ഇന്ത്യയുടെ കാർഷികരംഗത്ത് കാലവർഷം എന്നത് കേവലം ഒരു ഋതു മാത്രമല്ല, മറിച്ച് മഴയെമാത്രം ആശ്രയിച്ച് കഴിയുന്ന ദശലക്ഷക്കണക്കിന് കർഷകരുടെ പ്രധാന ജലസേചന മാർഗ്ഗവും ജീവനാഡിയുമാണ്. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന 'എൽ നിനോ' എന്ന താപ പ്രതിഭാസം ഇന്ത്യയുടെ കാലാവസ്ഥാ ചക്രത്തെയും കാർഷിക വ്യവസ്ഥയെയും മാറ്റിമറിക്കുകയാണ്. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറമുള്ള ഈ കാലാവസ്ഥാ വ്യതിയാനം അന്തരീക്ഷചംക്രമണത്തെ മാറ്റുകയും ഇന്ത്യയിലെ മൺസൂൺ മഴയെ ദുർബലപ്പെടുത്തുകയും വരൾച്ചാ ഭീഷണി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

To advertise here,

കാലവർഷം പിഴച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ കൃഷിയിടങ്ങൾ കടന്ന് പച്ചക്കറി വിപണികളിലേക്കും സാമ്പത്തിക രംഗത്തേക്കും രാജ്യത്തെ ഓരോ വീട്ടിലെയും അടുക്കളകളിലേക്കും വൻതോതിൽ വ്യാപിക്കും. വറ്റിവരണ്ട കൃഷി ഭൂമി കേരളത്തെ ഉൾപ്പെടെ വലിഞ്ഞുമുറുക്കി തുടങ്ങിയിരിക്കുന്നു. ജലസ്രോതസ്സുകളിൽ ജലനിരപ്പ് ഭീതിജനകമായ രീതിയിൽ താഴുന്ന സ്ഥിതി. ഒടുവിൽ വിളവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയതോതിൽ കുറയുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഇനി കാത്തിരിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും രൂക്ഷമായ വിലക്കയറ്റവുമായിരിക്കും.

പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ മേഖലകളിലെ ഉപരിതല ജലതാപനില ഉയരുന്ന എൽ നിനോ–സതേൺ ഓസിലേഷൻ പ്രക്രിയയുടെ ഭാഗമാണ് എൽ നിനോ. എൽ നിനോ ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യയിൽ മഴ പൂർണ്ണമായി നിലയ്ക്കണമെന്നില്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യൻ മഹാസമുദ്ര ഡൈപോൾ, പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ചരിത്രപരമായി നോക്കുമ്പോൾ എൽ നിനോ വർഷങ്ങളിൽ ഇന്ത്യയിൽ സാധാരണ ലഭിക്കേണ്ട മൺസൂൺ മഴയിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അത് 2026-ലും ആവർത്തിച്ചിരിക്കുകയാണ്. ഒക്ടോബറിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 28% മഴക്കുറവാണ് അനുഭവപ്പെട്ടിട്ടുള്ളത്. താപനിലയിൽ ചിലയിടങ്ങളിൽ രണ്ട് ഡിഗ്രി സെൽഷ്യസിന്റെ വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.

കർഷകർ നെല്ല്, ചോളം, പരുത്തി, സോയാബീൻ, ധാന്യങ്ങൾ എന്നിവ വിതയ്ക്കുന്ന ഖാരിഫ് സീസണിന് തെക്കുപടിഞ്ഞാറൻ മൺസൂൺ അത്യന്താപേക്ഷിതമാണ്. എന്നാൽ, മഴയുടെ ആകെ അളവിനേക്കാൾ അത് ലഭിക്കുന്ന സമയക്രമമാണ് കൃഷിക്ക് ഏറ്റവും നിർണ്ണായകമാകുന്നത്. എൽ നിനോയുടെ ഫലമായി കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിച്ചാലും ദീർഘമായ ഇടവേളകൾ ഉണ്ടായാലും അത് വിതയെയും മണ്ണിലെ ഈർപ്പത്തെയും വിളകളുടെ ശരിയായ വളർച്ചയെയും ബാധിക്കും.

മൺസൂണിലെ കുറവ് മഴയെമാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിലെ നെൽകൃഷിയെ നേരിട്ട് ബാധിക്കുമ്പോൾ, പൂവിടുന്ന ഘട്ടത്തിലും കായ്ക്കുന്ന ഘട്ടത്തിലും ഉണ്ടാകുന്ന വരൾച്ച തുവര, ഉഴുന്ന്, ചെറുപയർ തുടങ്ങിയ പയറുവർഗ്ഗങ്ങളുടെ ഉൽപ്പാദനം വൻതോതിൽ കുറയ്ക്കുന്നു. മണ്ണിലെ ഈർപ്പം വൻതോതിൽ കുറയുന്നത് സോയാബീനെയും പരുത്തിയുടെ കായ്പിടുത്തത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ശീതകാല വിളകളായ ഗോതമ്പ്, കടുക്, കടല, പരിപ്പ് എന്നിവ കൃഷി ചെയ്യുന്ന റാബി സീസൺ പൂർണ്ണമായും ജലസേചനത്തെയും മണ്ണിലെ ഈർപ്പത്തെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൺസൂൺ പിഴയ്ക്കുമ്പോൾ കർഷകർ കുഴൽക്കിണറുകളെ കൂടുതൽ ആശ്രയിക്കേണ്ടി വരികയും ഇന്ധന-വൈദ്യുതി ചെലവുകൾ കുതിച്ചുയരുകയും ചെയ്യുന്നു. മാത്രമല്ല, ഭൂഗർഭജലനിരപ്പ് ക്രമാതീതമായി താഴുന്നതിലേക്കും ഇത് കാരണമാകും.

വിളവെടുപ്പ് കുറയുന്നത് കേവലം കർഷകരുടെ വരുമാനത്തെ മാത്രമല്ല ദോഷകരമായി ബാധിക്കുന്നത്. ഇത് ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങളെയും ജനങ്ങളുടെ വാങ്ങൽശേഷിയെയും ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെയും സാരമായി ബാധിക്കുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2026 ഒക്ടോബറിലെ ബുള്ളറ്റിൻ അനുസരിച്ച്, അണക്കെട്ടുകളിലെ ജലസംഭരണം സാധാരണ നിരക്കായ 81.8 ശതമാനത്തിനും താഴെ 71.8 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. മുൻവർഷം 90.3 ശതമാനം ജലസംഭരണം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ കുറവ്. അണക്കെട്ടുകളിലെ ഈ കുറവ് ഖാരിഫ്, റാബി വിളകളുടെ ഉൽപ്പാദനത്തിന് വലിയ ഭീഷണിയാണെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. യുഎസ്ഡിഎ ഒക്ടോബറിൽ പുറത്തുവിട്ട റിപ്പോർട്ടും മൺസൂൺ കുറവും എൽ നിനോയും കാരണം ശീതകാല കൃഷിക്ക് ആവശ്യത്തിന് ജലസേചനം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

ജലലഭ്യത കുറയുമ്പോൾ അടുത്ത വിള ഇറക്കണമോ വേണ്ടയോ എന്ന കഠിനമായ ചിന്തയിലാണ് കർഷകർ എത്തിച്ചേരുന്നത്. കൃഷിക്കായി വിത്തും വളവും വാങ്ങാൻ വൻതുക നിക്ഷേപിച്ചാലും ആവശ്യത്തിന് വിളവ് ലഭിച്ചില്ലെങ്കിൽ കടക്കെണിയിലാകുമെന്ന ഭയം കർഷകരെ വലയ്ക്കുന്നു. വൻകിട കർഷകർ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രതിസന്ധി മറികടക്കുമ്പോൾ, ചെറുകിട കർഷകർ വായ്പകൾ എടുക്കാനും കന്നുകാലികളെ വിൽക്കാനും തൊഴിൽ തേടി നാടുവിടാനും നിർബന്ധിതരാകുന്നു.

കൃഷിയിടങ്ങളിലെ വരൾച്ചയിൽനിന്ന് അടുക്കളയിലെ വിലക്കയറ്റത്തിലേക്ക് കാര്യങ്ങൾ മാറുന്നത് പെട്ടെന്നല്ല, വിവിധ ഘട്ടങ്ങളിലൂടെയാണ്. ഉൽപ്പാദനം കുറയുമ്പോൾ വിപണിയിലെ ലഭ്യത കുറയുകയും അത് ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിന് കാരണമാകുകയും ചെയ്യുന്നു. ഇന്ത്യ പരിപ്പുവർഗ്ഗങ്ങൾക്കും പാചക എണ്ണകൾക്കുമായി വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവ്, അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ആഘാതം നേരിട്ട് സാധാരണക്കാരനിലേക്ക് എത്തിക്കുന്നു.

തക്കാളി, സവാള തുടങ്ങിയ പച്ചക്കറികൾ കടുത്ത ചൂടിലും ജലക്ഷാമത്തിലും പെട്ടെന്ന് നശിച്ചുപോകുന്നതിനാൽ അവയുടെ വിലയിൽ പെട്ടെന്ന് വൻവർദ്ധനവുണ്ടാകുന്നു. വരുമാനത്തിന്റെ വലിയൊരു പങ്ക് ഭക്ഷണത്തിനായി ചെലവഴിക്കുന്ന സാധാരണക്കാരായ കുടുംബങ്ങളെയാണ് വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കൂടാതെ, ചോളത്തിന്റെയും തീറ്റപ്പുല്ലിന്റെയും ലഭ്യതക്കുറവ് കോഴി, ക്ഷീരോൽപ്പന്ന മേഖലകളെ ബാധിക്കുകയും പാൽ, മുട്ട, ചിക്കൻ എന്നിവയുടെ വില ഉയരാൻ കാരണമാകുകയും ചെയ്യുന്നു.

ചോളത്തിന്റെയും കരിമ്പിന്റെയും ഉൽപ്പാദനത്തിലുണ്ടായ കുറവ് ഇന്ത്യയുടെ എഥനോൾ ബ്ലെൻഡിങ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധന ലക്ഷ്യങ്ങളേക്കാൾ ഭക്ഷ്യസുരക്ഷയ്ക്ക് മുൻഗണന നൽകാൻ നിർബന്ധിതരാകുന്നതായി ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എൽ നിനോ മഴയെ മാത്രമല്ല, അന്തരീക്ഷ താപനിലയെയും സാരമായി ബാധിക്കുന്നുണ്ട്. കടുത്ത ചൂട് വിളകളുടെ വെള്ളത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ബാഷ്പീകരണം കൂട്ടുകയും ചെയ്യുന്നു. 2026 ജൂലായിൽ നേച്ചർ കമ്മ്യൂണിക്കേഷൻസിൽ വന്ന പഠനമനുസരിച്ച്, ഹരിതഗൃഹ വാതകങ്ങൾ മൂലമുള്ള ആഗോളതാപനം എൽ നിനോ സൃഷ്ടിക്കുന്ന വരൾച്ചയുടെ വ്യാപ്തി കൂട്ടുമെന്നും ഭാവിയിൽ കൂടുതൽ കടുത്ത ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുമെന്നും വ്യക്തമാക്കുന്നു.

ജലപരിപാലനം കൂടുതൽ അനുയോജ്യമാക്കുകയാണ്‌ എൽ നിനോ കാലത്ത് ശ്രദ്ധിക്കേണ്ട പ്രധാന പാഠം. പസഫിക് സമുദ്രത്തിലെ താപനിലയോ മൺസൂണിന്റെ രീതിയോ മാറ്റാൻ നമുക്ക് കഴിയില്ലെങ്കിലും, ജലസംരക്ഷണം, അനുയോജ്യമായ വിത്തിനങ്ങൾ എന്നിവയിലൂടെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സാധിക്കും. എൽ നിനോ സംഭവിച്ചാൽ ഉടൻ കൃഷി മോശമാകുമെന്ന് അർത്ഥമില്ല. പാടവും കാലാവസ്ഥാ പ്രവചനവും ജലസ്രോതസ്സും ഒരുപോലെ നിരീക്ഷിച്ച് മുന്നേറുന്ന കർഷകർക്ക് മാറുന്ന മൺസൂൺ രീതികളെ അതിജീവിക്കാൻ കഴിയും. അടിയന്തര ദുരിതാശ്വാസങ്ങൾക്ക് പകരം സമഗ്രമായ കൃഷി ആസൂത്രണത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് വരുംകാലങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയൂ.