ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ടെക് ഭീമനുമായ ഇലോൺ മസ്‌കിന്റെ ദൈനംദിന ഭക്ഷണക്രമം എന്തായിരിക്കുമെന്നത് പലർക്കും ആകാംക്ഷയുള്ള കാര്യമാണ്. അടുത്തിടെ കേറ്റി മില്ലറുടെ പോഡ്കാസ്റ്റിൽ പങ്കെടുക്കവെ മസ്‌ക് തന്റെ ഭക്ഷണരീതികൾ തുറന്നുപറഞ്ഞിരുന്നു.
പ്രഭാതഭക്ഷണത്തിന് സ്റ്റേക്ക്, മുട്ട, കാപ്പി എന്നിവയാണ് താൻ കഴിക്കുന്നതെന്നും, സാധാരണയായി ഉച്ചഭക്ഷണം ഒഴിവാക്കാറാണ് പതിവെന്നും മസ്‌ക് വെളിപ്പെടുത്തി. കഴിക്കുകയാണെങ്കിൽ തന്നെ വളരെ ചെറിയ അളവിൽ മാത്രമായിരിക്കും. ഔദ്യോഗികമോ സാമൂഹികമോ ആയ കൂടിക്കാഴ്ചകൾക്കനുസരിച്ച് അത്താഴത്തിലെ വിഭവങ്ങൾ മാറിക്കൊണ്ടിരിക്കും.അമേരിക്കൻ ഭക്ഷണമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും, ജീവിതകാലം മുഴുവൻ ഏതെങ്കിലും ഒരു ഭക്ഷണം മാത്രം കഴിക്കാൻ പറഞ്ഞാൽ അത് ചീസ്ബർഗർ ആയിരിക്കുമെന്നും മസ്‌ക് പറയുന്നു.
Read Also: ഭാരം കുറയ്ക്കുക മാത്രമല്ല, ആയുസ്സും വർധിപ്പിക്കും ജാപ്പനീസ് ഭക്ഷണക്രമം
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മസ്‌ക് പ്രഭാതത്തിൽ കഴിക്കുന്നതെന്ന് ന്യൂട്രീഷനിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. സ്റ്റേക്കിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. മുട്ടയിൽ പ്രോട്ടീനും കോളിനും അവശ്യ വിറ്റാമിനുകളും ഉണ്ട്. ഇത് പേശികളുടെ ബലത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും നല്ലതാണ്. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഏകാഗ്രതയും ഉന്മേഷവും വർദ്ധിപ്പിക്കും. സ്റ്റേക്കും മുട്ടയും മാത്രം അടങ്ങിയ പ്രഭാതഭക്ഷണത്തിൽ ദഹനത്തിനും ഉദരാരോഗ്യത്തിനും അത്യന്താപേക്ഷിതമായ നാരുകൾ തീരെയില്ല എന്നുള്ളതാണ് ഇതിന്റെ പോരായ്മ.
ദിവസവും വലിയ അളവിൽ റെഡ് മീറ്റ് കഴിക്കുന്നത് വൻകുടലിലെ കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. സ്റ്റേക്കിൽ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഉച്ചഭക്ഷണം ഒഴിവാക്കുന്നത് എല്ലാവർക്കും ദോഷകരമല്ലെങ്കിലും, ഭക്ഷണങ്ങൾക്കിടയിലുള്ള വലിയ ഇടവേളകൾ അമിതമായ വിശപ്പിനും, ഊർജക്കുറവിനും, പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിനും കാരണമായേക്കാം.
ഓരോരുത്തരുടെയും പ്രായം, ശാരീരിക അദ്ധ്വാനം, ആരോഗ്യാവസ്ഥ എന്നിവയ്ക്കനുസരിച്ച് പച്ചക്കറികൾ, പഴങ്ങൾ, നട്‌സ്, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സമീകൃതാഹാരമാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. സെലിബ്രിറ്റികൾ പിന്തുടരുന്നു എന്ന കാരണത്താൽ അതേ ഡയറ്റ് ഫോളോ ചെയ്യരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Content Highlights: Nutritionists analyze Elon Musk's diet, emphasizing the benefits of protein-rich meals and the importance of balanced nutrition for overall health and well-being.
Published: 24 Nov 2026, 09:38 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented