യുട്യൂബിൽ 8 മില്ല്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത 'ഡിസ്കോ'യിലെ ഇതിന്നോ ആദമേ എന്ന ഗാനം. ഒരേ സമയം മാർഗംകളിപ്പാട്ടിന്റെ താളവും റാപ്പിൻ്റെ ബീറ്റുമുള്ള ഡാൻസ് നമ്പറായി ഈ ഗാനം ഒരുക്കിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. 'ഒരു മെക്സിക്കൻ അപാരത', 'കുമാരി', 'അഞ്ചക്കള്ളകോക്കാൻ', തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ചടുലമായ താളത്തിൽ വീണ്ടും മലയാള സിനിമയിൽ തന്റേതായ കൈയൊപ്പ് പതിപ്പിക്കുകയാണ് മണികണ്ഠൻ അയ്യപ്പ. ഈ ഗാനം ഇത്രയും ക്ലിക്കാകുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് അദ്ദേഹം. ചെമ്പൻ വിനോദിന്റെ ശബ്ദമാണ് ഈ ഗാനം ഇത്രയും വൈറലാകാൻ കാരണമെന്നും മണികണ്ഠൻ അയ്യപ്പ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

To advertise here,

ആരാണ് ഇങ്ങനെയൊരു പാട്ടിനെ പറ്റി ഐഡിയ തന്നത്?

സംവിധായകൻ ഉല്ലാസ് ചെമ്പൻ തന്നെയാണ് ഈ പാട്ടിനെക്കുറിച്ച് പറഞ്ഞത്. ചെമ്പൻ ചേട്ടന്റെ ഭാഗത്തുനിന്നും സജഷൻസ് ഒക്കെ വന്നിട്ടുണ്ടായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു പഴയ പാട്ടല്ലേ, കോപ്പിറൈറ്റ് പ്രശ്നം വരുമോയെന്ന്. ഇല്ലെന്നും ഇതിന്റെ ഒറിജിനൽ ഏതെങ്കിലുമൊരു സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയ പാട്ടല്ലെന്നും അദ്ദേഹം ഉറപ്പുപറഞ്ഞു. വളരെ പഴയ നാടകങ്ങളിലൊക്കെ ഈ പാട്ട് ഉപയോഗിച്ചിട്ടുണ്ട്. പിന്നെ പഴയ ഒരു വേർഷൻ 'ഈ നാട്' എന്ന് പറഞ്ഞ സിനിമയിലുണ്ട്. അതിൽ പാടുന്ന അതേ താളത്തിലാണ് നമ്മൾ ഡിസ്കോയിൽ ആ പാട്ട് ചെയ്തിരിക്കുന്നത്. 'കോലങ്ങൾ' എന്ന സിനിമയിൽ തിലകൻ സാർ ഈ പാട്ട് ഒരു രംഗത്തിൽ പാടുന്നുണ്ട്. പക്ഷേ അത് വേറൊരു ശൈലിയിലാണ്.

റെക്കോർഡിങ് എത്ര സമയം കൊണ്ടായിരുന്നു?

റെക്കോർഡിങ് വളരെ പെട്ടെന്നുതന്നെ കഴിഞ്ഞിട്ടുണ്ട്. ഇത് അധികം സമയമെടുത്തിട്ടില്ല. റീമിക്സ് ആയതുകൊണ്ട് ഇത് എങ്ങനെ ചെയ്യണം എന്നത് ഒരു വെല്ലുവിളിയായിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ ഒറിജിനൽ ഗാനത്തിന്റെ മുഴുവൻ വരികളുമെടുക്കേണ്ട, പകരം ഹൂക്ക് ലൈൻമാത്രം എടുക്കാമെന്ന് നിശ്ചയിച്ചു. അങ്ങനെ ഞാൻ ഏകദേശം ആ വരികൾക്ക് തുടർച്ചയായി വരാവുന്ന രീതിയിൽ കുറച്ച് സംഗതികൾ പാടി ഗാനരചയിതാവ് സുഹൈൽ കോയയ്ക്ക് അയച്ചുകൊടുത്തു. അങ്ങനെ സുഹൈൽ കോയ എഴുതിയ വരികളാണ് ആലയം വാശയിൽ കണ്ടൊരു ചോളൻ എന്നത്. അപ്പോഴാണ് സംവിധായകൻ ഉല്ലാസ് വേറൊരു നിർദേശം വെച്ചത്, വേറെ എന്തെങ്കിലും ഒരു എലമെന്റ് കൂടി വേണമെന്ന്. അങ്ങനെയാണ് മാർഗംകളിയുടെ ശൈലികൂടി പാട്ടിൽ ചേർത്തത്. വരികൾ പുതുതായി എഴുതിച്ചേർത്തിട്ടുണ്ട്. ഒരു പാട്ടാകുമ്പോൾ എന്തെങ്കിലും നമ്മുടേതായൊരു കോൺട്രിബ്യൂഷൻ വേണമല്ലോ.

എത്ര ദിവസം കൊണ്ട് ഈ പാട്ടിന്റെ കംപ്ലീറ്റ് വർക്ക് തീർന്നു?

എഴുത്തും മ്യൂസിക്കും എല്ലാം കൂടി അധികം സമയമെടുത്തിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം കഴിഞ്ഞിട്ടുണ്ട്. പിന്നെ എന്റെ മ്യൂസിക് പ്രൊഡക്ഷനിൽ ഞാൻ വേറെയാരെയും ഉൾപ്പെടുത്താറില്ല. ഇങ്ങനത്തെ പാട്ടുകളിൽ ഞാൻ സ്വന്തമായാണ് മ്യൂസിക് പ്രൊഡക്ഷൻ കൂടുതലും ചെയ്യാറ്. അധികം ആളുകൾ ഉണ്ടാവാറില്ല. ഇതിന്റെ ഒരു പ്രീമിക്സുവരെ ഞാൻ തന്നെയാണ് ചെയ്തിരിക്കുന്നത്. ഫൈനൽ ഔട്ട് മാസ്റ്ററിങ് മാത്രമാണ് എബിൻ പോൾ വഴി ചെയ്തിരിക്കുന്നത്. അഞ്ചക്കള്ളകോക്കാൻ സിനിമ മുഴുവൻ ബാക്ക്ഗ്രൗണ്ട് സ്കോറും പാട്ടുകളും എല്ലാം മിക്സ് ചെയ്തത് ഞാനായിരുന്നു. പുറത്ത് ആ പടത്തിന്റെ ഫൈനൽ മാസ്റ്ററിങ് മാത്രമേ പുറത്തു ചെയ്തുള്ളൂ.

ചെമ്പൻ വിനോദ് എങ്ങനെ പാട്ടുകാരനായി?

അത് വളരെ നിർണായകമായി ഏറ്റവും അവസാനം വന്നതാണ്. ഇതേ പാട്ടിന്റെ നൗഷാദ് തൃശ്ശൂർ എന്ന ഗായകനും ഞാനും പാടിയ പതിപ്പ് ഉപയോഗിച്ചാണ് ഗാനം ചിത്രീകരിച്ചത്. ഈ പാട്ടിറങ്ങുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ചെമ്പൻ വിനോദ് ചേട്ടന്റെ ഡബ്ബിങ്. പടത്തിനകത്ത് അദ്ദേഹം ഈ പാട്ട് പതുക്കെ പാടുന്നതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പാട്ട് തുടങ്ങുന്നതിന് മുമ്പ് ചെമ്പൻ ചേട്ടൻ ഇങ്ങനെ പാടുന്നതായിട്ട് ഷൂട്ട് ചെയ്തിട്ടുണ്ട്. ആ രംഗത്തിന്റെ ഡബ്ബിങ്ങിനിടെയാണ് അദ്ദേഹം ഈ പാട്ട് പാടിയത്. അപ്പോഴാണ് ഉല്ലാസ് ഇതൊന്ന് പാട്ടിൽ ഉൾപ്പെടുത്തിയാലോ എന്ന് ചോദിച്ചത്. അങ്ങനെ അത് ചെമ്പൻ ചേട്ടന്റെ വോക്കലെടുത്ത് നമ്മളതിനുവേണ്ടി സിങ്ക് ചെയ്തു. പിന്നെ പാട്ടിന്റെ താളത്തിലേക്ക് അതിനെ ഞാൻ മാറ്റിയെടുത്തു. എനിക്ക് തോന്നുന്നത് ഈ പാട്ടിന്റെ ഇപ്പോഴത്തെ ഗതി മാറാൻ പ്രധാന കാരണം ചെമ്പൻ ചേട്ടന്റെ ശബ്ദംകൂടി ഇതിൽ വന്നതാണ്. അതൊരു ഭയങ്കര പ്രത്യേകതയായിരുന്നു. ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ അത്ര വലിയ പാട്ടുകാരനല്ലെന്ന്. സിനിമയിൽ പാടണമെന്ന് ഒരിക്കലും അദ്ദേഹം പറഞ്ഞിട്ടില്ല.

പാട്ട് ഇത്രയും ക്ലിക്കാവും എന്ന് പ്രതീക്ഷിച്ചിരുന്നോ?

ഈ പാട്ടിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്താ കാര്യം എന്നുവെച്ചാൽ സെറ്റിൽ ഈ പാട്ട് ആദ്യം പ്ലേ ചെയ്ത സമയത്ത് തന്നെ അവിടെ ഉണ്ടായിരുന്ന ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും എല്ലാവരും അതാസ്വദിച്ചിരുന്നു. ഞാൻ പിന്നെ ഒരു ദിവസം സെറ്റിൽ ചെന്നപ്പോൾ ഒരുപാടുപേർ അഭിനന്ദിച്ചു, ഗംഭീരമാണെന്നും സംഗീതപ്രേമികളുടെ പ്ലേ ലിസ്റ്റ് ഇത് ഭരിക്കും എന്നൊക്കെ പറഞ്ഞു. പാട്ട് ഹിറ്റാകുമെന്ന് ഉല്ലാസിനും ഉറപ്പായിരുന്നു, ഒന്നും നോക്കേണ്ട, ധൈര്യമായി ചെയ്തോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നമ്മൾ ഉദ്ദേശിച്ച രീതിയിൽത്തന്നെ ആളുകൾ സ്വീകരിക്കുമോ എന്നും എല്ലാവർക്കും ഇഷ്ടപ്പെടുമോയെന്നും ഞാൻ ഉല്ലാസിനോട് ചോദിച്ചിരുന്നു. പക്ഷേ അദ്ദേഹം എനിക്ക് ധൈര്യം തന്നു. പാട്ടിറങ്ങിയതിനുശേഷം ചെമ്പൻ ചേട്ടനൊക്കെ ഭയങ്കര ഹാപ്പിയാണ്. ഒന്നും പേടിക്കണ്ട. ഇനി ധൈര്യമായിട്ട് മുന്നോട്ട് പോകാമെന്നാണ് പുള്ളി പറഞ്ഞത്.

ഉല്ലാസ് ചെമ്പനുമായിട്ടുള്ള പരിചയം തുടങ്ങുന്നത് എത്ര കാലം മുമ്പാണ്?

അത് കുറച്ചുമുമ്പാണ്. ഞാൻ 2022-ൽ പാമ്പിച്ചി എന്നുപറഞ്ഞ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതിൽ എനിക്കൊപ്പം പ്രവർത്തിച്ച ജോഷിന്റെ സുഹൃത്താണ് ഉല്ലാസ്. ജോഷാണെന്നെ ഉല്ലാസ് ചെമ്പന് പരിചയപ്പെടുത്തിയത്. ഉല്ലാസ് ചെമ്പൻ എന്നാണ് പേര്, ചെമ്പൻ വിനോദിന്റെ സഹോദരനാണ്, ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്, അതിന് മ്യൂസിക് ചെയ്യാമോയെന്ന് ചോദിച്ചു. അങ്ങനെ ആ ഷോർട്ട് ഫിലിമിന് മ്യൂസിക് ചെയ്ത് കമ്പനിയായതാണ്. അന്ന് ഓസ്ട്രേലിയയിൽ ഇരുന്നിട്ടാണ് പുള്ളി എനിക്ക് മെസ്സേജ് ചെയ്തതും വർക്ക് ചെയ്തതും. പുള്ളിയുടെ അടുത്തുനിന്ന് കിട്ടുന്ന അപ്രീസിയേഷൻ ഭയങ്കര രസമാണ്, അതൊരു എനർജിയാണ്. അപ്പൊ പുള്ളി തന്നെ പറയും, "നല്ല പൊട്ടൻഷ്യലുണ്ട്, നിങ്ങൾക്ക് ഒരുപാട് സാധ്യതകളുണ്ട്. അത് കറക്റ്റ് ആയിട്ട് ഉപയോഗിക്കാനുള്ള പടങ്ങളൊക്കെ നമുക്ക് വന്നു കഴിഞ്ഞാൽ നമുക്ക് പൊളിക്കാം" എന്ന്. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം അഞ്ചക്കള്ളക്കോക്കാന്റെ കാര്യം പറഞ്ഞത്. നമുക്കൊന്ന് കണ്ടാലോ എന്നാണ് ഉല്ലാസ് പറഞ്ഞത്.

അഞ്ചക്കള്ളക്കോക്കാനിലെ തുമ്പി തുള്ളൽ എന്ന പാട്ടിന്റെ റെക്കോർഡിങ് എങ്ങനെയായിരുന്നു?

തുമ്പിയൊക്കെ ഞാൻ അതിനുമുമ്പ് റെക്കോർഡ് ചെയ്തിട്ടുണ്ട്. പാട്ടുകൾ റെക്കോർഡ് ചെയ്ത് ഓഡിയോ ഗാലറി ഉണ്ടാക്കിവെക്കുന്ന ഒരു സ്വഭാവമുണ്ടെനിക്ക്, വെറുതേ ചെയ്യുന്നതാണ്. എന്റേതായിട്ടുള്ള ഒരു ഇഷ്ടത്തിനുവേണ്ടി. അങ്ങനെയൊരിക്കൽ നാട്ടിലെ ചില ചേച്ചിമാരെക്കൊണ്ട് പാടി ഗാലറിയിൽ സൂക്ഷിച്ച പാട്ടാണ് തുമ്പി തുള്ളൽ. അഞ്ചക്കള്ളക്കോക്കാൻ ചെയ്യുന്ന സമയത്ത് ഈ പാട്ട് ഞാൻ ഉല്ലാസിനെ കേൾപ്പിച്ചു. പാട്ട് കേൾപ്പിച്ചുകൊടുത്തയുടനെ ഉല്ലാസ് പറഞ്ഞു, "ഇത് എന്റെ പടത്തിലെ ഫൈറ്റിന്റെ മ്യൂസിക് ആണ്. ഇത് ഉറപ്പായിട്ടും ഇത് വേറെ ആർക്കും കൊടുക്കരുത്" എന്ന്. ആ പാട്ട് ഞാൻ യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ഉല്ലാസിന്റെ വാക്കുകൾ കേട്ടതോടെ അപ്പോൾത്തന്നെ അതവിടുന്ന് റിമൂവ് ചെയ്തു. ഉല്ലാസ് പറഞ്ഞു, ആ പാട്ട് നമുക്ക് സിനിമയ്ക്ക് ഇറക്കാം, ആൽബമായിട്ടൊന്നും അങ്ങനെ പോകേണ്ട സാധനമല്ല. ഇതിന് നല്ല പൊട്ടൻഷ്യലുണ്ടെന്ന്. സിനിമയ്ക്കുവേണ്ടി അതിൽ കുറച്ചുകൂടി സംഗതികൾ ചേർത്തിട്ടുണ്ട്. പക്ഷേ ഡിസ്കോ വേറൊരു ജോണർ ആയതുകൊണ്ട് നാടൻപാട്ടുകൾ അധികം ചേർത്തിട്ടില്ല.

തുമ്പിതുള്ളൽ കുറച്ചധികം ദൈർഘ്യമുള്ള പാട്ടാണല്ലോ?

ഏഴു മിനിറ്റ് ആണ് ഈ പാട്ടിന് ആദ്യം ഉണ്ടായിരുന്നത്. 14 മിനിറ്റ് നമ്മുടെ പടത്തിൽ ഫൈറ്റ് ഉണ്ടാവുമെന്നാണ് ഉല്ലാസ് പറഞ്ഞത്. ഞാനത് കേട്ട് അമ്പരന്നു. ഞാൻ പറഞ്ഞു ഏഴുമിനിറ്റെന്നത് ഈ പാട്ടിന്റെ മാക്സിമം ദൈർഘ്യമാണ്. അതുതന്നെ ഞാൻ ഒരു ട്രാൻസ് പോലെ കിടക്കാൻ എൻലാർജ് ചെയ്ത് വെച്ചിരിക്കുകയാണെന്ന്. അതിൽക്കൂടുതൽ ചെയ്താൽ ബോറാകുമെന്നും ഞാൻ പറഞ്ഞിരുന്നു. പക്ഷേ ഉല്ലാസ് അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ചുനിന്നു. 13 മിനിറ്റാണ് സിനിമയിൽ ഉണ്ടായിരുന്നത്. ഫൈറ്റും കൂടി വന്നപ്പോൾ തിയേറ്ററിൽ പാട്ടിന്റെ ദൈർഘ്യമൊന്നും ആർക്കും ഒരു പ്രശ്നമായി തോന്നിയതേയില്ല.

മെക്സിക്കൻ അപാരതയിലെ ഇവളാരോ എന്ന ഗാനം അണ്ടർറേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ട്

എന്റേതെന്ന നിലയിൽ ആളുകൾ ആദ്യം കേൾക്കുന്ന സിനിമാപ്പാട്ടുകൾ മെക്സിക്കൻ അപാരതയിലാണ്. കലിപ്പ് എന്ന പാട്ട്. ഞാൻ സിനിമക്കായിട്ട് മ്യൂസിക് ചെയ്തിട്ട് ആദ്യം ഇറങ്ങുന്ന പാട്ട് കലിപ്പാണ്. അത് കഴിഞ്ഞിട്ട് രണ്ടാമത് ചെയ്യുന്ന പാട്ടാണ് ഇവളാരോ. ജാലിയൻ വാലാബാഗ് എന്ന ഒരു പടത്തിൽ ഒരെണ്ണം ചെയ്തതല്ലാതെ ഫോക്ക് ജോണറൊന്നും ആ സമയത്ത് ഞാൻ തൊട്ടിട്ടേയില്ല. റഫീഖ് അഹമ്മദാണ് ഇവളാരോ എന്ന പാട്ടിന്റെ വരികൾ എഴുതിയത്. മോഹൻ സിതാര സാറിന്റെ കമ്പോസിങ് അസിസ്റ്റന്റായി പോകുന്ന സമയത്ത് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. വളരെ സീനിയറായതുകൊണ്ട് ട്യൂൺ ഇട്ടിട്ട് ഇതിന് വരികളെഴുതിത്തരാമോ എന്ന് അദ്ദേഹത്തോട് ചോദിക്കാൻ മടിയായിരുന്നു. അങ്ങനെ അദ്ദേഹം വരികളെഴുതിയശേഷം ട്യൂണിട്ട പാട്ടാണ് ഇവളാരോ. കുടുക്ക്, പാമ്പിച്ചി, പൂതൻ എന്നിങ്ങനെ അടുപ്പിച്ച് മൂന്ന് ഫോക്ക് ആൽബം വന്നതിനുശേഷമാണ് ആളുകൾ എനിക്ക് ഫോക്ക് പട്ടം തന്നത്. പ്രത്യേകിച്ച് കുടുക്കിലെ പാട്ടുകൾ.

കുടുക്കിലെ തെയ്തക എന്ന പാട്ട് പാതിരാത്രിയാണ് ചെയ്തതെന്ന് കേട്ടിട്ടുണ്ട്

സത്യമാണ്. കോവിഡ് സമയത്താണ് അതിന്റെ റെക്കോർഡിങ് നടക്കുന്നത്. ആരും പരസ്പരം സ്റ്റുഡിയോകളിലേക്കൊന്നും പോകാറില്ലായിരുന്നു. ഞാൻ വീട്ടിൽ തന്നെ ഒരു സിസ്റ്റം സജ്ജീകരിച്ച് ജോലി ചെയ്യുമായിരുന്നു. കുടുക്കിൽ പാട്ട് ചെയ്യാൻ അതിന്റെ സംവിധായകൻ ബിലഹരിയാണ് ക്ഷണിച്ചത്. അജു വർഗീസിന്റെ ഫൈറ്റ് സീനിനോട് അനുബന്ധിച്ച് വരുന്ന പാട്ടാണ്, രണ്ടുദിവസത്തിനുള്ളിൽ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞു. ഗാനരചയിതാവായ നന്ദകുമാറിന് ഞാൻ ഒരു ട്യൂൺ അയച്ചുകൊടുത്തു. രാവിലെ അയച്ചുകൊടുത്ത ട്യൂണിന് വൈകിട്ടായപ്പോഴേക്കും വരികൾ കിട്ടി. രാത്രി ഒരു 12 മണിക്ക് ഇരുന്ന് പുലർച്ചെ മൂന്ന് മണി ആവുമ്പോഴേക്കും ഞാൻ റഫ് ട്രാക്ക് എടുത്ത് പുലർച്ചെ തന്നെ ബിലഹരിക്ക് അയച്ചുകൊടുത്തു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതോടെ പിറ്റേ ദിവസം ഉച്ചയ്ക്ക് മാസ്റ്റർ ചെയ്തു. കോറസ് പാടാനോ ആരെയും വിളിക്കാനോ ഒന്നുമുള്ള സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് കോറസ് ട്രാക്കും ഞാൻതന്നെ പാടി. ഒറ്റ ദിവസം കൊണ്ട് ഞാൻ തന്നെ പ്രൊഡക്ഷനും എല്ലാ പരിപാടിയും തീർത്ത് മിക്സ് ചെയ്ത് ഇറക്കി.

മോഹൻ സിത്താരയുടെ കൂടെ സഹായിയായി എത്ര നാളുണ്ടായിരുന്നു?

എട്ടു വർഷത്തോളം സാറിന്റെ കൂടെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞാൻ ആ സമയത്ത് വേറെ ചില ജോലിക്കൊക്കെ പോയിരുന്നു. കോറസ് പാടാനും ട്രാക്ക് പാടാനും ഒക്കെ ആയിട്ട് സാർ വിളിക്കുമ്പോൾ കൂടെ പോയിപ്പോയി സ്റ്റുഡിയോയിലേക്ക് ഒരു എൻട്രി കിട്ടി. സാറിനെ കാണാൻ ഓരോ സംവിധായകർ വരുന്നതെല്ലാം കൗതുകത്തോടെ കണ്ടുനിന്നിട്ടുണ്ട്. പ്രൊഡ്യൂസറും ഡയറക്ടറുമൊക്കെ കാണാൻ വരുന്ന ചില ദിവസം സ്റ്റുഡിയോയിൽ എൻജിനീയർ ഇല്ലാത്ത സമയത്ത് എന്നോട് വന്നിരിക്കാൻ പറയും. ഞാൻ തന്നെ ഇതൊക്കെ പ്ലേ ചെയ്തു കാണിച്ചു കൊടുക്കും. അങ്ങനെയൊക്കെ എന്നെ കുറച്ചുകാലം കൂടെ നിർത്തിയിട്ടുണ്ട്. ആ ഒരു സമയം എനിക്ക് സിനിമയുമായിട്ടുള്ള ഒരു ബന്ധം കുറച്ചു കൂട്ടാൻ സാധിച്ചു. പക്ഷേ പ്രോഗ്രാമിംഗും മ്യൂസിക് പ്രൊഡക്ഷനും ഏകദേശം പഠിക്കുന്നത് മുഹമ്മദ് അലി എന്ന ഒരു പ്രോഗ്രാമർ സുഹൃത്തിൽനിന്നാണ്. അവന്റെ അടുത്ത് ചുമ്മാ ചെന്നിരുന്ന് അവനെ സഹായിക്കും. പിന്നെ യുട്യൂബിലെല്ലാം പരതി പഠിക്കും.

മണികണ്ഠൻ സംഗീത സംവിധായകനായപ്പോൾ മോഹൻ സിതാര പറഞ്ഞത്?

പിന്നെ സാറിന്റെ സ്കൂളിലാണ് ഞാൻ ക്ലാസിക്കൽ മ്യൂസിക് പഠിച്ചത്. ഞാൻ സിനിമയിൽ മ്യൂസിക് ഡയറക്ടറായി വരുന്നതൊന്നും സാർ തീരെ പ്രതീക്ഷിച്ചിട്ടില്ല. ഞാൻ സാറ് പറയുന്ന പണികൾ ചെയ്ത് ഇങ്ങനെ പോരും. അത്രമാത്രം. എന്റെ കൂടെ ഫ്രണ്ട്സ് ഒക്കെ കൂടിയിട്ട് ഇവിടെ ഒരു സ്റ്റുഡിയോ റൂം സെറ്റ് ചെയ്തിരുന്നു. അവിടം തൊട്ടാണ് ഇൻഡിപെൻഡന്റ് ആയിട്ടുള്ള പ്രവർത്തനങ്ങൾ ഒറ്റക്കിരുന്ന് ചെയ്യാനുള്ള ഒരു ശ്രമം നടത്തിയത്. ആദ്യത്തെ പടം ഇറങ്ങിയപ്പോൾ സാർ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. ഇത് ഞാൻ പ്രതീക്ഷിച്ചില്ല, അടിപൊളിയായിട്ടുണ്ടല്ലോ. ഇത് എങ്ങനെയാണ് മ്യൂസിക് പ്രൊഡക്ഷൻ ഒക്കെ ആരാ ചെയ്തേ എന്നൊക്കെ ചോദിച്ചിരുന്നു.

സംവിധായകൻ ടോം ഇമ്മട്ടിയെ എങ്ങനെയാണ് പരിചയപ്പെടുന്നത്?

എന്റെ സുഹൃത്തിന്റെ സുഹൃത്താണ് ടോം ഇമ്മട്ടി. പാട്ടല്ലാതെ ഞാൻ ഇടയ്ക്ക് ആഡ് ഫിലിമിന്റെയൊക്കെ സ്റ്റോറി ബോർഡ് വരയ്ക്കാനൊക്കെ പോകുമായിരുന്നു. ക്യാരക്ടർ സ്കെച്ചൊക്കെ വരയ്ക്കും. ആ സുഹൃത്തിനോടാണ് ടോം ഇമ്മട്ടി താൻ സിനിമ ചെയ്യാൻ പോകുന്നുവെന്നും സംഗീത സംവിധായകനെ കിട്ടിയിട്ടില്ലെന്നും പറഞ്ഞത്. അങ്ങനെയാണ് അവൻ പറഞ്ഞിട്ട് ടോം ഇമ്മട്ടി എന്നെ വിളിച്ചത്. അങ്ങനെ ഒരു പരീക്ഷണാർഥം ചെയ്തു നോക്കിയതാണ് കലിപ്പ്.

കലിപ്പ് പാടിയത് അരുൺരാജ കാമരാജ അല്ലേ?

മെക്സിക്കൻ അപാരതയുടെ നിർമാതാവായ സുകുമാർ തെക്കേപ്പാട്ട് വഴിയാണ് അരുൺ രാജ് കാമരാജയെ സമീപിച്ചത്. ഞാൻ ഒരു ഐഡിയയില്ലാതെയാണ് ചെന്നൈക്ക് വണ്ടി കയറിയത്. സിനിമയുടെ നിർമാതാവാണ് എന്നെ അരുൺരാജ കാമരാജിനെ പരിചയപ്പെടുത്തുന്നത്. ചെന്നൈയിൽ സ്റ്റീഫൻ ദേവയുടെ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. ഏകദേശം ആ സമയത്താണ് കബാലിയിലെ നെരുപ്പ് എന്ന പാട്ടിറങ്ങിയത്. ആ പാട്ടുതന്നെയാണ് കലിപ്പിന്റെ പ്രചോദനം. ഇത് ആ സമയത്ത് തന്നെ പലരും പറഞ്ഞിരുന്നു.

പുതിയ സിനിമകൾ?

ഡിസ്കോയിൽ നല്ല പ്രതീക്ഷയുണ്ട്. വലിയ ക്യാൻവാസിലുള്ള പടമാണ്. പ്രത്യേകിച്ച് യൂത്തിന് നന്നായി ഇഷ്ടപ്പെടും. പുതിയ സിനിമകൾ ഇനി ഒന്ന് ബ്രേക്ക് എടുത്തതിന് ശേഷമേ ഉണ്ടാകൂ. അതല്ലാതെ ഞാൻ പരസ്യങ്ങൾക്കുവേണ്ടി ജിംഗിൾസുകളും ചെയ്യാറുണ്ട്.