കായികമായിട്ടും നമുക്കവരെ മുന്നിലേക്ക് കൊണ്ടുവരാം. വിദ്യാഭ്യാസത്തിലും കൊണ്ടുവരാം, കായികമേളയിലും അവരെ കൊണ്ടുവരാം. നമുക്കൊരു മുതൽക്കൂട്ടാണ് അവർ.

മലയാളസിനിമയ്ക്ക് ഒരു വനിതാ സംവിധായികയെക്കൂടി ലഭിച്ചിരിക്കുന്നു. സിന്ധു പരടയിൽ. എൻ.കെ. സുധീറിനൊപ്പം ചേർന്ന് സിന്ധു ഒരുക്കിയ ചിരം എന്ന ചിത്രം ഇപ്പോൾ കേരളനിയമസഭയിലും ചർച്ചയായി. ഫാത്തിമ തഹ്ലിയ എം.എൽ.എ ഈ ചിത്രത്തെക്കുറിച്ച് നിയമസഭയുടെ ചോദ്യോത്തരവേളയിൽ സംസാരിച്ചു. ബാവുളുകളുടെ സംഗീതവും ജീവിതവും ആദിവാസി മേഖലയിലെ ജീവിതവും കോർത്തിണക്കിയാണ് സിന്ധു പരടയിലും സുധീറും ഈ ചിത്രം ഒരുക്കിയത്. ആദിവാസി മേഖലകളിലേക്കുള്ള തന്റെ സന്ദർശനങ്ങൾ ഈ ചിത്രം രൂപപ്പെടുത്തുന്നതിൽ ശക്തമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് സിന്ധു പറഞ്ഞു. ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നും അവർ നമ്മുടെ സമൂഹത്തിന് മുതൽക്കൂട്ടാണെന്നും അധ്യാപിക കൂടിയായ സിന്ധു പരടയിൽ പറയുന്നു.
സിനിമല്ലാതെ മറ്റേതെങ്കിലും മേഖലയിൽ പ്രവർത്തിക്കുന്നുണ്ടോ?
ഞാൻ പഠിപ്പിക്കുന്നത് ടിടിസി ഇൻസ്റ്റിറ്റ്യൂട്ടിലാണ്, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ. നമ്മുടെ സ്കൂളുകളിൽ എല്ലാ കാര്യങ്ങളും അവരെ മനസ്സിലാക്കിക്കുക എന്ന ലക്ഷ്യത്തോടെ പഠന ക്യാമ്പുകളൊക്കെ സംഘടിപ്പിക്കാറുണ്ട്. അങ്ങനെ ആ ക്യാമ്പിന് കരിക്കുലം പറയുന്നത് 15 ദിവസമാണ്, റെസിഡൻഷ്യൽ ആണ്. അത് പലരും പല രീതിയിലാണ് ചെയ്യുന്നത്. ഞാനാണെങ്കിൽ 10 ദിവസം നമ്മുടെ സ്ഥാപനത്തിൽ ചെയ്യുമ്പോൾ അഞ്ചു ദിവസം മറ്റേതെങ്കിലും ഒരു ഏരിയ തിരഞ്ഞെടുക്കാറുണ്ട്. പ്രത്യേകിച്ചും ഈ മാർജിനലൈസ്ഡ് ആയിട്ടുള്ള ആൾക്കാരുള്ള ഏരിയകൾ, അവിടെനിന്ന് വരുന്ന കുട്ടികൾ, അവരുടെ പ്രശ്നങ്ങൾ, സ്കൂളുകളിൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ നമ്മുടെ അധ്യാപകരാവാൻ പോകുന്ന കുട്ടികൾ- അവരെ അധ്യാപക വിദ്യാർത്ഥികൾ എന്നാണ് പറയുന്നത്-അവർ തിരിച്ചറിയണം. മാർജിനലൈസ്ഡ് എന്ന് പറയുമ്പോൾ പൊതുവിദ്യാഭ്യാസത്തിൽ ആദിവാസികൾ, തീരദേശ മേഖലയിൽനിന്നുള്ളവർ, ഇതര സംസ്ഥാന തൊഴിലാളികൾ. ഇവരുടെയെല്ലാം കുട്ടികൾ ഒരു പൊതുവായ ക്ലാസ് മുറിയിൽ എത്തുന്നുണ്ട്.
എങ്ങനെയാണ് ഇങ്ങനെയൊരു സിനിമയെടുക്കാനുള്ളൊരു താല്പര്യം വന്നത്?
2012-ൽ ഞാൻ കുട്ടികൾക്ക് വേണ്ടീട്ട് അകമ്പൊരുൾ എന്നൊരു സിനിമ ചെയ്തിട്ടുണ്ടായിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഗവൺമെൻറ് ഫണ്ട് എടുത്താണ് അത് ചെയ്തത്. സിനിമയോട് ഒരു താല്പര്യം വന്നു.
ഏതെങ്കിലും യഥാർത്ഥ വ്യക്തികൾ ഈ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടോ?
കരിക്കുലത്തിന്റെ ഭാഗമായി ഒരു ആദിവാസി മേഖല സന്ദർശിച്ചിരുന്നു. ആദ്യം പോകുന്നത് ഇടമലക്കുടിയിലാണ്. മൂന്നാറിൽനിന്ന് 25 കിലോ മീറ്റർ ഉള്ളിലാണത്. അവിടെപ്പോയി അവിടുത്തെ ജീവിതം അടുത്തറിഞ്ഞു. പിന്നീട് അവിടെ വിജയലക്ഷ്മി എന്നൊരു ടീച്ചറെ ഞാൻ കണ്ടുമുട്ടി. അടിമാലിയിൽനിന്ന് അവിടെ എത്തിച്ചേർന്നതാണ്. അവരുടെ ഭർത്താവ് ഒരു ഫോറസ്റ്റ് വാച്ചർ ആയിരുന്നു. അദ്ദേഹത്തോടൊപ്പം അവരവിടെ വന്നു. പത്താംതരം പാസായതുകൊണ്ട് അവർ അവിടെ ഒരു ഏകാധ്യാപക വിദ്യാലയത്തിൽ ടീച്ചറായി ജോലിക്ക് കയറി. ഏകാധ്യാപക വിദ്യാലയം എന്ന് പറഞ്ഞുകഴിഞ്ഞാൽ അഞ്ചു വയസ്സുമുതൽ പതിനാലോ പതിനാറോ വയസ്സുവരെയുള്ള ആദിവാസിയൂരിലെ കുട്ടികളെ എല്ലാവരേയും കൂടെ ഒരു ടീച്ചർ പഠിപ്പിക്കുന്ന വിദ്യാലയത്തെയാണ് ഏകാധ്യാപക വിദ്യാലയം എന്ന് പറയുന്നത്. അവർക്ക് ഒരു സിലബസ് അല്ല ഉള്ളത്. ഈ ഇത്രയും പ്രായവ്യത്യാസമുള്ള കുട്ടികൾക്ക് വ്യത്യസ്തമായ കാർഡുകൾ ഉണ്ടാക്കി, ഈ കാർഡ് ഓരോ കുട്ടിക്കും കൊടുത്ത് ടീച്ചർ ആ കുട്ടിയുടെ അടുത്തിരുന്ന പഠിപ്പിക്കുന്ന ഒരു രീതിയാണ് ഏകാധ്യാപക വിദ്യാലയങ്ങൾക്ക് ഉള്ളത്. ഇങ്ങനെ പഠിപ്പിക്കുന്ന ഒരു സിസ്റ്റം ആയിരുന്നു ഉണ്ടായിരുന്നത്. ഈ ടീച്ചറിന്റെ ജീവിതമാണ് എനിക്ക് പ്രചോദനമായത്.
വിജയലക്ഷ്മി ടീച്ചറുടെ ജീവിതത്തെ എത്രമാത്രം അടുത്തറിഞ്ഞിട്ടുണ്ട്?
ടീച്ചർ പഠിപ്പിക്കുന്നതൊക്കെ ഞാൻ നേരിട്ടു കണ്ടിരുന്നു. ടീച്ചറിന്റെ ജീവിതത്തേക്കുറിച്ച് കേട്ടപ്പോൾ ഒരു എക്സൈറ്റ്മെന്റ് ഉണ്ടായി, വിഷമമുണ്ടായി. ടീച്ചറിന്റെ രണ്ടു കുട്ടികൾ നാട്ടിൽ പഠിക്കുന്നു, ആൺകുട്ടികളാണ്. അവരുടെ അച്ഛൻ ടീച്ചറുടെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് നിൽക്കുന്നത്. വല്ലപ്പോഴുമേ അവിടേക്ക് പോകാൻ കഴിയുന്നുള്ളൂ. മഴ പെയ്ത് മരങ്ങളൊക്കെ ഒടിഞ്ഞുവീണാൽ വീട് ഒന്ന് വൃത്തിയാക്കാൻപോലും പറ്റുന്നില്ല. പഞ്ചായത്തിന്റെ ആനുകൂല്യമൊന്നും കിട്ടുന്നില്ല. വല്ലപ്പോഴുമേ പോകാൻപറ്റൂ. അവർ സ്ഥിരാധ്യാപികയല്ല. ഐടിഡിപി അവരെ അവിടെ താൽക്കാലികമായിട്ട് നിയമിക്കുന്നതാണ്. എല്ലാ വർഷവും മാർച്ച് മാസം ആകുമ്പോൾ അവരെ പിരിച്ചുവിടും, എന്നിട്ട് ജൂണിൽ അവരെ എടുക്കും. വളരെ തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. ഈ തുച്ഛമായ ശമ്പളം വാങ്ങിക്കുന്ന ഒരാൾ രണ്ടുമാസം എന്ത് ചെയ്യുമെന്ന് ചോദിക്കുമ്പോൾ ടീച്ചർ പറഞ്ഞത് കൊളുന്ത് (തേയില) നുള്ളാൻ പോകുമെന്നാണ്. അപ്പോൾ ഞാൻ ചോദിച്ചു, ടീച്ചർക്ക് എങ്കിൽ പിന്നെ അങ്ങ് നാട്ടിൽ പൊയ്ക്കൂടെ, അവിടെ ചെന്നു കഴിഞ്ഞാൽ എന്തെല്ലാം ജോലി ചെയ്യാം? ഇതിനേക്കാൾ നല്ല വരുമാനവും കിട്ടും. അപ്പൊ ടീച്ചർ പറഞ്ഞ ആ ഒരു മറുപടിയാണ് എനിക്കിങ്ങനെ ഒരു സിനിമയ്ക്ക് പ്രചോദനമായത്. ടീച്ചർ പറഞ്ഞത് "ഞാൻ ഇവിടെനിന്ന് പോയിക്കഴിഞ്ഞാൽ ആരിവിടേക്ക് പകരം വരും?" ആരും വരില്ല. അപ്പോൾ ഈ ഒരാൾ വന്നില്ലെന്നുണ്ടെങ്കിൽ ഈ കുട്ടികൾക്ക് പഠനം നടക്കില്ല. അപ്പോൾ ഇന്ന് ഞാൻ പഠിപ്പിച്ച കുട്ടികളൊക്കെ പല സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ഡിഗ്രി വരെ പോയവരുണ്ട്. അതുകൊണ്ട് ആ കുട്ടികൾക്ക് പഠിപ്പിക്കാൻ താൻ ഇവിടെ ഉണ്ടാവണം എന്നുള്ള അവരുടെ മറുപടി വല്ലാതെ സ്ട്രൈക്ക് ചെയ്തു.
ടീച്ചറുടെ കഥയിലേക്ക് കാത്തിരിപ്പിന്റേതായ അംശംകൂടി ചേർക്കുകയായിരുന്നോ?
കാത്തിരിപ്പിന്റെ കഥ എന്ന് പറയുമ്പോൾ, ആദിവാസി ഊരിലെ കഥയാണല്ലോ ഞാൻ പറഞ്ഞത്. പക്ഷേ, അതൊരിക്കലും ഒരു സിനിമാറ്റിക്കായിട്ട് എടുക്കാൻ പറ്റില്ല. അപ്പോഴാണ് ഒരു നായികയെ നമ്മൾ പ്ലാൻ ചെയ്യുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതിയിൽ ബാവുളുകളെക്കുറിച്ച്, അവരുടെ ജീവിതത്തെക്കുറിച്ച് അവരുടെ സംഗീതത്തെക്കുറിച്ച് റിസർച്ച് ചെയ്യാൻ വേണ്ടിയെത്തുന്ന ഒരു റിസർച്ച് സ്കോളർ ആയിട്ടാണ് നായിക എത്തുന്നത്. അവിടെ സാം എന്ന ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറെ കാണുകയും അടുപ്പത്തിലാവുകയുംചെയ്യുന്നു. ഒരിടത്തും സ്ഥിരമായി നിൽക്കാത്ത, എവിടെയെല്ലാമോ അലഞ്ഞുതിരിഞ്ഞു നടക്കുന്ന, ജീവിതത്തിന് പ്രത്യേകിച്ചൊരു ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരു ഓർഫനേജിൽ ജനിച്ച് വളർന്ന ഒരുവനാണ് സാം. സാമിനൊപ്പം കാടിനെ അടുത്തറിയാൻ കാട്ടിൽ വരുന്ന അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന, അവരുടെ പ്രണയത്തിൽ സംഭവിക്കുന്ന കുറേ കാര്യങ്ങളാണ് പിന്നെ ഈ സിനിമ പറയുന്നത്. ശരിക്കും ഇതൊരു പ്രണയത്തെ, ഒരു സ്ത്രീ-പുരുഷ സൗഹൃദത്തെ ആവിഷ്കരിക്കുക കൂടിയാണ് ചെയ്യുന്നത്. അല്ലാതെ ഒരു ആദിവാസി കഥയല്ല ഞാൻ അതിലൂടെ പറയാൻ ശ്രമിച്ചത്. സ്ത്രീയുടെ പ്രണയം വളരെ ആഴത്തിലുള്ളതാണ്. അത് ഒരു സമർപ്പണമാണ്. പലപ്പോഴും പുരുഷന്റെ പ്രണയം എന്നുപറഞ്ഞാൽ ഒരു കൗതുകത്തിൽ ഉള്ളതാണ്. കൗതുകം തീരുമ്പോൾ പുരുഷന്റെ പ്രണയവും തീരും. പക്ഷേ, സ്ത്രീയുടെ പ്രണയം അങ്ങനെയല്ല. സ്ത്രീക്കപ്പോഴും അതിനുവേണ്ടി മുഴുവൻ ജീവിതവും സമർപ്പിക്കുന്ന രീതിയാണ്. എത്ര എഡ്യൂക്കേറ്റഡ് ആണെങ്കിലും എത്ര വലിയ ചിന്താഗതിയുള്ള ആളാണെങ്കിലും ഒക്കെ അങ്ങനെയാണ്. അതുതന്നെയാണ് ഇവിടെ സീതയുടെ ലൈഫിലും സംഭവിച്ചത്.
ബാവുളുകളുടെ ജീവിതം എങ്ങനെയാണ്?
ബംഗാളിലെ ഒരു പ്രാദേശിക വിഭാഗമാണ് ബാവുൾ. ശാന്തിപ്രിയ ബാവുൾ, പാർവതി ബാവുൾ എന്നിങ്ങനെ രണ്ട് ബാവുൾ സംഗീതജ്ഞർ നമുക്കിവിടെയുണ്ട്. ഇവരൊക്കെ ബംഗാളിൽ പോയി അവിടെ ജീവിച്ച് അവിടെ ബാവുളായി കഴിഞ്ഞവരാണ്. ബാവുളുകൾ പല വിഭാഗമുണ്ട്. അതിൽ സൂഫി വിഭാഗമുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുണ്ട്. ഇവർക്ക് ജീവിതത്തിൽ പ്രത്യേകിച്ചൊരു ലക്ഷ്യമൊന്നുമില്ല. ഇവർ പ്രകൃതിയുടെ ആരാധകരാണ്. പ്രകൃതിയോട് അത്രമാത്രം ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ്. പാട്ടുപാടിയാണ് ഉപജീവനം. നമ്മൾ കൊൽക്കത്തയിൽ ചെന്നിറങ്ങിക്കഴിഞ്ഞാൽ ട്രെയിനിൽ കയറിയാലും ഒരു റോഡിൽ പോയാലും ഒക്കെ ഇവരിങ്ങനെ ഏക്താര വാദ്യോപകരണവും മീട്ടിക്കൊണ്ട് പാടി നടക്കും. എല്ലാവരും അവർക്ക് പൈസയൊക്കെ കൊടുക്കും. അങ്ങനെയാണ് അവർ ജീവിക്കുന്നത്. ടാഗോറിന്റെ കൃതികൾക്ക് പലപ്പോഴും വിഷയമായിട്ടുള്ളത് ഈ ബാവുളുകളുടെ സംഗീതവും അവരുടെ ജീവിതവുമൊക്കെത്തന്നെയാണ്.
സീത ഒരു ടീച്ചറാണ്. ആദിവാസി ഊരിലാണ് അവർ സാമിനു വേണ്ടി കാത്തിരിക്കുന്നത് കാട്ടിലാണ്. രാമായണത്തിലെ സീതയും രാമനും ഒരു പ്രചോദനമായിട്ടുണ്ടോ?
തീർച്ചയായും ഉണ്ട്. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളതും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യാണ്. ‘ചിന്താവിഷ്ടയായ സീത’യിലെ സീത എന്നത് ഇന്നത്തെ ഫെമിനിസ്റ്റാണെന്ന് നമുക്ക് വേണമെങ്കിൽ പറയാം. ‘ചിന്താവിഷ്ടയായ സീത’ ആരംഭിക്കുന്നതുതന്നെ രാമനാൽ പരിത്യജിക്കപ്പെട്ട് അവിടെ വന്നു ആശ്രമത്തിൽ വന്ന്, അവിടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. വാത്മീകി മുനി അവർക്ക് രാമായണം പറഞ്ഞു കൊടുത്തു. വാത്മീകി തന്നെ ഈ കുട്ടികളെയും കൂട്ടി ശ്രീരാമന്റെ അടുത്തേക്ക് പോവുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, ഒരു സ്ത്രീയുടെ പക്ഷത്തു നിന്നുകൊണ്ട്, ഒരു ഭാര്യയുടെ പക്ഷത്തു നിന്നുകൊണ്ട്, ഒരമ്മയുടെ പക്ഷത്തു നിന്നുകൊണ്ട്, ഒരു പരിത്യക്തയുടെ പക്ഷത്തു നിന്നുകൊണ്ട് നമ്മളൊന്ന് ചിന്തിച്ചു നോക്കിയേ, ആ സമയത്ത് അവളുടെ മനസ് എത്രമാത്രം കലുഷിതമായിരിക്കും? ഭയങ്കരമാണ്. അപ്പോ അങ്ങനെയിരുന്നുകൊണ്ട് ഓരോന്ന് ചിന്തിച്ചെടുക്കുന്നുണ്ട് സീത. ഇന്ന് തീർച്ചയായിട്ടും അവിടെ ചെല്ലും. കുഞ്ഞുങ്ങൾ പാടിയത് കേൾപ്പിക്കും. ആ സമയത്ത് രാമൻ അവരെ തിരിച്ചറിയും. ലക്ഷ്മണൻ തിരിച്ചറിയും. എന്റെ കുഞ്ഞുങ്ങളെ ഓടിച്ചെന്നു സ്വീകരിക്കും. മുനിയെ എന്റെ അടുത്തേക്ക് പറഞ്ഞുവിടും. എന്നോട് തിരികെ അവിടെ ചെല്ലാൻ ആവശ്യപ്പെടും. ആശാൻ പറയുന്നത് സീതയുടെ മനസ്സിൽ രാമനെക്കുറിച്ചുള്ള ചിന്തകൾ, പ്രണയം അണലിപ്പാമ്പ് പോലെ ഉറങ്ങിപ്പോയി എന്നാണ്.
അണലിയുടെ പ്രത്യേകത എന്താണെന്നുവെച്ചാൽ അവസരം കിട്ടുമ്പോൾ അത് പത്തിവിടർത്തി ഉയരും. ഇതുപോലെ തന്നെയാണ് അത്. ആശാൻ പറഞ്ഞു വെച്ചതതാണ്. ഒരു സ്ത്രീയുടെ മനസ്സിൽ പ്രണയം, അതും അതിശക്തമായ പ്രണയം ഉള്ളിലുണ്ടായാൽ അത് എത്ര കാലം കഴിഞ്ഞാലും ചിലപ്പോ അതൊക്കെ മറന്നു എന്നൊക്കെ മറ്റുള്ളവർക്ക് തോന്നുമായിരിക്കും. പക്ഷേ, ഒരു സന്ദർഭം അനുകൂലമാകുന്ന സമയത്ത് അവളറിയാതെ അവളുടെ ഉള്ളിലെ ആ പ്രണയം ഉണരുക തന്നെ ചെയ്യും.
എന്താണ് ചിരം എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത്?
ചിരം എന്നുപറഞ്ഞാൽ തന്റെ കാത്തിരിപ്പ് ഒന്നോ രണ്ടോ നാളേക്കല്ല, പ്രപഞ്ചം എന്നുവരെയുണ്ടോ അല്ലെങ്കിൽ താൻ എന്നുവരെയുണ്ടോ ചക്രവാളങ്ങൾക്കും അപ്പുറത്തേക്ക് എന്നാണ്. ബിയോണ്ട് ദ ഹൊറൈസൺ ഓഫ് ടൈം ആണ് ചിരം. താൻ അത്രയും കാലം കാത്തിരിക്കും എന്നാണ് അവരവിടെ പറയുന്നത്. ഇവിടെ ആ രാമായണത്തിലെ സീതയും അവസാനനിമിഷംവരെ കാത്തിരിക്കുകയായിരുന്നു. ആശാന്റെ സീതയും ഇങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്. പോവണോ, വേണ്ടയോ?എന്നൊക്കെ ഒരു ആത്മാഭിമാനം അവളിൽ ഉണരുന്നുണ്ട്. എന്നിട്ടും സീത പോകുന്നു. സീതയ്ക്ക് പോവാതിരിക്കാൻ പറ്റില്ല. ഒരു സ്ത്രീക്കും ഒരിക്കൽ പ്രണയം ആഴത്തിൽ അവളുടെ ഉള്ളിലുണ്ടായിട്ടുണ്ടെങ്കിൽ ഒരിക്കലും ആ പ്രണയത്തിൽനിന്ന് പൂർണമായിട്ടും മുക്തയാകാനോ അത് മറക്കാനോ കഴിയില്ല എന്നുള്ള ഒരു വലിയ ആശയമാണ് ഞാൻ ഇതിനകത്തും വെച്ചത്.
സുധീർ എന്ന ഒരു സംവിധായകൻകൂടി ഈ ചിത്രത്തിനുണ്ടല്ലോ?
ഞാൻ 2014-2015-ലാണ് ഇടമലക്കുടിയിൽ പോയത്. വിജയലക്ഷ്മി ടീച്ചറെ കണ്ട കാര്യം ഞാൻ സുഹൃത്തായ സുധീറിനോട് പറഞ്ഞു. ഒരു സിനിമ ഉണ്ടാക്കിയാലോ എന്നും ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. അതിനിടെ ടീച്ചറുടെ കഥ എഴുതി ഞാൻ ഒന്നുരണ്ട് മാസികകളിൽ പ്രസിദ്ധീകരിച്ചു. സിനിമയുടെ തിരക്കഥ ഒരുമിച്ച് എഴുതാം എന്ന തീരുമാനത്തിലെത്തിയപ്പോഴാണ് സുധീറിന്റെ ഭാര്യ മേഘ, സീത എന്ന കഥാപാത്രത്തെ ബംഗാളിലേക്ക് വിടാമെന്ന ആശയം പങ്കുവെച്ചത്. കഥയിലെ ബാവുൾ എന്ന ആശയത്തെ വിശദമായി എഴുതിയത് എന്റെ കൂടെത്തന്നെ തിരക്കഥ എഴുതിയ കവി കൂടിയായ കെ.വി. രാജഗോപാലാണ്. തിരക്കഥ എഴുതുമ്പോഴും എനിക്ക് ആ ഒരു പോർഷനിൽ വലിയ റോൾ ഒന്നും വന്നിട്ടില്ല. സുധീറും സംഘവുമാണ് അനൂപ് മേനോനെയും ഐശ്വര്യ മിഥുനേയും കാസ്റ്റ് ചെയ്തത്. ഞാൻ നോക്കിയപ്പോൾ കഥാപാത്രവുമായിട്ട് അവരുടെ ഫിസിക്കൽ അപ്പിയറൻസ് ഒക്കെ ഒത്തു വരുന്നുണ്ട്.
എപ്പോഴാണ് സംവിധാനത്തിലേക്ക് കൂടി കടക്കാം എന്ന ചിന്ത വരുന്നത്?
സുധീറാണ് ചിത്രത്തിന് ആദ്യം സംവിധാനം നിർവഹിച്ചത്. 30 ദിവസത്തെ ചിത്രീകരണം കഴിഞ്ഞപ്പോൾ ഞാൻ ഉദ്ദേശിക്കുന്ന ലെവലിൽ അത് വന്നിട്ടില്ല. ഞാൻ സിനിമ പഠിച്ചിട്ടില്ല, പക്ഷേ, സംവിധാനം അറിയാം. ഞാൻ പഠിപ്പിക്കുന്ന കുട്ടികളെ മോണോ ആക്റ്റ്, കഥാപ്രസംഗം, നാടകം ഒക്കെ ഞാൻ തന്നെ എഴുതി പരിശീലിപ്പിക്കും. ഞാൻ തന്നെ സംവിധാനവും ചെയ്യും. അങ്ങനെ വർഷങ്ങളായിട്ട് ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് സ്റ്റേറ്റിൽ പോയി സമ്മാനം വാങ്ങിക്കൊണ്ട് വരുന്നത് എന്റെ സ്റ്റുഡന്റ്സ് ആയിരുന്നു. ആ ഒരു എക്സ്പീരിയൻസ് എനിക്കുണ്ട്. പിന്നെ എനിക്ക് മനസ്സിലാകാത്ത അല്ലെങ്കിൽ ബോധ്യമില്ലാതിരുന്ന ഒരു കാര്യം അതിന്റെ ടെക്നിക്കൽ സൈഡ് ആയിരുന്നു. ഷൂട്ട് നടക്കുന്ന സമയം അനൂപ് മേനോൻ എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. അദ്ദേഹം ഒരു സംവിധായകൻ കൂടിയാണല്ലോ. ഷോട്ടുകളെല്ലാം നന്നായി വരാൻ അദ്ദേഹത്തിന്റെ ചില നിർദേശങ്ങളും ഞാൻ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിൽനിന്നാണ് ഞാൻ സംവിധാനം പഠിച്ചത്. സിനിമ ഒരു ബാലികേറാമലയൊന്നുമല്ലെന്ന് മനസിലായി.
നമ്മുടെ നിയമസഭാ സാമാജികർക്കുവേണ്ടി സിനിമ പ്രദർശിപ്പിച്ചിരുന്നല്ലോ
ഇന്റർവെൽ കഴിഞ്ഞപ്പോൾ മുതൽ അവർ ഭയങ്കരമായി എക്സൈറ്റഡ് ആയിരുന്നു. കാടിനെ അതുപോലെ ഒപ്പിയെടുത്തിട്ടുണ്ട്. അവരുടെ ജീവിതത്തെ ഏച്ചുകെട്ടലില്ലാതെ ചിത്രീകരിച്ചിട്ടുണ്ട്. ഈ സിനിമയുടെ പാട്ട് എഴുതിയിരിക്കുന്നതുപോലും ഒരു ഏകാധ്യാപക വിദ്യാലയത്തിൽ ഈ പറയുന്ന ഇടമലക്കുടിയിൽ തന്നെ തൊട്ടടുത്തുള്ള മാങ്കുളത്ത് ഒരു ഏകാധ്യാപക വിദ്യാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മുരളി മാഷാണ് ഇതിന് പാട്ടെഴുതിയിട്ടുള്ളത്. ഞങ്ങൾ രണ്ടുപേരും എജുക്കേഷൻ സെക്ടറിലുള്ളവരാണല്ലോ. സാറും എസ്സിആർടിയിൽ ആദിവാസി വിഭാഗങ്ങൾക്കുവേണ്ടിയുള്ള പാഠപുസ്തകം തയ്യാറാക്കാനൊക്കെ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് പാട്ടെഴുതിയതും മാഷാണ്. കല്യാണപ്പാട്ടെഴുതിയത് മാഷാണ്. പിന്നെ ഒരു താരാട്ടുപാട്ടും. ഇതൊക്കെ എം.എൽ.എമാർക്ക് വളരെ ഇഷ്ടമായി. ഇതൊന്നും ഇങ്ങനെ വെറുതേ കളഞ്ഞുപോവേണ്ട ഒരു സിനിമയൊന്നുമല്ല, ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഇത് നന്നായിട്ട് ശ്രദ്ധിക്കപ്പെടേണ്ടതാണ് എന്നൊക്കെ പറഞ്ഞു. നിയമസഭയിൽ ഈ സിനിമയെക്കുറിച്ച് പരാമർശമുണ്ടാകുമെന്ന് കരുതിയതേയില്ല. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് നല്ല വിദ്യാഭ്യാസംകൂടി നൽകിയാൽ അവർ മിടുക്കരാവും.
ആദിവാസി മേഖല സന്ദർശിച്ചപ്പോൾ മനസ്സിലാക്കിയ കാര്യങ്ങളെന്തെല്ലാമാണ്?
10 ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഞാൻ വിവിധ സമയങ്ങളിലായി പോയി. അവരെക്കുറിച്ച് പഠിച്ചു. SCERT കേരളത്തിലെ ഇന്നൊവേറ്റീവ് ആയിട്ടുള്ള പ്രോഗ്രാംസ് ചെയ്തിട്ടുള്ള അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അതിൽ ഒരു 10, 12 പേരെ തിരഞ്ഞെടുത്തു. ഞാനും ഒരു പ്രോജക്ട് വെച്ചു. ഓരോ ആദിവാസി ഊരിൽ ചെല്ലുമ്പോഴും അവരുടെ ഭാഷ വ്യത്യസ്തമാണെന്ന പ്രോജക്റ്റാണ് ഞാൻ സമർപ്പിച്ചത്. കേരളത്തിൽ മൊത്തം 36 വിഭാഗം ആദിവാസി വിഭാഗങ്ങളുണ്ട്. അവർക്ക് 36 ഭാഷയാണുള്ളത്. ഒരാളിന്റെ ഭാഷ വേറൊരാൾക്കില്ല. മലപ്പുറം നിലമ്പൂരിൽ ചെന്നു കഴിഞ്ഞാൽ അവിടെ ഉൾക്കാട്ടിൽ ചോലനായ്ക്കരുമുണ്ട് കാട്ടുനായ്ക്കരുമുണ്ട്. ചോലനായ്ക്കരുടെ ഭാഷയല്ല കാട്ടുനായ്ക്കരുടെ. രണ്ടുപേരും ഏകദേശം ഒരേ സ്ഥലത്ത് താമസിക്കുന്നവരാണ്. അട്ടപ്പാടിയിൽ ചെന്ന് കഴിഞ്ഞാൽ ഇരുള, മുഡുഗ, കുറുമ്പ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. മൂന്നുപേർക്കും മൂന്ന് ഭാഷയാണ്. പക്ഷേ, ഇവരെല്ലാം ഒരേ ക്ലാസ് മുറിയിൽ എത്തുന്നു. ഇവരിൽനിന്നു വ്യത്യസ്തയായിട്ട് ടീച്ചറും. ടീച്ചർ പറയുന്നത് ഈ പിള്ളേർക്കൊന്നും മനസ്സിലാവില്ല. കുട്ടികൾ പറയുന്നത് ടീച്ചർക്കും മനസ്സിലാവില്ല. അത് ഞാൻ സിനിമയിൽ കാണിച്ചിട്ടുണ്ട്.
ആദിവാസി കുട്ടികൾ വിദ്യാഭ്യാസത്തിൽ പിന്നാക്കെ പോകുന്നുണ്ടോ?
ഓരോ വർഷവും ട്രൈബൽ കുട്ടികൾ വിദ്യാഭ്യാസത്തിൽ വളരെ പിന്നാക്കം പോവുകയാണ് ചെയ്യുന്നത്. പക്ഷേ, ഇവർക്ക് ഒരുപാട് ഫണ്ടിങ് നടക്കുന്നുണ്ട്. ഇവർ വിദ്യാഭ്യാസം നേടിക്കഴിഞ്ഞാൽ പിന്നെ വീണ്ടും ഒരാദിവാസിയെങ്കിലും കാട് വിട്ട് പുറത്തേക്ക് വരുന്നത് കണ്ടിട്ടുണ്ടോ? ഇല്ല. ഇവർ വീണ്ടും കാട്ടിലേക്ക് തന്നെ കേറും. കാട്ടിൽ കേറിക്കഴിഞ്ഞാൽ ഇവർക്കുണ്ടാകുന്ന മറ്റൊരു ദോഷം കാടിനെ അതിജീവിക്കാനുള്ള ഇവരുടെ സ്വാഭാവികമായ ശേഷി പോലും നഷ്ടപ്പെട്ട് പോവും എന്നുള്ളതാണ്. ഇവർ കാട്ടിൽനിന്ന് നാട്ടിൽ വന്ന് ഇവിടുത്തെ എല്ലാ രീതികളും കണ്ടിട്ട് പിന്നെ ഇവർക്ക് കാട്ടിലേക്ക് ചെല്ലുമ്പോൾ പേടിയാണ്. ഞാൻ അങ്ങനെ ഇത് ഒരു റിസേർച്ച് ആക്കി നടത്തി അത് SCERTക്ക് സബ്മിറ്റ് ചെയ്തു. ആദിവാസികളുടെ ഭാഷയും മലയാള ഭാഷയും എന്നതായിരുന്നു വിഷയം. അവർക്കൊരു പുസ്തകവും ഉണ്ടാക്കി. അവരുടെ ഭാഷയിലും മലയാള ഭാഷയിലും. എന്നിട്ട് ടീച്ചർക്ക് ഒരു കൈപ്പുസ്തകവും ഉണ്ടാക്കി. ഈ ഞാൻ അടക്കമുള്ള ടീച്ചേഴ്സ് അവിടേക്ക് ചെല്ലുമ്പോൾ അവർക്ക് ഈസി ആയി കുട്ടിയുടെ ഭാഷയിലേക്കും കയറാം, കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്യാം. അത് നടപ്പിലായിട്ടുണ്ടോ എന്ന് അറിയില്ല. അത് നടപ്പിൽ വരുത്തണം എന്നുള്ളത് എന്റെ ഏറ്റവും വലിയ ഒരാഗ്രഹമാണ്.
ആ സിനിമ ചെയ്യുമ്പോൾ മനസിലുണ്ടായിരുന്ന ഏറ്റവും വലിയ ആഗ്രഹമെന്താണ്?
എന്തുകൊണ്ട് ഇവിടുത്തെ ആദിവാസി കുട്ടികൾ പഠനത്തിൽ പിന്നാക്കം നിൽക്കുന്നു? അവരെ എന്തുകൊണ്ട് എങ്ങനെ മറ്റുള്ളവർക്കൊപ്പം എത്തിക്കാം എന്നതാണ് ചിന്തിച്ചത്. ഇവർക്ക് ഭയങ്കരമായ കായികശേഷിയാണുള്ളത്. ഓടാനും ചാടാനും. നമ്മുടെ കാൽപ്പത്തിപോലെയൊന്നുമല്ല ഇവരുടേത്. വളരെ വീതിയുള്ള, കാട്ടിൽ നടക്കാനും അതിജീവിക്കാനുമുള്ള ഒരു പ്രകൃതമാണ് ഇവരുടേത്. ആ പ്രകൃതത്തിലാണ് ഇവർ വളരുന്നത്. പക്ഷേ, ഇങ്ങനെയുള്ള ഒരു കുട്ടി പോലും നമ്മുടെ ഏതെങ്കിലും കായികമേളയിൽ വരുന്നത് കണ്ടിട്ടുണ്ടോ? കായികമായിട്ടും നമുക്കവരെ മുന്നിലേക്ക് കൊണ്ടുവരാം. വിദ്യാഭ്യാസത്തിലും കൊണ്ടുവരാം, കായികമേളയിലും അവരെ കൊണ്ടുവരാം. നമുക്കൊരു മുതൽക്കൂട്ടാണ് അവർ.
Content Highlights: Female director Sindhu Paradayil, whose debut feature film Chiram co-directed with N.K. Sudheer was recently praised in the Kerala Legislative Assembly by MLA Fathima Thahlia, discusses how her personal experiences as a TTC instructor in tribal schools and real-life single-teacher schools inspired the film's unique storyline blending love, waiting, Baul music, and indigenous culture.
Published: 18 Oct 2026, 04:53 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented