“എല്ലാ മേഖലയിലും വ്യത്യാസം വന്ന പോലെ സിനിമയിൽ ഇപ്പോൾ നിലവിലുള്ളത് ക്യാരക്ടർ ഓറിയന്റഡ് കാസ്റ്റിംഗ് ആണ്, ആക്ടേഴ്സ് ഓറിയന്റഡ് കാസ്റ്റിംഗ് അല്ല.”

ബിനോയ് നമ്പാല എന്ന പേര് അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ ഇന്ത്യൻ റുപ്പീ എന്ന ചിത്രത്തിലെ കല്പനയുടെ മകനായി അഭിനയിച്ച നടൻ എന്നുപറഞ്ഞാലോ? അഭിനയിച്ച വേഷങ്ങൾ ചെറുതാണെങ്കിലും സിനിമയുടെ മറ്റൊരു മേഖലയിൽ ബിനോയ് തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ്. ഇപ്പോൾ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന രണ്ട് ചിത്രങ്ങളുൾപ്പെടെ 13 ചിത്രങ്ങളുടെ കാസ്റ്റിങ് ഡയറക്ടറാണ് ബിനോയ്. പ്രഥമദൃഷ്ട്യാ കുറ്റക്കാർ, ധൂമകേതു, അവറാച്ചൻ ആൻഡ് സൺസ് എന്നീ ചിത്രങ്ങളാണ് ബിനോയ് കാസ്റ്റിങ് നിർവഹിച്ച് ഒടുവിൽ പുറത്തെത്തിയ ചിത്രങ്ങൾ. സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇതിനുപുറമേ ആക്ടിങ് ട്രെയിനറായും കാരക്റ്റർ ട്രെയിനറായും പ്രവർത്തിക്കുന്നുണ്ട് ബിനോയ്. അഭിനയവുമായി ബന്ധപ്പെട്ട് ഒരു പി.എച്ച്ഡി ഗവേഷണവും ഇതിനൊപ്പം നടക്കുന്നുണ്ട്. ബിനോയ് മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സുതുറക്കുന്നു.
എങ്ങനെയാണ് കാസ്റ്റിങ് ഡയറക്ഷനിലേക്കെത്തിയത്?
ഈ പ്രൊഫഷനിലേക്ക് എത്തിപ്പെട്ടതാണ്. ഞാൻ നാടകമാണ് പഠിച്ചത്. എന്റെ എല്ലാം നാടകമാണ്. പിഎച്ച്ഡി ചെയ്യുന്നതൊക്കെ പെർഫോമിംഗ് ആർട്സിലാണ്. നാടകം കളിച്ചുകൊണ്ടിരിക്കുന്ന ഒരാൾ അത്രേ ഉള്ളൂ. സിനിമയിൽ കുറച്ച് ചെറിയ ചെറിയ കഥാപാത്രങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഇന്ത്യൻ റുപ്പീ എന്ന സിനിമയിലൊക്കെ നിങ്ങൾ എന്നെ കണ്ടിട്ടുണ്ടാവും. ഓർത്തുവെക്കാൻ മാത്രമുള്ള കഥാപാത്രങ്ങളൊന്നും ഞാൻ സിനിമയിൽ ചെയ്തിട്ടില്ല. പക്ഷേ കുറച്ച് നല്ല ബന്ധങ്ങളുണ്ട്. എന്റെ ഒരു തിയേറ്റർ പശ്ചാത്തലവും നാടകം കളിച്ചിട്ട് പല ഭാഗത്തുള്ള ആളുകളുമായി നമുക്ക് നന്നായിട്ട് പരിചയവുമുണ്ടല്ലോ. തിരക്കഥാകൃത്തുകൂടിയായ ഗോപൻ ചിദംബരം എന്റെ അധ്യാപകനാണ്. അദ്ദേഹവും രാജീവ് രവിയും ചേർന്നാണ് ഒരു സിനിമ വന്നപ്പോൾ നീ ഒന്ന് കാസ്റ്റ് ചെയ്യ് എന്ന് ആദ്യമായി പറഞ്ഞത്. അങ്ങനെയാണ് 2019-ലെ തൊട്ടപ്പൻ എന്ന സിനിമയിലേക്ക് ഞാൻ കാസ്റ്റിംഗ് ഡയറക്ടറായി വരുന്നത്. ഇപ്പോൾ 13 സിനിമകളായി.
സിനിമയിൽ എന്താണ് കാസ്റ്റിങ് ഡയറക്ടറുടെ ദൗത്യം?
കാസ്റ്റിംഗ് ഡയറക്ടർ എന്ന പോസ്റ്റ് ശരിക്കും മലയാളത്തിൽ അത്ര പോപ്പുലറല്ല. ഇത് വേണോ വേണ്ടയോ എന്നു തോന്നുന്ന രീതിയിലുള്ള ഒരു ഘട്ടത്തിലാണ് ഇപ്പോൾ ശരിക്കും നിൽക്കുന്നത്. കാരണം എല്ലാ സിനിമയിലും കാസ്റ്റിംഗ് ഡയറക്ടർ എന്ന പോസ്റ്റ് ഇല്ലല്ലോ. പക്ഷേ മറ്റുഭാഷകളിലെല്ലാം കാസ്റ്റിംഗ് ഡയറക്ടർ പ്രധാന ചുമതല വഹിക്കുന്ന ഒരു ആൾ ആണ്. നമുക്ക് ഇവിടെ ആർട്ടിസ്റ്റിനുവേണ്ടി സിനിമ എടുക്കുന്ന ഒരു രീതിയാണുള്ളത്. പുറത്തൊക്കെ ഓരോ കഥാപാത്രത്തിനും അനുയോജ്യമായ രീതിയിൽ അഭിനേതാക്കളെ വിളിക്കുകയാണ് ചെയ്യുന്നത്.
എന്താണ് ഓഡിഷൻ?
അഭിനയത്തിന്റെ പരിധി അളക്കാൻ വേണ്ടിയാണ് ഓഡിഷൻ വിളിക്കുന്നത് എന്ന ധാരണ തെറ്റാണ്. നമ്മുടെ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ പെർഫോം ചെയ്യാൻ ആ അഭിനേതാവിന് പറ്റുമോ എന്നുള്ളതാണ് ഓഡിഷനിൽ പരിശോധിക്കുന്നത്. ഇവിടെ ഇപ്പോൾ നമ്മൾ ഇപ്പോൾ ഞാൻ തന്നെ ചില ആർട്ടിസ്റ്റുകളെ ഓഡിഷൻ ചെയ്യാൻ വിളിച്ചപ്പോൾ തനിക്ക് പത്ത്-മുപ്പത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വരാതിരുന്നിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വന്നശേഷം, അഞ്ചുവർഷത്തിനിടെ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്.
നമ്മുടെ സിനിമയിലെ കാസ്റ്റിംഗ് ചെറിയ ഒരു വ്യത്യാസം വന്നു. എല്ലാ മേഖലയിലും വ്യത്യാസം വന്ന പോലെ സിനിമയിൽ ഇപ്പോൾ നിലവിലുള്ളത് ക്യാരക്ടർ ഓറിയന്റഡ് കാസ്റ്റിംഗ് ആണ്, ആക്ടേഴ്സ് ഓറിയന്റഡ് കാസ്റ്റിംഗ് അല്ല. കഥാപാത്രത്തിന് അനുയോജ്യമായ രീതിയിലുള്ള ആളുകളെ തേടിപ്പിടിച്ച് അഭിനയിപ്പിക്കുകയാണ് ചെയ്യുന്നത്. പണ്ട് നമ്മൾ കാണുന്ന സിനിമയിലൊക്കെ നമുക്ക് പരിചിതമായ മുഖങ്ങളാണ് 90% ഉണ്ടാവുക. പക്ഷേ അതിന്റെ റിസൾട്ടിന് വ്യത്യാസം ഉണ്ട് കേട്ടോ. അന്നത്തെ സിനിമ നിങ്ങൾ 10 തവണ കാണുമെങ്കിൽ ഇപ്പോഴത്തെ ഒരു സിനിമയേ നിങ്ങൾ കാണുകയുള്ളൂ രണ്ടാമത് കാണില്ല. ആ ഒരു വ്യത്യാസം ഉണ്ട്. റിപ്പീറ്റഡ് വാല്യൂ എന്നത് ഇപ്പോഴത്തെ സിനിമയ്ക്ക് ഇല്ല. നമ്മൾ പെരുവണ്ണാപുരത്തെ വിശേഷങ്ങളോ ചിത്രമോ കിലുക്കോ അമരമോ, ഏത് സിനിമ എടുത്താലും ഇപ്പോഴും നമ്മൾ കണ്ടുകൊണ്ടിരിക്കും. പിന്നെയും പിന്നെയും കാണും. ഇപ്പോഴത്തെ ഏത് സൂപ്പർ ഹിറ്റ് പടം എടുത്താൽ പോലും ചിലപ്പോൾ നിങ്ങൾ രണ്ടാമത് കാണുന്നുമില്ല. അതിന്റെ വ്യത്യാസം ഈ പെർഫോമൻസിൽ ഉള്ള വ്യത്യാസമാണ്. അത് എക്സ്പീരിയൻസിന്റെ ഭാഗം കൂടിയാണ്.
കാസ്റ്റിങ് ഡയറക്ടർ എന്ന രീതിയിൽ ബിനോയിയുടെ പ്രവർത്തനശൈലി എങ്ങനെയാണ്?
കാസ്റ്റിംഗ് കോൾ ഇട്ടിട്ട് അതിൽ നിന്ന് നമ്മളുടെ സിനിമയ്ക്ക് പറ്റുന്ന അല്ലെങ്കിൽ സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ രീതിയിലുള്ള ആളുകളുടെ ഫോട്ടോ നോക്കിയിട്ടോ ആണ് കാസ്റ്റിങ് നടത്തുന്നത്. ഉദാഹരണത്തിന് 25 വയസ്സ് മുതൽ 45 വയസ്സുവരെ എന്ന് ഇട്ടാൽ പോലും അഞ്ചുവയസ്സായ കുട്ടിയുടെ ഫോട്ടോ അയക്കുന്നവരുണ്ട്. അങ്ങനെ നോക്കുമ്പോൾ ഒരു സിനിമയ്ക്കുവേണ്ടി 3000 അപേക്ഷകളൊക്കെ വരും. അപ്പോൾ എല്ലാവർക്കും മറുപടി കൊടുക്കുന്നത് ബുദ്ധിമുട്ടാവും. അപ്പോൾ നമ്മൾ ഇരുന്ന് നോക്കി അതിൽ നിന്ന് നമ്മുടെ സിനിമയ്ക്ക് അനുയോജ്യമായ കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുള്ള ആൾക്കാരെമാത്രം ഓഡിഷന് വിളിക്കും. അത് ചിലപ്പോൾ നമുക്ക് കിട്ടുന്നത് ഒരു 100 പേരോ 200 പേരോ ഒക്കെ ആയിരിക്കും. ഓഡിഷന് വിളിക്കുമ്പോൾ അവർക്ക് നമ്മൾ കൃത്യമായി മറുപടി കൊടുക്കും, അവരെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും. കാരണം അവരുടെ സമയവും പൈസയും ചിലവാക്കിയിട്ടാണ് നമ്മുടെ അടുത്ത് ഓഡിഷന് വരുന്നത്. അപ്പോൾ ഞാൻ എല്ലാവർക്കും മറുപടി കൊടുക്കാൻ മാക്സിമം ശ്രമിക്കാറുണ്ട്. ഓഡിഷന് വന്നിട്ട് ഇതിൽ ഉൾപ്പെടുന്ന ആളുകളും ഉൾപ്പെടാത്ത ആളുകൾക്കും രണ്ട് രീതിയിലുള്ള വിവരങ്ങൾ കൊടുക്കാറുണ്ട്.
തുടരെത്തുടരെ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്
പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന് ഓഡിഷൻ വെച്ചിരുന്നു. കാസ്റ്റിങ് കോൾ വെച്ചിരുന്നു. കളമശ്ശേരിയിൽ ഒരു ഹാൾ എടുത്താണ് ഓഡിഷൻ ചെയ്തത്. ഈ ചിത്രത്തിനുവേണ്ടി 300 പേരെ ഓഡിഷൻ ചെയ്തു. പ്രധാനതാരങ്ങളെയെല്ലാം സംവിധായകൻ ഷഹദ് നേരത്തേ നിശ്ചയിച്ചിരുന്നു. അക്കാര്യം നേരത്തേ പറഞ്ഞിരുന്നു. എല്ലാത്തിനെക്കുറിച്ചും ഷഹദിന് കൃത്യമായ ധാരണയുണ്ടായിരുന്നു. പടം ചിത്രീകരണം തുടങ്ങി കുറച്ച് കഴിഞ്ഞശേഷമാണ് ഞാനിതിലേക്ക് വരുന്നത്. വില്ലൻ വേഷത്തിലെത്തിയ സിറാജുദ്ദീൻ, അദ്ദേഹത്തിന്റെ ഭാര്യാ കഥാപാത്രം, വിജയരാഘവൻ ചേട്ടന്റെ കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥർ, ആ പോലീസ് സ്റ്റേഷനിലെ മൊത്തം പോലീസുകാർ, മീഡിയ തുടങ്ങിയവരെയെല്ലാം ഞാനാണ് കാസ്റ്റ് ചെയ്തത്.
ധൂമകേതുവും പ്രഥമദൃഷ്ട്യാ കുറ്റക്കാരും ഒരേസമയത്തായിരുന്നു ചിത്രീകരണം. ധൂമകേതു കുറച്ച് ഹ്യൂമർ നിറഞ്ഞ പരിപാടിയാണ്. ഒരു നാടൻ കല്യാണം. അതിലേക്ക് നമ്മുടെ അയൽപക്കത്തൊക്കെ കാണുന്നതുപോലെയുള്ള സാധാരണക്കാരായ ആളുകളെയായിരുന്നു വേണ്ടിയിരുന്നത്. ഷൈൻ ടോമിന്റെയും നിഖിലയുടേയും കുട്ടിക്കാലം ചെയ്യാൻ രണ്ടുപേരെ വേണ്ടിയിരുന്നു. അതിനായാണ് ഞാൻ കാസ്റ്റിങ് കോൾ ഇട്ടത്. കൊച്ചിയിലും മറ്റുപലസ്ഥലങ്ങളിലുമെല്ലാം പോയാണ് അതിന്റെ കാസ്റ്റിങ് ചെയ്തത്.
അവറാച്ചൻ ഇതിനും മുന്നേ ചെയ്ത ചിത്രമാണ്. ഈ സിനിമയ്ക്ക് നമ്മൾ കൊച്ചി ചെല്ലാനത്ത് ഓഡിഷൻ വെച്ചിരുന്നു. പിന്നെ ആനക്കാംപൊയിലും. ചെല്ലാനത്തെ പ്രത്യേകത എന്താണെന്നുവെച്ചാൽ അവിടെ വന്നവരിൽ എല്ലാവർക്കുംതന്നെ കലാപരമായി എന്തെങ്കിലുമൊക്കെ കഴിവുണ്ടായിരുന്നു. നല്ല നർത്തകരുണ്ട് അവിടെ. 60 വയസ്സുള്ളവരൊക്കെ ഡാൻസ് ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയി. കഥ നടക്കുന്ന രണ്ട് ഭൂമികയ്ക്കും അനുയോജ്യമായ ആളുകളെയാണ് ഈ സിനിമയ്ക്കുവേണ്ടി തിരഞ്ഞെടുത്തത്.
ആളുകളെ തിരഞ്ഞെടുക്കുന്നത് ഒരു വലിയ ജോലി തന്നെയാണല്ലേ?
ഇതിനകത്ത് മനുഷ്യത്വപരമായ ഒരു കാര്യം കൂടി ഉണ്ടല്ലോ. ഞാൻ ഒരു നാടകക്കാരനാണ്. നമ്മൾ നാടകം കളിക്കുന്നത് പ്രേക്ഷകന്റെ തൊട്ടുമുന്നിലാണ്. ഇത്രയും മനുഷ്യത്വപരമായി, സത്യസന്ധമായി നിന്നാൽ മാത്രമേ അവരും ഒരു റിപ്ലൈ തരുകയുള്ളൂ. കാസ്റ്റിങ് കോൾ വരുമ്പോൾ ഞാനെല്ലാം നോക്കും. എന്റെ കൂടെ ഇരിക്കുന്ന ഒരു നാലോ അഞ്ചോ പേരെ ചിലപ്പോൾ അഞ്ചോ ആറോ ദിവസം ഇരുത്തി എല്ലാം നോക്കും. എന്നിട്ടായിരിക്കും നമ്മൾ ഇത് സോർട്ട് ചെയ്ത് എടുക്കുന്നത്. മലയാളികൾക്ക് ഇത് ശീലമില്ലാത്തൊരു പ്രശ്നമുണ്ട്. എന്തെങ്കിലുമൊക്കെ വേഷം കിട്ടുമെന്ന് കരുതി അയയ്ക്കുന്നവരുണ്ട്. അത് കുറേ മാറി. പണ്ട് കാസ്റ്റിംഗ് കോൾ എന്ന് പറഞ്ഞാൽ ഇത് നല്ലതാണോ മോശമാണോ എന്നെല്ലാം ആളുകൾക്ക് പേടിയായിരുന്നു.
അഭിനയത്തിന്റെ കാര്യത്തിൽ ആളുകളെ നമുക്ക് വിലയിരുത്താൻ പറ്റില്ല
ഒരു ക്യാരക്ടർ അഞ്ചു പേർക്ക് കൊടുത്താൽ അത് അഞ്ചും അഞ്ചുരീതിയിലായിരിക്കും ചെയ്യുക. അത് ഒരിക്കലും നമുക്ക് ഒരാളെ വിലയിരുത്താൻ പറ്റില്ല. ആയിരം പേരോ രണ്ടായിരം പേരോ വന്നാൽ ഒരു ദിവസം നമുക്ക് അവരെ ജഡ്ജ് ചെയ്യാൻ പറ്റില്ല. ജഡ്ജ്മെൻറ് തന്നെ തെറ്റാണ്. അഭിനയത്തിൽ ഒരിക്കലും ജഡ്ജ്മെൻറ് വരില്ല. ഉദാഹരണത്തിന്, നമ്മൾ ഒരു ഓട്ടമത്സരത്തിന് ഒരു കയർ കുറുകെ പിടിച്ചാൽ ആദ്യം എത്തി അതിൽ തൊടുന്നയാളെ നമുക്ക് ഒന്നാമനായിട്ട് പ്രഖ്യാപിക്കാം. പക്ഷേ അഭിനയത്തിൽ അത് പറ്റില്ല. ഒരാൾ മികച്ചതാണ് എന്ന് പറയുന്നത് നമ്മുടെ മാനസികാവസ്ഥ വെച്ചിട്ടാണ്. നിങ്ങൾക്ക് വേറൊരാളായിരിക്കും മികച്ച പെർഫോമർ. നമ്മുടെ കഥാപാത്രത്തിന് അനുയോജ്യരായ ആളുകളെ നോക്കിയാണ് സിനിമയിലെ കാസ്റ്റിംഗ് മിക്കവാറും നടക്കുന്നത്. തെറ്റൊക്കെ സംഭവിക്കും.
ആദ്യസിനിമ ചെയ്യുന്നതിനുമുൻപ് എത്ര നാടകം കളിച്ചിട്ടുണ്ട്?
2000 നാടകം ഒക്കെ കളിച്ചിട്ടുണ്ടാവും. അതിൽത്തന്നെ ചക്കീസ് ചങ്കരം എന്ന നാടകം 900-ത്തിനുമുകളിൽ വേദിയിൽ കളിച്ചിട്ടുണ്ട്. ജയപ്രകാശ് കുളൂരിന്റെ നാടകമാണത്. ഞാനും എന്റെ സുഹൃത്ത് വിനോദ്കുമാറും ചേർന്നാണത് ചെയ്തത്. 2002 മുതൽ 2012വരെ കളിച്ചിട്ടുണ്ട് ആ നാടകം. പിന്നെ ഞങ്ങൾ അത് നിർത്തുകയായിരുന്നു. 2012 ൽ ഞങ്ങൾ നിർത്തിയതാണ്. ഞങ്ങളായിട്ട് നിർത്തിയതാണ്. കാരണം ആ ഘട്ടത്തിൽ അത് സൂര്യ കൃഷ്ണമൂർത്തിയാണ് അത് ഓർഗനൈസ് ചെയ്തത്. കേരളത്തിനകത്തും പുറത്തുമായി ഒരുപാട് വേദികൾ ചെയ്തു. പിന്നെ ഞങ്ങൾ ആ കഥാപാത്രങ്ങളായിപ്പോയി. അങ്ങനെലോക്ക് ആയിപ്പോയപ്പോൾ നിർത്താൻ ഞങ്ങൾ നിർബന്ധിതരായതാണ്. ഇപ്പോൾ സുലൈമാന്റെ പയക്കം പറച്ചിൽ എന്നൊരു സോളോ ഞാൻ ചെയ്യുന്നുണ്ട്. പി.എച്ച്.ഡി ചെയ്യുന്നതിന്റെ ഭാഗമായി. പയക്കം പറച്ചിൽ എന്നത് വടക്കൻ മലബാറിലുള്ള ഒരു മുസ്ലിം കഥപറച്ചിൽ ശൈലിയാണത്. ആണ്. പഴയ കാലത്ത് ഉണ്ടായിരുന്നു. എഴുതപ്പെട്ട രൂപമല്ല. റിസർച്ചിന്റെ ഭാഗമായി ഒരു പെർഫോമൻസ് ഉണ്ടാക്കണമായിരുന്നു. ഗോപൻ ചിദംബരമാണ് സംവിധാനം.
സംവിധായകൻ രഞ്ജിത്തിലേക്ക് എങ്ങനെയെത്തി?
ചക്കീസ് ചങ്കരം നാടകം നിരന്തരം കളിച്ചുകൊണ്ടിരിക്കുമ്പോൾ അന്തരിച്ച നടൻ മുരളി സാർ ഇത് സ്ഥിരമായി കാണാൻ വരുമായിരുന്നു. ഒരു സീരീസ് പോലെ നാല് ഭാഗങ്ങളുണ്ടായിരുന്നു ഇതിന്. ഞങ്ങൾ രണ്ട് പാർട്ട് ആക്കിയിട്ടാണ് പിന്നെ ഞങ്ങൾ ഷോ ആയിട്ട് കളിച്ചിരുന്നത്. മുരളി സാറുമായി അന്ന് ഒരുപാട് സംസാരിച്ചിട്ടുണ്ടായിരുന്നു. രഞ്ജിത് സാറും ഈ നാടകം കണ്ടിട്ടുണ്ട്. കോഴിക്കോട്ടെ നാടകപ്രവർത്തകരെ വെച്ച് പാലേരി മാണിക്യം എന്ന സിനിമ വരുന്നത് ആയിടയ്ക്കാണ്. കുളൂർ മാഷൊക്കെ അതിലുണ്ട്. എന്റെ പേര് അദ്ദേഹം രഞ്ജിത്തിനോട് പറഞ്ഞിരുന്നു. ആ സിനിമയുടെ ക്യാമ്പിലൊക്കെ പങ്കെടുത്തെങ്കിലും ഞാൻ ആ സിനിമയിൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് എനിക്കുവേണ്ടി അദ്ദേഹം ഇന്ത്യൻ റുപ്പീയിൽ ഒരു കഥാപാത്രം എഴുതിയത്. വി.എം. വിനു സാർ ചെയ്ത ഫെയ്സ് ടു ഫെയ്സ് എന്ന ചിത്രത്തിലേക്ക് എന്നെ റെഫർ ചെയ്തത് രഞ്ജിത് സാറാണ്. പിന്നീട് ബാവൂട്ടിയുടെ നാമത്തിലും ചെയ്തു.
സിനിമയിലെ ആദ്യ ഡയലോഗ് മമ്മൂട്ടിയോടായിരുന്നു എന്ന് കേട്ടിട്ടുണ്ട്
ബെസ്റ്റ് ആക്ടറായിരുന്നു ആ ചിത്രം. ചക്കി ചങ്കരൻ ഒക്കെ കഴിഞ്ഞിട്ട് മുടിയൊക്കെ വളർത്തിയ ഒരു സമയം ഉണ്ടായിരുന്നു. ത്രയ എന്നൊരു സംഘടനയുണ്ട് ഞങ്ങൾക്ക്. ആയിടയ്ക്ക് ഞങ്ങൾ ഭരത് ഗോപി റെട്രോസ്പെക്ടീവ് ഫെസ്റ്റിവൽ കൊച്ചി ടൗൺഹാളിൽ സംഘടിപ്പിച്ചത്. ബിജിബാൽ ആയിരുന്നു അതിന്റെ സെക്രട്ടറി, ഞാൻ അതിന്റെ ട്രഷറർ ആയിരുന്നു. ലാൽ ജോസ് ചെയർമാനും. അവിടെ എന്റെ നാടകം ഉണ്ടായിരുന്നു. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് നാടകം കാണാൻ വന്നിരുന്നു. അദ്ദേഹമാണെന്നെ ബെസ്റ്റ് ആക്ടറിലേക്ക് ക്ഷണിച്ചത്. എന്റെ മുടിയൊക്കെ കണ്ടിട്ടായിരിക്കും. മമ്മൂക്കയോട് ഒരു ഡയലോഗ് ഉണ്ട് അത് നീ പറഞ്ഞോ എന്നാണ് സംവിധായകൻ പറഞ്ഞത്. അതാണ് എന്റെ ആദ്യ സംഭാഷണം. മുൻപ് അൻവർ എന്ന ചിത്രത്തിലേക്ക് അമൽ നീരദ് വിളിച്ചതും മുടി കണ്ടിട്ടാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ ഇങ്ങനെ ആ ജയിലിന്റെ മുകളിലൂടെ നടന്നു പോകുന്ന ഒരു രംഗം. എനിക്ക് ഡയലോഗ് ഒന്നുമില്ല. അങ്ങനെ നോക്കുമ്പോൾ എന്റെ ആദ്യ ഡയലോഗ് ബെസ്റ്റ് ആക്ടറിലാണ്.
ഇന്ത്യൻ റുപ്പിയിൽ
രണ്ട് ലെജൻഡുകൾക്കൊപ്പമാണ്
പാലേരി മാണിക്യത്തിൽ അവസരം നൽകാത്തതിനെത്തുടർന്ന് രഞ്ജിത് സാർ എന്റെ രൂപം ഒക്കെ നോക്കി എഴുതി ഉണ്ടാക്കിയ കഥാപാത്രമാണ് ഇന്ത്യൻ റുപ്പിയിലേത്. കോഴിക്കോട് മഹാറാണിയിൽ എന്റെ മുന്നിൽവെച്ചാണ് പുള്ളി ആ സ്ക്രിപ്റ്റ് എഴുതുന്നത്. കൽപ്പന ചേച്ചിയുടെയും തിലകൻ സാറിന്റെയും കൂടെയായിരുന്നു എന്റെ രംഗങ്ങൾ. ഈ ലെജൻഡ്സിന്റെ ഒരു ഗുണം എനിക്ക് മനസ്സിലായത്, ആക്ടിംഗ് എന്നുപറഞ്ഞാൽ ഗിവ് ആൻഡ് ടേക്ക് ആണല്ലോ. ആക്ഷനും റിയാക്ഷനുമാണ്. നമ്മൾ നല്ല നടനാകുന്നത് നമ്മളെക്കാൾ മികച്ച നടന്മാർ നമ്മുടെ കൂടെ അഭിനയിക്കുമ്പോഴാണ്. ഇന്ത്യൻ റുപ്പീ കണ്ടിട്ട് ഞാൻ ഗംഭീരമായി എന്നുപറയുന്നതിന്റെ പ്രധാന കാരണം അതിൽ ഇമോഷൻ കിടക്കുന്നത് തിലകൻ സാറിന്റെ മുഖത്തും കൽപ്പന ചേച്ചിയുടെ മുഖത്തുമാണ്. ഞാൻ എന്തെങ്കിലും ഒരു കാര്യം അങ്ങനെ ചെയ്യുമ്പോൾ അതിന്റെ റിയാക്ഷൻ അവരാണ് ഇടുന്നത്. പ്രകാശ് വർമ്മ എന്ന് പറഞ്ഞ നടൻ തുടരും എന്ന് പറഞ്ഞ സിനിമയിൽ അത്രയും പവറുള്ള ഒരു ക്യാരക്ടർ ആയത് അപ്പുറത്ത് ഒരു മല പോലെ മോഹൻലാൽ നിൽക്കുന്നത് കൊണ്ടാണ്. ഈ ആക്ഷൻ-റിയാക്ഷനിൽ നമ്മുടെ കൂടെ അങ്ങനെയുള്ള ആളുകൾ നിൽക്കുമ്പോൾ നമുക്ക് അവരുടെ ഒരു സ്പാർക്ക് മതി. റിയാക്ഷൻ ആണ് എപ്പോഴും ഒരു ആക്ടറിനെ ഉണ്ടാക്കുന്നത് ആക്ഷൻ അല്ല. നമ്മൾ ആക്ഷൻ ആണ് എപ്പോഴും പഠിക്കുന്നത്. പക്ഷേ റിയാക്ഷൻ എന്ന സ്ഥാനത്തിലാണ് ഇമോഷൻ കിടക്കുന്നത്.
ഇന്ത്യൻ റുപ്പീ കണ്ടശേഷം ലഭിച്ച വലിയ പ്രതികരണം ആരുടേതാണ്?
ആ ചിത്രം കണ്ടിട്ട് ഞാൻ ശരിക്കും ഓട്ടിസ്റ്റിക് ആണെന്ന് പലരും കരുതിയിട്ടുണ്ട്. ബസിലൊക്കെ യാത്ര ചെയ്യുമ്പോൾ മോനേ, കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതെന്താണെന്ന് ആദ്യം എനിക്ക് മനസിലായിരുന്നില്ല. മമ്മൂക്കയും സിദ്ദിഖ് ഇക്കയും അഭിനന്ദിച്ചിട്ടുണ്ട്. ഇന്ത്യൻ റുപ്പിയുടെ പ്രിവ്യൂ ചെന്നൈയിൽ വെച്ചപ്പോൾ അവിടെ അത് കാണാൻ മണിരത്നം വന്നിട്ടുണ്ടായിരുന്നു. സിനിമ കണ്ട മണിരത്നം ഭയങ്കര ഇമോഷണൽ ആയിട്ട് രഞ്ജിത്ത് സാറിനോട് പറഞ്ഞു, നമ്മൾ ഓട്ടിസ്റ്റിക്കായ ആളുകളെ വെച്ച് സിനിമ ചെയ്യരുതെന്ന്. അപ്പോൾ രഞ്ജിത് സാർ പറഞ്ഞു അവൻ നോർമൽ ആയിട്ടുള്ളയാളാണ്, തിയേറ്റർ ആർട്ടിസ്റ്റാണ്, തിയേറ്ററിൽ അത്യാവശ്യം അക്കാഡമിക് ക്വാളിറ്റിയുള്ള നടനാണെന്ന്. അങ്ങനെയെങ്കിൽ അവനോട് ഞാൻ അഭിനന്ദിച്ചു എന്നൊന്ന് പറയണമെന്നാണ് അന്ന് രഞ്ജിത് സാറിനോട് മണിരത്നം പറഞ്ഞത്. സാർ പറഞ്ഞ അറിവാണിത്. ഈ സംഭവമെല്ലാം പറഞ്ഞുകഴിഞ്ഞ് ഏറ്റവും അവസാനമാണ് മണിരത്നത്തിന്റെ പേര് എന്നോട് രഞ്ജിത് സാർ പറഞ്ഞത്. ഒരു സംവിധായകൻ എന്നെ അഭിനന്ദിച്ചു എന്നുമാത്രമേ അദ്ദേഹം അതുവരെ എന്നോട് പറഞ്ഞിരുന്നുള്ളൂ.
പുതിയ സിനിമകൾ?
അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഹെയ്ൽ മേരി എന്ന ചിത്രമാണ്. മാർട്ടിൻ പ്രക്കാട്ട് നിർമിച്ച് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒറ്റക്കൊമ്പനാണ് കാസ്റ്റിങ് ചെയ്ത് ഷൂട്ടിങ് നടക്കുന്ന ചിത്രം. അമലാ പോൾ നായികയാകുന്ന എം. പദ്മകുമാർ ചിത്രവും കാസ്റ്റിങ് ചെയ്തിട്ടുണ്ട്.
Content Highlights: Theatre artist and actor Binoy Nambala, who gained recognition through his role in Indian Rupee, shares his journey into becoming a prominent casting director in Malayalam cinema with 13 films to his credit, including Dhoomakethu and Prathamadrushtya Kuttakkaar.
Published: 11 Oct 2026, 02:35 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented