
ആസ്വാദകഹൃദയങ്ങളിൽ ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ മോഹൻസിത്താര. കൈനിറയെ ചിത്രങ്ങളുമായി മടങ്ങിവരുന്നു... മേനക വീണ്ടും അഭിനയിക്കാനെത്തുന്ന ചിത്രമുൾപ്പെടെ അരഡസൻചിത്രങ്ങൾക്കാണ് അദ്ദേഹം ഈണംപകരുന്നത്. ഇതിൽ നാലെണ്ണത്തിന്റെ റെക്കോഡിങ് പൂർത്തിയായി. സംഗീതരംഗത്ത് 40-വർഷം പൂർത്തിയാക്കിയ മോഹൻ സിത്താരയെത്തേടി ഈയിടെ പ്രഥമ പി. ജയചന്ദ്രൻ സ്മാരക പുരസ്കാരവും എത്തി. ഒന്നുമുതൽപൂജ്യംവരെ ഹിറ്റായതോടെയാണ് മോഹൻസിത്താര ശ്രദ്ധിക്കപ്പെടുന്നത്. ചാണക്യൻ, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തലസംഗീതത്തോടെ തിരക്കായി. ’90-കളുടെ അവസാനത്തോടെ ദീപസ്തംഭം മഹാശ്ചര്യം, മഴവില്ല്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ആസ്വാദകർ ഏറ്റെടുത്തതോടെ തിരക്കുള്ള സംഗീത സംവിധായകനായി മാറി. 200 സിനിമകളിലായി എഴുനൂറ്റമ്പതിലേറെ ഗാനങ്ങൾക്ക് ഈണം പകർന്ന അദ്ദേഹത്തെത്തേടി സംസ്ഥാനപുരസ്കാരമുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ എത്തി. സംഗീതജീവിതം മുൻനിർത്തി മോഹൻ സിത്താര സംസാരിക്കുന്നു...
സിനിമാസംഗീതത്തിലേക്കുള്ള രണ്ടാം വരവാണോ?...
അങ്ങനെയും പറയാം. പക്ഷേ, ഞാൻ എങ്ങും പോയിരുന്നില്ല. സിനിമ കുറച്ചെങ്കിലും സംഗീതരംഗത്തുതന്നെയുണ്ടായിരുന്നു. എന്റെ സ്വന്തം സംഗീതകോളേജിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. പുതിയപ്രോജക്ടുകൾ കൂടുതലും പുതിയവർക്കൊപ്പമാണ്. പുതിയകാലത്ത് പുതിയതലമുറയ്ക്കൊപ്പം പ്രവർത്തിച്ച് അപ്‌ഡേറ്റഡാകാനാണ് ശ്രമം. പിന്നെ ഒന്നു രണ്ടുചിത്രത്തിൽ റഫീക്ക് അഹമ്മദ്, യൂസഫലി കേച്ചേരിയുടെ മരുമകൻ ബാദുഷ എന്നിവർക്കൊപ്പവും പ്രവർത്തിക്കുന്നുണ്ട്.
താരാട്ടുപാടിക്കൊണ്ടായിരുന്നു ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. നവോദയയുടെ ഒന്നുമുതൽ പൂജ്യംവരെ എന്ന ചിത്രത്തിൽ. വർഷങ്ങൾക്കുശേഷം താരാട്ടുപാട്ടുകളുടെ ചട്ടക്കൂടിൽ നിൽക്കാത്ത ‘ഉണ്ണീ വാവാവോ’ എന്ന സാന്ത്വനത്തിലെ മറ്റൊരുഹിറ്റ് താരാട്ട്. ഈ വൈവിധ്യം ബോധപൂർവമായിരുന്നോ?
ഓരോഗാനത്തിനും സംവിധായകനും നിർമാതാവും ആവശ്യപ്പെടുന്ന രീതിയിൽ ഈണം നൽകുകമാത്രമാണ് ചെയ്തത്. ബോധപൂർവമായിരുന്നില്ല ഈ വ്യത്യസ്തത. എന്റെ ആദ്യസിനിമാഗാനമായ ‘രാരീരാരിരം രാരോ...’ എന്നഗാനം വളരെ വൈകാരികമായി പാടുന്നഗാനമാണ്. അതിനുവേണ്ടത് അത്തരമൊരു ഈണവും പശ്ചാത്തലവുമാണ്. ‘ഉണ്ണീ വാവാവോ...’ എന്ന ഗാനത്തിൽനിറയുന്നത് മാതാവിന്റെ വാത്സല്യവും സ്നേഹവും കുഞ്ഞിന്റെ നിഷ്‌കളങ്കതയും ഒക്കെയാണ്. അതെല്ലാം ഒന്നുചേർന്നു വരുമ്പോൾ പതിവുകൾ തെറ്റും. ചിലപ്പോൾ ഒരുവേഗം പാട്ടിലുമനുഭവപ്പെടും.
വചനത്തിലെ ‘നീൾമിഴിപ്പീലിയിൽ നീർമണി എന്നഗാനം പിറന്ന കരങ്ങളിൽനിന്നുതന്നെയാണ് സ്വപ്നക്കൂടിലെ ഇഷ്ടമല്ലെടാ എന്ന ഗാനം പിറന്നത്. അതേക്കുറിച്ച്
ഇഷ്ടമല്ലെടാ, ഇരുളിൻ മഹാനിദ്രയിൽ തുടങ്ങിയ ഗാനങ്ങൾ ഞാൻചെയ്തതാണെന്ന് പറയുമ്പോൾ ഇപ്പോഴും പലരും വിശ്വസിക്കാൻ പ്രയാസപ്പെടുകയാണ്. ഗാനത്തിന്റെ സാഹചര്യമനുസരിച്ച് അതിന് വ്യത്യസ്തത കൈവരുമ്പോൾ എന്റെ ചട്ടക്കൂടുകളും മാറും. വചനത്തിലെ ഗാനം സുഹൃദ്‌സ്നേഹബന്ധത്തോടൊപ്പം നിശ്ശബ്ദപ്രണയത്തിന്റെ തീവ്രതയും മുറ്റി നിൽക്കുന്നഗാനമാണ്. വൃന്ദാവൻസാരംഗ് രാഗത്തിലാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇരുളിൻ മഹാനിദ്രയിൽ പാടിയിരിക്കുന്നത് കവി മധുസൂദനൻനായരാണ്. അപ്പോൾ കവിയുടെ ശൈലിയിലുള്ള ഈണമാണ് ഗാനത്തിനാവശ്യം. അത് ഗായകൻപാടിയാൽ ഗാനത്തിന്റെ രീതിയിലേവരൂ. അവിടെവേണ്ടത് അത്തരമൊരു ഗാനമായിരുന്നില്ല.
ഒട്ടേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു സംഗീതജീവിതം എന്നുകേട്ടിട്ടുണ്ട്...
അതെ. ബാല്യകാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. അച്ഛൻ കുമാരൻ നാടകപ്രവർത്തകനും ഗായകനുമായിരുന്നു. അതുകൊണ്ടുതന്നെ സംഗീതം പാരമ്പര്യമായി കിട്ടിയതാണ്. സിനിമയിൽ സംഗീതസംവിധായകനാകും മുൻപ് ട്രാക്കു പാടിയും പ്രമുഖസംഗീതസംവിധായകരുടെ സഹായിയായി പ്രവർത്തിച്ചും ഈരംഗത്ത് ഞാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബാല്യകാലം സംഗീതസമ്പന്നമായിരുന്നു. ഒട്ടേറെ പ്രതികൂലകാലാവസ്ഥാന്തരങ്ങളോട് മല്ലിട്ടായിരുന്നു ഞാനെന്റെ സംഗീതജീവിതം കെട്ടിപ്പടുത്തത്. മലയാള സിനിമാരംഗത്തേക്കുള്ള എന്റെ പ്രവേശംതന്നെ വലിയൊരു ട്വിസ്റ്റാണ്. സിത്താര എന്നപേരിൽ എനിക്കൊരു ഗാനമേളട്രൂപ്പുണ്ടായിരുന്നു. പരിപാടികൾക്കിടെ വ്യത്യസ്തതയ്ക്കായി മിമിക്രി അവതരിപ്പിക്കാൻ വന്ന ആളായിരുന്നു ഇന്നത്തെ സംവിധായകൻ ടി.കെ. രാജീവ്കുമാർ. അദ്ദേഹത്തിലൂടെ നവോദയയിലും പിന്നീട് അവരുടെ ചിത്രത്തിൽ സംഗീതസംവിധായകനുമായി മാറുകയായിരുന്നു ഞാൻ. 1986-ൽ, സംഗീതസംവിധായകനാക്കാം എന്നൊന്നും പറയാതെയാണ് രാജീവ് എന്നെ എറണാകുളത്തേക്ക് വിളിപ്പിച്ചത്. നവോദയ നിർമിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പരിചയപ്പെട്ടപ്പോൾ അവർ ഒരു താരാട്ടുപാട്ടിനു പറ്റിയ ഈണമുണ്ടാക്കാൻ പറഞ്ഞു. അപ്പച്ചന്റെ മകൻ ജിജോയാണ് ഹാർമോണിയം കൈയിൽത്തന്ന് താരാട്ടുണ്ടാക്കാൻ പറഞ്ഞത്. വളരെ കഷ്ടപ്പെട്ടുപോയി എങ്കിലും വളരെ കുറഞ്ഞസമയത്തിനുള്ളിൽ ഞാൻ രണ്ട് ഈണങ്ങൾ അവരെ കേൾപ്പിച്ചു. രണ്ടാമത്തെ ഈണം ഇഷ്ടപ്പെട്ടു എന്നും അത് സിനിമയിൽ ഉപയോഗിക്കാൻപോവുകയാണെന്നും അവർ പറഞ്ഞപ്പോഴാണ് ഞാൻ സംഗീതസംവിധായകനാകാൻ പോകുകയാണെന്ന കാര്യമറിയുന്നത്. മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. ഞാൻ രാരീരാരിരംരാരോ എന്നഗാനത്തിനായി ചിട്ടപ്പെടുത്തിയ ആദ്യത്തെഈണമാണ് സത്യൻ അന്തിക്കാട് കുടുംബപുരാണം എന്നചിത്രത്തിൽ താലോലം താനേ താരാട്ടും എന്ന പാട്ടിനായി ഉപയോഗിച്ചത്. ചിത്രത്തിൽ ഒരു താരാട്ടിന്റെ സിറ്റുവേഷൻ സത്യേട്ടൻ വിശദീകരിച്ചപ്പോൾ ഞാൻ ഈ ഈണത്തെക്കുറിച്ചുപറഞ്ഞു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു.
മോഹൻലാൽ ഉൾപ്പെടെയുള്ള നടന്മാരെ പാട്ടുപാടിപ്പിച്ച അനുഭവങ്ങൾ
എന്റെ തന്മാത്ര, ഭ്രമരം എന്നീ രണ്ടുചിത്രങ്ങളിൽ ലാലേട്ടൻ പാടിയിട്ടുണ്ട്. ഈണം പറഞ്ഞുകൊടുക്കുമ്പോഴേക്ക് പെട്ടെന്ന് പഠിച്ചെടുത്ത് മികച്ചരീതിയിൽപാടി വിസ്മയിപ്പിച്ചിട്ടുണ്ട് ലാലേട്ടൻ. അതേപോലെ കലാഭവൻമണി. നാടൻപാട്ടുപാടാനുള്ള അദ്ദേഹത്തിന്റെ വൈഭവവും വിസ്മയകരമാണ്. ‘കാട്ടിലെമാനിന്റെ തോലുകൊണ്ടുണ്ടാക്കി’ എന്നഗാനംപാടിയത് കലാഭവൻ മണിയാണ്. ജയറാം, കെ.പി.എ.സി.ലളിതച്ചേച്ചി എന്നിവരും എന്റെ പാട്ടുകൾ പാടിയിട്ടുണ്ട്.
റിയാലിറ്റിഷോ, റീമിക്സ്ഗാനങ്ങൾ-പുതിയകാലത്തെ സംഗീതത്തെ എങ്ങനെ വിലയിരുത്തുന്നു
നല്ലമനസ്സോടെയാണ് സമീപിക്കുന്നതെങ്കിൽ ഏറ്റവും മനോഹരമായ സംഗതിയാണ് റിയാലിറ്റിഷോ. ആരാലും അറിയപ്പെടാതെ എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന പ്രതിഭകളെ കണ്ടെത്താനും കൈപിടിച്ചുയർത്താനും റിയാലിറ്റിഷോകൾ മികച്ച പ്ലാറ്റ്‌ഫോം തന്നെ. എന്നാൽ, പലപ്പോഴും മത്സരമനോഭാവവും ചിലരുടെ അകാരണമായ ഇടപെടലുകളുമൊക്കെയായി മികച്ചലക്ഷ്യങ്ങളിൽനിന്ന് പല ഷോകളും മാറിപ്പോകുന്നതായി സംശയമുണ്ട്. റീമിക്സ്ഗാനങ്ങൾ പുതിയകാലം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഉണ്ടാക്കുന്നതിൽ തെറ്റില്ല. പക്ഷേ, അവ യഥാർഥഗാനങ്ങളോടും സംഗീതത്തോടും നീതിപുലർത്തുന്നവയായിരിക്കണം.
Content Highlights: Celebration of 40 years in the Malayalam music industry. Insights into his journey from early struggles to becoming a hit composer. Anecdotes about working with stars like Mohanlal and Kalabhavan Mani., Perspectives on modern reality shows and remix culture. Details on his upcoming film projects and comeback
Published: 08 Mar 2026, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented