ഗാസ: ഇസ്രായേൽ സൈനിക ആക്രമണങ്ങൾ മൂലം പലസ്തീൻ പ്രദേശത്തിന്റെ 99 ശതമാനത്തിലധികവും പാരിസ്ഥിതിക മലിനീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായും, ഗാസ ഒരു 'വിഷലിപ്തമായ തരിശുനിലമാ'യി മാറിയെന്നും ജീവകാരുണ്യ സംഘടനയായ ഓക്സ്ഫാമിന്റെ പുതിയ റിപ്പോർട്ട്.

To advertise here,

ഘന ലോഹങ്ങൾ, സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ, തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള ആസ്ബറ്റോസ്, ഡയോക്‌സിനുകൾ, ജൈവ മാലിന്യങ്ങൾ എന്നിവ പലസ്തീനികൾക്ക് ഇപ്പോഴും വരും ദശകങ്ങളിലും വലിയ ഭീഷണിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗാസയിലുണ്ടായ ആഘാതം 'മനുഷ്യരുടെ സുരക്ഷയ്ക്കും നിലനിൽപ്പിനും ആവശ്യമായ പാരിസ്ഥിതിക സാഹചര്യങ്ങളെ പൂർണ്ണമായി തകർത്തിരിക്കുന്നു' എന്ന് ഓക്സ്ഫാം ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹാർ പറഞ്ഞു.

ഗാസയിൽ തുടരുന്ന വംശഹത്യയുടെ ഭാഗമായി ഇസ്രായേൽ 'പാരിസ്ഥിതിക യുദ്ധക്കുറ്റങ്ങളാണ്' ചെയ്യുന്നതെന്നും ബെഹാർ ആരോപിച്ചു. പ്രൊഫഷണൽ നിലവാരത്തിന് നിരക്കാത്തതാണ് ഈ റിപ്പോർട്ട് എന്നാണ് ഇസ്രയേൽ ഇതിനോട് പ്രതികരിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിലവിലുള്ള കേസിൽ തങ്ങൾക്കെതിരെയുള്ള വംശഹത്യ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വളച്ചൊടിക്കപ്പെട്ടതുമാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേൽ തള്ളിക്കളഞ്ഞു.

2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഗാസയിലെ സൈനിക നടപടിയെന്നും, ഇത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും, സാധാരണക്കാർക്ക് ഉണ്ടാകുന്ന ആഘാതം ലഘുവാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നുമാണ് ഇസ്രയേലിന്റെ നിലപാട്.

ഗാസയിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങളും തകർന്ന കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അവശിഷ്ടങ്ങളും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഓക്സ്ഫാം റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഫെബ്രുവരിയിൽ, രണ്ട് വർഷത്തിനിടയിൽ ഗാസയിൽ 200,000 ടണ്ണിലധികം സ്ഫോടകവസ്തുക്കൾ വർഷിച്ചതായി ഒരു യുഎൻ സമിതിയുടെ കണ്ടെത്തിയിരുന്നു. ഇത് ഹിരോഷിമയിൽ പ്രയോഗിച്ചതിന് സമാനമായ ഏകദേശം 13 ആണവ ബോംബുകളുടെ ആകെ ഊർജ്ജത്തിന് തുല്യമാണ്.

കഴിഞ്ഞ വർഷം, ഇസ്രായേൽ സൈനിക നടപടികളിൽ വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നതിലൂടെ പ്രവിശ്യയിൽ 6.1 കോടി ടണ്ണിലധികം അവശിഷ്ടങ്ങൾ സൃഷ്ടിക്കപ്പെട്ടതായി യു.എൻ പരിസ്ഥിതി പ്രോഗ്രാം (UNEP) കണക്കാക്കിയിട്ടുണ്ട്. ഇതിൽ ഏകദേശം 15% ഭാഗവും അപകടകരമായ വസ്തുക്കളാൽ ഉയർന്ന മലിനീകരണ സാധ്യതയുള്ളവയാണ്.

ഈ മലിനീകരണ വസ്തുക്കൾ പരിസ്ഥിതിയിൽ വളരെക്കാലം നിലനിൽക്കുന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ഓക്‌സ്ഫാം റിപ്പോർട്ട് പറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കാൻസർ, അവയവങ്ങൾക്ക് കേടുപാടുകൾ, ജനന വൈകല്യങ്ങൾ തുടങ്ങിയവയുടെ വർദ്ധനവ് ഗാസയിലെ ജനങ്ങൾക്ക് ഇപ്പോഴും ഭാവിയിലും നേരിടേണ്ടി വരുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.