2001-ല്‍ ഇഷ്ടം എന്ന സിബി മലയില്‍ ചിത്രത്തിലൂടെ ഇഷ്ടനായികയായി മലയാളികള്‍ നെഞ്ചേറ്റിയ താരമാണ് നവ്യാ നായര്‍. പിന്നീടിങ്ങോട്ട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നവ്യ ഒരിടവേളയ്ക്കുശേഷം വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമാണ് പാതിരാത്രി. 'പുഴു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന സംവിധാനം ചെയ്ത ക്രൈം-ഡ്രാമാ-ത്രില്ലര്‍ ചിത്രം പാതിരാത്രിയിലൂടെ ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയിരിക്കുന്നത്.

To advertise here,

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് രചിച്ച ചിത്രമാണ് പാതിരാത്രി. മുന്‍ ചിത്രത്തിന് സമാനമായി ഒരു പോലീസ് സ്‌റ്റോറി തന്നെയാണ് പാതിരാത്രിയും എങ്കിലും ഇലവീഴാപൂഞ്ചിറയില്‍ നിന്ന് വ്യത്യസ്തമായാണ് ചിത്രം മുന്നോട്ടുനീങ്ങുന്നത്. നവ്യാ നായര്‍ക്കൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രമായി സൗബിന്‍ ഷാഹിറും കാന്താര, കെജിഎഫ് 1, 2 എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ചിരപരിചിതനായ കന്നഡ താരം അച്യുത് കുമാറും ശ്രദ്ധേയവേഷത്തില്‍ ചിത്രത്തിലുണ്ട്.

Also Read: 15 സെന്റിമീറ്റർ മുല്ലപ്പൂ കൊണ്ടുപോയി; നവ്യാ നായർക്ക് ഓസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം രൂപ പിഴ

നവ്യാ നായരുടെ സിനിമാ കരിയറിലെ ആദ്യ പോലീസ് വേഷമാണ് പാതിരാത്രിയിലേത്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്കിടയിലും തന്റെ ചുമതലകള്‍ ആത്മാര്‍ഥമായി നിര്‍വഹിക്കുന്ന എസ്‌ഐയാണ് നവ്യ അവതരിപ്പിച്ച ജാന്‍സി. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സൗബിന്‍ ഷാഹിറിന്റെ ഹരീഷ് കോണ്‍സ്റ്റബിളാണ്. ഇരുവരും ഒന്നിച്ച് നൈറ്റ് പട്രോളിന് പോയ അന്ന് 'പാതിരാത്രി'യില്‍ അപ്രതീക്ഷിതമായി ഒരു കുറ്റകൃത്യം നടക്കുന്നു. പിന്നീടങ്ങോട്ട് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് ചിത്രം പതിഞ്ഞതാളത്തില്‍ പറയുന്നത്.

തുടങ്ങി അധികം താമസിയാതെതന്നെ പെട്ടെന്ന് തന്നെ ചിത്രം പക്കാ ത്രില്ലര്‍ മോഡിലേക്ക് ട്രാക്ക് മാറുന്നുണ്ട്. മുന്നോട്ടുപോകാന്‍ ഒരുതുമ്പും ഇല്ലെന്ന നിസഹായാവസ്ഥയില്‍ നിന്ന് എങ്ങനെയാണ് ഒന്നൊന്നായി ചുരുളുകളഴിക്കുന്നതെന്ന് വിശ്വസിനീയമായി തന്നെ ചിത്രം കാണിച്ചുതരുന്നു.

ചിത്രം അവസാനിച്ചുവെന്ന് കരുതുന്നിടത്ത് അപ്രതീക്ഷിതമായ ട്വിസ്റ്റ് കൂടി കാണിച്ചുകൊണ്ടാണ് എന്‍ഡ് ക്രെഡിറ്റ്‌സ് കാണിക്കുന്നത്. റഷീദ് എന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായി തന്റെ കരിയറില്‍ ഇന്നുവരെ ചെയ്തിട്ടില്ലാത്ത ഗൗരവപൂര്‍ണമായ വേഷം ഹരിശ്രീ അശോകന്‍ അനായാസം ഫലിപ്പിച്ചിട്ടുണ്ട്. മര്‍മപ്രധാനമായ വേഷത്തിലെത്തിയ ഇന്ദ്രന്‍സും തന്റെ ഭാഗം ഭംഗിയാക്കി. പോലീസ് സ്‌റ്റേഷനിലെ രംഗങ്ങളെല്ലാം വളരെ റിയലിസ്റ്റിക്കായി തന്നെ ചിത്രീകരിക്കാന്‍ സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയെ പ്രതിനായകനാക്കി ഒരുക്കിയ പുഴുവില്‍ നിന്ന് പാതിരാത്രിയിലേക്കെത്തുമ്പോള്‍ കൊമേഴ്‌സ്യല്‍ സിനിമയെ കൈയടക്കത്തോടെ സമീപിക്കുന്ന റത്തീനയെയാണ് കാണാന്‍ കഴിയുക. പുഴുവിലൂടെ ശക്തമായ രാഷ്ട്രീയമാണ് സംവിധായിക പറഞ്ഞതെങ്കില്‍ ഇവിടെ അത് നൂറ് ശതമാനം സിനിമാറ്റിക്കായ ത്രില്ലറാണ്.

ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതവും ഗാനങ്ങളും സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായകപങ്കാണ് വഹിച്ചത്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയാ രാജന്‍, ശബരീഷ് വര്‍മ, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ജോണറാണ് ക്രൈം ത്രില്ലറുകള്‍. അതില്‍തന്നെ സ്ലോ പേസ് ത്രില്ലറുകള്‍ ആകാംക്ഷയും പിരിമുറുക്കവും വളരെയധികം ഉയര്‍ത്തുന്നതാണ്. ഈ വിഭാഗത്തില്‍ പെട്ട മികച്ചൊരു സിനിമാറ്റിക് അനുഭവമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ 'പാതിരാത്രി'ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.