ഷെയ്ൻ നിഗം നായകനാകുന്ന ‘ബൾട്ടി’ എന്ന ചിത്രത്തിലൂടെ 16 വർഷങ്ങൾക്കുശേഷം ശന്തനു വീണ്ടും മലയാളത്തിലെത്തുകയാണ്

മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തി 2009-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എയ്ഞ്ചല്‍ ജോണ്‍. അന്ന് മോഹന്‍ലാലിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച യുവനടനെ മലയാളികള്‍ മറന്നിട്ടില്ല. തമിഴിലെ വിഖ്യാത സംവിധായകന് ഭാഗ്യരാജിന്റേയും നടി പൂര്‍ണിമാ ഭാഗ്യരാജിന്റേയും മകനായ ശന്തനു ഭാഗ്യരാജായിരുന്നു അത്. മോഹന്‍ലാലിനൊപ്പമുള്ള ആദ്യ മലയാളചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായെങ്കിലും പിന്നീട് ശന്തനു മലയാള സിനിമ ചെയ്തില്ല.
തമിഴിലെ ഒട്ടേറെ സിനിമകളിലും വെബ്സീരീസുകളിലും വേഷമിട്ട ശന്തനു ഇപ്പോള്‍ മലയാള സിനിമയിലേക്ക് തിരികെ വരികയാണ്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന 'ബള്‍ട്ടി' എന്ന ചിത്രത്തിലൂടെയാണ് 16 വര്‍ഷങ്ങള്‍ക്ക് ശേഷം ശന്തനു ഭാഗ്യരാജ് വീണ്ടും മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ തന്നെ ശന്തനുവിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
ബള്‍ട്ടി വെള്ളിയാഴ്ച തിയേറ്ററുകളിലെത്താനിരിക്കെ ശന്തനു ഭാഗ്യരാജ് മാതൃഭൂമി ഡോട് കോമിനോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരു മലയാള ചിത്രം. ബള്ട്ടിയിലേക്ക് എത്തിയത് എങ്ങനെയാണ്?
എയ്ഞ്ചല്‍ ജോണിന് ശേഷം ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ എനിക്ക് അത്രയേറെ ഇഷ്ടം തോന്നിയ കഥാപാത്രങ്ങളായിരുന്നില്ല അതൊന്നും. സിനിമയില്‍ നിരന്തരമായി നമ്മള് മുഖം കാണിച്ചില്ലെങ്കില്‍ അവസരങ്ങള്‍ കുറയും. പിന്നീട് ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് മലയാളത്തില്‍ നിന്നൊരു അവസരം വരുന്നത്. ഞാനും നസ്രിയയും അടുത്തിടെ ഒരു തമിഴ് വെബ് സീരീസില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. അതില്‍ വര്‍ക്ക് ചെയ്തിരുന്ന ഒരാള്‍ 'ബള്‍ട്ടി'യുടെ സംവിധായകന് ഉണ്ണിയുടെ സുഹൃത്തായിരുന്നു. അവന് എന്നോട് പറഞ്ഞു, ബള്‍ട്ടിയിലെ കുമാര്‍ എന്ന കഥാപാത്രത്തിനായി 25-25 പേരെ ഓഡിഷന് ചെയ്ത് നോക്കി, ഒന്നും ശരിയായില്ല എന്ന്. ഒരുകൈ നോക്കുന്നോ എന്ന് എന്നോട് അവന് ചോദിച്ചു. കഥ കേട്ടപ്പോള്‍ എനിക്ക് വളരെ ഇഷ്ടമായി. ഉടനെ ഞാന്‍ സമ്മതംമൂളുകയായിരുന്നു. എയ്ഞ്ചല്‍ ജോണിന് ശേഷം എനിക്ക് മലയാള സിനിമയിലേക്കുള്ള ഒരു റീലോഞ്ചായാണ് ഞാന്‍ ഇതിനെ കണ്ടത്.
ബാള്ട്ടിയെ കുറിച്ച്?
ബാള്‍ട്ടി എന്റെ കരിയറിലെ സ്പെഷ്യല്‍ ചിത്രമാണ്. മലയാളത്തിലെ എന്റെ റീലോഞ്ച്. കുമാര്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സംവിധായകന് ഉണ്ണി ശിവലിംഗത്തിന് കഥ പറയുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴുമെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്നു. മികച്ച ടീമാണ് ചിത്രത്തിന്റെ പിന്നിലുള്ളത്. നിര്‍മാതാക്കളായ സന്തോഷേട്ടനും ബിനു ചേട്ടനും അങ്ങനെയൊരു ടീം ഉണ്ടാക്കിക്കൊടുത്തു. ആര്‍ഡിഎക്സ്, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ ഡിഒപി അലക്സ് പുളിക്കല്‍ സാര്‍, കില്‍, ഉറി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത ശിവ്കുമാര്‍ പണിക്കര്‍. ഇപ്പോഴത്തെ സെന്‍സേഷനായ സായ് അഭ്യങ്കര്‍. ഷെയ്ന് നിഗം, അല്‍ഫോണ്‍സ് പുത്രന് തുടങ്ങിയ പ്രതിഭകളായ ഒരുകൂട്ടം അഭിനേതാക്കള്‍.
നല്ലൊരു കണ്ടന്റും ഒപ്പം ഇങ്ങനെയൊരു മികച്ച ടീമും. ഇങ്ങനെയൊരു ചിത്രത്തില്‍ അഭിനയിക്കുകയെന്നത് എതൊരു നടന്റേയും സ്വപ്നമായിരിക്കും. പ്രേക്ഷകര്‍ക്ക് മികച്ച സിനിമാനുഭവമായിരിക്കും ബാള്‍ട്ടി. കണ്ടന്റുള്ള ചിത്രമാണ്. പ്രണയം, സൗഹൃദം, കബഡി രംഗങ്ങള്‍, സ്റ്റണ്ട് രംഗങ്ങള്‍ തുടങ്ങി കൊമേഴ്സ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്.
കുമാറിനെ കുറിച്ച്?
കുമാര്‍ എന്നത് വളരെ ട്രിക്കിയായ കഥാപാത്രമാണ്. നല്ലവനായിരിക്കാം, മോശക്കാരനുമാകാം. ആ മീറ്റര്‍ പിടിക്കാന്‍ വളരെ കഷ്ടപ്പെട്ടു. അറിയാത്ത ഭാഷയായ മലയാളത്തിലായതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടി. ഒരുമാസം ഓണ്‍ലൈനായി മലയാളം പഠിച്ചു. പാലക്കാട്ടുള്ള സ്മിതയായിരുന്നു എന്റെ മലയാളം ഗുരു. സ്മിതയുടെ കോച്ചിങ് വലിയ സഹായമായിരുന്നു. ഉണ്ണിക്കും അസോസിയേറ്റ് ശബരിക്കും തമിഴ് അറിയാമായിരുന്നു. അതിനാല്‍ എല്ലാ കാര്യങ്ങളും തമിഴില്‍ എനിക്ക് പറഞ്ഞുതന്നു.
കുമാര്‍ തമിഴാണോ മലയാളമാണോ സംസാരിക്കുന്നത്?
എന്റെ കഥാപാത്രം മലയാളമാണ് സംസാരിക്കുന്നത്. ഞാന്‍ തന്നെയാണ് ഡബ് ചെയ്തത്. പാലക്കാട്-തമിഴ്നാട് അതിര്‍ത്തിയായ കൊഴിഞ്ഞാമ്പാറയിലാണ് കഥ നടക്കുന്നത്. അതിനാല്‍ 40 ശതമാനം തമിഴുമുണ്ട് ചിത്രത്തില്‍. അതിർത്തിയിൽ ജീവിക്കുന്നവരായതിനാല്‍ അവര്‍ മലയാളവും തമിഴും സംസാരിക്കും. ചിത്രത്തില്‍ ഞാനും ഷെയ്നും മലയാളത്തില്‍ തന്നെയാണ് സംസാരിക്കുന്നത്. വളരെ കുറച്ച് സമയം ഞാന്‍ തമിഴ് സംസാരിക്കുന്നുണ്ട്. വില്ലന്‍ കഥാപാത്രങ്ങള്‍ മലയാളവും തമിഴും സംസാരിക്കുന്നുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്സ്' തമിഴ് പ്രേക്ഷകര്‍ക്ക് കണക്ടായതുപോലെ ബാള്‍ട്ടിയും തമിഴ് പ്രേക്ഷകര്‍ക്ക് കണക്ടാകും.
'എയ്ഞ്ചല്‍ ജോണി'നെ കുറിച്ചുള്ള ഓര്‍മകള്‍, അനുഭവങ്ങള്‍?
മലയാളത്തിലെ എന്റെ ആദ്യ ചിത്രമായിരുന്നു എയ്ഞ്ചല്‍ ജോണ്‍. ഷൂട്ടിങ്ങിനിടെയുണ്ടായ ഒരുപാട് അനുഭവങ്ങള്‍ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. ലാലേട്ടന് സെറ്റില്‍ തമാശയൊക്കെ പറഞ്ഞും കളിയാക്കിയുമെല്ലാം എപ്പോഴും ജോളിയായാണ് ഇരിക്കുക. 'ഞാനൊരു സൂപ്പര്‍ സ്റ്റാറാണ്, ഞാന്‍ ഒറ്റയ്ക്ക് എന്റെ കാരവാനില്‍ ഇരിക്കും' എന്ന ചിന്തയൊന്നുമില്ല. എല്ലാവര്‍ക്കുമൊപ്പം ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. ഇടയ്ക്ക് അദ്ദേഹം വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കി കൊണ്ടുവന്ന് തരും. അതെല്ലാം മനോഹരമായ അനുഭവങ്ങളായിരുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന ഭാവം ഒട്ടുമില്ലാതെ സാധാരണക്കാരനായി സിംപിളായാണ് ലാലേട്ടന് എല്ലാവരോടും പെരുമാറിയിരുന്നത്. അതെനിക്ക് വലിയൊരു അനുഭവമായിരുന്നു. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ എനിക്ക് കഴിഞ്ഞു.
വിജയ്ക്കൊപ്പം മാസ്റ്ററില്‍ ഉണ്ടായിരുന്നു. അദ്ദേഹവുമായുള്ള അടുപ്പം?
വിജയ് അണ്ണന് സുഹൃത്തെന്നതിലുപരി എന്റെ സഹോദരനെ പോലെയാണ്. എന്റെ കല്യാണത്തിന് താലിയെടുത്ത് തന്നത് അദ്ദേഹമാണ്. ഞാന്‍ എപ്പോഴും എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യാറുണ്ട്. കാരണം അദ്ദേഹവും വലിയൊരു സംവിധായകന്റെ - എസ്.എ. ചന്ദ്രശേഖറിന്റെ - മകനാണ്. എന്റെ അച്ഛനും വലിയ സംവിധായകനാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിലും വലിയ വിജയങ്ങളില്ലാതെ കഷ്ടപ്പെട്ടിരുന്നു. അതേ സാഹചര്യത്തിലൂടെ ഞാന്‍ കടന്നുപോയപ്പോള്‍ അദ്ദേഹം അത് മനസിലാക്കി എന്നെ ആശ്വസിപ്പിച്ച് സംസാരിച്ചിട്ടുണ്ട്. കാരണം ഞാന്‍ ഏത് അവസ്ഥയിലാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. വിജയ് അണ്ണന്റെ കൂടെ അഭിനയിച്ച അനുഭവം ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ളതാണ്. 'ജനനായക'ന് ശേഷം അദ്ദേഹം അഭിനയം നിര്‍ത്തുകയാണ്. അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞുവെന്നതാണ് എന്റെ സന്തോഷം.
മാസ്റ്ററിലേക്ക് എത്തിയത് എങ്ങനെയാണ്?
ലോകേഷ് കനകരാജാണ് ഇങ്ങനെയൊരു വേഷമുണ്ടെന്ന് പറഞ്ഞ് വിളിച്ചത്. കുറച്ച് നെഗറ്റീവ് ഷെയ്ഡുള്ള എന്നാല്‍ പിന്നീട് മനംമാറ്റമുണ്ടാകുന്ന കഥാപാത്രമാണ് ഭാര്ഗവന് എന്ന് ലോകേഷ് എന്നോട് പറഞ്ഞു. ചെറിയ വേഷമാണെങ്കിലും എനിക്ക് അത് മതിയായിരുന്നു. മാസ്റ്ററില്‍ 35 ദിവസം ഞാന്‍ വര്‍ക്ക് ചെയ്തു. പക്ഷേ 12 മിനുറ്റ് മാത്രമാണ് സിനിമയില്‍ എന്റെ ഭാഗങ്ങളുണ്ടായിരുന്നത്. അക്കാര്യത്തില്‍ ചെറിയ സങ്കടമുണ്ട്. എന്നാല്‍ അതില്‍ ഞാന്‍ സംവിധായകനെ കുറ്റം പറയില്ല. സിനിമയ്ക്ക് എന്താണോ മികച്ചത് അത് ചെയ്യുക തന്നെ വേണം.
മലയാള സിനിമകള്‍ കാണാറുണ്ടോ?
ഒരുപാട് മലയാള സിനിമകള്‍ കാണാറുണ്ട്. ഇഷ്ട ചിത്രങ്ങള്‍ ഒരുപാടുണ്ട്. അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ്, ലൂസിഫര്‍, കാതല്‍, അങ്ങനെ ഒരുപാട്. വീണ്ടും നോക്കൂ, എന്തുകൊണ്ടാണ് മലയാളത്തിലെ അഭിനേതാക്കളോട് എല്ലാവര്ക്കും ബഹുമാനം? മമ്മൂട്ടിയെ പോലെ ഒരാള്‍ കാതല്‍ പോലെയൊരു ചിത്രത്തില്‍ അഭിനയിക്കുന്നു. സ്റ്റാര്‍ഡത്തിന് വേണ്ടിയല്ല, അഭിനയത്തോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. അല്ലെങ്കില്‍ സൂപ്പര്‍സ്റ്റാറായ ഒരാള്‍ വന്ന് കാതലിലെ പോലെയൊരു കഥാപാത്രം ചെയ്യാന്‍ തയ്യാറാകുമോ? സിനിമയോടുള്ള പാഷനാണ് അത്.
മമ്മൂട്ടി, മോഹന്‍ലാല്‍. ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍?
എന്റെ രണ്ട് കണ്ണുകളിലൊന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ എന്താ പറയുക?
മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. എല്ലാ ഇന്ഡസ്ട്രിയിലെ അഭിനേതാക്കളും മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. മലയാള സിനിമയിലുള്ളവര്‍ ഒരു അഭിനേതാവിനെ തേച്ചുമിനുക്കിയെടുക്കും. കാരണം മലയാളം സിനിമ റിയലിസ്റ്റിക്കാണ്. ഞാന്‍ ഇവിടെ വന്ന് തമിഴിലേത് പോലെ അഭിനയിച്ചു. അപ്പോള്‍ ഉണ്ണി വന്ന് അങ്ങനെയല്ല വേണ്ടതെന്ന് പറഞ്ഞ് തിരുത്തും. മലയാളത്തില്‍ അഭിനയിക്കണമെന്ന് വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ശരിയായ സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ബാള്‍ട്ടി മികച്ച തുടക്കമായി ഞാന്‍ കാണുന്നു.
Content Highlights: Interview with actor Shanthanu Bhagyaraj, ahead of his film 'Balti' release
Published: 25 Sept 2025, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented