
ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതങ്ങളും മനോഹരങ്ങളായ മെലഡികളുമൊക്കെയായി സംഗീത ലോകത്ത് തന്റേതായ ഇടം സാം സി.എസ്., കണ്ടെത്തിക്കഴിഞ്ഞു. സാം സി.എസ്.. എന്ന സംഗീജ്ഞനെ അറിയാത്തവർക്ക് പോലും അദ്ദേഹത്തിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവുമൊക്കെ സുപരിചിതമായിരിക്കും. 'വിക്രം വേദ'യിലേയും 'കെെതി'യിലേയുമൊക്കെ ത്രിസിപ്പിച്ച പശ്ചാത്തല സംഗീതത്തിനും 'ആർ. ഡി. എക്സി'ലെ വെെറൽ ഗാനങ്ങൾക്കും ഒക്കെ പിന്നിൽ സാം തന്നെ. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മാധവൻ്റെ 'റോക്കട്രി: ദി നമ്പി ഇഫക്ടി'ന് സംഗീതമൊരുക്കാനും അദ്ദേഹത്തിനായി. ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഒക്കെ മാസ്മരിക സംഗീതം ഒരുക്കുമ്പോഴും മലയാളത്തിലും സാന്നിധ്യമറിയിച്ചു. മലയാളത്തിൽ മോഹൻലാലിന്റെ 'ഒടിയനി'ൽ തുടങ്ങി സമീപകാലത്തിറങ്ങിയ 'ആർ.ഡി.എക്സും' 'വേല'യും 'ഫീനിക്സും' 'ബാന്ദ്ര'യുമൊക്കെയായി നിറഞ്ഞുനിൽക്കുകയാണ് സാം.
മൂന്നാറിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ഇന്ന് രാജ്യത്തെ എണ്ണം പറഞ്ഞ സംഗീത സംവിധായകരിൽ ഒരാളായി മാറിയ സാം സി. എസ് തന്റെ സംഗീത വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുന്നു.
ഒത്തിരി വിഷമിച്ചിട്ടുണ്ട്, ഒരു മേൽവിലാസം വേണമായിരുന്നു എനിക്ക്
പഠിക്കുന്ന സമയത്തൊക്കെ സംഗീത സംവിധായകൻ ആകണമെന്നുള്ള ആഗ്രഹമൊന്നും ഇല്ലായിരുന്നു. അത് യാദൃശ്ചികമായി സംഭവിച്ചതാണ്. ചെന്നെെ പോലൊരു വലിയ സിറ്റിയിൽ വീട് ഒക്കെ കിട്ടാനും ജീവിച്ച് പോകാനും ഒക്കെ നല്ല പ്രയാസമാണ്. ഐ.ടി. മേഖലയിൽ ജോലിയെടുത്തിരുന്ന സമയത്ത് ഒത്തിരി സ്ഥലത്ത് നിന്ന് ഒരുപാട് കാര്യങ്ങൾ കേട്ട് വിഷമിച്ചിട്ടുണ്ട്. ബാച്ചിലർമാർക്ക് മിക്കവരും വീട് തരില്ലായിരുന്നു. ഈ അഡ്രസ് പ്രൂഫ് എന്നുപറയുന്നത് വലിയൊരു സംഭവമാണ്. അത് കിട്ടാനും പ്രയാസമാണ്. ആരെങ്കിലും 'സാം സി. എസ്, ചെന്നെെ' എന്ന മേൽവിലാസത്തിൽ കത്തെഴുതിയാൽ അതെനിക്ക് കിട്ടണം എന്ന ആഗ്രഹം ആ സമയത്തുണ്ടായിരുന്നു.

നാലുപേർക്ക് നമ്മളെ കണ്ടാൽ മനസിലാകണം എന്ന ഉദ്ദേശവും അതിന് പിന്നിലുണ്ടായിരുന്നു. പക്ഷേ, അതിന് വേണ്ടി മാത്രമല്ല പണിയെടുത്തതും എടുത്തുകൊണ്ടിരിക്കുന്നതും. അത് അങ്ങനെ സംഭവിച്ചു എന്നുമാത്രം. നല്ലൊരു പാട്ടുചെയ്ത് ആളുകൾക്ക് അത് ഇഷ്ടപ്പെടുമ്പോൾ ലഭിക്കുന്ന സന്തോഷത്തിലാണ് കാര്യം. സത്യാവസ്ഥ എന്തെന്നാൽ ഇപ്പോഴും കേരളത്തിലെ മിക്കവർക്കും ഞാൻ ആരാണെന്ന് അറിയില്ല. സാം സി.എസ്സിന്റെ സംഗീതം നല്ലതാണെന്ന് പറയുന്നുണ്ടാകാം. പക്ഷേ എന്റെ ഫോട്ടോ കണ്ടാൽ പോലും പലർക്കും മനസിലാകില്ല.
'ആർ.ഡി.എക്സി'ൻ്റെ വിജയത്തിന് ശേഷം പലരും മാറിചിന്തിക്കാൻ തുടങ്ങി
ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. 'ഒടിയന്' ശേഷം മലയാളത്തിൽനിന്നു ധാരാളം അവസരങ്ങൾ വന്നുവെങ്കിലും ചെയ്തത് കുറവായിരുന്നു. ലെെവ് ഇൻസ്ട്രമെന്റുകളാണ് ഞാൻ കൂടുതലും ഉപയോഗിക്കുന്നത്. ഞങ്ങളുടെ മ്യൂസിക് പ്രൊഡക്ഷന്റെ ചെലവ് വളരെ കൂടുതലാണ്. മലയാളത്തിൽ കുറഞ്ഞ ബജറ്റായിരിക്കും സംഗീതം ചെയ്യാനായി ലഭിക്കുന്നത്.
'ആർ.ഡി.എക്സ്' പോലുള്ള ചിത്രങ്ങൾ ഹിറ്റായതിന് ശേഷം കൂടുതൽ പണം ഇൻവെസ്റ്റ് ചെയ്താൽ ഗുണമുണ്ടെന്ന് ആളുകൾക്ക് മനസിലായിത്തുടങ്ങി. ചിലപ്പോൾ നമ്മൾ ചെയ്യുന്നത് നല്ല സംഗീതമായിരിക്കും. പക്ഷേ സിനിമ അത്ര വിജയമാകണമെന്നില്ല. നല്ല സംഗീതമാണ് നമ്മുടെ അടുത്ത ചിത്രത്തിനുള്ള ഇൻവെസ്റ്റ്മെന്റ്. കടുത്ത മത്സരമുള്ള മേഖലയാണിത്. ബിൽഡപ്പിൽ മാത്രം കാര്യമില്ല, നല്ല സംഗീതം കൊടുത്താൽ മാത്രമേ നിലനിൽപ്പുള്ളൂ. ആളുകൾ പ്രതീക്ഷിക്കുന്നത് ചെയ്തുകൊടുക്കാൻ എനിക്ക് സാധിക്കുന്നുണ്ടെന്ന് കരുതുന്നു, അതിനാൽ കൂടുതൽ വർക്കുകൾ വരുന്നു.
'ആർ.ഡി.എക്സി'ലെ 'ഹലബല്ലൂ' എന്ന ഗാനം സിനിമയുടെ റിലീസിന് മുൻപേ പുറത്തിറങ്ങിയിരുന്നു. ആ പാട്ടിന് നല്ല പ്രതികരണങ്ങൾക്കൊപ്പം ഒരുപാട് നെഗറ്റീവ് കമെന്റുകളും ലഭിച്ചു. പുതുമയില്ലാത്ത ഗാനമെന്നും തൊണ്ണൂറുകളിലെ പഴയ പാട്ടുപോലെയുണ്ടെന്നും ഒക്കെ ചിലർ പറഞ്ഞു. പടം റീലീസായി കണ്ടുകഴിഞ്ഞിട്ട് വന്നതെല്ലാം നല്ല അഭിപ്രായമായിരുന്നു. കാരണം സിനിമ നടക്കുന്നത് തൊണ്ണൂറ് കാലഘട്ടത്തിലാണ്, അപ്പോൾ പാട്ടും അങ്ങനെ ആകണമല്ലോ. യൂത്ത്, ഫാമിലി അങ്ങനെ ഒരു പ്രത്യേക വിഭാഗത്തെ മാത്രം നോക്കിയല്ല പാട്ടുകൾ ചെയ്യുന്നത്, ചിത്രത്തിന് എന്താണോ വേണ്ടത് അതാണ് ചെയ്യുന്നത്. തിയേറ്ററിൽ നിന്ന് കുടുംബമായി കാണുമ്പോൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണം. ഫീനിക്സിലെ പാട്ടിനെക്കുറിച്ചും ഇത്തരം കമെന്റുകൾ വന്നു. പടം കാണുന്നവർക്ക് മനസിലാകും സംഭവമെന്താണെന്ന്.
'കെെതി 2'-ൽ ആളുകൾക്ക് പ്രതീക്ഷയേറെ, അധ്വാനവും കൂടും
'കെെതി'യിലെ പശ്ചാത്തല സംഗീതം 'കെെതി 2'-ൽ വരുമ്പോൾ എങ്ങനെയായിരിക്കണമെന്ന് ഞാൻ ലോകേഷിനോട് പറഞ്ഞിട്ടുണ്ട്. ജയിലിൽ ഉള്ള സംഭവം വെച്ചിട്ടാണ് 'കെെതി'യിലെ പശ്ചാത്തല സംഗീതം ഒരുക്കിയത്. ജയിലിനെക്കുറിച്ച് പറയുമ്പോൾ മാത്രമാണ് ആ പശ്ചാത്തല സംഗീതം ഉപയോഗിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ പശ്ചാത്തല സംഗീതം കുറച്ചുകൂടി വലുതാകും. അങ്ങനെ ഒരു പദ്ധതി മനസിലുണ്ട്. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ഉറപ്പ് പറയാനാകില്ല. ചിലപ്പോൾ ഞാനാകും അല്ലെങ്കിൽ വേറാരെങ്കിലും ചെയ്തേക്കാം. 'കെെതി 2'-ൽ ഞാനുണ്ടാകുമോയെന്ന് ലോകേഷും അണിയറപ്രവർത്തകരുമാണ് ഔദ്യോഗികമായി പറയേണ്ടത്.
പാട്ട് നല്ലതാണെങ്കിലും ചിലപ്പോൾ ആളുകൾ കേൾക്കണമെന്നില്ല. ചെറിയൊരു ഹീറോയ്ക്ക് ഒരു പശ്ചാത്തല സംഗീതം കൊടുക്കുമ്പോൾ ആരും അറിയണമെന്നില്ല, പക്ഷേ അത് വലിയൊരു താരത്തിന് നൽകിയാൽ എല്ലാവരും കേൾക്കും. 'കെെതി 2' പോലെ പ്രേക്ഷകർക്ക് അമിത പ്രതീക്ഷ വരുന്ന സാഹചര്യത്തിൽ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കും. 100 ശതമാനം ചെയ്യാൻ എനിക്ക് പറ്റുമെങ്കിൽ 200 ശതമാനം ചെയ്യാൻ ശ്രമിക്കും. ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് എനിക്ക് ഇഷ്ടമാണ്.
ആ പാട്ട് സിനിമയിൽനിന്ന് ഒഴിവാക്കിയതും ഗുണം ചെയ്തു
രണ്ടുതരം സിനിമകളാണുള്ളത്. നമ്മുടെ തൊട്ടടുത്ത് നടക്കുന്ന കാര്യങ്ങൾ കാണിക്കുന്നതുപോലുള്ള ചിത്രങ്ങളാണ് ഒന്ന്. ചില സിനിമകൾ ഭയങ്കര സിനിമാറ്റിക് ആയിട്ട് ആരാധകർക്ക് വേണ്ടി ചെയ്യുന്നതായിരിക്കും. ഇത്തരം ചിത്രങ്ങളിൽ ആളുകൾ പാട്ടുകൾ പ്രതീക്ഷിക്കുന്നുണ്ട്, തിയേറ്റകളിൽ ആസ്വദിക്കുകയും ചെയ്യും. പക്ഷേ, 'കെെതി' പോലുള്ള ത്രില്ലറുകളിലൊക്കെ പാട്ടുകൾ വരുമ്പോൾ അരോചകമായി തോന്നിയേക്കാം. ചിത്രത്തിൻ്റെ ഒഴുക്ക് നഷ്ടമാകും. ആ സിനിമയുടെ ലോകത്തിന് ഉള്ളിൽ നിന്നുകൊണ്ടുള്ള പാട്ടുകളാണെങ്കിൽ കുഴപ്പമില്ല. മലയാളത്തിലെ ‘വേല’ പോലുള്ള ചിത്രങ്ങളിൽ ഇങ്ങനെയാണ് സംഗീതം ഒരുക്കിയത്. വേല എന്നൊരു ഉത്സവത്തിന്റെ പ്രതീതി വരുന്ന രീതിയിലാണ് പാട്ടുകളും പശ്ചാത്തല സംഗീതവും.

‘അടങ്കമാരു’ എന്ന ജയം രവി സാറിന്റെ ചിത്രത്തിൽ തുടക്കത്തിലൊരു പാട്ടുണ്ടായിരുന്നു. പ്രിവ്യൂ കണ്ടിട്ട് പാട്ടില്ലെങ്കിൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. ഇക്കാര്യം സംവിധായകനോടും ജയം രവി സാറിനോടും പറഞ്ഞപ്പോൾ സംഗീത സംവിധായകൻ എന്താ ഇങ്ങനെ പറയുന്നതെന്ന് അവർക്ക് തോന്നി. പാട്ട് വരുമ്പോൾ നായകന്റെ ഇൻട്രോയുടെ പ്രാധാന്യം കുറയുന്നുണ്ട്. അങ്ങനെ ആ പാട്ട് ഒഴിവാക്കി. പ്രേക്ഷകനെന്ന നിലയിൽ ആവശ്യമില്ലാത്ത സ്ഥലത്ത് പാട്ടുവരുന്നത് എനിക്ക് ഇഷ്ടമില്ല. ഭാവിയിൽ കൂടുതൽ പാട്ടുകളില്ലാത്ത സിനിമകളായിരിക്കും ഉണ്ടാകുകയെന്ന് തോന്നുന്നു.
ഓരോ പ്രേക്ഷകർക്കും ഓരോ ആസ്വാദന രീതിയാണ്. കേരളത്തിലുള്ളവർക്ക് മെലഡിയാണ് കൂടുതലിഷ്ടമെന്ന് ഞാൻ കരുതുന്നു. തമിഴ് നാട്ടിലേയും കർണാടകത്തിലേയും പ്രേക്ഷകരുടെ ആസ്വാദന രീതി മറ്റൊന്നാണ്. ഹിന്ദിക്കാർക്കും ഇഷ്ടം മെലഡിയാണെങ്കിലും അത് മറ്റൊരു തരത്തിലാണ്. എനിക്ക് ഇനി കൂടുതൽ വർക്ക് ചെയ്യണമെന്ന് തോന്നുന്നത് മലയാളത്തിലാണ്. കാരണം കുത്ത് പാട്ടുകളെക്കാൾ എനിക്കിഷ്ടം മെലഡിയോടാണ്. എന്നാൽ മെലഡി ചെയ്യുന്നതിനെക്കാൾ അധികം പ്രയത്നം വേണ്ടുന്നത് കുത്ത് പാട്ടുകൾക്കാണ്. എല്ലാ ഭാഷയിലും ഹിറ്റ് കൊടുക്കണമെന്നാണ് ആഗ്രഹം. ഇളയരാജാ സാറിന്റേയും വിദ്യാസാഗർ സാറിന്റേയും തൊണ്ണൂറുകളിലെ എ.ആർ. റഹ്മാൻ സാറിന്റേയും ഒക്കെ മെലഡികളാണ് എനിക്കിഷ്ടം, ഞാൻ കേട്ട് വളർന്നത് ആ പാട്ടുകളാണ്. എന്റെ മെലഡികൾ ആസ്വദിക്കുന്നവർ കേരളത്തിലുണ്ട്, അതിനാൽ മലയാളത്തിൽ കൂടുതൽ ചെയ്യാൻ ഇഷ്ടപ്പെടുന്നു.
റെട്രോ ഗാനങ്ങളും റീമിക്സും, സ്വാതന്ത്രം നൽകുന്ന ലോകേഷ്
പഴയ ഗാനങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നെങ്കിൽ അത് അവസരത്തിന് യോജിച്ചതായിരിക്കണം. '96' എന്ന ചിത്രത്തിൽ പഴയ ഗാനങ്ങൾ ഉപയോഗിച്ചത് ആ കാലഘട്ടത്തെ അടയാളപ്പെടുത്താനാണ്. ചില സിനിമകളിൽ കാറുകൾ, വസ്ത്രങ്ങൾ എന്നിവ പഴയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിന് കാണിക്കാറുണ്ടല്ലോ, അതുപോലെയാണ് സംഗീതവും.
എൺപതുകളിലെ കഥ പറയുമ്പോൾ ചായക്കടയിലെ റേഡിയോയിൽ നസീർ സാറിന്റെ ഒരു പാട്ട് റേഡിയോയിൽ കേൾക്കുമ്പോൾ കാലഘട്ടം പെട്ടെന്ന് മനസ്സിലാകും. അങ്ങനത്തെ സാഹചര്യങ്ങളിൽ പഴയ പാട്ടുകൾ ഉൾപ്പെടുത്തുന്നത് എനിക്കിഷ്ടമാണ്. പക്ഷേ ഈ റീമിക്സ് എന്നൊരു സംഭവമുണ്ട്, അതെനിക്ക് ഇഷ്ടമല്ല. ക്ലാസിക്കുകളെ ആ വഴിക്ക് വിടുന്നതാണ് നല്ലത്. 'കെെതി'യിൽ ലോകേഷിന് ഇഷ്ടപ്പെട്ട പാട്ടുകൾ സാഹചര്യത്തിന് അനുയോജ്യമായി ചെയ്യുകയാണുണ്ടായത്.

സംഗീതത്തിൽ സ്വാതന്ത്ര്യം എന്നൊന്നുണ്ട്. ലോകേഷ് കനകരാജ് ആണെങ്കിലും പുഷ്കർ- ഗായത്രി പോലുള്ളവരാണെങ്കിലും നമുക്ക് സ്വാതന്ത്ര്യം തരും. എനിക്ക് ഇങ്ങനെ വേണം അങ്ങനെ വേണം എന്നൊന്നും പറയില്ല. അവരുടെ താത്പര്യം ഇന്നതാണെന്ന് അറിയിക്കും. നമ്മളോട് മുഴുവൻ സ്വാതന്ത്ര്യവും എടുത്ത് ചെയ്യാൻ പറയും. ഒടുവിൽ വർക്ക് കണ്ടിട്ടാണ് അവർ അവരുടെ ചെറിയ അഭിപ്രായങ്ങൾ പറയുന്നത്. കലാകാരന്മാരിലുള്ള അവരുടെ വിശ്വാസമാണത്. ക്യാമറാമാൻ, എഡിറ്റർ ആരുമായിക്കോട്ടെ, അവരെ ബഹുമാനിക്കുമ്പോഴാണ് നമുക്ക് കൂടുതൽ ഉത്തരവാദിത്തം വരുന്നത്. ലോകേഷ് ഒക്കെ അങ്ങനെയാണ്. 'കെെതി'യിൽ ആണെങ്കിലും തന്നിട്ടുള്ള റെഫറൻസ് കുറവാണ്, പക്ഷേ ഒരുപാട് സ്വാതന്ത്ര്യം തന്നു. ലോകേഷിന്റെ കൂടെ വർക്ക് ചെയ്യുന്നതിൽ ഭയങ്കര സന്തോഷമുണ്ട്.
ഹോളിവുഡിൽ ഒക്കെ സംഗീതം മാറിക്കൊണ്ടിരിക്കുകയാണ്. ടെനെറ്റ്, ഡങ്ക്റിക്ക് പോലുള്ള സിനിമകളിലൊക്കെ ഈ മാറ്റം കാണാം. ഇവിടെ പുതിയ കാര്യങ്ങൾക്ക് സ്വീകാര്യത കുറവാണ്. പുതിയൊരു സംഭവം ചെയ്തു കൊടുക്കുമ്പോൾ ഇത് കൊള്ളാം, പക്ഷേ ഈ പരീക്ഷണം ഇവിടെ വർക്കൗട്ട് ആകുമോ എന്നാണ് സംവിധായകർ ചോദിക്കുന്നത്. അവർക്ക് സേഫ് ആയിട്ടുള്ളതാണ് വേണ്ടത്. പരീക്ഷണങ്ങൾ ചെയ്യാൻ ചില സംവിധായകർ മാത്രമേ സമ്മതിക്കുകയുള്ളു. ബാക്കിയുള്ളവർക്ക് പേടിയാണ്. അത് തെറ്റല്ല, അവരുടെ സേഫ്റ്റി അവർക്ക് നോക്കണം. സ്വാതന്ത്ര്യം തരുന്ന സംവിധായകർക്ക് നമ്മൾ പുതുമയുള്ള സംഗീതം ചെയ്ത് കൊടുക്കും.
മോഹൻലാൽ ചിത്രത്തിലെ കോമഡി രംഗത്തുള്ള ‘വിക്രം വേദ’
പശ്ചാത്തല സംഗീതം ഇട്ടുകൊണ്ട് കഥയെഴുതുന്ന ചില സംവിധായകരുണ്ട്. അവർക്ക് അതേ ട്രാക്ക് തന്നെ വേണമെന്ന് പറയും. നമ്മൾ പരമാവധി മാറ്റി ചെയ്യാൻ ശ്രമിക്കും. അതുപോലെ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ആളുകൾ താരതമ്യം ചെയ്യുന്നത്. ഒരു സംഗീതം ചെയ്യുമ്പോൾ ആദ്യ കേൾവിയിൽ തന്നെ എല്ലാവർക്കും അത് ഇഷ്ടപ്പെടണമെന്നില്ല. പിന്നീട് കേൾക്കുമ്പോൾ നല്ലതാണെന്ന തോന്നൽ വരും, ഇഷ്ടപ്പെടും.
'വിക്രം വേദ'യിലെ പശ്ചാത്തല സംഗീതത്തിനെക്കുറിച്ച് കേരളത്തിൽനിന്ന് എനിക്കൊരു ട്രോൾ വന്നു. മോഹൻലാലിന്റെ ഒരു സിനിമയിലെ (മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു) ഒരു കോമഡി സീനിൽ വരുന്ന സംഗീതവും 'വിക്രം വേദ'യിലെ പശ്ചാത്തല സംഗീതത്തിലെ ഒരു ഭാഗവും ഒന്നാണെന്ന് പറഞ്ഞായിരുന്നു ട്രോൾ. ഒരു കോമഡി സീൻ കണ്ടിട്ട് അതിലെ ഒരു ഭാഗം ഗ്യാങ്സ്റ്റർ സിനിമയിൽ ഉപയോഗിക്കുന്നത് തന്നെ വലിയൊരു സംഭവമല്ലേ. പക്ഷേ, സത്യമായിട്ടും ആ കോമഡി രംഗം ഞാൻ കണ്ടിട്ടില്ല. മനഃപൂർവം ചെയ്യുന്നതല്ല, യാദൃശ്ചികമായിട്ട് ഇതൊക്കെ സംഭവിക്കാം. അതിനോട് നമ്മൾ പ്രതികരിക്കാൻ പോകുമ്പോഴാണ് പ്രശ്നം. നമ്മൾ പെെസ മേടിച്ച് ചെയ്യുമ്പോൾ മനസാക്ഷിയെന്നൊന്ന് ഉണ്ടെങ്കിൽ നമ്മൾ സ്വന്തമായി സംഗീതം ഉണ്ടാക്കണം.
വേറൊരു പാട്ടിനെ കോപ്പിയടിച്ചൊന്നും ചെയ്യരുത്. അങ്ങനെ ചെയ്താൽ നിലനിൽക്കാൻ ആകില്ല. ഇളയരാജ സാർ, വിദ്യാസാഗർ സാർ ഒക്കെ ചെയ്തത് പോലെ ഹൃദ്യമായ ഗാനങ്ങൾ ചെയ്യാൻ ഒരുപാട് കഷ്ടപ്പാടുണ്ട്. എന്നെക്കുറിച്ചും ഇത്തരം കമെന്റ് കേട്ടിട്ടുണ്ട്. 'വെള്ളയ്ക്കനവ് ഒൺറ്' എന്നൊരു ഗാനം 'പുരിയാത പുതിർ' എന്ന ചിത്രത്തിൽ ചെയ്തിട്ടുണ്ട്. ആ പാട്ട് കേട്ടിട്ട് ഒരാൾ രജിനി സാറിന്റെ ചിത്രത്തിലെ'കൊക്ക് സെയ്‌വ കൊക്ക്' എന്ന പാട്ട് പോലെയുണ്ടെന്ന് പറഞ്ഞു. അത് കേട്ട് ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്. കേട്ട് നോക്കിയപ്പോൾ അയാൾ പറഞ്ഞത് ശരിയാണ്. രണ്ടുവരിയിലെ ഈണം അതുപോലെ ഉണ്ട്. പക്ഷേ ഇതൊന്നും നമ്മൾ മനഃപൂർവം ചെയ്യുന്നതല്ല. അങ്ങനെ വരുമ്പോൾ ഒരുപോലെ ഉണ്ടെന്നത് നമ്മളത് സമ്മതിച്ച് കൊടുക്കണം. സത്യമായിട്ടും ഞാൻ കോപ്പിയടിച്ചിട്ടില്ല. അത് പറഞ്ഞാൽ ചിലർ വിശ്വസിക്കും ചില വിശ്വസിക്കില്ല. ഒരു പാട്ട് നമ്മൾ ചെയ്തു കഴിഞ്ഞിട്ട് കൂടെയുള്ളവരോട് കേൾപ്പിക്കുമ്പോൾ വേറെ ഏതെങ്കിലും പാട്ടുമായി സാമ്യം തോന്നുന്നുണ്ടെന്ന് പറഞ്ഞാൽ ഉടനെ നമ്മൾ അത് മാറ്റുകയാണ് ചെയ്യുന്നത്.
എന്നെയാരും തിരിച്ചറിയണ്ട, പാട്ടുകൾ ഹിറ്റായാൽ മതി
ഒരു പാട്ടിന്റെ വരികൾക്കിടയിലെ ഇംഗ്ലീഷ് വാക്കുകൾ വരുമ്പോൾ ആ ഗാനത്തിന്റെ അതിര് വലുതാവുകയാണ്. ഒരു വേൾഡ് ക്ലാസ് ടച്ച് വന്നിട്ടുണ്ടെന്ന് കേൾക്കുന്നവർക്ക് തോന്നും. പക്ഷേ, ഇതൊന്നും മനഃപൂർവം ഇടുന്നതല്ല. നിങ്ങൾ കഴിഞ്ഞ സിനിമയുടെ ട്രെയിലറിൽ ചെയ്തത് പോലെ ഇംഗ്ലീഷ് മിക്സ് ഈ സിനിമയിലും വേണമെന്ന് ചില സംവിധായകർ വന്നിട്ട് പറയും. അത് കഴിഞ്ഞ തവണ ചെയ്തല്ലോ ഇനി മാറ്റി ചെയ്താൽ അല്ലേ കുറച്ചുകൂടി നന്നാവുക എന്ന് ഞാൻ തിരിച്ചു ചോദിക്കും. ചിലർ വേണമെന്ന് നിർബന്ധം പിടിച്ച് ഒടുവിൽ അത് ചെയ്തു വാങ്ങും. ഓരോ ചിത്രത്തിലും പരമാവധി വ്യത്യസ്തമായി ചെയ്യാനാണ് ശ്രമിക്കുന്നത്.
ഇപ്പോൾ എനിക്ക് വരുന്ന മിക്ക ചിത്രങ്ങളും ഡാർക്ക് ത്രില്ലറിൽ പെടുന്നതാണ്. ഈ ചിത്രങ്ങളിലേ സംഗീതം കേട്ടാൽ ഞാനാണ് ചെയ്തതെന്ന് ചിലർക്കെങ്കിലും മനസ്സിലാകുന്ന തരത്തിലുള്ള സാമ്യതകളുണ്ട്. എല്ലാവരെയും കൊണ്ട് ഇങ്ങനെ തോന്നിപ്പിച്ചിട്ട് കുറച്ചു കഴിഞ്ഞ് സ്റ്റൈൽ മാറ്റാം എന്നാണ് തീരുമാനം. ഒരുപാട് നാൾ ഒരേ ട്രാക്കിൽ തന്നെ പൊയ്ക്കൊണ്ടിരുന്നാൽ ആളുകൾക്ക് ബോറടിക്കും. അയാളുടെ പാട്ടുകൾ എല്ലാം ഒരുപോലെയാണെന്ന് ആളുകൾ പറയും. അങ്ങനെ പറഞ്ഞു തുടങ്ങുന്നതിനു മുൻപ് നമ്മൾ മാറ്റിയിരിക്കണം. സംഗീതത്തിന്റെ തലമുറകൾ മാറുകയാണ്. ഒരുപോലെയുള്ള വർക്കുകൾ ചെയ്തുകൊണ്ട് ഇരുന്നാൽ നിലനിൽപ്പുണ്ടാകില്ല.

'ആർ.ഡി.എക്സി'ലെ പാട്ട് ഹിറ്റാണെങ്കിലും എന്നെക്കുറിച്ച് അധികം ആർക്കും അറിയില്ല. എനിക്ക് അതുതന്നെയാണ് വേണ്ടത്. അതാണ് ഞാൻ കരുതുന്ന വിജയം. നമ്മൾ ആരാണെന്ന് അറിയണ്ട, പാട്ടുകൾ ഹിറ്റ് ആയാൽ മതി. സിനിമ ഞാൻ രംഗങ്ങൾ ആയല്ല കാണുന്നത്. ആ ചിത്രത്തിന്റെ മൊത്തത്തിലുള്ള ഇമോഷൻ മനസിലാക്കണം. അച്ഛൻ-മകൾ വൈകാരികതയാണ് 'കൈതി'. അതുപോലെ 'ആർ.ഡി.എക്സ്' ഒരു ഇടിപ്പടം അല്ല. ഇമോഷന്റെ പുറത്താണ് ചിത്രം പുരോഗമിക്കുന്നത്. വില്ലന്മാരെ തല്ലണമെന്ന് പ്രേക്ഷകർക്ക് തോന്നുമ്പോഴാണ് ഇടി വീഴുന്നത്. എല്ലാ ചിത്രങ്ങളും ഇങ്ങനെത്തന്നെയാണ്. ടൈറ്റാനിക്ക് എന്ന ചിത്രത്തിൽ കപ്പൽ തകരുന്നത് കാണിക്കുമ്പോഴും സ്നേഹത്തിനാണ് അവിടെ പ്രാധാന്യം.
അനിരുദ്ധിൻ്റെ ‘ലിയോ’, താരതമ്യമല്ല, അണ്ടർറേറ്റഡ് എന്ന വിളിയാണ് വിഷമിപ്പിക്കുന്നത്
ഓരോ സംഗീതജ്ഞരുടെയും കാഴ്ചപ്പാട് ഓരോന്നായിരിക്കും. 'ലിയോ'യിൽ അനിരുദ്ധ് നന്നായി ചെയ്തിട്ടുണ്ട്. അത് ഞാനാണ് ചെയ്തിരുന്നെങ്കിൽ വേറൊരു മൂഡ് ആയേനെ. അനിരുദ്ധുമായി ആളുകൾ താരതമ്യം ചെയ്യുന്നതിൽ എനിക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയിട്ടില്ല. പക്ഷേ അണ്ടർറേറ്റഡ് എന്ന വിളിയാണ് വിഷമിപ്പിക്കുന്നത്. എന്തിനാണ് അങ്ങനെ വിളിക്കുന്നതെന്ന് അറിയില്ല. എല്ലാവരും ഒരുപോലെയല്ല പടം ചെയ്യുന്നത്.
ഇന്ന് സംഗീത സംവിധായകൻ എന്ന് പറയുമ്പോൾ സംഗീതം മാത്രം ചെയ്താൽ പോര, അതിന്റെ ബിസിനസ് വശം കൂടി നോക്കണം. നല്ല സംഗീതം മതിയെങ്കിൽ ഒരുപാട് നല്ല കലാകാരന്മാർ പുറത്തുണ്ട്. ഒരു പടം മാത്രം ചെയ്ത ഒരുപാട് ഒരുപാട് സംഗീത സംവിധായകരുണ്ട്. അവർക്ക് നാളെ രജനി സാറിന്റെ വലിയൊരു പടം കിട്ടിയാൽ അവർ നന്നായി ചെയ്യും. കഴിവുള്ളവർ കഴിവില്ലാത്തവർ എന്നൊന്നില്ല. അവസരം ലഭിക്കുന്നവർ ലഭിക്കാത്തവർ എന്നേയുള്ളൂ.
ഒരുപാട് ഭാഷയിൽ സിനിമ ചെയ്തു. ഇതുവരെ ഒരിക്കൽ പോലും അവസരം ചോദിക്കേണ്ടി വന്നിട്ടില്ല. എനിക്ക് ഇങ്ങോട്ട് ചിത്രങ്ങൾ വരുന്നു ഞാനത് ചെയ്യുന്നു.മറ്റൊരു പാതയിൽ പോയിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് അനിരുദ്ധുമായി താരതമ്യം ചെയ്യുന്നത് എനിക്കൊരു പ്രശ്നം അല്ല. എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പുതിയ പാട്ടുകൾ ഇറങ്ങുമ്പോൾ ഞാൻ കേൾക്കാറുണ്ട്. ഞങ്ങൾ നല്ല രീതിയിൽ പരസ്പരം സംസാരിക്കാറുണ്ട്. ഞാൻ ചെയ്തതിൽ കൂടുതൽ ഹിറ്റ് പാട്ടുകളും അനിരുദ്ധാണ് പാടിയിരിക്കുന്നത്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല, അത് ആളുകൾക്ക് വെറുതെ തോന്നുന്നതാണ്. എന്റെ സുഹൃത്തായ സഹപ്രവർത്തകനാണ് അനിരുദ്ധ്.
'കെെതി'യിൽ നിന്ന് 'മാസ്റ്ററി'ലേയ്ക്ക്
ഒരു സിനിമയിൽ സംവിധായകന് മാത്രമായി ഒരു തീരുമാനമെടുക്കാൻ പറ്റില്ല. അങ്ങനെ ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ 'മാസ്റ്ററി'ൽ ലോകേഷ് എന്നെത്തന്നെ തിരഞ്ഞെടുത്തേനെ. കാരണം 'കൈതി' ഭയങ്കര ഹിറ്റ് ആയിരുന്നു.
പ്രൊഡക്ഷൻ ഹൗസിന് ഒക്കെ പലപ്പോഴും മറ്റൊരു സംഗീത സംവിധായകനുമായി കരാർ ഉണ്ടായിരിക്കും. ബിസിനസ്സ് കാര്യങ്ങൾ ഒക്കെ നോക്കിയാണ് എല്ലാവരും തീരുമാനങ്ങൾ എടുക്കുന്നത്. ഒരു സിനിമയിൽ ഇല്ലെന്ന് കരുതി വിഷമിച്ചിരിക്കില്ല. ലോകേഷന്റെ നല്ല സുഹൃത്താണ്. 'മാസ്റ്ററി'ൽ സംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണെങ്കിൽ നല്ലതായിരിക്കുമെന്ന് ലോകേഷിനോട് ഞാനാണ് പറഞ്ഞത്. സൗഹൃദത്തിന്റെ പുറത്ത് പറയുന്നതാണ് ഇതൊക്കെ. അവിടെ ഈഗോ ഒന്നും ഇല്ല. പടം കണ്ടിട്ട് കൊള്ളാമെന്ന് അനിരുദ്ധിനെ വിളിച്ചു പറയുകയും ചെയ്തിരുന്നു. വിജയ് സർ, അജിത് സർ, രജനി സർ ഇവരുടെ ഒക്കെ പടം ചെയ്യാൻ എനിക്കിഷ്ടമാണ്, ആഗ്രഹവുമുണ്ട്. സമയമാകുമ്പോൾ അത് എനിക്ക് തന്നെ വരും, നമ്മൾ ആയിട്ട് തേടിപ്പോകേണ്ട കാര്യമില്ല.
ടൂറിസ്റ്റ് ഗെെഡ് ആയിട്ടൊക്കെ പോയിട്ടുണ്ട്, ഇത്രയും നേടാനായത് തന്നെ വിജയം
ഞാൻ മൂന്നാറിലാണ് ജനിച്ചു വളർന്നത്. തേയിലത്തോട്ടത്തിലൊക്കെയായി സാധാരണ ജീവിതമായിരുന്നു. ടൂറിസ്റ്റ് ഗെെഡ് ആയിട്ടൊക്കെ പോയിട്ടുണ്ട്. അങ്ങനെയൊരു സാധാരണക്കാരനായിട്ട് വളർന്ന എനിക്ക് മലയാളത്തിലും തമിഴ് സിനിമയിലും ഒക്കെ ഇത്രയും നേടാനായത് തന്നെ വലിയ വിജയമാണ്. ഞാൻ പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, എന്റെ സംതൃപ്തിക്ക് വേണ്ടിയാണ് പാട്ട് ചെയ്യുന്നത്. അതെനിക്ക് ഇഷ്ടമാണ്.
വലിയ പടങ്ങൾ ചെയ്താൽ മാത്രമേ നിലനിൽപ്പുള്ളൂ എന്നൊന്നുമില്ല. വലിയ ചിത്രങ്ങൾ ചെയ്യുന്നതും ഒരു തരത്തിൽ പ്രശ്നമാണ്. നമ്മൾ മറ്റൊരു കൂട്ടത്തിലേയ്ക്ക് എത്തിപ്പെടുകയും ചെറിയ നല്ല പടങ്ങൾ ചെയ്യാൻ സാധിക്കാതെ പോവുകയും ചെയ്യുന്നു. എനിക്ക് ചെറിയ പടവും ചെയ്യാനാകും നാളെ മമ്മൂട്ടി സാറിന്റെ ചിത്രം ലഭിച്ചാൽ അതും ചെയ്യാനാകും. എല്ലാത്തരം സംഗീതവും ചെയ്യാം. ഇളയരാജയൊക്കെ അങ്ങനെയായിരുന്നല്ലോ, രജനി സാറിനും ചെയ്യും ചെറിയ താരങ്ങൾക്ക് വേണ്ടിയും സംഗീതം ചെയ്യും. എനിക്കും അതാണ് ഇഷ്ടം. കുറച്ച് പണം മുടക്കി പി.ആർ ഒക്കെ ചെയ്താൽ ആർക്കും പ്രശസ്തനാവാം, ബ്രാൻഡ് ആവാം. എനിക്കതിൽ താത്പര്യമില്ല.
ബൗൺസർമാരെയൊക്കെ വെച്ച് അവർ പറയും പോലെ നടക്കാൻ എനിക്ക് ഇഷ്ടമില്ല. ഞാൻ സാധാരണ ചായക്കടയിൽ പോയി ചായകുടിക്കും, സാധാരണ ട്രെയിനിൽ യാത്ര ചെയ്യും. കൊച്ചിയിലെത്തുമ്പോൾ ഞാൻ ഒറ്റയ്ക്ക് ലുലു മാളിൽ പോയി കറങ്ങി നടക്കും, ഐസ്ക്രീം ഒക്കെ കഴിക്കും. മിക്കവർക്കും എന്നെ അറിയുന്നുണ്ടാകില്ല. അത് നല്ലതാണ്, എന്റെ സ്വകാര്യ ജീവിതം എനിക്ക് ആസ്വദിക്കാം. ബ്രാൻഡ് ആയിക്കഴിഞ്ഞാൽ എപ്പോഴും പത്തുപേരെങ്കിലും എന്നോടൊപ്പം ഉണ്ടായിരിക്കണം. എന്റെ കൂടെയുള്ളവർക്ക് തന്നെ എന്നോടൊപ്പം സെൽഫി എടുക്കണം. അതിന്റെ ഒന്നും ആവശ്യമില്ല.
ട്രെയിനിൽ തർക്കിയച്ചയാളുടെ ‘വിക്രം ‘വേദ’ റിങ് ടോൺ, ചായക്കടയിലെ ‘നീല നിലവേ’
നമുക്ക് ഒരാളെ അറിയില്ലെന്ന് വെച്ച് അദ്ദേഹം ചെറുതാണെന്ന് അർഥമില്ല. ട്രെയിനിൽവെച്ച് എന്നോട് തർക്കിച്ചയാളുടെ റിങ് ടോൺ 'വിക്രം വേദ'യിലേതായിരുന്നു. അത് കേട്ട് എനിക്ക് ചിരിയാണ് വന്നത്. ഇപ്പോഴും ഇതുപോലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട്. കേരളത്തിൽ വന്നാൽ 'ആർ.ഡി.എക്സി'ലെ ‘നീല നിലവേ’ റിങ് ടോൺ ആണ് മിക്കയിടത്തും കേൾക്കുന്നത്.
വലിയ ഹോട്ടലുകളിൽ താമസിച്ചാലും എനിക്ക് ചെറിയ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. ഇത്തരം കടകളിൽനിന്ന് കഴിക്കുന്ന സമയത്ത് അവർക്ക് ഞാനാരാണെന്ന് അറിയില്ല. ഗൂഗിൾ പേ ഇല്ലാ എന്നൊക്കെ പറയും. അവിടെ ഇട്ടിരിക്കുന്നത് ഞാൻ ചെയ്ത പാട്ടായിരിക്കും. അത് അവർക്ക് അറിയില്ല, ഞാൻ പറയാനും പോകില്ല.
യഥാർഥ പേര് ഉപയോഗിക്കാതെ തൂലികാനാമത്തിൽ എഴുതുന്ന ഒരുപാട് എഴുത്തുകാരുണ്ട്. അവർ ആരാണെന്ന് ആളുകൾ നോക്കുന്നില്ല, അവരുടെ സൃഷ്ടിയെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എനിക്കും അതാണ് ഇഷ്ടം. കൃത്യമായി പാട്ടുകൾ ചെയ്യുന്നതിലാണ് കാര്യം. തുടർച്ചയായി പത്തു വർഷം ഹിറ്റ് ഗാനങ്ങൾ മാത്രം ചെയ്താൽ മാറി ചിന്തിക്കാം. ഒരു ഹിറ്റ് ചെയ്തിട്ട് അടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർ വലിച്ചെറിയും. പ്രേക്ഷകർ സ്വീകരിക്കുമ്പോൾ സന്തോഷിച്ചാൽ വലിച്ചെറിയുമ്പോൾ ഭയങ്കരമായിട്ട് വിഷമിക്കും. എനിക്ക് രണ്ടും ഇല്ല. ഒരു പാട്ട് ചെയ്യുന്നു, പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊന്ന് ചെയ്യുന്നു. അത്രേയുള്ളൂ.
ഒരു കഥ കേൾക്കുമ്പോൾ സംഗീതത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ആദ്യം പരിശോധിക്കും. കഥ മാത്രമല്ല, നായകനേയും പ്രൊഡക്ഷൻ ഹൗസിനേയും ഒക്കെ നോക്കി പടം ചെയ്യും. പക്ഷേ, എല്ലാം അങ്ങനെ ചെയ്യില്ല. പത്ത് പടം ചെയ്യുമ്പോൾ എട്ടെണ്ണം കഥയ്ക്കും സംഗീതത്തിനും പ്രാധാന്യം ഉള്ളതായിരിക്കും. ബാക്കി രണ്ടെണ്ണം ഭയങ്കര കൊമേഴ്ഷ്യൽ പടമായിരിക്കും. കാരണമെന്തെന്നാൽ എട്ട് പടം നല്ലതാണെങ്കിലും ചിലപ്പോൾ ആളുകൾ കാണില്ല, പാട്ട് കേൾക്കില്ല. മറ്റുരണ്ട് പടം മോശമാണെങ്കിലും ആളുകൾ തിയേറ്ററിൽ ചെന്ന് കാണും. നമ്മൾ ഫീൽഡിൽ ഉണ്ടെന്ന് ആളുകൾ അറിയണമല്ലോ. പടം ചിലപ്പോൾ നന്നായില്ലെങ്കിലും നമ്മുടെ വർക്ക് ശ്രദ്ധിക്കപ്പെട്ടേക്കാം.
എല്ലാവരും പുതിയ ആളുകളായി വന്നതല്ലേ, ഹിറ്റായാൽ നല്ലതല്ലേ
വലുതായി വരണമെന്ന് ആഗ്രഹിക്കുന്നത് എപ്പോഴും പുതിയ ആളുകൾ ആയിരിക്കും. വലിയ ആളുകൾക്ക് ഇതൊരു പാട്ട് ആണ്, ബിസിനസ് ആണ്. അവർ പെെസ വാങ്ങുന്നു, പാടുന്നു, പോകുന്നു. മറ്റവർക്ക് അങ്ങനെയല്ല. അവർക്ക് പാട്ട് നന്നായി വരണം എന്ന ചിന്തയുണ്ടാകും. അവർ കൂടുതൽ അധ്വാനിക്കും. പുതിയ ഒരു നടൻ്റെ പടം ഭയങ്കര ഹിറ്റായാൽ നാളെ മുതൽ അയാൾ വലിയ ഹീറോയാണ്. അതുപോലെതന്നെയാണ് പാട്ടുകാരുടെ കാര്യവും.
'ബാന്ദ്ര'യിലെ പാട്ട് പാടിയ നക്ഷത്ര സന്തോഷിനെക്കുറിച്ച് എനിക്ക് ആദ്യം അറിയില്ലായിരുന്നു. ഇൻസ്റ്റഗ്രാമിൽ വീഡിയോസ് കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു പാട്ട് വന്നു. അത് ആലപിച്ച കുട്ടിയുടെ ശബ്ദം കേട്ടപ്പോൾ ശ്രേയ ഘോഷാൽ പാടുന്ന അതേ ഫീൽ ആയിരുന്നു. ആരാണിതെന്ന് ഞാൻ തിരക്കുകയും സുഹൃത്ത് വഴി കണ്ടെത്തുകയും ചെയ്തു. ഒരു പാട്ട് പാടാനുണ്ടെന്ന് നക്ഷത്രയോട് പറഞ്ഞു. 'ബാന്ദ്ര'യിലെ ഗാനമായിരുന്നു അത്. വേണമെങ്കിൽ വലിയൊരു ഗായികയെ കൊണ്ടുവന്ന് പാടിക്കാം. പക്ഷേ, ആ കുട്ടിയുടെ ശബ്ദം കൃത്യമായിരുന്നു. എല്ലാവരും പുതിയ ആളുകളായി വന്നതല്ലേ. ചിലപ്പോൾ ഈ പാട്ട് അവർക്കൊരു ബ്രേക്ക്ത്രൂ ആയി വലിയ നിലയിലെത്തിയാൽ നല്ലതല്ലേയെന്നേ ഞാൻ ചിന്തിച്ചുള്ളൂ. പുതിയ ആളുകൾ വലിയ ആളുകൾ എന്നൊന്നും ചിന്തിക്കാതെ ഇവർ പാടിയാൽ ശരിയാകുമെന്ന് തോന്നിയാൽ അത് ചെയ്യും. തമിഴിൽ ഒക്കെ ഒരുപാട് ഗാനരചയിതാക്കളേയും പാട്ടുകാരേയും ഒക്കെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
പാട്ട് പാടിയാൽ മാത്രം പോര, ഡാൻസും വേണ്ടി വരും
ഒരുപാട് ചിത്രങ്ങൾ ചെയ്യാതെ ഉപേക്ഷിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലെ കഥ കേൾക്കുമ്പോൾ എനിക്ക് ശരിയാകില്ലെന്ന് തോന്നിയാൽ അത് അവരോട് പറയും. തിരക്കഥ ഇഷ്ടപ്പെടാതെ പെെസ മാത്രം ഓർത്ത് ചെയ്തിട്ട് കാര്യമില്ല. ഇന്നത്തെക്കാലത്ത് പാട്ട് മാത്രം ചെയ്താൽ പോര, നമ്മൾ ആർട്ടിസ്റ്റ് ആയിട്ട് കൂടി മാറണം. ചിലപ്പോൾ ഡാൻസ് കളിക്കേണ്ടി വരും. ചെയ്യുന്ന കാര്യം ആത്മാർഥമായി ചെയ്യണം. നല്ലത് ചെയ്തുകൊണ്ടിരിക്കണം, ശ്രമിച്ചുകൊണ്ടേയിരിക്കണം.
ഹൊറർ ചിത്രങ്ങൾക്ക് റെഫറൻസ് കുറവാണ്. 80 ശതമാനവും ഒരേ പാറ്റേൺ ആയിരിക്കും. അത് ചെയ്താൽ പേടിവരുമെന്ന ധാരണയുണ്ട്. 'ഫീനിക്സി'ൽ ഉൾപ്പടെ പുതിയതായി എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സംഗീതത്തിൽ എല്ലാം എനിക്ക് ഇഷ്ടമാണ്. കമ്പോസ് ചെയ്യുന്ന പ്രോസസ് ഒരുപാടിഷ്ടമാണ്. ഗാനരചയിതാവായിട്ടാണല്ലോ ഞാൻ സംഗീത ലോകത്തിലേയ്ക്ക് എത്തിയത്. ഞാൻ എനിക്ക് ബോറടിക്കുമ്പോഴാണ് സംഗീതം ചെയ്യുന്നത്.
മലയാളത്തിൽ കൂടുതൽ ചെയ്യരുതെന്ന ഉപദേശം
മലയാളത്തിൽ കൂടുതൽ ലഭ്യമാകരുത്, നിങ്ങളുടെ മൂല്യം കുറഞ്ഞുപോകുമെന്ന് ഒരുപാട് പേർ എന്നെ ഉപദേശിക്കാറുണ്ട്. എന്റെ നല്ലതിന് വേണ്ടിയാണ് ഇവർ പറയുന്നത്. പക്ഷേ നല്ലതാണെങ്കിൽ ഞാൻ ഉറപ്പായും ചെയ്യും. 'ആർ.ഡി.എക്സ് 'ഹിറ്റായത് കൊണ്ട് ഇപ്പോൾ ഒരുപാട് വിളികൾ വരുന്നുണ്ട്. അല്ലെങ്കിൽ വരില്ല. 'ഒടിയനി'ലേത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സംഗീതമാണ്. പക്ഷേ പടം ഹിറ്റായില്ല. പടം ഹിറ്റായാൽ ഉറപ്പായും കൂടുതൽ അവസരം വരും.

സിനിമ സംവിധാനം ചെയ്യാൻ എനിക്ക് താത്പര്യമുണ്ട്. കഥ പൂർത്തിയായി, പ്രൊഡക്ഷനും റെഡിയായി. ഒരു വലിയ ഒരു ഹീറോ കഥ കേട്ട് ഓക്കെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സംഗീതത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ഞാൻ ഉടൻ സിനിമ ചെയ്യില്ല. രണ്ടു മൂന്ന് വർഷത്തിനുള്ളിൽ പ്രതീക്ഷിക്കാം. പല ഭാഷകളിലായി 14-ലധികം സിനിമകളുടെ വർക്കുകൾ നടക്കുകയാണ്. വലിയൊരു ടീമാണ് എന്റേത്. ഒരാൾക്ക് ഒറ്റയ്ക്ക് ഇതെല്ലാം സാധ്യമല്ല, ഒരു കൂട്ടായ പരിശ്രമമാണ് ഞങ്ങളുടേത്.
കൊറിയൻ, ചെെനീസ്, വിയറ്റ്നാമീസ് ഒക്കെ ചെയ്തു, ഇനി ലക്ഷ്യം ഹോളിവുഡ്
ഇന്ന് എല്ലാകാര്യവും ഭാഷയ്ക്ക് അതീതമാണ്. കേരളത്തിൽ വന്നാൽ തമിഴ് പാട്ടുകൾ കേൾക്കാം. തമിഴ് - മലയാളം ഇൻഡസ്ട്രിയിൽ ഇപ്പോൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഞാൻ മൂന്നാറിലാണ് ജനിച്ചത്. ഭാര്യ മലയാളിയാണ്, കൊച്ചിക്കാരി. അമ്മ മലയാളിയും അച്ഛൻ തമിഴനാണ്. ഞാൻ പക്ഷേ സംസ്ഥാനങ്ങളെ വെച്ച് ഒന്നും നോക്കിക്കാണാറില്ല. ഞാനൊരു തെന്നിന്ത്യക്കാരനാണ് എന്നേ കരുതുന്നുള്ളൂ.
ഹിന്ദിയിൽ ഒരു ആനിമേഷൻ ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. വലിയൊരു ചിത്രമാണ്, പെട്ടെന്ന് പുറത്തിറക്കാനാകില്ല. സി.ജി.ഐ വർക്കുകൾ ഒക്കെ നടക്കുന്നേയുള്ളൂ. മിഷൻ ഇമ്പോസിബിൾ, ജയിംസ് ബോണ്ട് പോലത്തെ ഹോളിവുഡ് പടമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്, ഉറപ്പായും ഞാനത് ചെയ്യും. 'വിക്രം വേദ' ചെയ്യുന്ന സമയത്ത് ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന ആളാകുമെന്ന് ഒരാളോട് ഞാൻ പറഞ്ഞിരുന്നു, അതുപോലെ സംഭവിച്ചു. കൊറിയൻ, ചെെനീസ്, വിയറ്റ്നാമീസ് ഭാഷകളിലൊക്കെ ചിത്രം ഞാൻ ചെയ്തിട്ടുണ്ട്. ഉറപ്പായും ഹോളിവുഡ് ചിത്രവും ചെയ്യും.
Content Highlights: kaithi vikram vedha rdx odiyan music director sam cs interview
Published: 23 Nov 2023, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented