കുറച്ചുനാളുകൾക്ക് മുൻപ് കേരളത്തിലെ ഒരു പെൺകുട്ടിയുടെ ഇൻസ്റ്റ റീൽ ​ഗാനം ശ്രേയ ഘോഷാൽ പങ്കുവെച്ചു. അന്നുപക്ഷേ ശ്രേയ ഘോഷാൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല ആ കുട്ടി പിന്നീട് ശങ്കർ മഹാദേവനൊപ്പം വരെ പാടുന്ന ​ഗായികയായി മാറുമെന്ന്. ചെറിയ കവർ സോങ്ങുകളും റീൽ വീഡിയോകളുമൊക്കെ ചെയ്തു നടന്ന ആ പെൺകുട്ടിയിപ്പോൾ പിന്നണി ​ഗാനരം​ഗത്തേയ്ക്ക് ചുവടുവെച്ചിരിക്കുകയാണ്. 

To advertise here,

സാം സി.എസ്സ് സംഗീതമൊരുക്കിയ രണ്ട് ​സിനിമകളിൽ പാടാനുള്ള ഭാ​ഗ്യവും ലഭിച്ചു നക്ഷത്ര സന്തോഷ് എന്ന സോഷ്യൽ മീഡിയയിലെ ഈ വെെറൽ ​ഗായികയ്ക്ക്. തന്റെ പാട്ടുവിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് നക്ഷത്ര. 

ഈ പാട്ട് എനിക്കെന്തിന് അയച്ചുവെന്ന് തോന്നിപ്പോയി

ആർ.ഡി.എക്സ് ചെയ്ത സമയത്താണ് ഞാൻ സാം സാറിനെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്. എന്റെ റീൽ കണ്ടിട്ട് സാർ മെസേജ് അയച്ചു. നല്ല ശബ്ദമാണെന്നും ഒരുമിച്ച് വർക്ക് ചെയ്യാമെന്നും പറഞ്ഞു. സാറ് ചോദിച്ചതുപ്രകാരം ഞാൻ മുൻപ് പാടിയ പാട്ടുകൾ അയച്ചുകൊടുത്തു. തൊട്ടടുത്ത ദിവസം തന്നെ സാർ വിളിച്ച് 'ഫീനിക്സ്' എന്ന ചിത്രത്തിൽ പാടണമെന്ന് അറിയിച്ചു. പിന്നീട് ബാന്ദ്രയിലും പാടാൻ ആവശ്യപ്പെട്ടു.

placeholder
നക്ഷത്ര സന്തോഷ് | photo: instagram/nakshathra santhosh

എനിക്ക് 'രെക്ക രെക്ക' സോങിന്റെ ട്രാക്ക് ആദ്യം അയച്ചുതന്നിട്ട് സാർ പാടാൻ പറഞ്ഞപ്പോൾ ഇതെന്തിനാണ് എനിക്ക് അയക്കുന്നതെന്ന് തോന്നിയിരുന്നു. ഞാൻ പൊതുവെ പാടുന്നത് മെലഡിയാണ്, ഇത് ഫാസ്റ്റ് നമ്പറായിരുന്നു. മാത്രവുമല്ല 'ഫീനിക്സി'ലെ പാട്ട് പാടാനാണല്ലോ വിളിച്ചത്. അത് പാടിക്കഴിഞ്ഞതിന് ശേഷമാണ് ബാന്ദ്രയിലും പാടണമെന്ന് പറഞ്ഞത്. 'രെക്ക രെക്ക' ഞാൻ പാടിയപ്പോൾ ഓക്കെയായിരുന്നു, സാറിന് ഇഷ്ടപ്പെട്ടു.

ഇത്രയും വലിയൊരു പടത്തിൽ പാടുന്ന എക്സെെറ്റ്മെന്റിൽ നിൽക്കുമ്പോഴാണ് ശങ്കർ മഹാദേവൻ സാറിന്റെ കാര്യം കൂടി അറിയുന്നത്. ശങ്കർ സാർ പാടി വെച്ചിട്ടുണ്ടെന്ന് സാം സാർ പറഞ്ഞപ്പോൾ ഞാനാകെ ഞെട്ടിപ്പോയി. ഫീനിക്സി'ലേത് പക്കാ മെലഡി ആയിരുന്നു.

റീലുകൾ കണ്ട് സിനിമയിലേയ്ക്ക് വിളി വന്നപ്പോൾ

ജീവിതത്തിൽ ആദ്യമായിട്ട് ഒരു പാട്ട് ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഞാൻ. ഒരുപാട് റീലുകളും ആളുകൾ പാടി ഇടുന്ന വീഡിയോ ഒക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു. എന്റെ റീൽ കണ്ടിട്ടാണ് തമന്നയുടെ 'ബബ്ളി ബൗൺസറി'ൽ പാടാൻ വിളിച്ചത്. തമന്നയുടെ ചിത്രമാണെന്നൊന്നും അറിയില്ലായിരുന്നു. ബിജു ജെയിംസ് സാർ ആണ് റെക്കോഡ് ചെയ്തത്. പാട്ട് റിലീസ് ആകുന്ന സമയത്താണ് തമന്നയുടെ ചിത്രമാണെന്ന് അറിയുന്നത്. ഒരുപാട് സന്തോഷമായി. 

തമിഴ് എനിക്ക് അത്യാവശ്യം അറിയുന്ന ഭാഷയാണ്. ശെെലിയാണെങ്കിലും കുഴപ്പമില്ലാതെ കെെകാര്യം ചെയ്യും. ഹിന്ദിയും വല്യ പ്രശ്നമില്ല. ​റെക്കോഡിങ് സമയത്ത് ​ഗാനരചയിതാവ് കൂടെയുണ്ടാവുന്നത് കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അവർ പറഞ്ഞുതരും. പണ്ടുമുതലേ തമിഴ് പാട്ടുകളൊക്കെ പാടുന്നത് ​ഗുണം ചെയ്തു. 

ഇഷ്ടം മെലഡി, ഞാനാണ് പാടിയതെന്ന് തെറ്റിദ്ധരിച്ച 'ഹേ സിനാമിക'യിലെ 'തോഴി' 

മെലഡിയോടാണ് എനിക്ക് കൂടുതൽ ഇഷ്ടം. പക്ഷേ ഒരു ഗായിക എന്ന നിലയിൽ എല്ലാം ട്രെെ ചെയ്യാറുണ്ട്. 'ഹേ സിനാമിക' എന്ന ചിത്രത്തിലെ 'തോഴി' എന്ന ഗാനത്തിൻ്റെ കവർ ഞാൻ ചെയ്തിരുന്നു. ആ പാട്ടിന്റെ ഫീമെയിൽ വേർഷൻ ഞാനാണ് പാടിയിരിക്കുന്നതെന്ന് ചിലരെങ്കിലും കരുതിയിരിക്കുകയാണ്. യൂട്യൂബിൽ ഈ ​ഗാനത്തിന്റെ ഫീമെയിൽ വേർഷൻ എന്നും പറഞ്ഞാണ് എന്റെ പാട്ട് കിടക്കുന്നത്. ഒരുപാട് ആളുകൾ ഈ പാട്ട് പാടുമോയെന്ന് ചോദിച്ച് മെസേജ് അയക്കാറുണ്ട്. 

നേരത്തെ പ്രശസ്തകായ ​ഗായകരാണ് കൂടുതലും ചിത്രങ്ങളിൽ പാടിക്കൊണ്ടിരുന്നത്. ഇപ്പോഴത് മാറിയിട്ടുണ്ട്. ഒരുപാട് പുതിയ ​ഗായകർക്ക് അവസരം ലഭിക്കുന്നു. ഇന്ന ആളുതന്നെ പാടണമെന്ന് നിർബന്ധം പിടിക്കുന്നവർ കുറവാണിപ്പോൾ. 

കെെപിടിച്ചുയർത്തിയ അഫ്സൽ യൂസഫ് 

അഫ്സൽ യൂസഫ് സാർ കാരണമാണ് എനിക്ക് ഈ കരിയർ ഉണ്ടായത്. അദ്ദേഹമാണ് ആദ്യമായി എന്നെ വിളിച്ച് പാട്ട് പാടാൻ അവസരം നൽകിയത്. 2020 ഡിസംബറിലാണ് ഒരു കവർ സോങ് ചെയ്യാനായി സാർ എന്നെ വിളിക്കുന്നത്. ജനുവരിയിൽ റെക്കോഡിങ് കഴിഞ്ഞു, ഫെബ്രുവരിയിൽ പാട്ട് റിലീസായി. അതിന് ശേഷമാണ് സം​ഗീതലോകത്ത് കൂടുതൽ പേർ എന്നെ അറിഞ്ഞുതുടങ്ങിയത്. പിന്നെ ഇൻസ്റ്റയിൽ റീലൊക്കെ ഇട്ടുതുടങ്ങി, അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. സാറില്ലായിരുന്നെങ്കിൽ അധികമാരും അറിയപ്പെടാതെ വയനാട്ടിൽ മാത്രമായി ഞാൻ ഒതുങ്ങിപ്പോയേനെ. 

placeholder
അഫ്സൽ യൂസഫിനൊപ്പം നക്ഷത്ര സന്തോഷ് | photo: instagram/nakshathra santhosh

അച്ഛൻ നന്നായി പാടും. അമ്മയും നല്ലൊരു സം​ഗീതാസ്വാദകയാണ്. ചെറുപ്പത്തിലെ ഞാൻ പാടുമ്പോൾ ഇവർ പ്രോത്സാഹിപ്പിക്കുമായിരുന്നു. എട്ടാം ക്ലാസ് മുതലാണ് പാട്ടുപടിക്കാൻ തുടങ്ങിയത്. പ്ലസ് ടു ഒക്കെ ആയതോടെ പാട്ടുപഠിക്കാൻ പോകാൻ സാധിക്കാതെയായി. കുടുംബത്തിൽ നിന്ന നല്ല പിന്തുണയാണ് ലഭിക്കുന്നത്. എന്റെ കരിയർ എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള പൂർണസ്വാതന്ത്ര്യം വീട്ടുകാർ എനിക്ക് നൽകിയിട്ടുണ്ട്. അത് വലിയ ഭാ​ഗ്യമായി കാണുന്നു.

ഇപ്പോൾ പി.ജിക്ക് പഠിക്കുന്നു. ക്ലാസും റെക്കോഡിങ്ങും ഒരുമിച്ച് കൊണ്ടുപോകാൻ നല്ല പ്രയാസമാണ്. കോളേജിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇനിയും കവർ സോങ്ങുകൾ പാടും, റീലുകൾ ചെയ്യും. വന്ന വഴി നമ്മൾ മറക്കരുതല്ലോ. ഏത് പാട്ട് വന്നാലും ഞാൻ പാടും, അത് സിനിമയിൽ തന്നെ ആകണമെന്നില്ല. 

റീൽ വീഡിയോ പങ്കുവെച്ച ശ്രേയ ഘോഷാലും ഖദീജ റഹ്മാനും

ചിത്രാമ്മയും ശ്രേയ ഘോഷാലും ശ്വേതാ മോഹനുമാണ് എന്റെ ഫേവറിറ്റ്. ശ്രേയ ഘോഷാലും ഖദീജ റഹ്മാനും ഒരിക്കൽ എന്റെ റീൽ ഷെയർ ചെയ്തിട്ടുണ്ട്. അവർ അങ്ങനെ റീലുകൾ പങ്കുവെച്ച് കണ്ടിട്ടില്ല. ഇവരൊക്കെ നമ്മുടെ പാട്ടുകൾ ശ്രദ്ധിക്കുന്നതിൽ ഒരുപാട് സന്തോഷം. 

അഭിനയിക്കാൻ ഇഷ്ടമാണ്. ഇടയ്ക്ക് വെബ് സീരിസിലും സിനിമയിലും ഒന്നുരണ്ട് അവസരം വന്നിരുന്നു. ക്ലാസിനിടയ്ക്ക് ഒരുപാട് നാൾ ​ഷൂട്ടിന് വേണ്ടി മാറി നിൽക്കാൻ സാധിക്കില്ല. ഭാവിയിൽ നല്ല വേഷങ്ങൾ വന്നാൽ ചെയ്യും.

റിലീസിനൊരുങ്ങുന്ന പാട്ടുകൾ

പാട്ടുകൾ പുറത്തിറങ്ങുമ്പോൾ ​ഗായകരേയും സം​ഗീതജ്ഞരേയും ആളുകൾ ശ്രദ്ധിക്കാറുണ്ട്. പക്ഷേ ​ഗാനരചയിതാക്കൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. ആരുടെ പാട്ടാണെന്ന് ചോദിക്കുമ്പോൾ കൂടുതൽ പേരും ​ഗായകരുടെ പേരാകും പറയുക.  ഗാനരചയിതാക്കളിൽ ​റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരെ ഇഷ്ടമാണ്. ഇവരോടൊപ്പം വർക്ക് ചെയ്യാനും സാധിച്ചു. 

placeholder
നക്ഷത്ര സന്തോഷ് | photo: instagram/nakshathra santhosh

കൂൺ, മലയാളം എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. സിനിമകൾ റിലീസാകാൻ ഇരിക്കുന്നതേയുള്ളൂ. ഫീനിക്സ് ഈ വെള്ളിയാഴ്ച റിലീസാകും. ചിത്രത്തിൽ ടെെറ്റിൽ ട്രാക്കാണ് പാടിയിരിക്കുന്നത്. ഹിന്ദി പാട്ടുകൾ പാടാൻ ആ​ഗ്രഹമുണ്ട്.