നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണുമായുള്ള വിവാഹമോചനം കഴിഞ്ഞ ദിവസം അന്ന ലെഷ്‌നേവ സ്ഥിരീകരിച്ചിരുന്നു. 13 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. വിവാഹമോചന പ്രഖ്യാപനം പോലെ, അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും വിവാഹവും.

To advertise here,

2011-ൽ പുറത്തിറങ്ങിയ 'തീൻ മാർ' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പവൻ കല്യാണും അന്നയും പരിചയപ്പെടുന്നത്. പവൻ കല്യാൺ നായകനായ ചിത്രത്തിൽ അന്നയും ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ട് വർഷത്തെ പ്രണയത്തിനുശേഷം 2013 സെപ്റ്റംബർ 30-ന് ഹൈദരാബാദിൽ വെച്ച് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. പവൻ കല്യാണിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്.

ഇരുവർക്കും മാർക്ക് ശങ്കർ പവനോവിച്ച് എന്ന മകനുണ്ട്. കൂടാതെ അന്നയുടെ ആദ്യ വിവാഹത്തിലുള്ള പൊലേന അഞ്ചന പവനോവ എന്ന മകളെ പവൻ കല്യാൺ സ്വന്തം മകളായി സ്വീകരിച്ചിരുന്നു.

വിവാഹശേഷം സിനിമകളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നുനിന്ന അന്ന പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2024-ൽ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദം നേടി. സിംഗപ്പൂരിലും റഷ്യയിലും ഹോട്ടൽ മേഖലയിൽ ബിസിനസ് പങ്കാളിത്തവും അന്നയ്ക്കുണ്ട്.

വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ പവൻ കല്യാണിന്റെ ചില മുൻ പരാമർശങ്ങളും ശ്രദ്ധനേടിയിരുന്നു. ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹമില്ലായിരുന്നുവെന്ന് പവൻ കല്യാൺ ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു.

'സത്യത്തിൽ എനിക്ക് ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. ഒരു ബ്രഹ്‌മചാരിയായി യോഗയുടെ വഴിയിലൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ ജീവിതത്തെ പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ട്. ഇതെല്ലാം ശരിക്കും എന്റെ ജീവിതത്തിൽ സംഭവിച്ചതാണോ എന്ന് ഞാൻ ചിന്തിച്ചുപോകാറുണ്ട്. ഞാൻ ഒന്നും മുൻകൂട്ടി പദ്ധതിയിട്ടതല്ല. തികച്ചും ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനാണ് ഞാൻ ശ്രമിച്ചത്', എന്നായിരുന്നു പവൻ കല്യാണിന്റെ വാക്കുകൾ.