
ശ്രീനിവാസനും സത്യന് അന്തിക്കാടും | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്/ മാതൃഭൂമി
നാട്ടിൻപുറത്തു ജനിച്ചുവളർന്ന ഈ രണ്ടു മലയാളികൾ തമ്മിൽ സാദൃശ്യങ്ങളും അതിലേറെ വൈജാത്യങ്ങളുമുണ്ട്. അവർ രണ്ടുപേരുടെ വീടുകളിലുംകൂടി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച ആറ് സംവിധായകരുണ്ട്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിലും അനൂപും ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും, അങ്ങനെ അച്ഛനും മക്കളും കൂടി ആറ് സംവിധായകർ. പരിമിതമായ ജീവിത സാഹചര്യങ്ങളിൽ സവിശേഷതകളൊന്നുമില്ലാത്ത ബാല്യകൗമാരങ്ങൾ പിന്നിട്ട ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ശരാശരി മലയാളി ജീവിതങ്ങൾ. സിനിമ സ്വപ്നംകണ്ട് മദ്രാസിൽ എത്തിപ്പെട്ട് ഇല്ലായ്മയിലും വറുതിയിലും വളർന്ന് ഉയരങ്ങളിലേക്കെത്തിയവർ. തുടക്കത്തിൽ രണ്ടുപേരും ചെറിയപ്രതിഫലത്തിൽ മറ്റുള്ളവർക്കുവേണ്ടി സിനിമയെഴുതുന്ന ഗോസ്റ്റ്റൈറ്റർമാരായിരുന്നു. സംവിധാനത്തിനുപുറമേ സിനിമയുടെ കഥയും എഴുതുന്നവർ... വൈരുധ്യങ്ങളാണ് പക്ഷേ, കൂടുതൽ. രാഷ്ട്രീയം ഉൾപ്പെടെ ഏതുവിഷയത്തിലും കണ്ണുംപൂട്ടി തുറന്നടിക്കുന്ന രീതിയാണ് ശ്രീനിക്കെങ്കിൽ, സത്യൻ അളന്നുതൂക്കിയേ വാക്കുകൾ ഉപയോഗിക്കൂ. ജീവിതരീതിയിലും ശീലങ്ങളിലുമെല്ലാമുണ്ട് ഈ വൈരുധ്യങ്ങൾ. പക്ഷേ, ഈ രണ്ടുപേരും ഒത്തുചേർന്നപ്പോൾ മലയാളിക്ക് ഒരുകാലത്തും മറക്കാനാവാത്ത, സമൂഹത്തിന്റെ ജനിതകത്തിൽ ഇടംപിടിച്ച ചിരിയും കണ്ണീരും പിറക്കുന്നു. കാലമേറെക്കഴിഞ്ഞിട്ടും വാർത്തകളിലും ട്രോളുകളിലും അവരുടെ സിനിമകളിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും നിറയുന്നു, അവ ഓരോന്നും മലയാളികളുടെ ഹൃദയത്തുടിപ്പുകളാണ്.
‘‘രണ്ടു വീടുകൾ, ആറു സംവിധായകർ. ലോകത്തുതന്നെ അപൂർവമായിരിക്കും ഇത്’’ - കേട്ടപ്പോൾ ഇരുവരും മുഖത്തോടു മുഖംനോക്കി ചിരിച്ചു.
സത്യൻ: വാസ്തവത്തിൽ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഞാനും ശ്രീനിയും ഞങ്ങളുടെ മക്കളെ സിനിമയിലേക്ക് കൊണ്ടുവരാൻ പ്രത്യേക പരിശ്രമമൊന്നും നടത്തിയിട്ടില്ല. ഒരുപക്ഷേ, മക്കൾ ഞങ്ങളെക്കണ്ടു പഠിച്ചതായിരിക്കും. നല്ല കാര്യമല്ലേ കണ്ടുപഠിച്ചിട്ടുള്ളൂ.
ഉടൻവന്നു ശ്രീനിവാസന്റെ കൗണ്ടർ.
‘‘ഞാനൊരിക്കലും അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്റെ കഞ്ഞിയിൽ പാറ്റയിടാൻ ഞാൻ തുനിയില്ലല്ലോ? പിന്നെ ഒരു പെരുന്തച്ചൻ ആവേണ്ടെന്നുവെച്ചുവെന്നുമാത്രം’’.
നിങ്ങൾ ഒരുമിച്ചുചെയ്ത ആദ്യകാല സിനിമകൾ തൊഴിലില്ലായ്മയും ദാരിദ്ര്യവും അതിജീവിക്കാൻ പാടുപെടുന്ന മലയാളികളുടെ പരക്കംപാച്ചിലുകളാണ് ആവിഷ്‌കരിച്ചിരുന്നത്...
സത്യൻ: ശരിയാണ്. എന്നാലും തികച്ചും ദുഷ്‌കരമായ സാഹചര്യത്തിലും നർമം അവരുടെ കൈമുതലായുണ്ടായിരുന്നു. നാടോടിക്കാറ്റിൽ നാളെയാണ്, നാളെയാണ് എന്ന ലോട്ടറി ടിക്കറ്റിന്റെ അനൗൺസ്‌മെന്റ് കേൾക്കുമ്പോൾ ശ്രീനിവാസന്റെ കഥാപാത്രം വിജയൻ പറയുന്നുണ്ട്: ഇന്നോ നാളെയോ മറ്റന്നാളോ എപ്പം വേണേൽ എടുത്തോട്ടെയെന്ന്. ലോട്ടറിയെടുക്കുന്നത് പോയിട്ട് കഞ്ഞികുടിക്കാൻ വകയില്ലാതിരുന്ന സമയത്ത് ലക്ഷങ്ങളുടെ കണക്ക് കേൾക്കുമ്പോഴത്തെ അവസ്ഥ നർമമാക്കിമാറ്റുകയായിരുന്നു ശ്രീനിയവിടെ. നടക്കാത്ത സുന്ദരമായ സ്വപ്നങ്ങൾ പേറിനടന്ന് ദിവാസ്വപ്നം കാണുന്ന മലയാളിയെയാണ് അന്ന് ഞങ്ങൾ ചുറ്റും കണ്ടിരുന്നത്. എന്നാൽ, സർവതിനോടും ഒരു അവജ്ഞ, പ്രതിപത്തിയില്ലായ്മ. ഞങ്ങളുടെ യൗവനകാലത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം അങ്ങനെയൊരു അവസ്ഥയിലായിരുന്നു ചെറുപ്പക്കാരനായ മലയാളി. നിരാശാഭരിതരായ ചെറുപ്പക്കാർ! തൊഴിലില്ലായ്മ വലിയ പ്രശ്നമായിരുന്നു. അപ്പോഴും മലയാളി നർമം കൈവിട്ടിരുന്നില്ല. ഒരു വി.കെ.എൻ. ശൈലിയിലാണ് ശ്രീനി അതൊക്കെ കൈകാര്യംചെയ്തത്.
ശ്രീനിവാസൻ: ജോലിയില്ല, കിട്ടുന്ന പണിക്ക് ശമ്പളവുമില്ല, അത്തരത്തിൽ നിരാശാജനകമായ കാലമായിരുന്നു. അപ്പോൾ ഞങ്ങളും അതൊക്കെത്തന്നെയല്ലേ ചിന്തിക്കുകയും എഴുതുകയും ചെയ്യുക? ദുരഭിമാനവും വലിയ പ്രശ്നമായിരുന്നു. നാടോടിക്കാറ്റിൽ മോഹൻലാലിന്റെ ദാസൻ ശോഭനയുടെ കഥാപാത്രത്തിനടുത്ത് അരി കടം ചോദിക്കാൻപോവുന്ന സീൻ നോക്കുക. കാശില്ലാത്തതുകൊണ്ട് അരി വാങ്ങാത്തതല്ല, മറന്നുപോയതാണ് എന്നാണ് ദാസൻ പറയുന്നത്. കാശില്ലെങ്കിൽ എന്തെങ്കിലും ജോലിചെയ്തൂടെ എന്ന് ശോഭനയുടെ കഥാപാത്രം ചോദിക്കുമ്പോൾ ദാസന്റെ മറുപടി, ബികോം ഫസ്റ്റ് ക്ലാസാണ്, അത്തരം ചെറിയ പണികളൊന്നും ചെയ്യാനാവില്ലെന്നാണ്.
സത്യൻ: വർഷങ്ങൾ കഴിഞ്ഞെങ്കിലും ശാരീരികാധ്വാനമുള്ള ജോലിക്ക് അന്തസ്സില്ലെന്ന മലയാളിയുടെ നിലപാടിൽ മാറ്റമൊന്നുമില്ല. നാടോടിക്കാറ്റ് കഴിഞ്ഞ് മൂന്നുപതിറ്റാണ്ടിനുശേഷമാണ് ഞാൻ പ്രകാശൻ എന്ന സിനിമയെടുക്കുന്നത്. അപ്പോഴേക്കും മേലനങ്ങി പണിയെടുക്കാൻ ബംഗാളി വേണമെന്ന അവസ്ഥയായി.
ശ്രീനിവാസൻ: ആ സിനിമയിൽ വഴിചോദിക്കുമ്പോൾ പ്രകാശൻ തെറ്റിച്ച് പറഞ്ഞുകൊടുക്കുന്നുണ്ട്. അതുകൊണ്ട് അവന് പ്രത്യേകിച്ച് ലാഭമൊന്നുമില്ല. എന്നാലും വെറുതേയൊന്ന് പറ്റിച്ചുകളയാമെന്ന ഭാവം. നമ്മുടെ ഇടയിൽ അത്തരം ആളുകളുണ്ട്. എനിക്ക് നേരിട്ടറിയാം.
സത്യൻ: അതിൽ എഡിറ്റുചെയ്തപ്പോൾ പോയ്‌പ്പോയ ഒരു സീനുണ്ട്. ഒരു വലിയ വീടുകാണുമ്പോൾ പ്രകാശൻ കല്ലെടുത്തെറിഞ്ഞ് ഓടിക്കളയുന്നു. എന്നിട്ട് അതിനെ ന്യായീകരിക്കുകയാണ്. ആ വീടെടുത്തവന് ദുബായിൽ കള്ളക്കടത്തായിരിക്കുമെന്നും അല്ലാതെ ഇതുപോലെ കാശുണ്ടാക്കാനാവില്ലെന്നുമാണ് പറയുന്നത്. തൊട്ടതെല്ലാം പരാജയപ്പെട്ടതോടെ നന്നാകുന്നവരോടെല്ലാം ദേഷ്യംതോന്നുന്ന ഒരവസ്ഥ. സറ്റയറിക്കലായി കുറച്ച് അതിശയോക്തി ചേർത്ത് ശ്രീനി എഴുതിയ സീനായിരുന്നു.
ശ്രീനിവാസൻ: ചുറ്റുമുള്ള ജീവിതം കണ്ടും നിരീക്ഷിച്ചുമാണ് നമ്മൾ എഴുതുന്നത്. മലയാളിയുടെ മോശം സ്വഭാവങ്ങളെ അവതരിപ്പിക്കുമ്പോൾ നമ്മളെത്തന്നെയാണ് വിമർശിക്കുന്നത്. സമൂഹത്തിന്റെ പൊതുസ്വഭാവങ്ങളിൽനിന്ന് പുറത്തുജീവിക്കുന്നവരല്ലല്ലോ നമ്മളും.
സവിശേഷതകളുള്ള മറ്റൊരു മലയാളിയാണ് ക്യൂബാ മുകുന്ദൻ അല്ലേ
ശ്രീനിവാസൻ: ക്യൂബാ മുകുന്ദന്മാർ എന്റെ നാട്ടിലൊക്കെ ഒരുപാടുണ്ട്. അവര് ഇപ്പോഴും മധുരമനോജ്ഞ ചൈനയെന്നൊക്കെ പറയും. സോഷ്യലിസ്റ്റ് ചൈനയെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുകയാണെന്നൊക്കെ പാർട്ടിസമ്മേളനങ്ങളിൽ വായിക്കുന്ന റിപ്പോർട്ടുകളിൽ എഴുതിവെക്കും. എന്നാൽ, കമ്യൂണിസ്റ്റുകാരുടെ നാട്ടിൽ ജനിച്ചുവളർന്ന ഞാൻ ചൈനയിൽപ്പോയപ്പോൾ മധുരവും മനോജ്ഞവുമൊന്നും കണ്ടില്ല. ഒരുകാര്യമുണ്ട്. അവിടെയുള്ളവരെല്ലാം അധ്വാനിക്കുന്നവരാണ്. പക്ഷേ, ഇവിടത്തെപ്പോലെ അവകാശങ്ങളെക്കുറിച്ചൊന്നും ബോധമുള്ളവരല്ല. ചെറിയ വേതനമേയുള്ളൂ. മുതലാളിമാരുടെ കമ്പനി കോമ്പൗണ്ടിനുള്ളിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസുകൾ. പാർട്ടിയെ നിയന്ത്രിക്കുന്നത് മുതലാളിമാർതന്നെ. ഇവിടെനിന്ന് പോകുമ്പോൾ ഒരു ചങ്ങാതി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു കൊടി കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. പോകുന്നിടത്തെല്ലാം ഞാനതും അന്വേഷിച്ചു നടന്നു. നമ്മുടെ നാട്ടിൽ സർവകവലയിലും കലുങ്കിലും ചോപ്പുകൊടി കാണില്ലേ? എന്നാൽ, അവിടെ ഒരിടത്തും കാണാനില്ല. എത്ര കിലോമീറ്റർ പോയാലും ഒരു ചെങ്കൊടിയില്ല. കുറെ കടകളിൽ കയറിയിറങ്ങിയശേഷമാണ് ഒന്നു കിട്ടിയത്. ക്യൂബാ മുകുന്ദനൊക്കെ അവിടെച്ചെന്നാൽ തകർന്നുപോവും. എന്നാൽ, അവിടെക്കണ്ട വളരെ പുരോഗമനപരമായ കാര്യമുണ്ട്. കൃഷിപ്പാടങ്ങളുടെ മുകളിലൂടെ പാലംപണിത് കിലോമീറ്ററോളം കണ്ണെത്താദൂരത്തേക്ക് പോകുന്ന റോഡുകൾ. കൃഷിഭൂമി നശിപ്പിക്കാതെയാണ് ഇതുചെയ്തിരിക്കുന്നത്. ഇവിടെയോ ? പാടം നികത്തിയാണ് ഹൈവേ വരുന്നത്.
സത്യൻ: പണത്തെക്കുറിച്ച് ശ്രീനിയുടെ ഒരു നിലപാട് ഞാൻ പ്രകാശനിൽ വന്നിട്ടുണ്ടെന്നുതോന്നുന്നു. വളരെ ഫിലോസഫിക്കലായ കാര്യം ശ്രീനി എഴുതിയിട്ടുണ്ട്. ഫഹദ് ഫാസിലിനോട് നായിക പറയുന്ന സംഭാഷണമാണ്. ‘ജീവിക്കാനധികം കാശൊന്നും വേണ്ടാ. മറ്റുള്ളവർ ജീവിക്കുന്നതുകണ്ടിട്ട് അവരെപ്പോലെ നമ്മൾ ശ്രമിക്കുമ്പോഴാണ് ചെലവ് കൂടുന്നത്’. അതൊരു വലിയ യാഥാർഥ്യമാണ്. സാമ്പത്തികശേഷിയുള്ളവർ എത്രവലിയ ബംഗ്ലാവും കാറും ഒക്കെ വാങ്ങിക്കോട്ടേ. അവരെപ്പോലെയാവാൻ കടംവാങ്ങി നമ്മൾ ആർഭാടങ്ങൾക്ക് നിൽക്കാതിരുന്നാൽ മതി. തലയണമന്ത്രത്തിലെ കാഞ്ചന ഈ അക്കരപ്പച്ചകണ്ട് ചാടി അപകടത്തിൽപ്പെട്ട കഥാപാത്രമാണ്. ഈ യാഥാർഥ്യം മലയാളി മനസ്സിലാക്കിയാൽ പകുതിപ്രശ്നം തീരും.
ശ്രീനി: മലയാളിയുടെ മറ്റൊരു സ്വഭാവം ശ്രദ്ധിച്ചിട്ടുണ്ടോ! ഏതെങ്കിലും ബന്ധുവിന് കല്യാണാലോചന വന്നുവെന്ന് വിചാരിക്കുക. പയ്യന്റെ ജോലി എന്താണെന്നു ചോദിച്ചാൽ ഒരു രാജ്യത്തിന്റെ പേരുപറഞ്ഞാൽ മതി! പയ്യൻ എന്തുചെയ്യുന്നു? അവൻ ഗൾഫിലാ, ഗൾഫോ സിങ്കപ്പൂരോ യുകെയോ യുഎസോ, ഒരു രാജ്യത്തിന്റെ പേരുപറഞ്ഞാൽ മറ്റൊന്നുമറിയേണ്ട. വരവേൽപ്പിൽ വിസ നഷ്ടപ്പെട്ട് തിരിച്ചെത്തിയ മുരളി ചേട്ടൻമാരോട് പറയുന്നത് എനിക്കവിടെ കല്ലുചുമക്കലാണ് പണിയെന്നാണ്. എന്നാലും ഗൾഫിലാണെന്നുപറഞ്ഞാൽ ഒരു അന്തസ്സുണ്ടായിരുന്നെടാ എന്നാണ് ചേട്ടൻ പറയുന്നത്. അതാണ് മലയാളി.
സന്ദേശമാണ് നിങ്ങളുടെ കൂട്ടുകെട്ടിൽ പിറന്ന സമ്പൂർണ രാഷ്ട്രീയസിനിമ. പക്ഷേ, എല്ലാ സിനിമയും രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്.
ശ്രീനിവാസൻ: സത്യത്തിൽ കോമഡി ഏറ്റവുമധികമുള്ളത് രാഷ്ട്രീയത്തിലാണ്. രാഷ്ട്രീയക്കാർക്കത് കോമഡിയായിത്തോന്നില്ലെന്നുമാത്രം. പക്ഷേ, പുറമേനിന്ന് വീക്ഷിക്കുന്നവർക്ക് ആ കോമഡി തെളിഞ്ഞുവരും.
സത്യൻ: ഇലക്‌ഷനിൽ ഒരു പാർട്ടി തോറ്റാൽ അവരുടെ വിലയിരുത്തൽ ഇന്നും ജയിച്ച പാർട്ടിയും മൂന്നാമതൊരു പാർട്ടിയും തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നമട്ടിൽത്തന്നെയാണ്. ആളുകൾ പറഞ്ഞ് ചിരിക്കുമെന്ന ബോധ്യമുണ്ടെങ്കിലും ഇപ്പോഴും അവർക്കങ്ങനെ പറയാതിരിക്കാനാവില്ല. സന്ദേശത്തിലെ ആ രംഗം വീണ്ടും വീണ്ടും ട്രോളുകളിൽ നിറയുന്നതിനു കാരണം അതാണ്. പൊൻമുട്ടയിടുന്ന താറാവിൽ ചെമ്പിൽ സ്വർണംപൂശി മാലയുണ്ടാക്കുന്ന തട്ടാൻ ഇപ്പോൾ ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ട്രോളുകളിൽ നിറയുന്നത് കാണുമ്പോൾ അദ്ഭുതംതോന്നുന്നു. ട്രോളുകളിൽനിറയുന്ന തട്ടാന് നമ്മുടെ ഭരണാധികാരികളുടെ മുഖമാണ്.
ശ്രീനിവാസൻ: അയ്യപ്പൻ പറഞ്ഞിട്ടല്ലല്ലോ വിഗ്രഹത്തിൽ സ്വർണം പൂശിയത്. സ്വർണം പൂശുന്നതിന്റെ ചെലവ് വഹിച്ച വിജയ് മല്യതന്നെ നാടുവിട്ടു. തെന്നക്കാൾ വലിയ കള്ളന്മാരാണ് അയ്യപ്പന് ചുറ്റുമുള്ളതെന്ന് മല്യ അറിഞ്ഞുകാണില്ല.
സത്യൻ: 41 ദിവസം കഠിനവ്രതമെടുത്ത് തമിഴ്നാട്ടിൽനിന്നൊക്കെ കല്ലുംമുള്ളും ചവിട്ടി മലകയറിവരുന്നവർക്ക് അയ്യപ്പനിൽ പൂർണവിശ്വാസമാണ്. പക്ഷേ, അയ്യപ്പന് ചുറ്റുംനിൽക്കുന്ന പലർക്കും ഒട്ടും വിശ്വാസമില്ല. അവരാണ് കട്ടുമുടിക്കുന്നത്. കണ്ണീരോടെ അയ്യപ്പനെ കാണാൻവരുന്നവരെ കണ്ട് ചിരിക്കുന്നവരാണവർ. ചിന്താവിഷ്ടയായ ശ്യാമളയിൽ ഭക്തി ഒരു കവചമായി വെക്കുന്നുണ്ട് ശ്രീനിവാസൻ. വിജയൻമാഷിന്റെ ശരണം വിളിയും മലകയറ്റവുമെല്ലാം വെറും പ്രഹസനമാണല്ലോ. ചിലരുടെ മുഷ്ടിചുരുട്ടിയുള്ള ശരണംവിളിയൊക്കെ കണ്ടപ്പോൾ എനിക്ക് ശ്രീനിവാസനെയാണ് ഓർമ്മവന്നത്. എത്ര ദീർഘദൃഷ്ടിയോടെയാണ് ശ്രീനി ഓരോന്നും പറഞ്ഞുവെച്ചത്.
‘‘ചെറുപ്പത്തിലേ എനിക്ക് ദീർഘദൃഷ്ടിയായിരുന്നു. ഇവിടന്ന് നോക്കിയാൽ നാലു കിലോമീറ്ററപ്പുറത്തുള്ളതൊക്കെ കാണുമായിരുന്നു. പക്ഷേ, സത്യനത് മനസ്സിലായത് ഇപ്പോഴാണ്’’ -വീണ്ടും ശ്രീനിവാസന്റെ കൗണ്ടർ.
ശ്രീനിവാസൻ: മിക്കതും നമ്മൾ ചുറ്റുപാടുനിന്ന് കണ്ടെഴുതുന്നതാണ്. വരവേൽപ്പ് എന്ന സിനിമയിൽ ബസ് വാങ്ങിയ മുതലാളിയെ സമരംചെയ്ത് കുത്തുപാളയെടുപ്പിച്ച സംഭവം എന്റെ ചെറുപ്പത്തിൽ നാട്ടിൽ നടന്നതാണ്. സിനിമകണ്ട് പാട്യത്തെ സിപിഎം ലോക്കൽ സെക്രട്ടറി എന്നെ വിളിച്ചുചോദിച്ചു: ‘‘ഇത്രയ്ക്ക് വേണമായിരുന്നോ?’’ അതിന് ഞാനതിൽ ഭാവന അല്പംപോലും ചേർത്തിട്ടില്ലല്ലോയെന്നായിരുന്നു എന്റെ മറുപടി.
അപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘അല്ല ഞാൻ പറഞ്ഞൂന്നേയുള്ളൂ’’
‘‘ഞാനും പറഞ്ഞൂന്നേയുള്ളൂ’’ എന്ന് ഞാനും പറഞ്ഞു. അതങ്ങനെ അവസാനിച്ചു.
സത്യൻ: പിന്നെ വലിയൊരു അപകടം, ജാതീയമായ ചിന്ത മലയാളിയെയും വല്ലാതെ ബാധിച്ചിരിക്കുന്നു. മുൻപ് നായര് പിടിച്ച പുലിവാല് എന്ന് സിനിമയ്ക്ക് പേരിട്ടിരുന്നു. ഇന്ന് പറ്റുമോ? സംശയമാണ്. പൊൻമുട്ടയിടുന്ന തട്ടാനെന്ന പേര് വിശ്വകർമസംഘടനകളുടെ പ്രതിഷേധംകൊണ്ട് മാറ്റേണ്ടിവന്നു. ഇപ്പോൾ ഒരുപടികൂടിക്കടന്ന് രാമനെന്നോ സീതയെന്നോ ജാനകിയെന്നോ ഒരു കഥാപാത്രത്തിന് പേരിടാനാവില്ല. ജാതിവാലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാലാവട്ടെ അതിന് പൊളിറ്റിക്കൽ കറക്ട്നെസ് ഇല്ലാതെപോവും. ഇതെല്ലാം കലാകാരൻ അനുഭവിക്കുന്ന പരാധീനതകളാണ്. നർമം മനസ്സിലാകാത്ത സമൂഹമായി നമ്മൾ മാറുന്നുവെന്നുതോന്നുന്നു. കുഞ്ചൻ നമ്പ്യാരും വി.കെ.എന്നുമെല്ലാം ഇന്നാണെങ്കിൽ ജയിലിൽക്കിടക്കേണ്ടിവന്നേനേ. തത്‌കാലം ഒന്നും എഴുതാതിരിക്കുന്നതാണ് ഭംഗി. ജാതിപാടില്ല എന്നു വാദിച്ച നാരായണഗുരുവിന്റെ ശിഷ്യന്മാരാണ് ഇന്നേറ്റവും കൂടുതൽ ജാതിപറയുന്നത്. ഗുരുവിനെപ്പോലെ മഹാനായൊരു മനുഷ്യനെ മനസ്സിലാക്കാനുള്ള കെൽപ്പ് നമ്മൾക്കില്ല.
ശ്രീനിവാസൻ: അല്ലെങ്കിലും ലോകം മുഴുവൻ കുറെ ഭ്രാന്തന്മാർ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ട്രംപ്, നെതന്യാഹു, പുതിൻ, ഷീ... ഇനിയും പേരുകൾ പറയാതിരിക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്. ജാതിയും മതവും മാത്രമല്ല, രാഷ്ട്രീയത്തിന്റെ സെൻസറിങ്ങും നമ്മൾ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് സത്യൻ പറഞ്ഞത് പേന ഒളിപ്പിച്ചുവെച്ച് മിണ്ടാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന്. പക്ഷേ, അറിയാതെ ചലിച്ചുപോവുന്ന നാവിനെ എന്തുചെയ്യും.
സത്യൻ: ഒരിക്കൽ ശ്രീനി സിങ്കപ്പൂരിൽ പോയതിനെപ്പറ്റി ഒരു കഥ എഴുതുന്നകാര്യം ചർച്ചചെയ്തിരുന്നില്ലേ? സിങ്കപ്പൂർ പ്രസിഡന്റിനെ സ്വപ്നത്തിൽക്കാണുന്ന കഥ
ശ്രീനിവാസൻ: അതെ. സിങ്കപ്പൂർ പ്രസിഡന്റായിരുന്ന ലീ ക്വാൻ യുവിനെ സ്വപ്നത്തിൽക്കണ്ടു. ഞാൻ സിങ്കപ്പൂരിൽ പോകുകയാണ്, അവിടെവെച്ച് ലീയെ കണ്ടുമുട്ടി. അവിടത്തെ വികസനത്തെക്കുറിച്ച് ചർച്ചചെയ്തപ്പോൾ ഞാൻ ചോദിച്ചു, കാൾ മാർക്സിന്റെ ദാസ് കാപിറ്റൽ വായിച്ചിട്ടുണ്ടോ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടോ എന്നെല്ലാം. അപ്പോൾ ലീ അങ്ങനത്തെ പുസ്തകങ്ങളെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. അപ്പോൾ ഞാനയാളെ പരിഹസിച്ചു. അന്നേരം യ്വു തിരിച്ചൊരു ചോദ്യം, ഇത്തരം പുസ്തകങ്ങളൊക്കെ വായിച്ചവരായിരിക്കുമല്ലോ നിങ്ങളുടെ നാട് ഭരിക്കുന്നത്, എന്നിട്ട് അവിടെയെന്ത് കാര്യമുണ്ടായി. പിന്നെയും തർക്കം തുടർന്നപ്പോൾ എന്നെയവർ പിടിച്ചുപുറത്താക്കി. -ഇങ്ങനെയായിരുന്നു ആലോചിച്ച കഥ. പിന്നെ ഞാനെന്റെ ആരോഗ്യസ്ഥിതി ഭയന്ന് എഴുതേണ്ടെന്നുവെച്ചതാണ്.
സത്യൻ: ഞാൻ പ്രകാശന്റെ കഥ ആലോചിക്കാൻ ചെന്നപ്പോൾത്തന്നെ ശ്രീനി പറഞ്ഞത് നമുക്ക് ഇന്നത്തെ മലയാളി എങ്ങനെയാണ് എന്നതിനെക്കുറിച്ച് ആലോചിച്ച്, അതിൽനിന്നെഴുതാമെന്നായിരുന്നു. അപ്പോഴാണ് മലയാളിയുടെ ജോലിചെയ്യാനുള്ള മടിയെക്കുറിച്ച് ചിന്തിക്കുന്നത്. ഇന്ന് കൃഷിപ്പണിപോലും നമ്മൾ ചെയ്യുന്നില്ല. ബംഗാളികളാണ് ഞാറുനടുന്നതും കൊയ്യുന്നതുമെല്ലാം. സിനിമയിൽ ബംഗാളികളുടെ ഞാറ്റുപാട്ടുണ്ട്. അത് അന്ന് ശ്രീനി ഉണ്ടാക്കിയതാണ്. പക്ഷേ, ഇപ്പോൾ വർഷങ്ങൾകഴിഞ്ഞ് അന്തിക്കാട്ടെ പാടത്ത് ഞാറുനടുമ്പോൾ അവർ ഉണ്ടാക്കിയ ഇത്തരം പാട്ടുപാടുന്നത് ഞാൻ കേട്ടുനിന്നു. ഇപ്പോൾ അവരുടെ മക്കൾ നമ്മുടെ സ്‌കൂളിൽ മലയാളം പഠിക്കുന്നുണ്ട്. ആ സ്‌കൂളുകളിൽ മലയാളം അധ്യാപകരായി അവർ വരുന്ന കാലവുംവിദൂരമാവില്ല.
ശ്രീനിവാസൻ: പെരുമ്പാവൂരിലൊക്കെ ബസുകളുടെ ബോർഡിൽ സ്ഥലപ്പേര് ഹിന്ദിയിലും എഴുതിവെക്കുന്നുണ്ട്. ഇനി നമ്മുടെ പത്രങ്ങളിൽ ഒരു പേജ് ബംഗാളിയിൽ ആക്കാവുന്നതാണ്. ടിവിയിൽ ബംഗാളിയിൽ രാഷ്ട്രീയചർച്ചയും നടത്താം. അങ്ങനെ ടിവി ചർച്ചകൾക്കായി നമ്മുടെ നേതാക്കളും ബംഗാളി പഠിക്കട്ടെ.
സത്യൻ: രാഷ്ട്രീയപ്രവർത്തനത്തോട് മലയാളിക്ക് താത്‌പര്യം കുറഞ്ഞുവരുകയാണ്. മുൻപ് ഞാനൊക്കെ സ്‌കൂളിൽ പഠിക്കുന്നകാലത്ത് ഒരു ജാഥവരുമ്പോൾ അത് ഒരു പോയിന്റ് കടക്കാൻ ഇത്ര സമയെമെടുത്തു എന്നൊക്കെ പറയുമായിരുന്നു. പക്ഷേ, ഇപ്പോൾ നേതാക്കളും ബിരിയാണിയും കാശും മദ്യവും കൊടുത്ത് ജാഥയ്ക്ക് ആളെയിറക്കേണ്ട അവസ്ഥയിലാണ് പാർട്ടികൾ.
ശ്രീനിവാസൻ: ഒന്നാമത് അതിനൊന്നും ആർക്കും സമയമില്ല. മൊബൈൽ ഫോണിനകത്താണ് മലയാളി ജീവിക്കുന്നത്. മുൻപ് റോഡിലൂടെ ഒറ്റയ്ക്കൊരാൾ സംസാരിച്ചുപോകുമ്പോൾ നമ്മൾ കരുതിയിരുന്നല്ലോ ഭ്രാന്തന്മാരാണെന്ന്. ഇന്ന് കുട്ടികൾ ഫുട്പാത്തിലൂടെ കൈയും കലാശവും കാണിച്ച് ഒറ്റയ്ക്ക് സംസാരിച്ച് പൊട്ടിച്ചിരിച്ചു നടന്നുപോവുന്ന കാഴ്ച പതിവായല്ലോ? അതാണ് ബ്ലൂടൂത്ത് മലയാളി. എഐ കൂടി എത്തിയതോടെ കാര്യങ്ങൾ വെടിപ്പായി.
സത്യൻ: ഫോൺ വന്നതോടെ വിലക്കയറ്റത്തിന്റെ തീവ്രത നമുക്കനുഭവപ്പെടാതായെന്നതും യാഥാർഥ്യമാണ്. മുൻപ് പഴ്സിൽനിന്ന് കാശെടുത്തുകൊടുത്തിരുന്നകാലത്ത് അത് നമുക്ക് അനുഭവപ്പെടുമായിരുന്നു. പക്ഷേ, ഇപ്പോൾ ഫോൺവഴി ഗൂഗിൽ പേ ചെയ്യാൻതുടങ്ങിയതോടെ നമുക്കത് അനുഭവപ്പെടുന്നില്ല. അതോടെ കാശിന്റെ മൂല്യം നമുക്ക് മനസ്സിലാവാതായി. പോക്കറ്റ് കാലിയാകുന്നത് അറിയുകയുമില്ല.
ശ്രീനിവാസൻ: അടുത്തതലമുറയ്ക്ക് പത്തിന്റെയും അൻപതിന്റെയും നോട്ടുകൾകണ്ടാൽ തരിച്ചറിയാൻപറ്റാത്ത അവസ്ഥവന്നേക്കും.
സത്യൻ: പണ്ട് സന്ദേശവും പൊൻമുട്ടയിടുന്ന താറാവും ഒക്കെ ഇറങ്ങിയ സമയത്ത് നമ്മൾക്ക് ഒരുപാട് ഊമക്കത്തുകൾ വന്നത് ഓർമ്മയില്ലേ?
ശ്രീനിവാസൻ: ഇന്നതിന്റെ ആവശ്യമില്ല. ഫെയ്‌സ്ബുക്ക് ഊമകളുണ്ടല്ലോ, അവർ കമന്റ് ബോക്സിൽവന്ന് നീറ്റായി തന്തയ്ക്ക് വിളിക്കും, തെറിപറയും. പലരുടെയും ഐഡന്റിറ്റി ഫെയ്ക്കാണ്. അവരൊക്കെ ജന്മനാത്തന്നെ ഫെയ്ക്കാണല്ലോ.
സത്യൻ: എനിക്ക് പുതുതായി സിനിമയെടുക്കുന്ന കുട്ടികളോട് പറയാനുള്ളത്, സിനിമയിറങ്ങുമ്പോൾ കമന്റ് ബോക്സിൽ തെറിപറയുന്നവരെക്കണ്ട് സൈബർ ആക്രമണം എന്നുപറഞ്ഞ് ഭയപ്പെടേണ്ടതില്ല. അങ്ങനെ പറയുന്നവരുടെ ഭാഷയിൽനിന്ന് അവരുടെ നിലവാരവും സംസ്‌കാരവും മനസ്സിലാവും. പലപേരിൽ ഐഡികൾ സൃഷ്ടിച്ച് തെറിപറഞ്ഞുകോണ്ടേയിരിക്കുന്ന ഒരു ന്യൂനപക്ഷമാണവർ. അവർക്ക് ആത്മാവിഷ്‌കാരത്തിന് ആയൊരു വഴിയേയുള്ളൂ. അവരെ ഭയക്കുന്നതിൽ അർഥമില്ല, സഹതപിച്ചാൽ മതി. ഞാൻ സിനിമയെടുക്കുന്നത് നിർത്തണമെന്ന് പതിനഞ്ചു കൊല്ലംമുൻപേ കമന്റിടുന്നവരുണ്ട്. പലരും സ്‌ക്രീൻഷോട്ടെടുത്ത് അയച്ചുതരും. അതുകേട്ട് നിർത്തിയിരുന്നെങ്കിൽ ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഹൃദയപൂർവ്വവും ഉണ്ടാവില്ലായിരുന്നു. ശ്രീനിയൊക്കെ ഇപ്പോൾ ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും നോക്കാതെ സമാധാനമായി ജീവിക്കുന്നു.
ശ്രീനിവാസൻ: നമുക്ക് ശത്രുക്കളുണ്ടാകണമെങ്കിൽ നമ്മളാർക്കും ദോഷംചെയ്യണമെന്ന് നിർബന്ധമില്ല. നമ്മൾ പ്രവർത്തിക്കുന്ന മേഖലയിൽ നേട്ടമുണ്ടാക്കിയാൽ മതി. അത് സിനിമക്കാരനോ സാഹിത്യകാരനോ ആരുമാവട്ടെ, അവരുടെ മേഖലയിൽ നന്നായി പ്രവർത്തിച്ചാൽ ശത്രുക്കളുണ്ടായിക്കൊണ്ടിരിക്കും.
സത്യൻ: മുൻപ് എം.ടി.യെയും പദ്‌മരാജനെയും ഐ.വി. ശശിയെയും പോലുള്ളവർ സിനിമയുണ്ടാക്കും. അതുകണ്ട് പ്രേക്ഷകർ അവർക്കുപിന്നാലെപോകും. പക്ഷേ, ഇന്ന് പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിലോ എന്ന് ഭയന്ന്, അവർക്ക് എന്താണുവേണ്ടതെന്ന് ചിന്തിച്ച് പ്രേക്ഷകരുടെ പിന്നാലെ സംവിധായകർ നടക്കുന്ന അവസ്ഥയാണ്. അത് മലയാളിക്ക് വന്നൊരു മാറ്റമാണ്.
ശ്രീനിവാസൻ: ഏതാണ്ട് വിവരമുള്ള ആരോ മുൻപ് പറഞ്ഞിട്ടുണ്ട്, മാറ്റമില്ലാത്തതായി ലോകത്ത് മാറ്റം മാത്രമേയുള്ളൂവെന്ന്.
വീട്ടിലേക്ക് കയറിവരുമ്പോൾ സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ ഭാര്യ വിമല ടീച്ചറെ ഒരു സഞ്ചിയേൽപ്പിച്ചിരുന്നു. ‘‘നിമ്മി (ഭാര്യ തന്നയച്ചതാണ്. നിങ്ങൾക്കിഷ്ടമുള്ള അരിയുണ്ടയാണ്. അവൾ ഇന്നലെ ഉണ്ടാക്കിയതാ’’. തിരിച്ചുപോരാൻ നേരത്ത് വിമല ആ സഞ്ചി തിരിച്ചേൽപ്പിച്ചു. ‘‘അകത്ത് പാത്രത്തിൽ പായസമുണ്ട്. നിമ്മിക്ക് കൊടുക്കണം’’.
സഞ്ചിയുമായി കാറിലേക്ക് കയറുന്നതുകണ്ടപ്പോൾ ഓർത്തുപോയി, എത്ര കാലമായിട്ടുണ്ടാവും അവരിങ്ങനെ മധുരം കൈമാറാൻ തുടങ്ങിയിട്ട്! മാറ്റങ്ങൾ എന്തൊക്കെയുണ്ടെങ്കിലും ഇങ്ങനെ പിരിയാത്ത കൂട്ടുകെട്ടുകളുടെയും തീരാത്ത സ്നേഹമധുരത്തിന്റെയും അവകാശികൾകൂടിയാണ് മലയാളികൾ...
Content Highlights: unique bond between filmmakers Sathyan Anthikad and Sreenivasan, their families` six directors, and their profound impact on Malayalam cinema
Published: 02 Nov 2025, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented