ചിത്രത്തിൽ എന്നെ വിളിക്കാമെന്നു തീരുമാനിക്കുന്നു', അദ്ദേഹം ഓർത്തെടുത്തു.

'പിന്നീട് കുടുംബ പുരാണത്തിൽ ഞാൻ ഗാനങ്ങളെഴുതുന്നു. മോഹൻ സിത്താര സംഗീതം. ആ പടം ഹിറ്റായി. അടുത്ത പടത്തിൽ ജോൺസണും ഞാനും ചേരുന്നു. 'വെള്ളാരപ്പൂമാല'യും, 'ദൂരെ ദൂരെ സാഗര'വുമുണ്ടാവുന്നു. പിന്നീട് 'പുതിയ തീരം' വരെ ഞങ്ങളൊരുമിച്ചിട്ടുണ്ട്. തുടർച്ചയായല്ലെങ്കിലും', കൈതപ്രം കൂട്ടിച്ചേർത്തു.

'ഇതാ സത്യന്റെ മകൻ ചിത്രമെടുക്കുമ്പോൾ എന്നെ വിളിക്കുന്നു. അനൂപ് പറഞ്ഞത് കമ്പോസിങ് മംഗലാപുരത്ത് വെച്ചാണെന്നാണ്. എനിക്ക് മുകാംബികയെ കാണാനുള്ള മോഹം കലശലായുണ്ട്. എന്റെ മോനെ പോലെ സ്‌നേഹം തോന്നുന്ന കുഞ്ഞായി അനൂപ് വരുന്നതും കാത്തിരിപ്പാണ് ഞാൻ. നല്ല ഗാനങ്ങളുണ്ടാവാൻ പ്രാർഥന', എന്നാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ കൈതപ്രത്തിന്റെ കുറിപ്പിനോട് പ്രതികരിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തി. 'അങ്കിൾ' എന്ന് മാത്രമായിരുന്നു അനൂപിന്റെ കമന്റ്. സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് ഉൾപ്പെടെ കമന്റുമായെത്തി.