ശക്തരായ രണ്ടു സ്ത്രീകൾ തമ്മിലുള്ള അധികാരപ്പോരാട്ടം, പാരമ്പര്യത്തിന്റെ കരുത്ത്, പ്രതികാരത്തിന്റെ സങ്കീർണതകൾ... പതിവ് ഗാങ്സ്റ്റർ കഥകളുടെ വഴികളിൽനിന്നുമാറി, സ്ത്രീകൾ അധികാരം കൈയാളുന്ന സാങ്കല്പികലോകം അവതരിപ്പിക്കുകയാണ് കീർത്തി സുരേഷും രാധിക ആപ്‌തെയും പ്രധാനവേഷങ്ങളിലെത്തുന്ന ‘അക്ക’ വെബ് സീരീസ്. ധർമരാജ് ഷെട്ടി സംവിധാനംചെയ്യുന്ന അക്ക യഷ് രാജ് ഫിലിംസിന്റെ ബാനറിൽ വൈ.ആർ.എഫ്. എന്റർടെയിൻമെന്റാണ് നിർമിക്കുന്നത്.

To advertise here,

1980-കളുടെ പശ്ചാത്തലത്തിലുള്ള പെർണുരു എന്ന സാങ്കല്പിക രാജ്യമാണ് കഥാപരിസരം. തൻവി ആസ്മി, മലയാളി താരം പൂജാമോഹൻരാജ്, വിശാഖ് നായർ, പൂർണിമാഇന്ദ്രജിത്ത് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഷൂട്ടിങ് അനുഭവങ്ങളും കഥാപാത്രങ്ങളുടെ സങ്കീർണതകളും അണിയറപ്രവർത്തകർ പങ്കുവെക്കുന്നു.

കീർത്തി, ‘അക്ക’യിലൂടെ ആദ്യമായി നെറ്റ്ഫ്‌ളിക്‌സ് പരമ്പരയുടെ ഭാഗമാകുകയാണല്ലോ

കീർത്തി സുരേഷ്: നെറ്റ്ഫ്‌ളിക്‌സുമായി മാത്രമല്ല യാഷ് രാജ് ഫിലിംസിനൊപ്പവുമുള്ള എന്റെ ആദ്യത്തെ പരമ്പരയാണിത്. പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയനേട്ടമാണ്. ധർമരാജിനൊപ്പം പ്രവർത്തിക്കുന്നതുതന്നെ വലിയ പഠനാനുഭവമായിരുന്നു. അദ്ദേഹത്തിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങൾ പഠിക്കാനും ചില മുൻധാരണകൾ തിരുത്താനും കഴിഞ്ഞു. ഭവാനി എന്ന കഥാപാത്രം വെല്ലുവിളിയായിരുന്നു.

‘അക്ക’യുടെ ചിത്രീകരണവിശേഷങ്ങൾ...

രാധിക ആപ്‌തെ: സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്നതുപോലെയാണിത്. ഒരുകാലത്ത് നെറ്റ്ഫ്‌ളിക്‌സിൽ എനിക്ക് ഓഹരികളുണ്ടോ എന്നുപോലും ആളുകൾ ചോദിക്കുമായിരുന്നു. യാഷ് രാജ് ഫിലിംസിനൊപ്പമുള്ള ആദ്യത്തെ പ്രോജക്ടാണിത്. നടിയാകാൻ ആഗ്രഹിച്ച കാലത്തുതന്നെ വൈ.ആർ.എഫിനൊപ്പം പ്രവർത്തിക്കുക സ്വപ്നമായിരുന്നു. കീർത്തിക്കൊപ്പം പ്രവർത്തിച്ചതും സ്വപ്നം യാഥാർഥ്യമായതുപോലെത്തന്നെ. ജോലിയോട് ആത്മാർഥത പുലർത്തുന്ന അഭിനേത്രിയാണ് കീർത്തി. ശാന്തയും മൃദുസ്വഭാവക്കാരിയുമായ കീർത്തിയുടെ ഭവാനിയായുള്ള മാറ്റം അദ്‌ഭുതകരമായിരുന്നു. ധർമരാജ് പൂർണ പ്രതിബദ്ധത പുലർത്തുന്ന സംവിധായകനാണ്. കണിശക്കാരനാണ്. ഞങ്ങളുടെ പ്രകടനം 99 ശതമാനം മികച്ചതാണെന്നുതോന്നിയാലും വീണ്ടും ടേക്ക് എടുക്കേണ്ടിവരും. അദ്ദേഹത്തെ തൃപ്തിപ്പെടുത്തുക എളുപ്പമല്ലായിരുന്നു.
 

‘അക്ക’യുടെ കഥാപരിസരം രൂപപ്പെടുന്നത് എങ്ങനെയാണ്...

ധർമരാജ് ഷെട്ടി: ഒരു സാധാരണ ഗാങ്സ്റ്റർ കഥയായാണ് എഴുതാൻ തുടങ്ങിയത്. എന്നാൽ, ക്ലീഷേകളും ആവർത്തനങ്ങളും തിരിച്ചറിഞ്ഞു. അങ്ങനെയാണ് സ്ത്രീകൾക്ക് അധികാരമുള്ള ഒരു മാട്രിയാർക്കൽ സമൂഹം എന്ന ആശയത്തിലേക്കെത്തിയത്. പിന്നീട് ആ ലോകത്തിന്റെ നിയമങ്ങളും പാരമ്പര്യങ്ങളും ബന്ധങ്ങളും രൂപപ്പെടുത്തേണ്ടിവന്നു. കഥാപാത്രങ്ങളുടെ വ്യക്തിത്വവും അവരുടെ ബന്ധങ്ങളും സംഘർഷങ്ങളും അതിനനുസരിച്ച് വികസിപ്പിച്ചു. ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതിലാണ് ഈ പ്രക്രിയയുടെ ഏറ്റവും വലിയ രസം. ലിംഗഭേദത്തിനപ്പുറം മനുഷ്യരെ കേന്ദ്രീകരിച്ച് കഥപറയാനായിരുന്നു ആഗ്രഹം. ഞാൻ കണ്ടുമുട്ടിയ ആളുകളുടെ സ്വഭാവസവിശേഷതകൾ ചെറുതായെങ്കിലും ഈ കഥാപാത്രങ്ങളിലുണ്ട്. യാഥാർഥ്യത്തിൽ വേരൂന്നിയ കഥാപാത്രങ്ങളാകുമ്പോൾ സ്വാഭാവികമായ വിശ്വാസ്യത ലഭിക്കും. അതിനൊപ്പം മികച്ച അഭിനേതാക്കൾ എത്തുമ്പോൾ കൂടുതൽ കരുത്തുലഭിക്കുന്നു. അങ്ങനെയാണ് ഈ കഥാപാത്രങ്ങളും ഗാങ്സ്റ്റർലോകവും പരസ്പരം ഇണങ്ങിയത്.

കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ച്...

രാധിക ആപ്‌തെ: ഞാൻ മുൻപ്‌ അവതരിപ്പിച്ചിട്ടില്ലാത്തതരത്തിലുള്ള കഥാപാത്രമാണ് രുദ്ര. പുറമേ സ്‌റ്റൈലിഷായി തോന്നുമ്പോഴും ഉള്ളിൽ സങ്കീർണതലങ്ങളുള്ള വ്യക്തി. യാഷ് രാജ് സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. നെറ്റ്ഫ്‌ളിക്‌സുമായുള്ള ബന്ധവും ഈ പ്രോജക്ടിനോട് അടുപ്പംതോന്നാൻ കാരണമായി. ധർമരാജ് കഥ അവതരിപ്പിച്ച രീതിയും ആകർഷിച്ചു. ലോകം സാങ്കല്പികമാണെങ്കിലും അതിലെ വിശദാംശങ്ങൾ യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു. ആരും ജന്മനാ തിന്മയുള്ളവരല്ല. രുദ്ര കൗതുകകരമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അവളുടെ പല സ്വഭാവങ്ങളും എനിക്ക് പരിചിതമായിരുന്നില്ല. അതിനാൽ ധർമരാജുമായി ചർച്ചകൾ നടത്തിയാണ് കഥാപാത്രത്തിന്റെ ചിന്തകളും പെരുമാറ്റരീതികളും പിടിച്ചെടുത്തത്. എന്നാൽ, വികാരങ്ങൾ സാർവത്രികമാണ്. ഒരു കഥാപാത്രത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ പ്രകടനം കൃത്രിമമായിത്തോന്നും. അത് ക്യാമറയ്ക്കുമുന്നിൽ മറച്ചുവെക്കാനും കഴിയില്ല.

ഭവാനിയും രുദ്രയും തമ്മിലുള്ള ഏറ്റുമുട്ടലാണ് അക്കയുടെ പ്രധാന ആകർഷണം. കഥാപാത്രത്തിനായി നടത്തിയ മുന്നൊരുക്കങ്ങൾ...

കീർത്തി സുരേഷ്: ധർമരാജിന്റെ പിന്തുണയാണ് നിർണായകമായത്. കഥാപാത്രത്തിലേക്ക് കടക്കാനും അതിന്റെ ഊർജം ഉൾക്കൊള്ളാനും അദ്ദേഹം സഹായിച്ചു. രാധികയുമായുള്ള ഏറ്റുമുട്ടൽ സ്വാഭാവികമായി രൂപപ്പെടാൻ കഥാപാത്രങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ആവശ്യമായിരുന്നു. സ്‌ക്രിപ്റ്റ് റീഡിങ്ങും ലുക്ക് ടെസ്റ്റുകളും സഹായിച്ചു. ഹിന്ദിയിലെ എന്റെ ആദ്യ പ്രോജക്ടാണിത്. സ്‌ക്രിപ്റ്റ് റീഡിങ് പ്രക്രിയ പുതിയ അനുഭവമായിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിൽ ഇത്രയും വിപുലമായി ഈ പ്രക്രിയ പിന്തുടരാറില്ല. ഭവാനിയുടെ ലോകത്തേക്ക് പ്രേക്ഷകർ കടന്നുചെല്ലണമെന്നാണ് ആഗ്രഹം. പ്രേക്ഷകർ അവളുടെ വ്യത്യസ്തമായ ഭാവങ്ങൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.