അമലേട്ടൻ പറഞ്ഞു, "മോനെ ഇത് മണിച്ചേട്ടൻ ചെയ്ത പോലെയോ വിനായകൻ ചെയ്ത പോലെയോ ചെയ്യാൻ പറ്റില്ലെന്ന് എനിക്കും നാട്ടുകാർക്കും അറിയാം, നിങ്ങളെക്കൊണ്ടാകുന്ന രീതിയിൽ നന്നായി ചെയ്യാൻ ശ്രമിക്കുക"

മൾട്ടി സ്റ്റാർ കാസ്റ്റുമായി പ്രഖ്യാപനം വന്നത് മുതൽ തന്നെ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന അമൽ നീരദ് ചിത്രമാണ് ബാച്ചിലർ പാർട്ടി 2 ഡ്യൂഎക്സ്. 2012ൽ പുറത്തിറങ്ങി ഇന്ന് കൾട്ട് ലേബലിൽ പ്രേക്ഷകർ ആഘോഷിക്കുന്ന ബാച്ചിലർ പാർട്ടിയുടെ രണ്ടാം ഭാഗം എന്ന നിലയിൽ പ്രതീക്ഷകളേറെയായിരുന്നു ഡ്യൂഎക്സിന്. എന്നാൽ, പേരിലുള്ള സാമ്യമല്ലാതെ ഒന്നാം ഭാഗവുമായോ അതിലെ കഥാപാത്രങ്ങളുമായോ ഒരു ബന്ധവും രണ്ടാം ഭാഗത്തിനില്ലെന്ന് പറയുന്നു ചിത്രത്തിലെ അഭിനേതാക്കൾ. ഡ്യൂഎക്സ് തീയേറ്ററുകളിൽ ആവേശം നിറച്ച് മുന്നേറുന്ന വേളയിൽ മാതൃഭൂമിക്കൊപ്പം ചേരുകയാണ് താരങ്ങളായ കുഞ്ചാക്കോ ബോബൻ, നസ്ലെൻ, നാദിയ മൊയ്തു, ചന്തു സലീം കുമാർ, ഹൻസിക എന്നിവർ.
വീണ്ടും ഒരു അമൽ നീരദ് ചിത്രത്തിന്റെ ഭാഗമാവുകയാണ്?
നാദിയ: വളരെ മികച്ച ഒരു ടീമാണ് ബാച്ചിലർ പാർട്ടി 2ന്റെത്. ഇത്രയും മികച്ച താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. 'ആൻ മാത്യൂസ്' എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കുറച്ച് ഗ്രേ ഷേഡ്സ് ഉള്ള, സിനിമയുടെ കഥയിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രമാണിത്. ആദ്യമായാണ് ഞാൻ ഇത്തരമൊരു റോൾ ചെയ്യുന്നത്. ലുക്ക് തന്നെ വേറെയാണ്. 'ഭീഷ്മപർവ്വം' സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ ലുക്കിൽ നിന്നും സ്പേസിൽ നിന്നും പൂർണമായും വ്യത്യസ്തമായ രീതിയിലാണ് ഇതിലെ കഥാപാത്രത്തിന്റെ ലുക്കും അവതരണവും വന്നിട്ടുള്ളത്.
നസ്ലിനിപ്പോൾ മലയാളത്തിന്റെ മാത്രമല്ല, തമിഴകത്തിന്റെയും സ്റ്റാർ ആയി മാറിയിരിക്കുകയാണ്. സീൻ വലിയ വിജയമായി മാറിയിരിക്കുന്നു?
നസ്ലിൻ: സീൻ എന്ന സിനിമയും ഈശ്വരൻ എന്ന കഥാപാത്രവും എല്ലാവരും ഏറ്റെടുത്ത സന്തോഷത്തിനിടയിലാണ് ഇപ്പോൾ ബാച്ചിലർ പാർട്ടി 2 വരുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഭാഗമാവുക എന്നത് തന്നെ വലിയ കാര്യമാണ്. സോണി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സോണി ബാച്ചിലർ ഗാങ്ങിലെ ഒരു മെമ്പർ ആണ്.
സ്റ്റൈലിഷ് ലുക്കിലാണ് വീണ്ടും അമൽ നീരദ് സിനിമയിലെത്തിയിരിക്കുന്നത് ?
കുഞ്ചാക്കോ ബോബൻ: ധീരജ് പ്രഭു എന്ന എന്റെ കഥാപാത്രത്തിന് മറ്റൊരു പേരുണ്ട്. അത് സിനിമ കണ്ടാലേ അറിയൂ. നമ്മൾ ജീവിതത്തിൽ കണ്ടിട്ടുള്ള ഒരാളല്ലേ എന്ന് തോന്നുന്ന തരത്തിലുള്ള ഷേഡ്സ് ഒക്കെ ഇതിലുണ്ട്. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രവും സിനിമയുമാണ്. ഒരു അമൽ നീരദ് ഫ്രെയിമിൽ വരുമ്പോൾ അത് എന്നെ ഭയങ്കരമായി ആവേശം കൊള്ളിക്കുന്ന കാര്യമാണ്. ബാച്ചിലർ പാർട്ടി എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടല്ല, മറിച്ച് തീർത്തും വ്യത്യസ്തമായ ഒരു തീമാറ്റിക് സംഭവമായാണ് ഡ്യൂഎക്സ് അമൽ ഒരുക്കിയിരിക്കുന്നത്.
ചന്തു കാത്തിരുന്ന് കിട്ടിയ സിനിമയാണിതെന്ന് അറിഞ്ഞു
ചന്തു: തീർച്ചയായും അതേ. മമ്മു എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അമലേട്ടന്റെ കോളാണ് എനിക്ക് ആദ്യം വരുന്നത്. അമലേട്ടന്റെ സിനിമയുടെ ഭാഗമാവുക എന്നത് ഞങ്ങൾ മാനിഫെസ്റ്റ് ചെയ്ത കാര്യമായിരുന്നു.
നസ്ലെൻ: 'ലോക'യുടെ ഷൂട്ടിംഗ് നടക്കുമ്പോൾ ഫോർട്ട് കൊച്ചിയിൽ വച്ച് തോക്കൊക്കെ പിടിച്ച് നിൽക്കുന്ന മോണോക്രോം ഫോട്ടോസ് ചന്തു ഫോട്ടോഗ്രാഫർ രോഹിത്തിനെക്കൊണ്ട് എടുപ്പിച്ച് വച്ചിട്ടുണ്ടായിരുന്നു, അമലേട്ടന് അയച്ചുകൊടുക്കാൻ ആയിട്ട്.
ചന്തു: അന്ന് ആ ഫോട്ടോ എടുക്കുമ്പോൾ ഞാനൊറ്റയ്ക്ക് അല്ലായിരുന്നു എന്നത് വേറെ കാര്യം. മാനിഫെസ്റ്റ് ചെയ്യാൻ ഞങ്ങളെല്ലാവരും ഉണ്ടായിരുന്നു. ആദ്യം നസ്ലിനാണ് അമലേട്ടന്റെ കോൾ വരുന്നത്. പിന്നീടാണ് എനിക്ക് വരുന്നത്. നമ്മളെന്തായാലും ഈ പടം ചെയ്യുന്നു എന്നതിലപ്പുറം മറ്റൊന്നും മനസിലുണ്ടായിരുന്നില്ല. കാരണം അത്രയേറെ ആഗ്രഹിച്ച് കിട്ടിയതാണ്. അമൽ നീരദ് സെറ്റ് ഭയങ്കര ചിൽ ആണ്. ഷോട്ട് കഴിഞ്ഞാൽ പിന്നെ അമലേട്ടന്റെ തമാശയും കഥയുമൊക്കെയായി വൈബ് ആണ്.
മലയാള സിനിമയിലേക്ക് സ്വാഗതം ഹൻസിക. എങ്ങനെയാണ് അമൽ നീരദ് ചിത്രത്തിന്റെ ഭാഗമാവുന്നത്?
ഹൻസിക: ഈ ചിത്രത്തിൽ നസ്ലിന്റെ നായികയായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. കരോൾ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഞാൻ സിനിമയുടെ ഭാഗമാവുന്നു എന്ന റൂമറുകൾ വന്ന സമയത്ത് മനസിൽ ഞാൻ തുള്ളിച്ചാടുകയായിരുന്നു. അത്രയ്ക്ക് സന്തോഷമുണ്ടായിരുന്നു. ഒരു വര‍്‍ഷം മുമ്പ് ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് ജ്യോതിർമയി മാം അമ്മയെ വിളിച്ചാണ് ഈ പ്രൊജക്റ്റിനെക്കുറിച്ച് പറയുന്നത്. എന്നിലേക്ക് എങ്ങനെ എത്തി എന്ന് ഞാൻ അമൽ സാറിനോട് ചോദിച്ചിരുന്നു. അമൽ സാറിന്റെ 'ബോഗൈൻവില്ല'യിലെ 'സ്തുതി' എന്ന പാട്ടിന് ഞാൻ ചെയ്ത ഡാൻസ് കവറിന്റെ റീൽ 12 മില്യൺ വ്യൂസ് നേടി വൈറലായിരുന്നു; ആ ഡാൻസ് വീഡിയോ കണ്ടിട്ടാണ് അമൽ സാർ എന്നെ ഇതിലേക്ക് കാസ്റ്റ് ചെയ്തത്. ആദ്യമായി ഒരു വലിയ ടീമിന്റെ കൂടെ അഭിനയിക്കുമ്പോൾ പേടിയുണ്ടായിരുന്നെങ്കിലും സെറ്റിൽ എല്ലാവരും എന്നെ വളരെ കംഫർട്ടബിൾ ആക്കി നിർത്തി.
വീണ്ടും ഒരു അമൽ നീരദ് ചിത്രത്തിന്റെ ഭാഗമാവുന്നു, എന്തുകൊണ്ടാണ് അമലേട്ടന് ചാക്കോച്ചനെ ഇത്ര ഇഷ്ടം എന്ന് ചോദിച്ചിട്ടുണ്ടോ?
കുഞ്ചാക്കോ ബോബൻ: ഞങ്ങൾ രണ്ടുപേരും പാവങ്ങളാണ്, വ്യക്തിജീവിതത്തിൽ ബന്ധപ്പെടുത്താൻ പറ്റുന്ന കാര്യങ്ങളുണ്ട്. ഓൺ ആൻഡ് ഓഫ് സ്ക്രീനിൽ നല്ലൊരു കംഫർട്ട് സോൺ ആണ് അമലുമായിട്ടുള്ളത്. അഭിനേതാക്കളെ കംഫർട്ട് ആക്കി വയ്ക്കുന്ന സംവിധായകനാണ്. ഇവർ തന്നെ തോക്കും ചോരയുമായി ഷൂട്ട് കഴിഞ്ഞ് സെറ്റിൽ അമലിനൊപ്പം ഇരുന്ന് തമാശ പറയുന്നത് കാണാൻ തന്നെ രസമാണ്. പുള്ളി ഇഷ്ടപ്പെട്ട ആളുകളെ റിപ്പീറ്റ് ചെയ്യുന്നതിനോടൊപ്പം അവർക്ക് ചേരുന്ന കഥാപാത്രങ്ങൾ അല്ലെങ്കിൽ അവർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള രീതിയിൽ എങ്ങനെ പ്രസന്റ് ചെയ്യാം എന്ന് കൂടി ചിന്തിക്കാറുണ്ട്. ബോഗൈൻ വില്ലയിലെ റോയ്സ് ധീരജ് ആയെത്തുമ്പോൾ തീർത്തും വ്യത്യസ്തനാണ്. അതുപോലെ തന്നെയാണ് നാദിയ മാമിന്റെ ഭീഷ്മപർവത്തിലെയും ഇതിലെയും കഥാപാത്രവും. ബാച്ചിലർ പാർട്ടി 2ൽ എല്ലാവരുടെയും ലുക്കും കഥാപാത്രവും തീർത്തും വ്യത്യസ്തമാണ്.
രണ്ട് ജനറേഷനിലുള്ള അഭിനേതാക്കളാണ്, പക്ഷേ ഭയങ്കര സിങ്ക് ഉണ്ട് നിങ്ങൾ തമ്മിൽ
നാദിയ: അമലിന്റെ സെറ്റ് അങ്ങനെയാണ്. വേർതിരിവുകൾ ഉണ്ടാവില്ല. അഭിനേതാക്കൾ തമ്മിലുള്ള പ്രായവ്യത്യാസമോ മറ്റോ അവിടെ ബാധകമല്ല. ആദ്യത്തെ രണ്ടുമൂന്ന് ദിവസം ഈ പിള്ളേർക്ക് എന്നോടൊരു ബഹുമാനമൊക്കെ ഉണ്ടായിരുന്നു. പിന്നെ അവരിലൊരാളായി എന്നെ മാറ്റി. അവരുടെ ഇടയിലെ തമാശകളൊക്കെ എനിക്കും മനസിലായി തുടങ്ങി. ആ മതിലങ്ങ് ഇല്ലാതായി.
സ്റ്റൈലിഷ് ലുക്കുള്ള നായകനും വില്ലനും അതുപോലെ സ്ലോ മോഷനുമാണ് അമൽ നീരദ് സിനിമകളുടെ പ്രത്യേകത. ഡ്യൂഎക്സിൽ എങ്ങനെയാണ്?
നസ്ലിൻ: അമൽ നീരദ് ഫ്ലേവർ ഉള്ള സിനിമയാണ്. വെറുതെ അനാവശ്യമായിട്ടല്ല സ്ലോ മോഷൻ വരുന്നത്, നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ ആ മൊമെന്റിൽ അത് കറക്റ്റ് ആയിരിക്കും.
പരസ്പരം തോക്ക് ചൂണ്ടുന്ന ഒരു സീൻ രണ്ടാം ഭാഗത്തിലും വരുന്നുണ്ടല്ലോ, താരതമ്യം നടത്തുന്നുണ്ട് പ്രേക്ഷകർ?
ചന്തു: താരതമ്യം വരും എന്ന് നമുക്ക് ആദ്യമേ അറിയാമായിരുന്നു. അമലേട്ടൻ എന്നോട് കഥ പറയുമ്പോഴേ പറഞ്ഞിരുന്നു, "മോനെ ഇത് മണിച്ചേട്ടൻ ചെയ്ത പോലെയോ വിനായകൻ ചെയ്ത പോലെയോ ചെയ്യാൻ പറ്റില്ലെന്ന് എനിക്കും നാട്ടുകാർക്കും അറിയാം; നിങ്ങളെക്കൊണ്ടാകുന്ന രീതിയിൽ നന്നായി ചെയ്യാൻ ശ്രമിക്കുക" എന്ന്. ആദ്യത്തിനേക്കാൾ മുകളിൽ പോകണമെന്നല്ല പറഞ്ഞിട്ടുള്ളത്. അത് പറ്റില്ലെന്ന് അമലേട്ടനും അറിയാം. ആദ്യ സിനിമയിലെ കാര്യങ്ങൾ ഇതിൽ റിപ്പീറ്റ് ചെയ്തു വരാതിരിക്കാൻ അമലേട്ടൻ ശ്രദ്ധിച്ചിട്ടുണ്ട്.
ചന്തുവുമായി ഒരു ‘പകപോക്കലിന്റെ’ കഥ പറയാനില്ലേ ചാക്കോച്ചന് ?
കുഞ്ചാക്കോ: എന്റെ സിനിമകൾക്ക് കൂവിയ ഒരു സിനിമാ നടന്റെ മകനിട്ട് പണി കൊടുക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ആ മകൻ ഈ സിനിമയിലുണ്ടെന്ന് പറഞ്ഞപ്പോൾ ആ ആഗ്രഹം വച്ച് ഞാൻ അമലിനോട് ചോദിച്ചു അത്തരത്തിൽ ഒരു സീൻ ഉണ്ടാവുമോ എന്ന് ഉണ്ടെന്ന് പറഞ്ഞതോടെ മറ്റൊന്നും അറിയണ്ട ഞാൻ ഓകെ എന്ന് പറയുകയായിരുന്നു.
ചന്തു: ആ സിനിമാ നടന്റെ മകൻ ഞാനാണ്. പണ്ട് കല്യാണരാമൻ കണ്ട സമയത്ത് ചാക്കോച്ചന്റെ സീൻ വരുമ്പോൾ ഞാൻ കൂവിയിട്ടുണ്ട്. അതിലെ കഥാപാത്രം നവ്യ നായരെ ഡാൻസ് കളിച്ച് വീഴ്ത്താൻ വരുന്നുണ്ടല്ലോ, ഇനിയിപ്പോൾ നവ്യ നായരെ ആ കഥാപാത്രം അടിച്ചോണ്ട് പോകുമോ എന്നൊക്കെയുള്ള ടെൻഷനിൽ പാട്ട് സീൻ വരുമ്പോൾ ഞാൻ കൂവുമായിരുന്നു. അന്ന് കുട്ടിയല്ലേ അതാണ്. അച്ഛൻ എന്നെ അതിന് വഴക്ക് പറഞ്ഞിട്ടുണ്ട്, ഇവര് ഭയങ്കര കൂട്ടല്ലേ. ഇക്കാര്യം ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ആ ഭാഗംമാത്രം വൈറലായി മാറി. പിന്നെ ആ ഞാൻ തന്നെ ചാക്കോച്ചൻ ഫാനായി മാറി എന്നത് വേറെ കാര്യം.
Content Highlights: Interview with bachelor party 2 movie actors kunchacko boban,naslen,chandu salim kumar,hansika and nadiya moidu were they talks about their characters,amal neerad style and the OG movie bachelor paty.
Published: 20 Nov 2026, 01:57 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented