മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് നവ്യാ നായരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തിയ 'പാതിരാത്രി' എന്ന ചിത്രം. റത്തീന സംവിധാനം ചെയ്ത ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് ഷെഹനാദ് ജലാല്‍ ആണ്. പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം നല്‍കിയ ഭ്രമയുഗവും ദേശീയ പുരസ്‌കാരം നേടിയ ഉള്ളൊഴുക്കും ഉള്‍പ്പെടെ നിരവധി സിനിമകളുടേയും കറി ആന്‍ഡ് സയനേഡ് അടക്കം ഒട്ടേറെ ഡോക്യുമെന്ററികളുടെയും സിനിമറ്റോഗ്രാഫി കൈകാര്യം ചെയ്ത അദ്ദേഹം ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമറ്റോഗ്രാഫേഴ്സ് (ഐഎസ്സി) അംഗവുമാണ്. ഷെഹനാദ് ജലാല്‍ മാതൃഭൂമി ഡോട് കോമിനോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

To advertise here,

എങ്ങനെയാണ് 'പാതിരാത്രി'യിലേക്ക് എത്തുന്നത്?

ഇങ്ങനെയൊരു പ്രൊജക്ട് ഉണ്ട് എന്ന് എനിക്ക് കോള്‍ വരികയായിരുന്നു. സംവിധായിക റത്തീനയെ അവരുടെ ആദ്യചിത്രമായ 'പുഴു' കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നവ്യയും സൗബിനുമെല്ലാമുള്ള, പുഴുവിന്റെ സംവിധായികയുടെ ചിത്രം. അങ്ങനെയാണ് പാതിരാത്രി കമ്മിറ്റ് ചെയ്തത്.

Also Read: രണ്ട് പോലീസുകാർ, ഒരു 'പാതിരാക്കൊലപാതകം' | സിനിമാ റിവ്യൂ | പാതിരാത്രി

നവ്യാ നായര്‍ക്കും സൗബിന്‍ ഷാഹിറിനും ഒപ്പം ആദ്യമായാണ് വര്‍ക്ക് ചെയ്തത്. ആ അനുഭവം?

അതെ. നവ്യ സീനിയര്‍ ആക്ടര്‍ ആണ്. ആ അനുഭവപരിചയം അവര്‍ക്കുണ്ട്. സൗബിനെ വ്യക്തിപരമായി നേരത്തേ അറിയാം. അതിനാല്‍ തന്നെ ഇവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് ഈസിയായിരുന്നു. ചിത്രത്തിലെ അവരുടെ കഥാപാത്രങ്ങള്‍ തമ്മിലും നല്ല കെമിസ്ട്രിയുണ്ടായിരുന്നു. തുടക്കത്തിലെ കോമഡിയും പിന്നെ അവരുടെ ക്യാരക്ടേഴ്സ് തമ്മിലുള്ള കോണ്‍ഫ്ളിക്ടും അതിനുശേഷമുള്ള അവരുടെ റിലേഷന്‍ഷിപ്പുമെല്ലാം രസമായിട്ട് തന്നെയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്.

ഒരു വനിതാ സംവിധായികയ്ക്കൊപ്പം ആദ്യമായി ചെയ്യുന്ന ഫീച്ചര്‍ ഫിലിമാണ് 'പാതിരാത്രി'.

ഫീച്ചര്‍ ഫിലിം ആദ്യമായാണ്. പക്ഷേ വനിതാ സംവിധായികമാര്‍ക്കൊപ്പം മുമ്പും പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ എന്റെ ബാച്ചില്‍ ആറ് ഫീമെയില്‍ സ്റ്റുഡന്റ്സ് ഉണ്ടായിരുന്നു. അതില്‍ നാലുപേരും ഡയറക്ഷനിലായിരുന്നു. അന്ന് അവരുടെ കൂടെ രണ്ട് പ്രൊജക്ടുകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

അതുകഴിഞ്ഞ് കേരളത്തിലും ഇന്ത്യയിലുമെല്ലാം ഡോക്യുമെന്ററികളിലും ഷോര്‍ട്ട് ഫിലിമുകളിലുമെല്ലാം സ്ത്രീകളായ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. മുഖ്യധാരാ സിനിമയില്‍ വനിതയായ സംവിധായികയ്ക്കൊപ്പമുള്ള ആദ്യ പ്രൊജക്ടാണ് 'പാതിരാത്രി' എങ്കിലും അതൊരു പുതിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടേ ഇല്ല.

സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ഉള്ളടക്കം മാനദണ്ഡമാക്കാറുണ്ടോ? മറ്റെന്തെല്ലാമാണ് ശ്രദ്ധിക്കാറുള്ളത്?

തീര്‍ച്ചയായും. സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചശേഷമാണ് നമ്മള്‍ ഫൈനലി അത് ഉറപ്പിക്കുന്നത്. ആരുടെ ചിത്രമാണെങ്കിലും അത് നോക്കും. സ്‌ക്രിപ്റ്റ് വായിച്ച് നമുക്ക് അതില്‍ എന്തെങ്കിലും ചെയ്യാനുണ്ട് എന്നുള്ള ബോധ്യം വരണം. അത് നല്ലൊരു സിനിമയായി വരാനുള്ള സാധ്യതയാണ് നമ്മള്‍ കാണുക. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അത് പിടികിട്ടും. തിരക്കഥ കഴിഞ്ഞാല്‍ പിന്നെ സംവിധാനം ചെയ്യുന്നയാളുമായുള്ള ഇടപഴകലും അവരുടെ മനസിലുള്ള സിനിമ എന്താണെന്നുമെല്ലാം ഒരു ധാരണ കിട്ടിക്കഴിഞ്ഞാല്‍ നമ്മള്‍ അതിലേക്ക് ഇന്‍വോള്‍വാകാനുള്ള താത്പര്യം വരും.

Don’t Miss: 'ലാലങ്കിള്‍ വന്ന് ചോദിച്ചു എന്റെ നന്ദിനിക്കുട്ടി അല്ലേ എന്ന്, അതെനിക്ക് വളരെ സ്‌പെഷ്യലായിരുന്നു' -മീനാക്ഷി | അഭിമുഖം

പാതിരാത്രി'യുടെ ചിത്രീകരണം വെല്ലുവിളി നിറഞ്ഞതായിരുന്നോ?

ഇത് കുമളിയിലാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. കുമളിയും കുട്ടിക്കാനവും അതിന്റെ ചുറ്റുപാടുള്ള ഏരിയകളുമെല്ലാമാണ്. നല്ല രസമുള്ള ജ്യോഗ്രഫിയാണ് അത്. അധികം സിനിമകളില്‍ അത് വന്നിട്ടില്ല. എപ്പോഴുമൊരു നനഞ്ഞ അവസ്ഥയും ചാര നിറമുള്ള ആകാശവുമൊക്കെയായിരുന്നു. സിനിമയുടെ മൂഡിന് പറ്റിയ അന്തരീക്ഷമായിരുന്നു അത്. മഴ കാരണം ഷൂട്ടിങ് വൈകുന്നത് പോലെയുള്ള പ്രതിസന്ധികളുണ്ടായെങ്കില്‍ പോലും ആ മൂഡ് നമുക്ക് ഫിലിമില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. നല്ല രസമുള്ള ഗ്രീന്‍സും ഗ്രേ സ്‌കൈസുമെല്ലാം സിനിമയുടെ പശ്ചാത്തലവുമായി ഒത്തുപോകുന്നതായിരുന്നു. ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ഫൈനല്‍ റിസള്‍ട്ടില്‍ അത് സിനിമയെ മനോഹരമാക്കി.

ചിത്രത്തിലെ പ്രധാനപ്പെട്ട നൈറ്റ് സീക്വന്‍സ് എടുത്തതാണ് മറ്റൊന്ന്. വലിയൊരു പ്രദേശത്തായിരുന്നു അത് ഷൂട്ട് ചെയ്തത്. ആ ഏരിയ മൊത്തമായി വലിയ സ്‌കെയിലില്‍ ലൈറ്റ് അപ്പ് ചെയ്തു. എക്സ്ട്രാ ക്രൂ, എക്സ്ട്രാ ലൈറ്റ്സെല്ലാം ഉപയോഗിച്ചു. എല്ലാദിവസവും രാത്രിയായിരുന്നു ഷൂട്ടിങ്. രാവിലെ തൊട്ട് ലൈറ്റപ്പ് തുടങ്ങിയാലേ രാത്രി ഷൂട്ട് ചെയ്യാന്‍ പറ്റൂ. പലപ്പോഴും ഷൂട്ടിങ് പുലര്‍ച്ചെ വരെയൊക്കെ നീണ്ടുപോയിട്ടുണ്ട്. നല്ല ചലഞ്ചിങ് സീക്വന്‍സായിരുന്നു അത്. പത്ത് ദിവസത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഭംഗിയുള്ളൊരു ലൊക്കേഷനായിരുന്നു. അലക്സ 35 ക്യാമറയും സിഗ്നേച്ചര്‍ പ്രൈം ലെന്‍സുമാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചത്. ARRI-യുടെ ഏറ്റവും അഡ്വാന്‍സ്ഡ് ക്യാമറയാണ് ഇത്.

ഫിലിം ക്യാമറയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടോ? ഒരുപാട് വര്‍ഷമായി ഫിലിം ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന സിനിമാറ്റോഗ്രാഫര്‍ എന്ന നിലയില്‍ ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റം എങ്ങനെയാണ് അനുഭവപ്പെട്ടത്?

എന്റെ ആദ്യത്തെ നാല് സിനിമകളും ഫിലിമിലായിരുന്നു ചെയ്തത്. ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറിയപ്പോള്‍ ജോലി എളുപ്പമാകുകയാണ് ചെയ്തത്. ഇപ്പോ ലാബില്‍ പോകുകയോ ഫിലിം ഡെവലപ്പ് ചെയ്യുകയോ ഒന്നും വേണ്ടല്ലോ. ഫൂട്ടേജ് അപ്പപ്പോള്‍ കാണാന്‍ കഴിയും. ഫിലിമാണെങ്കില്‍ എങ്ങനെ പോയാലും കുറഞ്ഞത് ഒരാഴ്ചയെടുക്കും ഫൂട്ടേജ് കാണാന്‍. ഇപ്പോഴത്തെ ക്യാമറകള്‍ എല്ലാം കുറേകൂടെ ലോ ലൈറ്റ് സെന്‍സിറ്റീവാണ്. അങ്ങനെയൊക്കെയുള്ള മെച്ചമുണ്ട്. സിനിമറ്റോഗ്രാഫേഴ്സിന്  പൂര്‍ണമായും എളുപ്പമാവുകയാണ് ചെയ്തത്. ഓരോ ആറു മാസം കൂടുമ്പോഴും പുതിയ സാങ്കേതികവിദ്യയും   മോഡല്‍സുമെല്ലാം വന്നുകൊണ്ടിരിക്കും. തിരിച്ചറിയാനാവാത്ത മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ അതനുസരിച്ച് നമ്മള്‍ അപ്ഡേറ്റഡ് ആയിട്ട് ഇരിക്കണമെന്നേയുള്ളൂ.

ഈ മാറ്റങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സിനിമാറ്റോഗ്രാഫിയിലെ പുതിയ സാങ്കേതികവിദ്യകള്‍ മലയാള സിനിമകളിലേക്ക് വരുന്നുണ്ടോ?

ഇവിടെ അത്യാവശ്യം ബജറ്റുള്ള സിനിമകളില്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അത് സിനിമയുടെ ബജറ്റ് അനുസരിച്ചിരിക്കും. മലയാളത്തില്‍ ഇപ്പൊ ബിഗ് ബജറ്റ് ഫിലിംസ് ഉണ്ടാവുന്നുണ്ടല്ലോ. അത്തരം സിനിമകളില്‍ അവര്‍ പുതിയ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്.

താങ്കള്‍ സിനിമയില്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടോ?

സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്നത് എന്താണോ അതനുസരിച്ചിരിക്കും. ഒരു സിനിമയില്‍ ഇന്ന രീതിയിലുള്ള ഷോട്ട് വേണമെന്ന് പറഞ്ഞാല്‍, അത് ആ ബജറ്റിനകത്ത് പോസിബിള്‍ ആണെങ്കില്‍ അതിനാവശ്യമായ ടെക്നോളജി ഉപയോഗിക്കാം.

രാഹുല്‍ സദാശിവനൊപ്പം ഭൂതകാലം, ഭ്രമയുഗം, ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഡീയസ് ഈറേ എന്നീ മൂന്ന് ചിത്രങ്ങള്‍ ചെയ്തു. അദ്ദേഹവുമായുള്ള കോംബോ എങ്ങനെയാണ്?

പുള്ളി ഒരു ഇന്ററസ്റ്റിങ് ആയിട്ടുള്ള സംവിധായകന്‍ ആണ്. ഒരു ജോണറില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളായതുകൊണ്ട് അതിനെകുറിച്ച് പുള്ളിക്ക് നല്ല ക്ലാരിറ്റി ഉണ്ട്. വിഷ്വലി ഒക്കെ കൂടുതല്‍ എക്സ്പ്ലോറേഷന്‍സ് നടത്തുന്ന ഒരാളായതുകൊണ്ട് നമുക്കും കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല രസമാണ്.

ഡീയസ് ഈറേയെ കുറിച്ച് ഇപ്പോള്‍ എന്താണ് പറയാന്‍ കഴിയുക?

ചിത്രം ഈ മാസം 31-ന് തിയേറ്ററുകളിലെത്തും. ട്രെയിലര്‍ നേരത്തേ വന്നു. പ്രണവിന്റേത് മികച്ചൊരു ക്യാരക്ടര്‍ ആണ്. വളരെ പുതുമയുള്ള ഫിലിം ആയിരിക്കും ഡീയസ് ഈറേ. സിനിമ ഉടനെ വരാന്‍ പോവുകയല്ലേ. അതുകൊണ്ട് കൂടുതലൊന്നും അതിനെകുറിച്ച് പറയുന്നില്ല.

രാഹുലിനൊപ്പം ചെയ്ത മൂന്ന് ചിത്രങ്ങളും ഹൊറര്‍ വിഭാഗത്തില്‍ പെട്ടതാണ്. ഹൊറര്‍ ജോണറിനോട് കൂടുതല്‍ താത്പര്യമുണ്ടോ?

ഏയ് ഇല്ല. ഹൊറര്‍ സിനിമകള്‍ അധികം കാണാത്ത ഒരാളാണ് ഞാന്‍. ഭൂതകാലം ചെയ്യാനായി തുടങ്ങുമ്പോഴാണ് ഞാന്‍ അങ്ങനെ എന്തെങ്കിലും നോക്കുന്നത് പോലും. അല്ലാതെ എനിക്ക് അങ്ങനെ ഇന്ററസ്റ്റിങ്ങായി തോന്നിയ ജോണറല്ല ഹൊറര്‍. എന്നാല്‍ സിനിമാറ്റോഗ്രാഫര്‍ എന്ന നിലയില്‍ വര്‍ക്ക് ചെയ്യാന്‍ മികച്ച ജോണറാണ് ഹൊറര്‍. ലൈറ്റിങ്ങിലും മൂവ്മെന്റിലുമൊക്കെ കുറച്ചുകൂടെ എക്സൈറ്റിങ്ങായി ഓരോ കാര്യങ്ങള്‍ ചെയ്യാനുണ്ടാകും.

പ്രേക്ഷകരില്‍ ഭയം ജനിപ്പിക്കുകയാണ് ഹൊറര്‍ ചിത്രങ്ങളുടെ പ്രധാന ലക്ഷ്യം. ഭ്രമയുഗമായാലും ഭൂതകാലമായാലും വിഷ്വലുകള്‍ അതിനായി കൂടുതല്‍ ഉപയോഗിച്ചത് എന്ന് തോന്നിയിട്ടുണ്ട്. എന്താണ് ഭീതിയുടെ ദൃശ്യഭാഷ?

വിഷ്വല്‍ മാത്രമല്ല അതിന് സഹായിക്കുന്നത്. അതിന്റെ സൗണ്ട്സ്‌കേപ്പ്, എഡിറ്റിങ്, മ്യൂസിക് എല്ലാം കൂടി ഒത്തിണങ്ങി വരുമ്പോഴാണ് ആ മൂഡ് ക്രിയേറ്റ് ചെയ്യപ്പെടുന്നത്. അതിന്റെ ബേസ് നമ്മള്‍ ഷൂട്ടിങ് സ്റ്റേജില്‍ നിന്നേ തുടങ്ങുന്നു എന്നേയുള്ളൂ. അപ്പോള്‍ ലൈറ്റിങ്ങിലും ക്യാമറാ മൂവ്മെന്റ്സിലുമൊക്കെ ആ ഫീല്‍ കൊണ്ടുവരാനുള്ള ഇന്‍പുട്ടുകളുണ്ടാകും. മ്യൂസിക്കിലൂടെയും എഡിറ്റിങ്ങിലൂടെയും സൗണ്ട് ഡിസൈനിലൂടെയുമെല്ലാം പ്രൊഡക്ഷന്റെ ഓരോ സ്റ്റേജിലും അത് എന്‍ഹാന്‍സ് ചെയ്യപ്പെടുകയാണ്.

ഹൊറര്‍ മൂഡിലേക്ക് എത്താന്‍ വിഷ്വല്‍ സെറ്റ് ചെയ്യുന്നതില്‍ മറ്റ് സിനിമകളെ അപേക്ഷിച്ച് കൂടുതലായി ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? അതിന്റെ സിനിമാറ്റോഗ്രാഫി പ്ലാനിങ് എങ്ങനെയാണ്?

മെയിന്‍ ആയിട്ട് ലൈറ്റിങ് തന്നെയാണ്. അതാണ് ബേസിക്കലി ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്നത്. പിന്നെ, ഏത് ജോണര്‍ സിനിമയായായാലും, ഇപ്പോ ഒരു കോമഡി സിനിമ ആയാലും അതിന്റെ ഡയറക്ടേഴ്സും സിനിമാറ്റോഗ്രാഫറും തമ്മിലുള്ള ഡിസ്‌കഷന്‍സ് എല്ലാം ഒരേപോലെ തന്നെ ഇന്റന്‍സ് ആയിട്ടുള്ള കാര്യമാണ്.

ഹൊറര്‍ സിനിമയ്ക്ക് പ്രത്യേകമായ പ്ലാനിങ് ഇല്ല. 'ഉള്ളൊഴുക്ക്' ഫാമിലി ഡ്രാമ ആണല്ലോ. അതിന് ഇതിനേക്കാള്‍ ഏറെ നമ്മള്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അപ്പൊ, സിനിമ എന്ന് പറഞ്ഞാല്‍ അതിനകത്ത് ഒറ്റ പരിപാടി തന്നേ ഉള്ളൂ. അതില്‍ ജോണര്‍ വ്യത്യാസമില്ല.

ഭ്രമയുഗം കളറിലായിരുന്നു എടുത്തിരുന്നതെങ്കില്‍ അതിന്റെ കാഴ്ചാനുഭവത്തില്‍ എന്ത് മാറ്റമായിരിക്കും ഉണ്ടാകുക?

ഞാന്‍ അങ്ങനെ ആലോചിച്ചിട്ടില്ല. കാരണം ആ ചിത്രത്തിന്റെ തുടക്കം തൊട്ട്, അതായത് ഫസ്റ്റ് തോട്ട് തൊട്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നുള്ള രീതിയിലാണ് നമ്മള്‍ പോയത്. അതുകൊണ്ട് തന്നെ ഈ പറഞ്ഞ രീതയില്‍ വിഷ്വലൈസ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ആ ചിത്രം സംവിധായകന്‍ അങ്ങനെയാണ് അത് കണ്‍സീവ് ചെയ്തതത്. അതിന്റെ ബേസിക് ഐഡിയ തൊട്ടേ അത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായിരുന്നു. നമ്മളോട് കമ്യൂണിക്കേറ്റ് ചെയ്യുന്നത് പോലും അങ്ങനെയാണ്.

ആദ്യ സിനിമയായ ചിത്രസൂത്രത്തിന് 2010-ലെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഇത് പിന്നീട് കരിയറില്‍ സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ടോ? ചിത്രസൂത്രത്തെ കുറിച്ചും പറയാമോ?

അതൊരു പരീക്ഷണചിത്രമായിരുന്നു. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി സ്റ്റോറി നരേറ്റ് ചെയ്യാന്‍ വിഷ്വലും സൗണ്ടും ഉപയോഗിക്കുന്ന ആളായിരുന്നു സംവിധായകന്‍. അപ്പൊ നമുക്ക് സിനിമാറ്റോഗ്രാഫിയില്‍ അതിന്റെ സാധ്യതകള്‍ കൂടുതലായി ഉപയോഗിക്കാന്‍ അവസരം ലഭിച്ചു.

പുരസ്‌കാരം സമ്മര്‍ദമുണ്ടാക്കിയിട്ടില്ല. അതിന് ശേഷമാണ് എന്നെ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. ആ സിനിമ ശ്രദ്ധിക്കപ്പെട്ടശേഷം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ആ അര്‍ഥത്തില്‍ സംസ്ഥാന പുരസ്‌കാരം എനിക്ക് നേട്ടമാണുണ്ടാക്കിയത്.

രണ്ട് മണിപ്പുരി ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫി ചെയ്തിട്ടുണ്ട്. കൗതുകകരമായൊരു കാര്യം ഈ രണ്ട് ചിത്രങ്ങളും 10 വര്‍ഷത്തെ ഇടവേളയിലാണ് ചെയ്തത്.

ആദ്യത്തേത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ ചെയ്ത 'ഡിപ്ലോമാ ഫിലി'മാണ്. രണ്ടാമത്തേത് ലോക്ടാക് ലൈരെംബീ (Loktak Lairembee) എന്ന ഫീച്ചര്‍ ഫിലിമും. ലേഡി ഓഫ് ദ ലേക്ക് എന്നാണ് അതിന്റെ ഇംഗ്ലീഷ് ടൈറ്റില്‍. ഒരുപാട് ഫെസ്റ്റിവലിനൊക്കെ പോയി ഒരുപാട് പുരസ്‌കാരങ്ങള്‍ കിട്ടിയ ചിത്രമാണ്. രണ്ട് ചിത്രങ്ങളുടെയും സംവിധായകന്‍ ഒരാളാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്റെ ബാച്ച്മേറ്റാണ്.

നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ ഫ്രഷ് വാട്ടര്‍ ലേക്കായ ലോക്ടാക് ലേക്കിനടുത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് അത്. അവര്‍ നേരിടുന്ന കുടിയൊഴിപ്പിക്കലിനെതിരെയുള്ള അവരുടെ ഫൈറ്റും മണിപ്പുരിന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങളുമെല്ലാം ചിത്രത്തില്‍ നിശബ്ദമായി പ്രതിപാദിക്കുന്നുണ്ട്.

അതുപോലെ, 2016-ല്‍ നടന്‍ മാമുക്കോയ ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ച ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍ എന്നൊരു മ്യൂസിക് വീഡിയോ ചെയ്തു.

മുഹ്സിന്‍ പരാരിയും ഞാനും ഒന്നിച്ച് വര്‍ക്ക് ചെയ്യണമെന്ന് ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്നതാണ്. തിരക്ക് കാരണം മുഹ്സിന്റെ സിനിമയിലൊന്നും വര്‍ക്ക് ചെയ്യാന്‍ പറ്റിയില്ല. നമ്മള്‍ എപ്പോഴും കോണ്ടാക്റ്റില്‍ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ മുഹ്സിന്‍ ഒരു വീഡിയോ പ്ലാന്‍ ചെയ്തപ്പോള്‍ അതില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു.

ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ഗാനമായിരുന്നു അത്. ഭ്രമയുഗം പോലെ അതും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചത്. ഭ്രമയുഗത്തിനും പൊളിറ്റിക്കലായൊരു റീഡിങ്ങുണ്ട്. രാഷ്ട്രീയം പറയുമ്പോള്‍ അതില്‍ മോണോക്രോമിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ?

അങ്ങനെ ഞാന്‍ കരുതുന്നില്ല. ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റായത് സംവിധായകന്റെ തീരുമാനപ്രകാരമാണ്. മേക്കറിന്റെ പൊളിറ്റിക്സാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഒരു സ്‌റ്റൈല്‍ എലമെന്റായിട്ടാണ് ഞാന്‍ കാണുന്നത്.

Don’t Miss: 'ബള്‍ട്ടി' എന്റെ റീലോഞ്ച്, എല്ലാ ഭാഷയിലെ അഭിനേതാക്കളും മലയാളത്തിൽ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു -ശന്തനു ഭാഗ്യരാജ് | അഭിമുഖം

സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് താങ്കളുടെ കരിയറില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്?

തീര്‍ച്ചയായും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ടെക്നീഷ്യന്‍ എന്ന നിലയില്‍ എന്റെ കഴിവുകള്‍  രൂപപ്പെട്ടത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠന കാലയളവിലാണ്.    മൂന്നുനാല് വര്‍ഷം അവിടെ ചെലവഴിച്ചു. ജീവിതത്തില്‍ തന്നെ വലിയ മാറ്റം വരുത്തിയ സ്ഥലമാണ് അത്. അവിടെ പഠിച്ചിറങ്ങിയ ഒരുപാട് പേര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഭ്രമയുഗത്തിന്റെ സൗണ്ട് റെക്കോര്‍ഡിസ്റ്റ് ജയദേവന്‍ എന്റെ ജൂനിയറായിരുന്നു. ഉള്ളൊഴുക്കിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി ഞാന്‍ പഠിച്ചിറങ്ങി കുറേ കഴിഞ്ഞ് അവിടെ പഠിച്ചയാളാണ്. എന്റെ ആദ്യ സിനിമയുടെ സംവിധായകന്‍ വിപിന്‍ വിജയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്റെ സീനിയറായിരുന്നു, ഫസ്റ്റ് ബാച്ച് പാസൗട്ട്. നേരത്തേ പറഞ്ഞപോലെ മണിപ്പുരി ചിത്രത്തിന്റെ സംവിധായകന്‍ എന്റെ ബാച്ച്മേറ്റായിരുന്നു.

ആളുകളെ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ. രാഷ്ട്രീയലാഭത്തിനായുള്ള പ്രൊപ്പഗാണ്ടകൾക്ക് ഈ മാധ്യമത്തെ ഉപയോഗിക്കുന്നത് ഇക്കാലത്ത് നമ്മള്‍ കൂടുതലായി കാണുന്നു. പ്രചാരണങ്ങള്‍  ജനങ്ങളിലേക്ക് കുത്തിവയ്ക്കാന്‍ സിനിമയെ ഉപയോഗിക്കുമ്പോള്‍ അത് എങ്ങനെയാണ് ഫിലിം ഇന്‍ഡസ്ട്രിയെയും സമൂഹത്തെയും ബാധിക്കുന്നത്?

ഇന്‍ഡസ്ട്രിയേക്കാള്‍ കൂടുതല്‍ സമൂഹത്തിലാണ് അതിന്റെ പ്രതിഫലനമുണ്ടാകുക. മോശമായി തന്നെയാണ് അത് സമൂഹത്തെ സ്വാധീനിക്കുകയെന്നതില്‍ സംശയമില്ല. ഫിലിം മേക്കറുടെ ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യമാണ് ഇത്. താന്‍ എന്താണ് ചെയ്യേണ്ടത് എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തലത്തിലുള്ള കാര്യമാണ്. എന്തായാലും കേരളത്തില്‍ അങ്ങനെയൊരു പ്രശ്നം ഇല്ല എന്നാണ് തോന്നുന്നത്.

ഇന്ത്യയില്‍ കുറച്ചുകാലമായി സിനിമകള്‍ വിലക്കുകളും നിയന്ത്രണങ്ങളും നേരിടുന്നുണ്ടല്ലോ. മലയാളത്തിലേക്കും ഈ പ്രവണത കടന്നുവരുന്നതായി കാണാം. അടുത്തിടെ ഇറങ്ങിയ ദീപക് ഡിയോണ്‍ സംവിധാനം ചെയ്ത 'പ്രൈവറ്റ്' എന്ന സിനിമയില്‍  പൗരത്വ ബില്ലിനെ കുറിച്ചുള്ള പരാമര്‍ശമടക്കം വെട്ടാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചു. ഹാല്‍ എന്ന സിനിമയില്‍ ബീഫ് പോലും വിലക്കുന്നു. ഇത് സിനിമയെ എങ്ങോട്ടാണ് കൊണ്ടെത്തിക്കുക?

എല്ലാ ഇന്‍ഡസ്ട്രികളിലും ഈ സെന്‍സര്‍ഷിപ്പുണ്ട്. സെന്‍സര്‍ ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റേതല്ലേ. എല്ലാ ഭാഷകളിലും ഇതുണ്ട്. ഹിന്ദിയിലൊക്കെ എത്ര ചിത്രങ്ങള്‍ അവര്‍ ഹോള്‍ഡ് ചെയ്തുവച്ചിട്ടുണ്ട്. നമ്മുടെ സെന്‍സര്‍ ബോര്‍ഡിന്റെ നയങ്ങള്‍ ഇങ്ങനെയൊക്കെയാണ്. സിനിമയില്‍ മാത്രമല്ല ഇതുള്ളത്. എത്രയോ ആളുകളെ, അക്കാദമീഷ്യന്‍സിനെ, രാഷ്ട്രീയക്കാരെ എല്ലാം പിടിച്ച് അകത്തിട്ടിട്ടുണ്ട്. അതിന്റെ അനുബന്ധം മാത്രമാണ് സിനിമയില്‍ കാണുന്നത്. ഇതിനെയെല്ലാം മറികടന്ന് സമൂഹം മുന്നോട്ട് പോകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ; ഒപ്പം സിനിമയും.