സംഗീതജ്ഞനായ അച്ഛനോടൊപ്പം സ്റ്റേജുകളിലും സ്റ്റുഡിയോകളിലും ഒപ്പം പോയതാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍. പിന്നീടുള്ള പഠനമാകട്ടെ കേട്ടും കണ്ടുമുള്ളത്. അക്കാദമിക് ആയി സംഗീതം അഭ്യസിക്കാതെ മലയാള സിനിമാസംഗീതലോകത്ത് നിരവധി ആരാധകരെ നേടിയെടുത്ത സംഗീതസംവിധായകന്‍. ഏറ്റവും ഒടുവിലായി ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളാകട്ടെ ദിവസങ്ങള്‍ പിന്നിടുമ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ആദ്യസ്ഥാനങ്ങളില്‍ തുടരുന്നു. വളരെ കുറച്ച് ഗാനങ്ങളിലൂടെത്തന്നെ മികച്ച സംഗീത സംവിധായകനെന്ന വിശേഷണം നേടിയ റെക്‌സ് വിജയന്‍ തന്റെ പുതിയ ചിത്രമായ റൈഫിള്‍ ക്ലബിലെ എല്ലാ ഗാനങ്ങളും മില്യണ്‍ വ്യൂസ് കടക്കുമ്പോഴും തന്റെ മ്യൂസിക്കിന് എന്തിന്ദ്രജാലമാമാണെന്നുള്ള അത്ഭുതം വിനയപൂര്‍വ്വം പങ്കുവെക്കുകയാണ് റെക്‌സ് വിജയന്‍. 

To advertise here,

റൈഫിള്‍ ക്ലബിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരിക്കുന്നു. ഒപ്പം സിനിമയുടെ പശ്ചാത്തലസംഗീതവും. താങ്കളുടെ പാട്ടുകളുടെ പട്ടികയില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്ന മെലഡികളില്‍ നിന്ന് വ്യത്യസ്തമാണ്. സംവിധായകന്റെ നിര്‍ദേശമാണോ പിന്നില്‍. 

അതേ, ആഷിക്കേട്ടന്റെ നിര്‍ദേശമനുസരിച്ചാണ് ഹെവി മ്യൂസിക് കൊണ്ടുവന്നത്. ആ സിനിമയുടെ കഥയും പശ്ചാത്തലവും അത്തരത്തിലുള്ള മ്യൂസിക്കാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ആ വിധത്തില്‍ ചെയ്തത്. ഗന്ധര്‍വ്വഗാനം എന്ന പാട്ടു മാത്രമാണ് ആദ്യം സിനിമയില്‍ ഉണ്ടായിരുന്നത്. മുമ്പ് ഉണ്ടായിരുന്നതായി സങ്കല്‍പിക്കുന്ന ഒരു പാട്ടിന്റെ റീമിക്‌സ് എന്ന നിലയിലാണ് ഗന്ധര്‍വ്വഗാനം സിനിമയില്‍ വരുന്നത്.ആ ഒരു ടോണ്‍ വരുന്നതിനുകൂടിയാണ് ശ്വേതയേയും സൂരജിനേയും പാടാനായി കൊണ്ടുവന്നതും. ഗന്ധര്‍വ്വഗാനം നേരത്തേ തന്നെ റിലീസാവുകയും ചെയ്തു. ഡിസ്‌കോ ടൈപ്പ് ആകാമെന്നും ആഷിക്കേട്ടനാണ് പറഞ്ഞത്. ബാക്കിയുള്ള മൂന്നുപാട്ടുകള്‍- കില്ലര്‍ ഓണ്‍ ദ ലൂസ്, ആളുന്നു നീയേ, നായാട്ടുപ്രാര്‍ഥന- പിന്നീട് വന്നതാണ്. ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ മാത്രം പ്ലാന്‍ ചെയ്തിരുന്ന സീനുകള്‍ ഷൂട്ട് ചെയ്ത ശേഷം ആഷിക്കേട്ടന്‍ എന്നെ അവ കാണിച്ചുതന്നിട്ട് അവിടെ പാട്ടുകള്‍ ഉള്‍പ്പെടുത്തണോ എന്ന് ചോദിച്ചിരുന്നു. പാട്ടുകള്‍ കൂടി വന്നാല്‍ നന്നാകും എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച ശേഷം ചെയ്തതാണ് ആ ഗാനങ്ങള്‍. പാട്ടുകള്‍ ഹിറ്റായി, സന്തോഷമുണ്ട്. 

ഇന്‍ഡിപെന്‍ഡെന്റ് മ്യൂസിക്കില്‍ നിന്നാണ് സിനിമാ സംഗീതരംഗത്തേക്കുള്ള താങ്കളുടെ കടന്നുവരവ്. അള്‍ട്ടിമേറ്റ്‌ലി രണ്ടും സംഗീതമാണെങ്കിലും രണ്ട് മേഖലകളും തമ്മില്‍ വളരെ അന്തരമുണ്ട്. രണ്ട് രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ ആ വ്യത്യാസം റെക്‌സിന് ഏതുവിധത്തിലാണ് അനുഭവപ്പെടുന്നത്.

രണ്ട് മേഖലകളില്‍ നില്‍ക്കുമ്പോള്‍ അതിന്റേതായ  പോസ്റ്റീവ്‌സും നെഗറ്റീവ്‌സും അനുഭവപ്പെടുന്നത് സ്വാഭാവികം. എന്നുകരുതി ഒന്ന് മറ്റേതിനേക്കാള്‍ മെച്ചമെന്നോ മോശമെന്നോ പറയാനാകില്ല, അങ്ങനെ പറയുന്നത് ശരിയുമല്ല. ഒരാളുടെ അനുഭവമാകില്ല മറ്റൊരാള്‍ക്ക്, വ്യത്യാസങ്ങളുണ്ടാകാം. ഇന്‍ഡിപെന്‍ഡെന്റ് മ്യൂസിക്കില്‍ നില്‍ക്കുമ്പോള്‍ നമുക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നത്, നമ്മുടെ കഥയാണ്, നമ്മുടെ എക്‌സ്പീരിയന്‍സാണ്, നമ്മുടെ ആത്മാവാണ്. എല്ലാം നമ്മുടേതാണ്. അതിനായി വളരെ നാച്വറലായാണ് മ്യൂസിക് ചെയ്യുന്നത്. പക്ഷേ സിനിമയിലെത്തുമ്പോള്‍ മറ്റൊരു വിധത്തിലാണ് നമ്മളതിനെ കാണേണ്ടത്. അത് മറ്റൊരാളുടെ കഥയാണ്. മറ്റാരുടേയൊക്കെയോ ലൈഫാണ്. സിനിമയെ മൊത്തമായും എലിവേറ്റ് ചെയ്യാന്‍ വേണ്ടിയാണ് പശ്ചാത്തലസംഗീതമോ ഗാനങ്ങളോ ചെയ്യേണ്ടത്. അതിനായി സിനിമയ്ക്ക് ചേരുന്നവിധത്തില്‍ അതാവശ്യപ്പെടുന്ന വിധത്തിലുള്ള സംഗീതമൊരുക്കേണ്ടതുണ്ട്. സിനിമയുമായി ബന്ധമുള്ളതാകണം. അതിന്റെ ടോണിനും വൈബിനും ചേര്‍ന്നുനില്‍ക്കുന്നതാകണം സംഗീതം. അപ്പോള്‍ നമ്മള്‍ കുറച്ചുകൂടി കെയര്‍ഫുള്ളാകും. പെര്‍ഫെക്ഷന്‍ കൊണ്ടുവരുന്നതിനായി കുറച്ചുകൂടി വിജിലന്റാകും. 

മറ്റേതില്‍ ഇതൊന്നുമില്ല എന്നല്ല, സിനിമയ്ക്ക് വേണ്ടിയാകുമ്പോള്‍ കുറച്ചുകൂടി എഫര്‍ട്ട് നമ്മുടെ ഭാഗത്തുനിന്ന് വരും. കാരണം ഇന്‍ഡിപെന്‍ഡെന്റ് മ്യൂസിക്കിലാകുമ്പോള്‍ ഒരു സ്വാതന്ത്ര്യബോധം ഉള്ളില്‍ അറിയാതെ ഉണ്ടാകാറുണ്ട്. ഇന്‍ഡിപെന്‍ഡെന്റ് മ്യൂസിക്കിന്റെ കാര്യമെടുത്താല്‍ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ത്തന്നെ ഓഡിയന്‍സിന്റെ പ്രതികരണം, അവരുടെ എക്‌സൈറ്റ്‌മെന്റ് അപ്പോള്‍ത്തന്നെ നമുക്ക് കിട്ടും. സിനിമയ്ക്കുവേണ്ടി ഗാനമൊരുക്കുമ്പോള്‍ സിനിമയുടെ മറ്റെല്ലാ വശങ്ങളും പൂര്‍ത്തിയായതിനുശേഷമാണ് ഗാനങ്ങള്‍ റിലീസ് ചെയ്യുന്നതെന്ന ഒരു കാത്തിരുപ്പുകാലയളവുണ്ട്. ആസ്വാദകരുടെ പ്രതികരണം ലഭിക്കാന്‍ കുറച്ചു കാത്തിരിക്കേണ്ടിവരും. പക്ഷേ രണ്ടിലായാലും റിസ്‌ക് സമാനമാണ്. നല്ലതുചെയ്തില്ലെങ്കില്‍, സ്വതന്ത്രസംഗീതമായാലും സിനിമാസംഗീതമായാലും വിമര്‍ശനം നേരിടേണ്ടിവരും.

കേരളത്തിലെ ആദ്യത്തെ ഓള്‍ട്ടര്‍നേറ്റീവ് റോക്ക് ബാന്‍ഡായ അവിയലിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തിയാണല്ലോ. ഒരുപക്ഷേ അവിയല്‍ ആയിരിക്കാം റെക്‌സിന്റെ ഒരു മ്യൂസിക് ഡയറക്ടറായുള്ള വികാസത്തിന് സഹായകമായത്. റോക്ക് മ്യൂസിഷനായി പ്രവര്‍ത്തിക്കുന്ന റെക്‌സ് ചെയ്ത സിനിമാഗാനങ്ങളില്‍ ഭൂരിഭാഗവും മെഡലികളും. അതിനെ കുറിച്ച്.

'മദര്‍ജയ്ന്‍' എന്ന റോക്ക് ബാന്‍ഡില്‍ അഞ്ചുവര്‍ഷം ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ച ശേഷമാണ് അവിയല്‍ എന്ന ബാന്‍ഡിന്റെ പദ്ധതി ഉണ്ടാകുന്നത്. അന്ന് ജിഗ്‌സോ പസില്‍ എന്ന ബാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ടോണി ജോണുമായാണ് ആദ്യമായി ഒരു ബാന്‍ഡിനെ കുറിച്ച് ആലോചിക്കുന്നത്. ആനന്ദ് (ആനന്ദ്‌രാജ് ബെഞ്ചമിന്‍ പോള്‍), ജോണ്‍ പി. വര്‍ക്കി, നരേഷ് (നരേഷ് കാമത്ത്), മിഥുന്‍ എല്ലാവരും ചേര്‍ന്ന് 2003 ലാണ് ബാന്‍ഡ് തുടങ്ങുന്നത്. എല്ലാവരും പല തരത്തിലുള്ള സംഗീതത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരായതുകൊണ്ടാണ് അവിയല്‍ എന്ന പേര് മനസ്സിലേക്ക് വന്നത്. മലയാളത്തില്‍ എന്തുകൊണ്ട് റോക്ക് മ്യൂസിക് ആയിക്കൂടാ എന്നു തോന്നി. അങ്ങനെയാണ് ഞങ്ങളുടെ നട നടയും കറുകറയുമൊക്ക വന്നത്. അതൊക്കെ മലയാളികള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇന്നും അവിയലിന് മലയാളികള്‍ നല്‍കുന്ന സ്‌നേഹത്തോട് ഏറെ കടപ്പാടുണ്ട്. 

ബേസിക്കലി എനിക്ക് റോക്ക് മ്യൂസിക്കിലാണ് താല്‍പര്യം. ഞാന്‍ സംഗീതം നല്‍കിയ പാട്ടുകളില്‍ അധികവും മെലഡികള്‍ എങ്ങനെ വന്നുവെന്നത് ഇപ്പോഴും അറിയില്ല. ആദ്യം കേരള കഫേയിലെ 'ബ്രിഡ്ജ്' എന്ന ഫിലിമിന് വേണ്ടിയാണ് സംഗീതം നല്‍കിയത്, അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം. അതിന്റെ ബാക് ഗ്രൗണ്ട് സ്‌കോറാണ് ചെയ്തത്. അതെനിക്ക് വളരെ ഇഷ്ടപ്പെട്ട വര്‍ക്കുകളിലൊന്നാണ്. പിന്നീട് സമീര്‍ താഹിറിന്റെ ചാപ്പ കുരിശ്. അതിനുവേണ്ടി പാട്ടുകളും പശ്ചാത്തലസംഗീതവും ചെയ്തു. തുടര്‍ന്ന് കുറച്ച് സിനിമകള്‍, റൈഫിള്‍ ക്ലബ് വരെ. പലതും മെലോഡിയസ് ആയിട്ടുള്ളതാണ് പല പാട്ടുകളാണല്ലോ എന്ന് ഇപ്പോഴാണ് ഓര്‍മ്മിക്കുന്നത്. സംവിധായകര്‍ സിനിമയ്ക്ക് വേണ്ടി ആവശ്യപ്പെട്ടവയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. അവരുടെ ആവശ്യത്തിനും നിര്‍ദേശത്തിനുമാണ് എപ്പോഴും മുന്‍ഗണന നല്‍കാറുള്ളത്. പാട്ടുകള്‍ക്കായി ഗായകരെ തിരഞ്ഞെടുക്കുന്നതും പലപ്പോഴും സംവിധായകരുടെ നിര്‍ദേശത്തിനനുസരിച്ചാണ്. പാട്ടുകള്‍ ഇഷ്ടമായെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അത് കൂടുതല്‍ നന്നായി വര്‍ക്ക് ചെയ്യാനുള്ള പ്രേരണ നല്‍കുന്നു. 

ഒരു മള്‍ട്ടി ഇന്‍സ്ട്രുമെന്റലിസ്റ്റ് എന്നാണല്ലോ റെക്‌സിന്റെ വിശേഷണം. സംഗീതസംവിധാനം മാത്രമല്ല,  മറ്റ് സംഗീതസംവിധായകര്‍ക്ക് വേണ്ടി പാടിയല്ലോ. എങ്ങനെയായിരുന്നു സംഗീതപഠനം. അച്ഛനാണോ ഗുരു. 

ഞാന്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഗിറ്റാര്‍ വായിക്കാൻ  കേട്ടുപഠിച്ചതാണ്. പാട്ടുകള്‍ കേട്ട് പഠിക്കും. ഗിറ്റാറില്‍ വായിക്കാനാണെങ്കില്‍ അങ്ങനെ, ചിലത് പാടാനാണ് തോന്നുക. അതൊക്കെ പാടി പഠിക്കും. കുട്ടിക്കാലത്ത് പള്ളിയിലെ ക്വയറിലും കാരള്‍ഗ്രൂപ്പിലുമൊക്കെ ഉണ്ടായിരുന്നു. പിന്നെ അച്ഛന്‍ (ആല്‍ബര്‍ട്ട് വിജയന്‍) സ്റ്റുഡിയോയിലൊക്ക കൊണ്ടുപോകുമായിരുന്നു. അങ്ങനെ കുറേയൊക്കെ പഠിച്ചു. മള്‍ട്ടി ഇന്‍സ്ട്രുമെന്റലിസ്റ്റ് എന്നൊക്കെ പറയുമ്പോള്‍ കുറേ സംഗീതോപകരണങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യും എന്നല്ലേ. അത്രയ്‌ക്കൊന്നുമില്ല. പിയാനോ വായിക്കും, ഡ്രംസ് വായിക്കും. അതൊക്കെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം. അല്ലാതെ വലിയ അറിവൊന്നുമില്ല. പാടിയ പാട്ടുകളും സൗഹൃദത്തിന്റേയോ മറ്റോ പേരില്‍ പാടിയതാണ്. ബിജിബാലേട്ടനു വേണ്ടിയും സുഷിനുവേണ്ടിയുമൊക്കെ പാടിയത് അങ്ങനെയാണ്. സുഹൃത്തുക്കളുമായുള്ള പ്രോജക്ടുകള്‍ വളരെ കംഫര്‍ട്ടബിളാണ്. കംഫര്‍ട്ട് സോണില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ആശങ്ക കുറയും. സൗഹൃദവലയത്തില്‍ ഒരേ മൈന്‍ഡ് സെറ്റുള്ളവരാണല്ലോ, അതും ഹെല്‍പ് ചെയ്യാറുണ്ട്. 

ഭാഗ്യം കൊണ്ടോ മറ്റോ ആയിരിക്കണം സംഗീതസംവിധാനം ചെയ്യുമ്പോള്‍ സംവിധായകര്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ ചെയ്യാന്‍ പറ്റുന്നത്. മനസ്സില്‍നിന്ന് വരുന്നതാണ്. അതുകൊണ്ടാകണം ചിലപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത്. അത് ആസ്വാദകര്‍ക്ക് അറിയാനാകുന്നുണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ടുതന്നെ തെറ്റുകള്‍ വന്നാല്‍ അവരത് മറക്കുകയും പൊറുക്കുകയും ചെയ്യും. ചിലയവസരങ്ങളില്‍ ചില റെഫറന്‍സ് തേടാറുണ്ട്. മായാനദിയും സുഡാനി ഫ്രം നൈജീരിയയുമൊക്കെ ചെയ്യുമ്പോള്‍ സൂഫി സംഗീതത്തെ കുറിച്ച് കൂടുതല്‍ അറിവുള്ളവരോട് ചോദിച്ചാണ് ചെയ്തത്. വളരെ ഡീപ്പര്‍ ആയി പഠിച്ചാല്‍ മാത്രമേ സൂഫി സംഗീതം ഉള്‍ക്കൊള്ളാനാകൂ. അറിയുന്ന സംഗീതം ചെയ്യുന്നു, കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നു. ഫ്രീയായിരിക്കുന്ന സമയത്തൊക്കെ ചില ട്യൂണുകള്‍ കമ്പോസ് ചെയ്തുവെക്കുന്ന പതിവുമുണ്ട്. അങ്ങനെ ചെയ്തുവെക്കുന്ന ട്യൂണുകള്‍ ചില പാട്ടുകള്‍ക്കോ സിനിമകള്‍ക്കോ വേണ്ടി ഉപയോഗിക്കാന്‍ സാധിക്കാറുണ്ട്.

ഇതുവരേയുള്ള സംഗീതയാത്രയെ കുറിച്ച് വിലയിരുത്താന്‍ പറയുന്നുവെന്നിരിക്കട്ടെ, എന്താകും താങ്കളുടെ പ്രതികരണം.  പുതിയ പ്രോജക്ടുകള്‍ എന്തൊക്കെയാണ്.

എന്റെ പരിമിതമായ അറിവ് വെച്ചാണ് ഇതുവരെയുള്ള പ്രവര്‍ത്തനം. അത് നന്നായി എന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ അതിയായ സന്തോഷം തോന്നാറുണ്ട്. മായാനദിയിലെ പാട്ടൊക്കെ ഇപ്പോഴും ഡയലര്‍ ടോണായും റിങ് ടോണായും സെറ്റ് ചെയ്തിട്ടുള്ളതായി പലരും പറയാറുണ്ട്. അതൊക്കെ ഭാഗ്യമായി കരുതുന്നു. പുതിയ സിനിമാപ്രോജക്ടുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നു. അവിയലിനു വേണ്ടിയുള്ള സിംഗിളുകളുമുണ്ട് ആലോചനയില്‍. ഇന്‍ഡിപെന്‍ഡെന്റ് മ്യൂസിക്കും സിനിമയും ഒരേ പോലെ ഇഷ്ടപ്പെടുന്നു, അതുകൊണ്ടുതന്നെ രണ്ടും ഒരേപോലെ കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ഷങ്ക ട്രൈബ് എന്ന ബാന്‍ഡുമായി സഹകരിച്ച്, കോ പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും ചര്‍ച്ചകളും നടക്കുന്നു. ഇതൊക്കെയാണ് താല്‍ക്കാലത്തെ ഭാവിപദ്ധതികള്‍.