ചിരം എന്ന പുതിയ ചിത്രത്തിനുവേണ്ടി നടത്തിയ യാത്രകളെക്കുറിച്ച് മനസുതുറന്ന് നടൻ അനൂപ് മേനോൻ. കൊൽക്കത്തയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. തന്നെ സംബന്ധിച്ചിടത്തോളം മോഹിപ്പിക്കുന്ന നഗരമാണ് കൊൽക്കത്തയെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ സംസ്കാരം, ഭക്ഷണം എന്നിവയെല്ലാം അതിഗംഭീരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

To advertise here,

മോഹിപ്പിക്കുന്ന നഗരം

എന്നെ സംബന്ധിച്ച് കൊൽക്കത്ത ഒരു മോഹിപ്പിക്കുന്ന നഗരമാണ്. ചിരം എന്ന ചിത്രം ചെയ്തുകഴിഞ്ഞശേഷവും ഞാനവിടെ പോയിരുന്നു. കൊൽക്കത്തയിലേക്ക് വീണ്ടും വീണ്ടും പോകാൻ പ്രേരിപ്പിച്ച സിനിമയാണ് ചിരം. രബീന്ദ്രനാഥ് ടാഗോർ മുതൽ സത്യജിത് റായ്, മൃണാൾ സെൻ, ഷർമിള ടാഗോറിന്റെ പഴയ സിനിമകൾ വരെ കൊൽക്കത്തയുമായി നമ്മെ ബന്ധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ടല്ലോ. അവിടത്തെ സംസ്കാരം വളരെ റിച്ചാണ്. സിനിമകളുടെ വലിയ ഒരു ഏരിയ തന്നെയുണ്ട് കൊൽക്കത്തയിൽ. വേറിട്ടുനിൽക്കുന്ന, എടുത്തുപറയാൻ പറ്റുന്ന ഒരു സംസ്കാരമുണ്ട് ബംഗാൾ ജനതയ്ക്ക്. നമുക്കിവിടെ മുണ്ടും ഷർട്ടും എന്നതുപോലെ ബംഗാളിലുമുണ്ട് തനതായ വസ്ത്രധാരണശൈലി.

കൊൽക്കത്തയിലെ ഭക്ഷണം

സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി താമസിച്ചിരുന്ന ഹോട്ടലിൽ ഒരു മലയാളിയായിരുന്നു ഷെഫ്. കവിത എന്നാണ് പേര്. കവിത രാവിലെ തന്നെ നമുക്കുവേണ്ടി കൊൽക്കത്തയുടെ തനതായ വിഭവങ്ങൾ ഒരുക്കി കൊണ്ടുവരും. അസ്ലൻ ബിരിയാണി കഴിക്കാൻ സാധിച്ചു. ഭക്ഷണം, വസ്ത്രവിധാനം, ശില്പകല എന്നതൊക്കെ നന്നായി ആസ്വദിക്കാൻ സാധിച്ചു.

നശിച്ചുപോയ മനോഹരനിർമിതികൾ

ഇന്ത്യയുടെ പഴയ ഭരണതലസ്ഥാനമായിരുന്നു കൊൽക്കത്ത. കാലങ്ങളോളം വേണ്ടരീതിയിൽ ഉപയോഗിക്കാത്തതുകൊണ്ട് നശിച്ചുപോയ ഒരുപാട് മനോഹരനിർമിതികൾ, കൊട്ടാരങ്ങൾ എന്നിവ കൊൽക്കത്തയിലുണ്ട്. 90-കളിൽ സമരങ്ങൾകൊണ്ടും മറ്റും കൊൽക്കത്തയിൽ ഒന്നും സംഭവിച്ചില്ല. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ, കൊൽക്കത്ത കൂടുതൽ നല്ലൊരു സ്ഥലമായേനേ. ഇന്നും കുമാർതുളിയലും ടോളിഗഞ്ചിലുമുള്ള കെട്ടിടങ്ങൾ കാണുമ്പോൾ അതിലെ ആ അഴുക്ക് മാറ്റി നിർത്തിയാൽ, ആ പഴകിയ ഗന്ധങ്ങളും ചുവരിലെ പൊടിപ്പും മാറ്റിനിർത്തിയാൽ

അത് പാരീസുപോലെയിരിക്കും. ഞാനിനിയും അവിടെ പോകും.

യാത്രയ്ക്കിടെയുള്ള ശീലം

വെള്ളച്ചാട്ടങ്ങൾ പോലെ വേറൊരു ഭൂമികയിലെത്തുമ്പോൾ ആ സ്ഥലത്തെ ഓർമയെന്നോണം അവിടെ നിന്ന് എന്തെങ്കിലുമൊന്ന് എടുത്തുകൊണ്ടുവരും. കുഞ്ഞ് കല്ലായിരിക്കും എടുക്കുക. അല്ലെങ്കിൽ ചെറിയൊരു കമ്പ്. എനിക്ക് അങ്ങനെയൊരു ശേഖരംതന്നെയുണ്ട്.

ധോണിയിലെ സർപ്പം

പാലക്കാടുവെച്ച് ഒരു സംഭവമുണ്ടായി. ധോണിയിലായിരുന്നു ചിരം എന്ന ചിത്രത്തിന്റെ ഒരു രംഗം ചിത്രീകരിച്ചത്. അവിടെ വെള്ളച്ചാട്ടത്തിൽനിന്ന് ഇതുപോലെ ഒരു കല്ലെടുക്കാൻ പോയതാണ്. അടിസ്ഥാനപരമായി നമ്മളൊന്നും 20-ൽനിന്ന് വളർന്നിട്ടില്ലല്ലോ. വെള്ളച്ചാട്ടം കാണുമ്പോൾ ഇറങ്ങാനും ചിലപ്പോൾ വെള്ളത്തിൽനിന്ന് രത്നമൊക്കെ കിട്ടിയാലോ എന്ന് ചിന്തിക്കുന്ന മനസാണ്.
എന്തോ തിളങ്ങുന്നത് കണ്ട് വെള്ളത്തിനടുത്തേക്ക് പോയതാണ്. അപ്പോഴുണ്ട് പിറകിൽനിന്ന് ആർട്ട് ഡയറക്ടർ വിളിക്കുന്നു. ഒന്നും മിണ്ടാതെ നിൽക്കുന്ന അതുപോലെ തിരിഞ്ഞ് നടക്കാൻ പറഞ്ഞു. എനിക്ക് എന്തോ അപകടം മണത്തു. പുലിയെയൊക്കെയാണ് ഞാൻ ആലോചിച്ചത്. ഞാൻ പതുക്കെ മണിച്ചിത്രത്താഴിൽ ഇന്നസെന്റ് ചേട്ടൻ നടക്കുന്നതുപോലെ തിരിഞ്ഞ് പതുക്കെ നടന്നു. കുറച്ചപ്പുറത്തെത്തി തിരിഞ്ഞ് നോക്കിയപ്പോഴുണ്ട് വെള്ളച്ചാട്ടത്തിൽ ഞാൻ നിന്നതിന് തൊട്ടടുത്ത് പത്തിയൊക്കെ വിടർത്തി ഒരാൾ നിൽക്കുന്നു. അത്രയും അടുത്ത് നിന്നിട്ടും ആ പാമ്പിനെ ഞാൻ കണ്ടില്ല.
'ചിരം' ഒക്ടോബർ 9ന്
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 'ചിരം' ഒക്ടോബർ 9ന് റിലീസിനെത്തും. സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിന്ധു പരടയിൽ, എൻ സുധീർ എന്നിവരാണ്. ചിത്രത്തിന്റെ കഥ സിന്ധു പരടയിൽ. തിരക്കഥ കെ. രാജഗോപാൽ, സിന്ധു പരടയിൽ. ക്യാമറ ആനന്ദ് ബാലകൃഷ്ണൻ. എഡിറ്റർ സി. വി സജയൻ. ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണൻ. സംഗീതം എം. ജയചന്ദ്രൻ, ഗിരീഷ് നാരായൺ. ബി ജിഎം ഗിരീഷ് നാരായണൻ.