വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് സുനിൽ ഇബ്രാഹിം. പരമ്പര കൊലയാളികളുടെ സൈക്കോളജിയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദ തേർഡ് മർഡറിന്റെ ആശയം. ഈ ചിത്രത്തിനുവേണ്ടി നടത്തിയ ഗവേഷണങ്ങൾ, താരങ്ങളുടെ തിരഞ്ഞെടുപ്പ്, അവരുടെ കോസ്റ്റ്യൂം നിശ്ചയിച്ചത് എന്നതിനെക്കുറിച്ചെല്ലാം സുനിൽ ഇബ്രാഹിം മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.

To advertise here,

തേർഡ് മർഡർ എന്ന ചിത്രത്തിന്റെ കഥ എങ്ങനെയാണ് ശ്രദ്ധയിൽ വരുന്നത്?

നിംസ് ആശുപത്രി എംഡിയായ എം.എസ്. ഫൈസൽ ഖാനെഴുതിയ നോവലാണ് ഈ സിനിമയ്ക്ക് ആധാരം. അദ്ദേഹം എന്റെ വർഷങ്ങളായുള്ള സുഹൃത്തുകൂടിയാണ്. ഒരുപാട് കഥകൾ അദ്ദേഹം പറയാറുണ്ട്. മനസ്സിൽ ഒരുപാട് കഥകൾ ഉള്ളയാളാണ്. അദ്ദേഹം വളരെ തിരക്കുള്ളയാളായതുകൊണ്ട് എഴുതാനോ ഇതിന്റെ പിന്നാലെ പോകുകയോ ചെയ്യാറില്ല. പകരം നമ്മളെപ്പോലുള്ള സുഹൃത്തുക്കളോട് കഥ പറയും. കുറെ നല്ല ആശയങ്ങൾ കേട്ടെങ്കിലും ഇത് കേട്ടപ്പോൾ ഇതിനകത്ത് ഒരു ആത്മാവുള്ളതുപോലെ തോന്നി. ഒരു വ്യത്യസ്തതയുള്ള പോലെ തോന്നി. ഈ കഥ നിർമാതാവ് ഷിജു തമീൻസിനും അറിയാമായിരുന്നു. ഷിബു തമീൻസിന്റെ സഹോദരനാണ് അദ്ദേഹം. ഷിജു തമീൻസിനും ഇതിലൊരു സിനിമയുള്ളതുപോലെ തോന്നി. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നതിന്റെ തുടക്കം. ഈ തിരക്കഥ എഴുതിയതിനു ശേഷം ഫൈസൽ ഖാനെ ഇരുത്തി വായിച്ച് കേൾപ്പിച്ച് അദ്ദേഹത്തിന്റെ അപ്രൂവൽ വാങ്ങിയിട്ടേ ഞാൻ മുന്നോട്ട് പോയിട്ടുള്ളൂ.

എല്ലാ കഥാപാത്രങ്ങളേയും ബന്ധിപ്പിക്കുന്നത് പേടി എന്ന വികാരമാണല്ലോ?

ഫൈസൽ ഖാനെഴുതിയ നോവലിൽ വിനയൻ എന്ന സിനിമയിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രത്തിനായിരുന്നു പ്രാധാന്യം. ആ ഫീലീംഗാണ് എന്നെ കഥയിലേക്കാകർഷിച്ചത്. പേടിമൂലം കംഫർട്ട് സോണിൽ ഒളിച്ചിരിക്കുന്ന ഒരാളാണ് വിനയൻ. പേടിയെ മറികടക്കാനാണ് അയാൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. അതായിരുന്നു ആ ഒറിജിനൽ സ്റ്റോറിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്ലോട്ട്. ഇയാൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ കാരണം ഒരു സീരിയൽ കില്ലിംഗ് സമൂഹത്തിൽ രൂപപ്പെടുകയും അത് അന്വേഷിക്കാൻ ഒരു പോലീസ് ഓഫീസറും എത്തുന്നതുപോലെയായിരുന്നു ആ കഥ. ഈ രണ്ട് കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരുന്നു അതിന്റെ ഒറിജിനൽ കഥ. ഇതിൽ ഞാൻ കുറച്ചുകൂടി ഗവേഷണം നടത്തുകയും പേടി എന്ന ഘടകത്തെ അടിസ്ഥാനമാക്കി പല എലമെന്റുകൾ കൂട്ടിച്ചേർക്കുകയുംചെയ്തു. സിനിമാറ്റിക് ആയ, തിയേറ്റർ എക്സ്പീരിയൻസ് ഉണ്ടാക്കാനായി തിരക്കഥയായി മാറ്റിയെഴുതുകയായിരുന്നു.

ഈ സമയത്താണോ ഇന്ദ്രൻസിന്റെ ക്യാരക്ടർ വരുന്നത്?

ഒറിജിനൽ കഥയിൽ ഇന്ദ്രൻസിന്റെ കഥാപാത്രം ഒരു റെഫറൻസ് പോലെയുണ്ടായിരുന്നു. അതായത് പ്രധാന അന്വേഷണോദ്യോഗസ്ഥൻ ഒരു പോലീസ് ഓഫീസറുടെ സഹായം തേടുന്നുവെന്നും അദ്ദേഹത്തിന്റെ പേര് സ്വാമി എന്ന് തന്നെയാണെന്നും അദ്ദേഹം ഒരു റിട്ടയേർഡ് പോലീസ് ഓഫീസർ ആണെന്നും ഇതേപോലെയുള്ള കേസുകൾ അന്വേഷിച്ചുള്ള എക്സ്പീരിയൻസ് അയാൾക്കുണ്ടെന്നുമുള്ളതും ഒറിജിനൽ കഥയിൽതന്നെ ഉണ്ടായിരുന്നു. അയാൾക്കുള്ള പേടിയേക്കുറിച്ച് ഫൈസൽ ഖാനുമായി ചർച്ച ചെയ്തിരുന്നു. ഈ റിട്ടയേർഡ് പോലീസ് ഓഫീസേഴ്സ് യഥാർത്ഥത്തിൽ എന്തുമാത്രം പേടിയോടെയായിരിക്കും ജീവിക്കുക? അവർ ഒരുപാട് ക്രിമിനലുകളെ പിടിച്ചിട്ടുണ്ടാവുമല്ലോ. അപ്പോൾ ആ കുറ്റവാളികൾ നാളെ പ്രതികാരാവുമായി എത്തിയേക്കാം എന്നൊരു പേടി ഒരു ഓഫീസറിനുണ്ടാവാം. ഇങ്ങനെ പേടിച്ച് ജീവിച്ച പോലീസ് ഓഫീസർമാരുടെ റിയൽ എക്സ്പീരിയൻസുകളും എഴുത്തുകളും ഒക്കെ നമ്മൾ വായിച്ചിട്ടുണ്ട് പല സമയത്തുമായി. ഫൈസൽ ഖാനും അങ്ങനെ ഒരു ചിന്തയുണ്ടായിരുന്നു. പക്ഷേ നോവലിൽ അത് സാധിച്ചില്ല. അതുപക്ഷേ തിരക്കഥയെഴുതിയപ്പോൾ സിനിമയുടെ രണ്ടാംപകുതിയിൽ അത് കൃത്യവും ശക്തവുമായി ഉൾക്കൊള്ളിക്കാൻ സാധിച്ചു.

Also Read: The Third Murder Movie Review | ഞെട്ടിക്കുന്ന താരപ്രകടനങ്ങൾ, പടർന്നുകയറുന്ന സസ്‌പെൻസ്; അപ്രവചനീയം ദ തേർഡ് മർഡർ

വിനയ് ഫോർട്ടിന്റെ വിനയൻ

പ്രേക്ഷകർക്ക് ഒരേ സമയത്ത് പാവം തോന്നുകയും ഭയം തോന്നുകയും ചെയ്യുന്ന ഒരാളെ എനിക്ക് വേണമായിരുന്നു. ടൈപ്പ് കാസ്റ്റ് ആകരുതായിരുന്നു. വിനയ് ഫോർട്ടിന് വളരെ വ്യത്യസ്തമായ ഒരു അപ്പിയറൻസ് ഉണ്ട്. വലിയ രൂപമാറ്റം ഒന്നുമില്ലാതെ, മേക്കപ്പ് ഒന്നും ഇടാതെ തന്നെ കഥാപാത്രമായി മാറാൻ സാധിക്കും. ഈ സിനിമ തുടങ്ങുന്നതുമുതൽ അവസാനിക്കുന്നതുവരെ ആ കഥാപാത്രം പാവം തന്നെയാണ്. അതേസമയം ആളറിയാതെ അയാളുടെ ഉള്ളിലുള്ള പേടിയും മറ്റും അയാളെ ഒരു സൈക്കോ ആക്കി മാറ്റുന്നുണ്ട്. ഇയാൾ എങ്ങനെയുള്ളയാളാണെന്ന് പ്രേക്ഷകന് ഒരുപിടിയും കൊടുക്കരുത്. വിനയ് ഫോർട്ടാണ് ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യൻ എന്നുതോന്നി.

കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ വിനയ് ഫോർട്ടിന്റെ പ്രതികരണം എന്തായിരുന്നു?

നല്ല അഭിനയ സാധ്യതയുള്ള കഥാപാത്രമാണെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. ഒരു സൈക്കോ ആണെങ്കിലും ഇങ്ങനെയുള്ള ഒരാളാണ് എന്ന ഭാവത്തിലല്ല അഭിനയിക്കേണ്ടത്. ആളൊരു സാധുവായിട്ട് തന്നെയാണ് ത്രൂ ഔട്ട് അഭിനയിക്കേണ്ടത്. സമൂഹം അയാളെ കളിയാക്കുകപോലും ചെയ്യുന്നുണ്ട്. സമൂഹത്തിലേക്ക് ഇറങ്ങാൻതന്നെ പേടിച്ചിട്ട് വീടിനുള്ളിൽ തന്നെ കംഫർട്ട് സോൺ ഉണ്ടാക്കി അതിൽ സ്വസ്ഥമായിട്ടിരിക്കുന്ന ഒരാളായിട്ടാണ് വിനയയിയോട് ഈ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്. ആ കംഫർട്ട് ബ്രേക്ക് ആകുമ്പോഴാണ് അവരുടെ കൈവിട്ടുപോകുന്നത്. ഈ കഥാപാത്രം ചെയ്യാനായി വിനയ് ഫോർട്ട് എക്സൈറ്റഡ് ആയിരുന്നു.

കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമിന് എന്തെങ്കിലും പ്രത്യേക റിസർച്ചുകൾ വേണ്ടി വന്നിരുന്നോ?

വിനയൻ എന്ന കഥാപാത്രം മുഴുവൻ പഴകിയ, ചുളിഞ്ഞ ഡ്രസ്സാണ് ധരിക്കുന്നത്. സ്വപ്നമില്ലാത്ത ഒരാളാണ്. ഈ സ്വപ്നമില്ലാത്തവർക്ക് ഭയങ്കര സ്വസ്ഥത ഉണ്ടാവും. നമുക്ക് ഒരുപാട് സ്വപ്നങ്ങൾ ഉള്ളതുകൊണ്ടാണല്ലോ ഒരു കാര്യം നേടാതിരിക്കുമ്പോൾ അസ്വസ്ഥമാകുന്നത്. യാതൊരു സ്വപ്നവുമില്ലാതെ ജീവിക്കുന്ന ഒരാൾക്ക് എന്തുണ്ടെങ്കിലും അതുമതി എന്നുള്ളതായിരിക്കും തൃപ്തികരം. അക്ഷയ് ആയിരുന്നു കോസ്റ്റ്യൂം ഡിസൈനർ. പ്രത്യേകിച്ച് ആരെയും കാണിക്കാനില്ലാത്ത തൃപ്തനായ ആൾ എന്നാണ് ഈ കഥാപാത്രത്തേക്കുറിച്ച് കോസ്റ്റ്യൂം ഡിസൈനറോട് പറഞ്ഞത്. ചിലപ്പോൾ വളരെ സന്തോഷപൂർവ്വം ആയിരിക്കും അയാൾ ആ പഴയ ഡ്രസ്സ് ധരിക്കുന്നത്.

വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ഇന്ദ്രൻസ് എന്നിവരുടെ കോസ്റ്റ്യൂമിന്റെ സ്കെച്ച് തയ്യാറാക്കിയിരുന്നു. ഈ മൂന്നുപേരുടെയും കോസ്റ്റ്യൂം നമ്മൾ നേരത്തെ ഡിസ്കസ് ചെയ്തിട്ടുണ്ട്. ഒരു ആൾക്കൂട്ടത്തിൽ ഹൈഡ് ചെയ്തു പോകേണ്ട ഒരാളാണ് ഇന്ദ്രൻസേട്ടന്റെ സ്വാമി. പശ്ചാത്തലത്തിനോട് ചേർന്നുനിൽക്കുന്ന കളറുള്ള വസ്ത്രമാണ് ഇദ്ദേഹത്തിന്റേത്. അയാൾ വീട്ടിൽ നിന്നാൽ വീടുമായിട്ട് ചേർന്ന് പോകുന്ന കളറായിരിക്കും വസ്ത്രത്തിന്. റോഡിൽ നിന്നാൽ റോഡുമായിട്ട് ചേർന്ന് പോകുന്ന കളറും.

സ്വന്തം കഴിവ് തെളിയിക്കാനാഗ്രഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. അയാളുടെ ഉള്ളിലൊരു പേടിയുണ്ട്. അയാളൊന്നും ആയിട്ടില്ല. പോലീസ് ആണെങ്കിലും അയാൾക്കൊന്നും തെളിയിക്കാനായിട്ടില്ല. ആത്മവിശ്വാസക്കുറവുണ്ട്. പേടിയുള്ള ഒരു പോലീസുകാരൻ. ഒരു കൂട്ടത്തിൽ എടുത്ത് കാണിക്കണം എന്ന് അയാൾക്ക് ഉള്ളിൽ ആഗ്രഹമുണ്ട്. അതനുസരിച്ചാണ് അദ്ദേഹത്തിന്റെ കോസ്റ്റ്യൂമും തയ്യാറാക്കിയത്. എടുത്തുകാണിക്കുന്ന കളറുള്ള വസ്ത്രങ്ങളാണ് ഈ കഥാപാത്രം ധരിക്കുന്നത്.

സൈജു കുറുപ്പിനെ കാസ്റ്റ് ചെയ്യാൻ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

എഴുത്തുകാരനെന്ന നിലയിൽ വെല്ലുവിളി ഉയർത്തിയ സിനിമയാണ് തേർഡ് മർഡർ. സാധാരണ നമ്മൾ കണ്ട പോലീസ് സ്റ്റോറികളിലെല്ലാം പോലീസ് ഹീറോ ആയിരിക്കും. ഭയങ്കര ബ്രില്ല്യന്റ് ആയിരിക്കും. പോലീസിന്റെ കൂടെ ആയിരിക്കും പ്രേക്ഷകർ യാത്ര ചെയ്യുക. ഈ സിനിമയുടെയും ഒരു ഫസ്റ്റ് ഹാഫ് സ്ട്രക്ച്ചറിൽ അങ്ങനെ ആവണമല്ലോ നമ്മൾ ചെയ്യുമ്പോൾ. എനിക്ക് അവിടെയുള്ള ഒരു ചലഞ്ച് എന്താണെന്നാൽ ഈ പോലീസ് കഥാപാത്രം കാര്യമായിട്ട് ഒന്നും കണ്ടെത്തുന്നില്ല. അങ്ങനെ വരുമ്പോൾ പ്രേക്ഷകർ നിരാശരാകും. പോലീസിന്റെ അപാരമായ ബ്രില്ല്യൻസ് ഒക്കെ കാണിക്കുന്ന ഒരു ശൈലിയല്ല നമ്മുടെ സിനിമയ്ക്ക്. ഒരു മാസ് ഹീറോ വന്നുകഴിഞ്ഞാൽ പ്രേക്ഷകരുടെ കാഴ്ചശീലത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കും. ഇയാൾ കേസ് ഏതു വിധേനയും തെളിയിക്കുമെന്ന മുൻധാരണ പ്രേക്ഷകരിൽ വരും. വരും. അത് അത് പ്രേക്ഷകർ അതിനുവേണ്ടി കാത്തിരിക്കും. പക്ഷേ ഇതിലെ പോലീസ് കഥാപാത്രം ഈ കേസ് തെളിയിക്കാൻ തന്നെക്കൊണ്ട് പറ്റില്ലെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്. അങ്ങനെ ഒരു ക്യാരക്ടറൈസേഷൻ ആണ് പുള്ളിക്ക് കൊടുത്തത്. അതൊരു ചലഞ്ച് ആണ്. കാരണം നമ്മുടെ കാഴ്ച ശീലങ്ങൾക്ക് എതിരാണല്ലോ അത്. ഈ സിനിമ കണ്ടിട്ടുള്ള റിവ്യൂസ് ഞാൻ വായിക്കുമ്പോൾ പലർക്കും ഇക്കാര്യം ഉൾക്കൊള്ളാനായിട്ടില്ല. അദ്ദേഹം ഒരു കഴിവുകെട്ട പോലീസുകാരനാണെന്ന് റിവ്യൂവിൽ പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ആ നെഗറ്റീവ് റിവ്യൂ വായിക്കുമ്പോഴും ഉദ്ദേശിച്ചതിലേക്ക് തന്നെയാണ് നമ്മൾ എത്തിച്ചേർന്നതെന്നൊരു സന്തോഷമാണ് കിട്ടുന്നത്.

യഥാർത്ഥ പ്രതി ആരാണെന്ന് ആദ്യപകുതിയിൽത്തന്നെ കാണിച്ചല്ലോ? പിന്നെങ്ങനെ കഥ മുന്നോട്ടുപോകും എന്ന പ്രശ്നം നേരിട്ടിരുന്നോ?

ഉറപ്പായിട്ടും. കുറച്ച് ക്യാമറ ഗിമ്മിക്സുകളോ സൗണ്ടോ ഒക്കെ വെച്ച് ഓഡിയൻസിനെ അവർ ചിന്തിക്കാത്തിടത്തേക്ക് കൊണ്ടുപോകുന്ന രീതിയാണ് എളുപ്പം. പക്ഷേ അതിൽനിന്ന് മാറി, ഇതിൽ പ്രേക്ഷകരെ വളരെ സ്വതന്ത്രമായിട്ട് വിട്ടിരിക്കുകയാണ്. സീരിയൽ കില്ലർ ആരാണെന്ന് പ്രേക്ഷകന് നേരത്തേ ഊഹിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അയാളെ ഒരിടത്തും ഒളിപ്പിച്ചുവെച്ചിട്ടില്ല. പ്രതിയെ ഊഹിച്ച് കണ്ടുപിടിക്കാനാകുന്നവർ അങ്ങനെ ചെയ്തോട്ടെ എന്നുതന്നെയാണ് ഞാൻ എഴുതുമ്പോൾ വിചാരിച്ചത്. കാരണം ഇതിൽ ഞാൻ പറയാൻ ഉദ്ദേശിച്ചത് അവരുടെ സൈക്കോളജിയാണ്. നമ്മളൊരു പ്രതിയെ അവസാനം കാണിച്ചിട്ട്, ഇയാളാണ് പ്രതി എന്ന് പറയുമ്പോൾ അയാൾ എന്തുകൊണ്ട് ഇത് ചെയ്തു എന്ന് കാണിക്കാൻ വേണ്ടി ഒരു ഫ്ലാഷ്ബാക്ക് സ്റ്റോറിയിലേക്ക് പോകും. അപ്പോ അവിടെ ഒരു ഫുൾ സ്റ്റോറി ഉണ്ടായിവരും. എന്തുകൊണ്ട് അയാൾ സൈക്കോ ആയി, അയാളുടെ ജീവിത സാഹചര്യം എന്താണ് എന്നെല്ലാം കാണിക്കണം. അത് മിക്കവാറും നമ്മൾ കണ്ട ഹിറ്റായ എല്ലാ സിനിമകളിലും അതുണ്ട്. അതാണ് ഇവിടെ വേണ്ടെന്നുവെച്ചത്. ഇവിടെ ആദ്യംമുതലേ അയാളുടെ വീടും പശ്ചാത്തലവും ഓഡിയൻസ് കാണുന്നുണ്ട്. ഒറിജിനൽ സ്റ്റോറിയിൽ ഇയാളെ കാണിക്കുന്നത് അവസാനമാണ്. അത്രമേൽ ബ്രില്ല്യന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് നമുക്കുള്ളത്. പ്രേക്ഷകരുടെ ബുദ്ധിയെ ബഹുമാനിച്ചുകൊണ്ട് തന്നെ ചെയ്യാമെന്നാണ് കരുതിയത്. പിന്നെ സെക്കൻഡ് ഹാഫിൽ വീണ്ടും പിടിച്ചിരുത്താവുന്ന കാര്യങ്ങൾ ഉണ്ട് എന്നൊരു ധൈര്യമുണ്ടായിരുന്നു എനിക്ക്.

മണികണ്ഠൻ പട്ടാമ്പി അവതരിപ്പിച്ച കഥാപാത്രം അല്പം വ്യത്യസ്തമാണല്ലോ?

സിനിമയുടെ സെക്കൻഡ് ഹാഫിലേക്ക് വരുമ്പോൾ ഇന്ദ്രൻസേട്ടന്റെ ആ റിട്ടയേർഡ് പോലീസ് ഓഫീസറിന്റെ ഒരു സ്റ്റോറി പറയുമ്പോൾ എനിക്ക് അനിവാര്യമായിരുന്നു ഇങ്ങനെ ഒരു കഥാപാത്രം. ആ പോലീസ് ഉദ്യോഗസ്ഥന്റെ പേടിയുമായി ബന്ധിപ്പിക്കുന്ന ഒരു കഥാപാത്രം വേണമായിരുന്നു. ഞാൻ എഴുതുമ്പോൾ മാനസികമായി ഏറ്റവും പാടുപെട്ടതും വിഷമം തോന്നിയതുമായ ഒരു കഥാപാത്രമാണ് അദ്ദേഹത്തിന്. പ്രത്യേകിച്ച് ഒരു മുൻവിധിയുമില്ലാതെ, ഒരു പ്രതികാരവുമില്ലാതെ, പൊടുന്നനേയുള്ള മാനസികസംഘർഷം കാരണം കൊലപാതകം ചെയ്ത ഒരാൾ. അയാൾക്ക് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നില്ല. അയാൾ അതിനുമുമ്പും അതിനുശേഷവും ഒന്നുമല്ല. അയാളുടെ ജീവിതകാലം മുഴുവനും അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ പറ്റൂ. കാണിക്കുന്നില്ലെങ്കിലും അയാളുടെ ഭാര്യയെയൊക്കെ പരാമർശിക്കുന്നുണ്ട് സിനിമയിൽ. ഇദ്ദേഹത്തിന്റെ കഥ മാത്രം ഒരു സിനിമയാക്കാനുണ്ട്. ഈ സ്വാമി എന്ന കഥാപാത്രത്തിനുവേണ്ടി കൊണ്ടുവന്നതാണെങ്കിലും എഴുതി വന്നപ്പോൾ ഭയങ്കര അറ്റാച്ച്മെന്റ് തോന്നിയ കഥാപത്രമാണിത്.

സിനിമയിൽ പരാമർശിച്ചിരിക്കുന്ന കൂട്ടക്കൊല ഏതെങ്കിലും യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണോ?

റിസേർച്ച് ചെയ്യുമ്പോൾ മൂന്ന് കാര്യങ്ങൾ എന്നെ സ്ട്രൈക്ക് ചെയ്തിട്ടുണ്ട്. ഒന്ന് ഈ ഒറിജിനൽ സ്റ്റോറിയിൽ ഉണ്ടായിരുന്ന കാര്യം. പേടി കാരണം പേടി മാറാൻ കൊല്ലുന്ന ഒരു കഥാപാത്രം. അതൊരു ഭയങ്കര പുതുമയുള്ള, ഭയങ്കര ഡീപ്പ് ആയിട്ടുള്ള ഒരു കാര്യമായി തോന്നി. ഇപ്പുറത്ത് ഞാൻ പിടിച്ച് അകത്തിട്ട ക്രിമിനൽസ് കൊല്ലാൻ വരുമെന്ന് പേടിക്കുന്ന പോലീസ് ഓഫീസർ. അയാൾക്ക് എല്ലാവരെയും കൊല്ലണ്ട. പക്ഷേ അതിനുവേണ്ടി അയാൾ എത്ര കാലം വേണമെങ്കിലും കാത്തിരിക്കും. മൂന്നാമത്തേത്, എന്തിനാണ് താനീ കൊലപാതകം ചെയ്തതെന്ന് അറിയാത്ത ആളുകളാണ്. അവർ ചെയ്തതെന്താണെന്ന് അവർക്ക് ഓർമ്മയില്ല അതിലൊരു സൈക്കോളജി ഉണ്ടല്ലോ. അങ്ങനെ ഇപ്പോഴും ജയിലിൽ കിടക്കുന്നവരുണ്ട് ലോകത്ത്. അങ്ങനെയുള്ള കുറെ യഥാർത്ഥ സംഭവങ്ങൾ പ്രചോദനമായിട്ടുണ്ട്. അക്ഷരംപ്രതി ഇതുപോലെയല്ലെങ്കിലും ഇതുമായി സാമ്യമുള്ള യഥാർത്ഥ കഥകൾ ഞാൻ വായിച്ചിട്ടുണ്ട്.

സീരിയൽ കില്ലിങ്ങിനേക്കുറിച്ച് എന്തുമാത്രം പഠനം നടത്തിയിട്ടുണ്ട്?

അരികിൽ ഒരാൾ ആണെങ്കിലും റോയ് ആണെങ്കിലും ഞാൻ ഇതിനുമുമ്പ് ചെയ്ത സിനിമകളിൽ ഫാന്റസി എലമെന്റുമുണ്ട്. ഒരു റിയൽ സ്പേസിൽ അല്ല കഥ പറയുന്നത്. പക്ഷേ തേർഡ് മർഡർ അങ്ങനെയല്ല. അപ്പോൾ ഞാൻ അതിൽ പറയുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനം ഉണ്ടാകണം എന്നൊരു നിർബന്ധം ഉള്ളതുകൊണ്ട് ഒത്തിരി റിയൽ ഇൻസിഡന്റ്സും റിയൽ ക്രിമിനൽസിനെയും കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. പഠിച്ചുവന്നപ്പോഴാണ് യഥാർത്ഥജീവിതത്തിലെ അത്രയും ഭീകരന്മാർ സിനിമയിൽ ഇല്ലെന്ന് മനസിലായത്. ഇതിനേക്കാളും വലിയ ഭീകരന്മാർ ലോകത്തുണ്ട്. നമുക്ക് ഇപ്പോഴും പിടിക്കാൻ പിടികിട്ടാത്ത ആൾക്കാരുണ്ട് ലോകത്തെമ്പാടുമുള്ള ജയിലുകളിൽ. അവരുടെ ഇന്റർവ്യൂസും, അത്തരക്കാരെക്കുറിച്ചുള്ള ഡോക്യുമെന്ററികളുമെല്ലാം പരമാവധി കണ്ടു. അതിന്റെയൊന്നും 10% പോലും നമ്മുടെ സിനിമയിലില്ല.

സുനിൽ ഇബ്രാഹിം ഒരുക്കിയ സിനിമകളിൽ സൈക്കോളജി ഒരു ഘടകമാണല്ലോ?

ചാപ്റ്റേഴ്സ് എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രം പൈസ മോഷ്ടിക്കുന്നുണ്ട്. പക്ഷേ അയാൾ കള്ളനല്ല. നിവിൻ പോളിയുടെ കഥാപാത്രം കൂട്ടുകാരെ വഞ്ചിക്കുന്നുണ്ട്. പക്ഷേ അവനും കള്ളനല്ല. എന്റെ ബേസിക് തോട്ടിൽ നിന്നാണ് ഇത് വരുന്നതെന്ന് തോന്നുന്നു. ഒരു ഫേക്ക് ഫ്രണ്ടിനെക്കാളും ഇതുപോലെയുള്ള ആൾക്കാരെ എനിക്ക് ഇഷ്ടമാണ്. കാരണം അവരത് ചെയ്യുന്നത് സാഹചര്യവശാലാണ്. നമ്മൾ മനുഷ്യന്മാരല്ലേ. ആരും വളരെ നല്ലതൊന്നും അല്ലല്ലോ. ഇന്ന് നല്ലവനായിരിക്കുന്നയാൾ നാളെ മോശമാകാമല്ലോ. എന്റെ ആദ്യത്തെ സിനിമ തൊട്ടേ എന്റെ എല്ലാ കഥാപാത്രങ്ങൾക്കും ഈ പ്രത്യേകതയുണ്ട്. എന്റെ ടീമിലുള്ളവർ പറയുമ്പോഴാണ് പലപ്പോഴും ഞാൻ പോലും ഇക്കാര്യം ശ്രദ്ധിക്കുന്നത്. യാദൃഛികമായി സംഭവിക്കുന്നതാണ്.

പുതിയ സിനിമ ഉടനുണ്ടോ?

ഞാനൊരു ആക്ടിംഗ് ട്രെയിനിംഗ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആ ക്യാമ്പിലൂടെ രണ്ടുവർഷമായി ഒരുപാട് നല്ല പ്രതിഭകളെ എനിക്കുകിട്ടി. അവരെ മാത്രം വെച്ച് ഞാനൊരു ചെറിയ മൂവി ചെയ്തു. അത് അനൗൺസ് ചെയ്തിട്ടില്ല. ഐഎഫ്എഫ്ഐ പോലുള്ള ചലച്ചിത്ര മേളകളിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ റിസൾട്ട് കാത്തിരിക്കുകയാണ് ഇപ്പോ. ആ ചിത്രം കുറച്ച് മേളകളിൽ പ്രദർശിപ്പിക്കണമെന്ന ആഗ്രഹമുണ്ട്. അത് കഴിഞ്ഞിട്ട് തിയേറ്ററിലേക്കോ അല്ലെങ്കിൽ ഒടിടിയിലേക്കോ ഒക്കെ വിടാമെന്ന് വിചാരിക്കുന്നു. ചെറിയ ബഡ്ജറ്റിൽ ചെയ്ത ഒരു സിനിമയാണ്. ബാക്കി എഴുത്തുകളൊക്കെ നടക്കുന്നുണ്ട്.