ചില കലാകാരികൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു. മറ്റു ചിലരാകട്ടെ, കാലത്തെത്തന്നെ തങ്ങളുടെ അഭിനയത്തിലൂടെ അടയാളപ്പെടുത്തുന്നു. മലയാളസിനിമയിൽ അത്തരമൊരു അപൂർവ സാന്നിധ്യമാണ് ഉർവശി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണുനനയിച്ചും പതിറ്റാണ്ടുകളായി പ്രേക്ഷകഹൃദയങ്ങളിൽ സ്വന്തം ഇടം ഉറപ്പിച്ച അഭിനേത്രി. നായികാസങ്കല്പങ്ങളുടെ പരിമിതികൾക്കപ്പുറം, ജീവിതത്തിന്റെ പല ഭാവങ്ങളെയും അനായാസം വെള്ളിത്തിരയിലെത്തിച്ച പ്രതിഭ. കഥാപാത്രങ്ങളുടെ പ്രായമോ പശ്ചാത്തലമോ താരപദവിയുടെ പതിവുചട്ടങ്ങളോ ഉർവശിയുടെ അഭിനയലോകത്തിന് അതിരുകളായില്ല. ഓരോ കാലത്തും പുതിയ ഭാവങ്ങളോടെ, ഓരോ കഥാപാത്രത്തിലും പുതിയൊരു വിസ്മയമായി അവർ സ്വയം പുതുക്കിക്കൊണ്ടേയിരുന്നു. കാലം മാറി, സിനിമയുടെ ഭാഷ മാറി, സ്ത്രീകഥാപാത്രങ്ങളുടെ ആഖ്യാനങ്ങൾ മാറി. പക്ഷേ, ഉർവശിയുടെ അഭിനയമികവിനോടുള്ള പ്രേക്ഷകരുടെ കൗതുകത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. ഒരിക്കൽ നമ്മളെ പൊട്ടിച്ചിരിപ്പിച്ച അതേ നടി, മറ്റൊരിക്കൽ ജീവിതത്തിന്റെ നിസ്സഹായതകൾക്കുമുന്നിൽ നമ്മെ നിശ്ശബ്ദരാക്കുന്നു. പുരസ്കാരങ്ങൾക്കും വിജയങ്ങൾക്കും അപ്പുറം, ഓരോ പുതിയ കഥാപാത്രത്തിലൂടെയും തന്റെ അഭിനയയാത്രയ്ക്ക് അവർ പുതിയ അർഥങ്ങൾ കണ്ടെത്തുന്നു. അവസാനിച്ചുപോയ കാലത്തിന്റെ ഓർമ്മയല്ല അവർ, ഓരോ കാലത്തും പ്രസക്തി വീണ്ടെടുക്കുന്ന പ്രതിഭയാണ്. ആ യാത്രയുടെ ഏറ്റവും പുതിയ അധ്യായമായി ‘ആശ’ എത്തിയപ്പോൾ മലയാളസിനിമയുടെ പ്രിയപ്പെട്ട ഉർവശിയോട് ചോദിക്കാനുള്ളത് ഇനിയും ഏറെയാണ്...

To advertise here,

ആശയിലെ പ്രകടനത്തിൽ സംഭാഷണങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം ഭാവങ്ങൾക്കും നോട്ടങ്ങൾക്കും ശരീരഭാഷയ്ക്കുമാണെന്നുതോന്നി. ഇത്രയും വ്യത്യസ്തമായ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിച്ചു?

സത്യത്തിൽ, ഈ കഥാപാത്രത്തെ എങ്ങനെ ഉള്ളിലേക്ക് എടുക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതുപോലൊരു വേഷം ഞാൻ മുൻപ്‌ ചെയ്തിട്ടില്ല. ഉള്ളൊഴുക്ക് പോലുള്ള ചിത്രങ്ങളിൽ കഥാപാത്രത്തിന്റെ മാനസികാവസ്ഥയും അതിന്റെ അന്തരീക്ഷവും കുറച്ചെങ്കിലും മനസ്സിലാക്കാൻ കഴിയും. അവിടെ കരച്ചിൽ പുറത്തേക്കുവരാതെ ഉള്ളിൽ വിങ്ങിനിൽക്കുന്ന ഒരു അമ്മയെയാണ് അവതരിപ്പിച്ചത്. ആ മൂഡ് പിടിച്ചുനിർത്തിയാൽ മതി എന്നൊരു വ്യക്തതയുണ്ടായിരുന്നു. ‘ആശ’യിൽ അങ്ങനെയൊരു പിടിത്തം തുടക്കത്തിൽ ഉണ്ടായിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഓരോ സീനിലും ആലോചിക്കേണ്ടി വന്നു. നമ്മൾ ജീവിതത്തിൽ കാണുന്ന ചില മനുഷ്യരെപ്പോലെയാണ് ഈ കഥാപാത്രം. ചിലർ ചെറിയ കാര്യങ്ങളിൽ പെട്ടെന്ന് പ്രതികരിക്കും; ചിലപ്പോൾ വലിയ വഴക്കുണ്ടാക്കും. എന്നാൽ, അവരുടെ പെരുമാറ്റത്തിനുപിന്നിൽ എന്താണെന്ന് എല്ലായ്പോഴും നമുക്കറിയില്ല. ഇത്തരത്തിലുള്ള അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആശയുടെ അവസ്ഥ അതിലും കടുപ്പമാണ്. അവർക്ക് പിന്തുണയ്ക്കാനോ അവരെ മനസ്സിലാക്കാനോ ആശ്വസിപ്പിക്കാനോ കൂടെയാരുമില്ല. അവർക്കത് തുറന്നുപറയാനും കഴിയുന്നില്ല. ആരും അവരെ ശരിയായി മനസ്സിലാക്കുന്നില്ല. അവരാകട്ടെ മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാനും തയ്യാറാകുന്നില്ല. കഥാപാത്രം കൂടുതൽ സങ്കീർണമാണ്.

വികാരതീവ്രമായ രംഗങ്ങളാണ് സിനിമയിലുടനീളം, അവയെ കൈയടക്കത്തോടെ ചെയ്തുവെക്കുക എളുപ്പമായിരുന്നോ?

സിനിമയിൽ ഡോക്ടറുടെ മുന്നിൽ ചെന്നുനിന്ന് മകൾക്കുനേരേ അതിക്രമം നടന്നിട്ടുണ്ടോ എന്ന് ചോദിക്കുന്ന രംഗമുണ്ട്. അത് അഭിനയിച്ചുഫലിപ്പിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. ആ രംഗം അഞ്ചു മിനിറ്റിനുള്ളിൽ സംഭവിച്ചതാണ്. ഒരു അമ്മ ഡോക്ടറുടെ മുന്നിൽ ചെന്നിട്ട് ‘‘എന്റെ മോളെ റേപ്പ് ചെയ്തിട്ടുണ്ടോ?’’ എന്ന് എങ്ങനെ പെട്ടെന്ന് ചോദിക്കും? ആ ചോദ്യം ചോദിക്കുന്നതുപോലും എനിക്ക് എളുപ്പമായിരുന്നില്ല. മാത്രമല്ല സിനിമ സിങ്ക് സൗണ്ടുമായിരുന്നു. ക്യാമറ കൈകാര്യം ചെയ്തുകൊണ്ടിരുന്ന മധുവിനോട് ഞാൻ ചോദിച്ചു: ‘‘മധു, ഇത് എങ്ങനെയാണ് ചോദിക്കുക?’’ ‘‘ഞാൻ ക്യാമറ ഓഫ് ചെയ്യുന്നില്ല, ചേച്ചി മനസ്സിൽ വരുന്നതുപോലെ ചെയ്തോളൂ’’ എന്ന് മധു പറഞ്ഞു. ഞാൻ ഒരു ടേക്കിൽ, എനിക്കറിയാവുന്ന രീതിയിൽ അതങ്ങ് ചെയ്തു. അത് എങ്ങനെയാണ് സ്‌ക്രീനിൽ വന്നതെന്ന് അറിയില്ല. ഞാൻ സിനിമ ഇതുവരെ കണ്ടിട്ടില്ല. ആ രംഗത്തിൽ ഡോക്ടറായി അഭിനയിച്ച പെൺകുട്ടി താരതമ്യേന പുതുമുഖമാണ്. സംവിധായകൻ അവളോട് പറഞ്ഞിരുന്നത്, അമ്മ ചോദിക്കുമ്പോൾ ഡോക്ടർ കാര്യങ്ങൾ വിശദീകരിക്കണം, കുട്ടിയുടെ സമ്മതം കൂടാതെ ഒന്നും ചെയ്യാനാവില്ലെന്ന് അറിയിക്കണം, തുടർന്ന് ആവശ്യമായ നടപടികൾക്കായി ഒപ്പിടണം എന്നൊക്കെയായിരുന്നു. ഞാൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അവൾക്ക് മുൻകൂട്ടി അറിയില്ലായിരുന്നു. പക്ഷേ, ഷോട്ട് തുടങ്ങിയപ്പോൾമുതൽ തീരുന്നതുവരെ അവൾ വളരെ ക്ഷമയോടെയും പക്വതയോടെയും പ്രതികരിച്ചു. അതിനുശേഷം ഞാൻ അവളെ അഭിനന്ദിച്ചു. അഭിനയിക്കുമ്പോൾ പലപ്പോഴും ആക്‌ഷൻമാത്രം മതിയാകില്ല; അഭിനേതാവ് എന്ത് ചെയ്യുന്നു എന്നതുപോലെ സഹതാരം എങ്ങനെ പ്രതികരിക്കുന്നു എന്നതും സീനിനെ രൂപപ്പെടുത്തുന്നു. എല്ലാ സീനുകളും സങ്കീർണമായിരുന്നു. എങ്ങനെ പ്രതികരിക്കണമെന്ന് ആരും പറഞ്ഞുതരാനില്ലാത്ത നിമിഷങ്ങളായിരുന്നു പലതും. എനിക്ക് അറിയാവുന്നതുപോലെ സംസാരിച്ചു. ആ നിമിഷത്തിൽ ഉള്ളിൽനിന്ന് വന്നതുപോലെ ചെയ്തു.

മുൻകൂട്ടി എഴുതിയ സംഭാഷണങ്ങളെക്കാൾ സീനുകളിൽ സ്വാഭാവിക പ്രതികരണങ്ങൾ ഒരുപാട് നൽകേണ്ടി വന്നിരുന്നോ?

പല രംഗങ്ങളിലും വലിയ സംഭാഷണങ്ങളൊന്നുമില്ലായിരുന്നു. ക്ലൈമാക്സിലും സംഭാഷണങ്ങൾ വളരെ കുറവാണ്. മകളുമായി വഴക്കിടുന്ന ഒരുരംഗമുണ്ട്. ഞാൻ പ്രതികരിക്കുമ്പോൾ ‘‘നിങ്ങൾക്ക് വട്ടാണ്’’ എന്ന് പറഞ്ഞ് അവൾ ഇറങ്ങിപ്പോകുന്നു. ആ സീനിൽ അതിനപ്പുറം ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തിൽ അതുപോലൊരമ്മയ്ക്ക് തോന്നാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് ആശ സിനിമയിൽ തുറന്നുപറയുന്നില്ല. പക്ഷേ, മകളുടെ പെരുമാറ്റമാണ് അവളുടെ പ്രതികരണങ്ങളെ ഉണർത്തുന്നത്. ആ പശ്ചാത്തലം പ്രേക്ഷകനിലേക്ക് എത്തിക്കേണ്ട ഒരു ഇടമായി ചില രംഗങ്ങളെ ഞാൻ കണ്ടു. അതിനാൽ ചിലപ്പോൾ ഞാൻ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ പ്രതികരിച്ചു. മധു ക്യാമറ കട്ട് ചെയ്യാതെ തുടർന്നതിനാൽ ആ പ്രകടനം മുഴുവൻ പകർത്തപ്പെട്ടു. ചില രംഗങ്ങളിൽ കൈകൊണ്ട് ശക്തിയായി പിടിക്കുകയും വലിക്കുകയും ചെയ്തതിനാൽ കൈക്ക് വലിയ വേദനയുണ്ടായി. അടുത്തദിവസം കൈ ചുകന്നുപോയി.

കഥാപാത്രത്തിന്റെ സ്വാഭാവികതയ്ക്ക് ശാരീരികമായ അധ്വാനവും ഏറെ വേണ്ടിവന്നിരുന്നോ?

ജോജു ജോർജിന്റെ കഥാപാത്രത്തെയും മറ്റൊരു കഥാപാത്രത്തെയും കെട്ടിവലിച്ചുകൊണ്ടുപോകുന്ന രംഗങ്ങൾ ആയാസമേറിയതായിരുന്നു. നല്ല ശാരീരിക അധ്വാനം വേണ്ടിവന്നു. ഒരു മുറിയിൽനിന്ന് മറ്റൊരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോകുന്നതുപോലെ കാണിക്കണം. എന്നാൽ, രണ്ടും രണ്ടുലൊക്കേഷനിലായിരുന്നു. ചില ദിവസങ്ങളിൽ ശ്വാസംമുട്ടുന്ന അവസ്ഥയായിരുന്നു. കയറുകൊണ്ട് ഒരാളെ കെട്ടുന്നതും വലിക്കുന്നതും യഥാർഥത്തിൽ ചെയ്യേണ്ടിവന്നു. അതിനുപകരം മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. കയർ എങ്ങനെ കെട്ടിയാൽ ഊരിപ്പോകില്ല എന്നതുമാത്രം പഠിപ്പിച്ചുതന്നു. ജീവിതത്തിൽ ഒരാളെ ഇങ്ങനെ കെട്ടിവലിച്ച് പരിചയമുള്ളവരല്ലല്ലോ നമ്മൾ. ഒരുവശത്ത് ശരീരഭാരം വലിക്കണം, അതിനൊപ്പം മുറിയിൽ സ്മോക്കും നിറച്ചിരുന്നു. വലിക്കുന്നതിന്റെ ക്ഷീണവും പുകയും ചേർന്നപ്പോൾ ശ്വാസംകിട്ടാൻ ബുദ്ധിമുട്ടി. ശരിക്കും കൈ വിറയ്ക്കുകയായിരുന്നു. കൈകൾ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ അടുത്തുണ്ടായിരുന്നവർ എന്റെ കൈകൾ പിടിച്ച് തിരുമ്മി തന്നു. ഈ കഥാപാത്രം ഒരു സീനിൽ പോലും സമാധാനമായി ഇരിക്കുന്ന സമയമില്ല. ഓട്ടോയിൽ, കാറിൽ, ബാങ്കിൽ, റോഡിലൂടെയുള്ള നടത്തം... ഇങ്ങനെ നിരന്തരം സഞ്ചാരവും അധ്വാനവുമാണ്. ഷൂട്ടിങ് തുടങ്ങിയ ദിവസംമുതൽ തീരുന്നതുവരെ ശരീരത്തിന് വലിയ സമ്മർദമായിരുന്നു. കഥ കേട്ടപ്പോൾ ഇത്രയും തീവ്രമായ ശാരീരികാധ്വാനം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല.

ഈ പ്രായത്തിലും വെല്ലുവിളിയുള്ള കഥാപാത്രങ്ങൾ ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണ്? സുരക്ഷിതമായ കഥാപാത്രങ്ങളിൽമാത്രം നിൽക്കാമല്ലോ?

എനിക്ക് ഒരേപോലുള്ള കഥാപാത്രങ്ങൾമാത്രം ചെയ്യാൻ താത്‌പര്യമില്ല. എല്ലായിപ്പോഴും നല്ലവളായും എല്ലാവരുടെയും അംഗീകാരം നേടുന്നവളായും നിൽക്കുന്ന കഥാപാത്രങ്ങളോട് പണ്ടുമുതലേ വലിയ താത്‌പര്യമില്ല. ‘നന്മമരം’ എന്ന നിലയിൽമാത്രം നിൽക്കുന്നതിൽ എന്ത് അർഥമാണുള്ളത്? എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു വില്ലനും കുശുമ്പും ദേഷ്യവും ഉള്ളയാളും ഉണ്ടാകും. അത് പുറത്തുകാണിക്കാത്തതുകൊണ്ട് അതില്ലാതാകുന്നില്ല. മനുഷ്യർക്ക് പല വശങ്ങളുണ്ട്. എല്ലാവരിലും ഒരു ഗ്രേ ഏരിയയുണ്ട്. ഗ്രേ ഏരിയ എന്താണെന്നത് ആപേക്ഷികമാണ്. രണ്ടുപേരുടെയും നിലപാടുകൾ പരസ്പരം ഒത്തുചേരുമ്പോഴാണ് അവർക്ക് ഒരേ കാര്യത്തിൽ യോജിക്കാൻ കഴിയുന്നത്. അതുകൊണ്ട് മനുഷ്യരെ കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ടായിമാത്രം വേർതിരിക്കാൻ കഴിയില്ല. മനുഷ്യരുടെ ഉള്ളിൽ സത്യങ്ങളും വൈരുധ്യങ്ങളും ഉണ്ടാകും. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് എന്നെ ആകർഷിക്കുന്നത്.

അമ്മ - മകൾ ബന്ധങ്ങൾ ഇത്രയും സങ്കീർണമാണോ?

ആശ ചെറുപ്പം വിട്ടുമാറാത്ത, മറ്റൊരാളോടൊപ്പം ജീവിക്കണമെന്നാഗ്രഹിക്കുന്ന സ്ത്രീയാണ്. പക്ഷേ, അവരുടെ മനസ്സിൽ ആദ്യം വരുന്നത് മക്കളാണ്. താൻ ആരോടെങ്കിലും സംസാരിച്ചാൽ, ആ ബന്ധം വീട്ടിൽ സ്ഥിരമായാൽ, തന്റെ മക്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് അവർ ഭയക്കുന്നു. പ്രത്യേകിച്ച് മകളെ സുരക്ഷിതമായി വിവാഹം കഴിപ്പിച്ചയച്ചശേഷം സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാമെന്ന നിലപാടാണ് അവർക്കുള്ളത്. അമ്മയും മക്കളും വ്യത്യസ്ത തലമുറകളിൽപ്പെട്ടവരാണ്. അമ്മയുടെ സ്നേഹം മക്കൾക്ക് ചിലപ്പോൾ ഭാരമായി തോന്നുന്നു. എന്നാൽ, ആ ഭാരം തോന്നുന്നത് ഇന്നത്തെ തലമുറയ്ക്കാണ്. ഞങ്ങളുടെ തലമുറയിൽ അങ്ങനെ ചിന്തിച്ചിരുന്നില്ല. ഒരു അമ്മ തന്റെ മകളോട്, ‘‘അവൻ നല്ല ജോലി ചെയ്യുന്നില്ല; നാളെ നീ കഷ്ടപ്പെടേണ്ടിവരും’’ എന്ന് പറയുമ്പോൾ അതിന്റെ അർഥം ഞങ്ങൾക്ക് മനസ്സിലാകുമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ അമ്മയുടെ ആശങ്കയെ അത്ര വലിയ നിയന്ത്രണമായി ഞങ്ങൾ കണ്ടിരുന്നില്ല. എന്നാൽ, ഇന്നത്തെ കുട്ടികൾ ചോദിക്കും: ‘‘എനിക്ക് അവനെ ഇഷ്ടമാണ്. ഇന്നല്ലെങ്കിൽ നാളെ അവന് നല്ല ജോലി കിട്ടും. ഞങ്ങൾ നന്നായി ജീവിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നിങ്ങൾ നിർബന്ധിച്ച് മറ്റൊരാളെ വിവാഹം കഴിപ്പിച്ചാൽ ആ വിവാഹം ശരിയായില്ലെങ്കിൽ എന്തു ചെയ്യും? അതിന്റെ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഞാൻ തന്നെയല്ലേ അനുഭവിക്കേണ്ടത്?’’ എന്നൊക്കെ. അവരുടെ വാദവും ശരിയാണ്. അവർക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ഞങ്ങൾ അങ്ങനെ എതിർത്തു വളർന്നവരല്ല. പല കാര്യങ്ങളും കാലഘട്ടത്തിന്റെ ഭാഗമായി സ്വീകരിച്ചവരാണ്. എന്നാൽ, അഞ്ച് തലമുറകളുടെ സ്നേഹം പറഞ്ഞ് മക്കളെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുമ്പോൾ അവർക്കു ശ്വാസംമുട്ടുന്ന അവസ്ഥയുണ്ടാകാം. മാതാപിതാക്കൾ മക്കളെ സ്നേഹിക്കുന്നത് പലപ്പോഴും സ്വന്തം സന്തോഷത്തിനും സംതൃപ്തിക്കുമാണ്. ആ സ്നേഹം മക്കൾക്ക് എത്രത്തോളം സന്തോഷം നൽകുന്നു എന്ന് അവർ എപ്പോഴും ചിന്തിക്കണമെന്നില്ല. മക്കളെ സ്നേഹിക്കുന്നതും അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നതും രണ്ടാണ്.

ആശയെപ്പോലെ ഒരു മകളുടെ അമ്മയാണ് താങ്കളും: അത് കഥാപാത്രത്തെ കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചോ?

തീർച്ചയായും. എനിക്കും മകളുണ്ട്. ആ പ്രായത്തിലുള്ള ഒരു കുട്ടിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒരു അമ്മയുടെ ഭയം എത്രത്തോളം തീവ്രമാകുമെന്ന് മനസ്സിലാക്കാം. എന്റെ മകളോ അല്ലെങ്കിൽ മകളെപ്പോലെ ഞാൻ കരുതുന്ന ഒരാൾക്കോ ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ചിലപ്പോൾ ഞാനും ആശയെപ്പോലെ പ്രതികരിച്ചെന്നിരിക്കും. കഥ കേട്ടപ്പോൾ ആശയുടെ പല പ്രതികരണങ്ങളും എനിക്ക് ന്യായമായാണ് തോന്നിയത്. അവൾ ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ ഒരാളെ സംശയിക്കുകയും അവനെ അങ്ങനെ കൈകാര്യംചെയ്യുകയും ചെയ്യുന്നുണ്ടാകാം. പക്ഷേ, അവനെ വെറുതേവിട്ടാൽ നാളെ തന്റെ മക്കൾക്ക് വീണ്ടും ഭീഷണിയാകുമോ എന്ന ഭയവും അവൾക്കുണ്ട്. അതുകൊണ്ട് അവൾ കടുത്ത തീരുമാനങ്ങളിലേക്കു പോകുന്നു. അവൻ തെറ്റ് ചെയ്തിട്ടില്ല എന്ന് അറിഞ്ഞശേഷവും മക്കളുടെ സുരക്ഷയെക്കുറിച്ചുള്ള പേടി അവളെ വിട്ടുപോകുന്നില്ല. ഷൂട്ടിങ് തുടങ്ങുന്നതിന് തലേന്ന് ജോജു എന്നോട് പറഞ്ഞു: ‘‘ചേച്ചി, ഈ കഥാപാത്രത്തെ നെഗറ്റീവായി കാണരുത്, ഇത് ഒരു പാവം സ്ത്രീയാണ്’’. ഞാൻ പറഞ്ഞു: ‘‘ജോജു, അങ്ങനെ ന്യായീകരിക്കാൻ നിൽക്കേണ്ട. പാവം എന്ന വാക്ക് വേണ്ട’’ എന്ന്. ഈ കഥാപാത്രത്തെ ഞാൻ ഒരു വാക്കിൽ ന്യായീകരിക്കുന്നില്ല, പക്ഷേ, അവരുടെ മനസ്സിൽ നടക്കുന്ന സംഘർഷം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഞാൻ ഒരു രംഗം ചെയ്യുമ്പോൾ ഉള്ളിൽ അപ്പോൾ വരുന്നതാണ് ചെയ്യുന്നത്. ഷോട്ട് കഴിഞ്ഞാൽ പിന്നെ ഞാൻ എന്താണ് ചെയ്തത് എന്ന് പലപ്പോഴും ഓർമ്മയുണ്ടാകില്ല.

അഭിനയത്തിലൂടെ വ്യത്യസ്ത തലമുറകളിലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും ആരാധകരാക്കാനും കഴിയുന്നതെങ്ങനെയാണ്?

അഭിനയത്തോട് ഞാൻ ആത്മാർഥത കാണിക്കാറുണ്ട്. ക്യാമറ ഓൺ ചെയ്യുമ്പോൾ പണമോ പ്രശസ്തിയോ അവാർഡോ ഒന്നും ചിന്തിക്കാറില്ല. ‘ഈ ഷോട്ട് ശരിയായി വരണേ’ എന്നതാണ് മനസ്സിൽ. ഓരോ ഷോട്ടും കഴിഞ്ഞാൽ ആശ്വാസമാവും. അടുത്ത ഷോട്ടിൽ വീണ്ടും അതേ ആശങ്ക. അങ്ങനെയാണ് ഞാൻ അഭിനയിക്കുന്നത്. അമിത ആത്മവിശ്വാസത്തോടെ വന്ന് എല്ലാം എളുപ്പത്തിൽ ചെയ്യാമെന്ന തോന്നൽ ഉണ്ടായിട്ടില്ല. എന്താണ് അതിന്റെ കാരണം എന്നറിയില്ല; ചെറുപ്പംമുതലേ അങ്ങനെയാണ്.

ആശയെപ്പോലെ സ്വന്തം പ്രശ്നങ്ങൾ ഉള്ളിലൊതുക്കി നടക്കുന്ന ആളാണോ?

ആൾക്കൂട്ടത്തിൽ ഒറ്റപ്പെടാൻ വിധിക്കപ്പെട്ട ഒരാളാണ് ഞാൻ. എല്ലാവരോടും ആശയവിനിമയം നടത്താൻ സാധിക്കാറില്ല. അതേസമയം, ഞാൻ വളരെ സജീവമായി ആളുകളോട് ഇടപഴകുന്ന ഒരാളുമാണ്. ഇപ്പോഴും അങ്ങനെത്തന്നെയാണ്. പക്ഷേ, നമ്മുടെ സമൂഹത്തിൽ ചില കാര്യങ്ങൾ തുറന്നുപറയാൻ കഴിയില്ല. പറഞ്ഞാൽ അത് വേറൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയം ഉണ്ടാകും, കുടുംബത്തിലുള്ളവരും നമുക്ക് വേണ്ടപ്പെട്ടവരും നമ്മളെ കുറ്റപ്പെടുത്തുമോ എന്ന ചിന്തയും ഉണ്ടാകും. അങ്ങനെ പല കാര്യങ്ങളും ഉള്ളിൽ ഒതുക്കിവെക്കാറുണ്ട്.

ആശയെപ്പോലുള്ള വ്യക്തികളെ ചുറ്റുപാടുകളിൽ കണ്ടിട്ടുണ്ടോ?

അങ്ങനെയുള്ള അമ്മമാരെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. സ്വന്തം കഴിവിനെക്കുറിച്ച് മറ്റുള്ളവരുടെ അംഗീകാരം നേടാനായിമാത്രം ജീവിക്കുന്ന സ്ത്രീകളുണ്ട്. പക്ഷേ, അതുകൊണ്ട് എന്താണ് അർഥം? ജീവിതം വളരെ ചെറുതാണ്. അനാവശ്യമായ ഈഗോയുടെ പേരിൽ സ്വന്തം സന്തോഷവും ജീവിതത്തിലെ നല്ല നിമിഷങ്ങളും നഷ്ടപ്പെടുത്തുന്നത് വ്യർഥമാണ്. ഒരുദിവസം നഷ്ടപ്പെട്ടാൽ അത് തിരിച്ചുകൊണ്ടുവരാൻ കഴിയില്ല. കാലം പിന്നോട്ടു തിരിക്കാനാവില്ല. കാലമാണ് നമ്മളെ ഏറ്റവും കൂടുതൽ പഠിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.