
തുന്നൽക്കാരനായായിരുന്നു തുടക്കം, വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലേക്ക്... നാടകാഭിനയത്തിന്റെ പിൻബലം ക്യാമറയ്ക്കു മുന്നിലേക്കെത്തിച്ചു. ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകമനസ്സിലിടംനേടിയ ഇന്ദ്രൻസ് അടുത്തകാലത്തായി കളംമാറി കളിക്കുകയാണ്. ചിരിക്കപ്പുറവും ചിലത് നൽകാൻകഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. അഞ്ചാം പാതിര, ആളൊരുക്കം, നാരദൻ, ഉടൽ, ഹോം... ഗൗരവമാർന്ന ആ യാത്രയിൽ കനമുള്ള കഥാപാത്രങ്ങൾ ഏറെയുണ്ട്. ജോൺ പോൾ ജോർജ് സംവിധാനംചെയ്ത ആശാനാണ് ഇന്ദ്രൻസിന്റെ പുതിയ ചിത്രം, ഓരോ സിനിമ കഴിയുമ്പോളും സ്വയം നവീകരിച്ച് മുന്നോട്ടുപോകുന്ന പ്രകടനം ആശാനിലും കാണാം.
കുഞ്ഞിക്കവിൾ മേഘമേ... എന്ന പാട്ടിലൂടെയാണ് ‘ആശാൻ’ സിനിമയെക്കുറിച്ച് അറിയുന്നത്. പ്രധാനവേഷത്തിലെത്തിയ ആശാൻ സിനിമയെക്കുറിച്ച്...
മനോഹരമായ പാട്ടുകളുടെ അകമ്പടിയിൽ കഥപറയുന്ന സിനിമയാണ് ആശാൻ. കുഞ്ഞിക്കവിൾ മേഘമേ... എന്ന പാട്ടുമാത്രമല്ല, പ്രേക്ഷകർ സ്വീകരിക്കുമെന്നുറപ്പുള്ള മറ്റുചില പാട്ടുകൾകൂടി സിനിമയിലുണ്ട്. വളരെ ആസ്വദിച്ച് അഭിനയിച്ച വേഷമാണ് ആശാനിലേത്. ഒരു ഫ്ളാറ്റിന്റെ കമ്മിറ്റി ഭാരവാഹിയാണ്, അയാൾ പറയുന്നതുപോലെയാണ് അവിടത്തെ കാര്യങ്ങൾ നടക്കുക. അടിച്ചുപൊളിച്ചു നടക്കുന്ന കഥാപാത്രം. സിനിമാ പ്രേമിയായ ആശാന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പാട്ട് ഹിറ്റായപ്പോൾത്തന്നെ സിനിമയെക്കുറിച്ച് ഒരുപാടുപേർ ചോദിച്ചിരുന്നു. ഗപ്പി, അമ്പിളി എന്നിവയ്ക്കുശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആശാൻ.
ഗൗരവമുള്ള കഥാപാത്രങ്ങൾക്കൊപ്പമാണ് ഇപ്പോൾ കൂടുതലായും കാണുന്നത്, തമാശവേഷങ്ങളെ ബോധപൂർവം മാറ്റിനിർത്തുകയാണോ...
കോമഡിചെയ്യാനാണ് ഇഷ്ടം, ക്യാമറയ്ക്കുമുന്നിൽ കുസൃതിയൊക്കെ കാണിച്ച് ചിരിച്ചും ചിരിപ്പിച്ചും അഭിനയിക്കുക എന്നത് പ്രത്യേക സന്തോഷവും ഊർജവും ലഭിക്കുന്ന കാര്യമാണ്. അത്തരം വേഷങ്ങളെല്ലാം സ്വീകരിക്കാൻ ഉത്സാഹം കൂട്ടുന്ന മനസ്സാണ് ഇന്നും എന്റേത്. എന്നാൽ, അടുത്തകാലത്തായി തേടിവരുന്നതെല്ലാം ഗൗരവമുള്ള വേഷങ്ങളാണ്. ചിരിയില്ലാത്ത ചില കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ, ആ വഴിയിലൂടെ വീണ്ടുംവീണ്ടും നടത്താനാണ് പലരും ശ്രമിക്കുന്നത്. ഗൗരവമുള്ള വേഷങ്ങൾ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടിവരും. അഭിനയിച്ച് അവസാനിപ്പിച്ചാലും കഥാപാത്രത്തിന്റെ നിഴൽ പിന്നെയും കുറച്ചുനാൾ ഒപ്പംതന്നെ ഉണ്ടാകും. ഇന്ന് സിനിമയിലെ തമാശകളുടെ രീതിയിലും അവതരണശൈലിയിലുമെല്ലാം കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്, കാലത്തിന്റെ മാറ്റമാണ് അതെല്ലാം. എങ്കിലും കോമഡിയോട് എന്നും ഒരിഷ്ടക്കൂടുതലുണ്ട്. തേടിവരുന്ന കോമഡി കഥാപാത്രങ്ങളൊന്നും വിട്ടുകളയാറില്ല.
ഒരു സിനിമയിൽ പ്രധാനവേഷം അവതരിപ്പിക്കാനുള്ള ക്ഷണം ലഭിക്കുമ്പോൾ, എന്തെല്ലാം കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കുന്നത്...
ഇന്ന് ഒരുപാട് പേർ എന്നെ പ്രധാനവേഷത്തിൽ അവതരിപ്പിച്ചുകൊണ്ടുള്ള കഥകളുമായി എത്താറുണ്ട്. കഥ കേട്ട് ഇഷ്ടമായാൽ, അപ്പോൾത്തന്നെ സഹകരിക്കാമെന്ന് തീരുമാനിക്കുന്നതാണ് രീതി. പക്ഷേ, ആ തീരുമാനം പലപ്പോഴും അപകടങ്ങളിൽ ചാടിച്ചിട്ടുണ്ട്. ആദ്യ കേൾവിയിൽ കേട്ട് ഇഷ്ടപ്പെട്ട പലതും അഭിനയിക്കാൻ ചെല്ലുമ്പോൾ കഥയിലുണ്ടാകില്ല, നമ്മൾ പ്രതീക്ഷയോടെ കണ്ട പല സീനുകളും ഒഴിവാക്കിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. വാക്കുകൊടുത്ത സ്ഥിതിക്ക് സിനിമയുമായി സഹകരിക്കേണ്ടിവരും. ഇത്തരം പല സിനിമകളുടെയും ചിത്രീകരണം തുടങ്ങി കുറച്ചുദിവസം കഴിയുമ്പോഴേക്കും അണിയറപ്രവർത്തകരുടെ ആവേശം അവസാനിക്കും. പിന്നെയെങ്ങനെയെങ്കിലും സിനിമ ഇറക്കിയാൽ മതിയെന്ന അവസ്ഥയിലേക്കാകും കാര്യങ്ങൾ. പരസ്യമോ വേണ്ടത്ര പ്രചാരണമോ ഇല്ലാതെ, വിതരണക്കാരെപ്പോലും കിട്ടാതെയുള്ള റിലീസാകും പലപ്പോഴും സംഭവിക്കുക. എല്ലാ സിനിമകളും അങ്ങനെയാണെന്നല്ല, പ്രധാനവേഷത്തിലേക്ക് ക്ഷണിക്കുമ്പോൾ കഥ, കഥാപാത്രം, അണിയറപ്രവർത്തകർ, നിർമാതാക്കൾ... എന്നിവരെക്കുറിച്ചെല്ലാം ഇപ്പോൾ അന്വേഷിക്കാറുണ്ട്. വലിയ അഭിനേതാക്കളുള്ള സിനിമകളിൽ ചെറുവേഷമാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കും. കാരണം, ആ സിനിമകളെല്ലാം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നുറപ്പാണ്.
ആത്മകഥ പുറത്തിറങ്ങാൻ പോകുന്നു, ജീവിതാനുഭവങ്ങൾ ചേർത്തുവെച്ചുള്ള എഴുത്തിനെക്കുറിച്ച്...
സുഹൃത്തുക്കളുടെ നിർബന്ധത്തെത്തുടർന്നാണ് ചിലതെല്ലാം എഴുതിത്തുടങ്ങിയത്. ആദ്യം പേടിയായിരുന്നു ദാരിദ്ര്യവും കഷ്ടപ്പാടും അവഗണനയുമെല്ലാം നിറഞ്ഞ ജീവിതം, അവതരിപ്പിച്ചാൽ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു ആശങ്ക. എഴുത്തുകൾ വായിച്ച് ആളുകൾ അഭിപ്രായം പറയുകയും അതെക്കുറിച്ച് സംസാരിക്കുകയും ചെയ്തതോടെ മുന്നോട്ടുപോകാനുള്ള ധൈര്യമായി. വീട്ടുകാരുടേയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമായിരുന്നു എഴുത്തിന്റെ കരുത്ത്. ഞാൻ ജീവിച്ച ജീവിതമല്ലേ പറയുന്നത് അതിലെന്തിനാണ് നാണിക്കേണ്ടതെന്ന് തോന്നിയതോടെ എഴുത്തുമായി മുന്നോട്ടുപോകാമെന്ന് ഉറപ്പിച്ചു. കോവിഡ്കാലത്ത് കുറച്ചധികം നാൾ വീട്ടിലിരുന്നതോടെ ഓർമ്മകളെയെല്ലാം അടുക്കിപ്പെറുക്കി, ചേർത്തുവെച്ചു. മനസ്സിൽ കയറിവരുന്ന കാര്യങ്ങൾ പലതും ആദ്യം റെക്കോഡ് ചെയ്തു, പിന്നീട് അക്ഷരങ്ങളിലേക്ക് പകർത്തി. വീട്ടിലുണ്ടാകുമ്പോഴെല്ലാം പഴയകാലം ആലോചിച്ചിരിക്കുന്നത് പതിവായിരുന്നു. ഊണുകഴിക്കാൻ വിളിക്കുമ്പോൾപ്പോലും അതൊന്നും ശ്രദ്ധിക്കാതെ പഴയകാലത്തെ ഓർമ്മകൾക്കുള്ളിലായിരുന്നു മാസങ്ങളോളം ഞാൻ. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ സുഭാഷ് ചന്ദ്രനാണ് ആത്മകഥയ്ക്ക് ‘ഇന്ദ്രധനുസ്സ്’ എന്ന് പേര് നൽകിയത്. ഇങ്ങനെയൊക്കെയാണെങ്കിലും വലിയവേദികളിൽ ഇരിക്കാൻ എന്നുമെനിക്ക് പേടിയാണ്, ചങ്കിടിപ്പ് കൂടും. പ്രസംഗിക്കാനായി മൈക്കിനുമുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ കരുതിവെച്ചതെല്ലാം മറക്കും.
മലയാളം കടന്ന് തമിഴിലും സജീവമാകാൻ ഒരുങ്ങുകയാണല്ലോ, പുതിയ സിനിമാ വിശേഷങ്ങൾ...
ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ നായകവേഷത്തിലെത്തുന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്ന കഥാപാത്രമാണ് എന്റേത്, അതുകൊണ്ടുതന്നെ ഭാഷയൊന്നും വലിയപ്രശ്നമായിരുന്നില്ല. ശങ്കറിന്റെ നൻപനിൽ മുൻപ് അഭിനയിച്ചിരുന്നു. തമിഴിൽ നിന്ന് സിനിമകൾ വരാറുണ്ടെങ്കിലും ഏതെങ്കിലും ചില മലയാളസിനിമ ഒഴിവാക്കിയാൽ മാത്രമേ പലപ്പോഴും അവിടേക്ക് പോകാൻ പറ്റുകയുള്ളൂ. അത് പ്രയാസമായതിനാലാണ് വിട്ടുനിൽക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന അനന്തൻകാടാണ് പ്രദർശനത്തിനൊരുങ്ങിയ മലയാളചിത്രം. ജയസൂര്യക്കൊപ്പമുള്ള ആട് 3 യിൽ പി.പി. ശശിയാശാനായി വീണ്ടുമെത്തുന്നുണ്ട്. സുരാജിനൊപ്പം റൺ മാമാ റൺ, അടൂർസാറിന്റെ സിനിമ എന്നിവയെല്ലാമാണ് പുതിയത്.
Content Highlights: Actor Indrans discusses his new film `Aashaan`, his preference for comedy, and taking on serious roles
Published: 08 Feb 2026, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented