‘സുഖമാണോ?, സുഖമാണ്!’. പേരുപോലെ തന്നെ സുഖമുള്ളൊരു ചിത്രം. മനുഷ്യബന്ധങ്ങളിലെ ആഴവും ചില സമയങ്ങളിലെ നിരർഥകതയും പറയുന്ന ചിത്രം. കണ്ണിനും കാതിനും എന്നപോലെ മനസിനും ചിന്തയ്ക്കും സുഖം പകരുന്ന ‘സുഖമാണോ?, സുഖമാണ്!’ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മാത്യു തോമസും ദേവിക സഞ്ജയും ജഗദീഷും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനംചെയ്തിരിക്കുന്നത് നവാഗതനായ അരുൺലാൽ രാമചന്ദ്രനാണ്. ‘10.30 എഎം ലോക്കൽ കോൾ’, ‘ഹാപ്പി ജേർണി’, ‘വേട്ട’, ‘കരിങ്കുന്നം സിക്സസ്’ എന്ന ചിത്രങ്ങളുടെ തിരക്കഥാകൃത്തെന്ന നിലയിൽ ശ്രദ്ധേയനാണ് അരുൺലാൽ. ആദ്യമായി സംവിധാനംചെയ്ത ചിത്രത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിച്ചതിൽനിന്ന്…

To advertise here,

സുഖമാണോ? സുഖമാണ് റിലീസിന് തൊട്ടുമുമ്പ് പങ്കുവെച്ച ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ പറയുന്നതുപോലെ ഒമ്പതുവർഷത്തെ കാത്തിരിപ്പിനുശേഷമാണല്ലോ സംവിധാന മോഹത്തിന് സാക്ഷാത്കാരമാവുന്നത്. ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ എങ്ങനെയുണ്ട്?

വളരെ പോസിറ്റീവായ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാണുന്ന എല്ലാവർക്കും സിനിമ ഇഷ്ടപ്പെടുന്നുണ്ട്. സിനിമാ മേഖലയിൽനിന്ന് നല്ല അഭിപ്രായം വരുന്നുണ്ട്. പ്രേക്ഷകരിൽനിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് റിവ്യൂവർമാരും നല്ല അഭിപ്രായമാണ് പറയുന്നത്.  കുഞ്ഞുപടമാണെങ്കിലും, വലിപ്പത്തിനേക്കാളപ്പുറമുള്ള അഭിപ്രായം കിട്ടിക്കൊണ്ടരിക്കുന്നു. വളരെ സന്തോഷം തോന്നുന്ന നിമിഷമാണ്.

സിനിമ തിയേറ്ററിലെത്തുമ്പോൾ ഞാൻ ആഗ്രഹിച്ച ഒരു കാര്യമുണ്ട്. ചെയ്യുന്ന സിനിമ ബ്ലോക്ക്ബസ്റ്റർ ആവുന്നു എന്നതിലെല്ലാമുപരി അർക്കെങ്കിലും കണക്ടാവണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു.

എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ, സിനിമ കണ്ടശേഷം, അവർ ചെന്നൈയിൽ ജോലി ചെയ്യുന്ന കാലഘട്ടത്തിൽ തനിച്ച് താമസിച്ചിരുന്ന സമയത്തുണ്ടായ അനുഭവം എന്നെ വിളിച്ചു പറഞ്ഞിരുന്നു. നാട്ടിൽ കുടുംബമൊക്കെയുള്ള ആളാണ്. പക്ഷേ, തിരക്കിനിടയിൽ അവരുടെ പിറന്നാൾ സമയത്ത് ആരും വിളിച്ച് ആശംസ പറയാത്തതിൽ വിഷമം തോന്നി. അവർ സ്വയം വണ്ടിയെടുത്തുപോയി ബേക്കറിയിൽനിന്ന് കേക്ക് വാങ്ങി ഒറ്റക്ക് വന്നിരുന്ന് അത് മുറിച്ച്, സ്വന്തമായി ഗിഫ്റ്റ് ചെയ്ത് പിറന്നാൾ ആഘോഷിച്ചു. അങ്ങനെയൊരു അനുഭവമുള്ളതുകൊണ്ട് സിനിമ നന്നായി റിലേറ്റ് ചെയ്യാൻ പറ്റി എന്ന് പറഞ്ഞു. അതുകേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഏകാന്തത ഇന്ന് ഏറ്റവും കൂടുതൽ ചർച്ചപ്പെടേണ്ട ഒരു വിഷയമാണെന്ന് എനിക്ക് തോന്നുന്നു.

തിരക്കഥാകൃത്തെന്ന നിലയിൽ മികച്ചൊരു ഫിലിമോഗ്രഫി സ്വന്തമായി ഉണ്ട്. പക്ഷേ, സ്വതന്ത്രസംവിധായകനാകാൻ ഇത്രയും സമയമെടുത്തത് എന്തുകൊണ്ടാണ്?

ഷാജി കൈലാസ് സാറിന്റെ അസിസ്റ്റന്റ് ആയിട്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്, ‘റെഡ് ചില്ലീസ്’ എന്ന മോഹൻലാൽ സാറിന്റെ പടത്തിൽ. അതുകഴിഞ്ഞ ഉടനേ സംഭവിച്ച സിനിമയായിരുന്നു '10.30 എഎം ലോക്കൽ കോൾ'. അതുകഴിഞ്ഞപ്പോൾ അടുത്തത് സംവിധാനം ചെയ്യുന്ന സിനിമയുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ, ഉടനേ 'താങ്ക്യൂ' സംഭവിച്ചു, പിന്നാലെ 'ഹാപ്പി ജേർണി'. തുടർന്ന് 'വേട്ട'യ്ക്കുവേണ്ടി തിരക്കഥയെഴുതി. സത്യം പറഞ്ഞാൽ ടൈം കിട്ടാത്ത ഒരു പ്രശ്നമായിരുന്നു സ്വന്തമായി ഒരു ചിത്രം ഇത്രയും വൈകാൻ കാരണം.

'വേട്ട'യിൽ രാജേഷ് പിള്ളയുമായി ചേർന്നു പ്രവർത്തിച്ചു. അദ്ദേഹം സിനിമയെ സമീപിക്കുന്ന രീതി വളരേയേറെ സ്വാധീനിച്ചു. അത് വലിയൊരു പാഠമായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു ഇനി അടുത്തത് എന്തായാലും സംവിധാനംചെയ്യുന്ന ചിത്രമായിരിക്കണമെന്ന്. നമുക്കൊരു ലക്ഷ്യം വേണം, ഇങ്ങനെ എഴുതിക്കൊണ്ടിരുന്നാൽ മാത്രം പോരല്ലോ എന്നുതോന്നി. എഴുതുന്ന ചിത്രങ്ങളും സ്വന്തം സിനിമയാണെങ്കിലും നമ്മുടെ കൈയൊപ്പ് പതിഞ്ഞ ഒരു സിനിമയുണ്ടാവണം എന്നുള്ള തീരുമാനത്തിൽ ഇനി എന്തായാലും സംവിധാനം ചെയ്യുന്ന സിനിമയാവണം പുറത്തുവരുന്നത് എന്നൊരു തീരുമാനമെടുത്തു. ഒന്നുരണ്ട് പ്രൊജക്ടുകളിലേക്ക് പോയി.  അതെല്ലാം വൈകി.

ഇതിനിടെയാണ് മാത്യു 'സുഖമാണോ? സുഖമാണ്!' കഥ കേൾക്കുകയും എന്നെ ഇങ്ങോട്ട് ബന്ധപ്പെടുകയും ചെയ്യുന്നത്. അങ്ങനെ ഉണ്ടായതാണ് ഈ സിനിമ.

ആദ്യമായി സംവിധാനം ചെയ്യുന്നത് 'സുഖമാണോ? സുഖമാണ്!' പോലൊരു കുഞ്ഞുസിനിമയാണല്ലോ. ഇങ്ങനെയൊരു കഥ പറയണം എന്ന് തോന്നാനുണ്ടായ പ്രചോദനം എന്താണ്?

ബ്ലോക്ക്ബസ്റ്റർ ആവണം, ഒരുപാട് പണം വാരണം എന്ന ആഗ്രഹത്തിലാണ് എല്ലാവരും സിനിമയെടുക്കുന്നത്. സിനിമയെന്നാൽ അതുതന്നെയാണ്. സിനിമ ബിസിനസുമാണ്. പക്ഷേ, ക്രിയേറ്റീവ് സൈഡിൽ നിൽക്കുമ്പോൾ ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യം, നമ്മൾ ഒരിക്കലും നമ്പേഴ്സിനെ ഫോക്കസ് ചെയ്യരുത് എന്നാണ്. എഴുതുമ്പോഴാണെങ്കിലും സംവിധാനം ചെയ്യുമ്പോഴായാലും ആദ്യം കഥയിൽ എക്സൈറ്റഡ് ആവണം. ബാക്കി എല്ലാം രണ്ടാമതാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ബ്ലോക്ക് ബസ്റ്റർ അടിക്കാനും വലിയ സംഖ്യകൾ കൊണ്ടുവരാനും ബിസിനസ് ഉറപ്പാക്കാനുമൊക്കെ ആളുകൾ സിനിമയിലും നമ്മുടെ പ്രൊജക്റ്റിലുമുണ്ടാവും.

പക്ഷേ, എന്തുകൊണ്ട് നമ്മുടെ സിനിമ എന്ന ചോദ്യം ഞാൻ എപ്പോഴും സ്വയം ചോദിക്കാറുണ്ട്. ഒരു കഥ അല്ലെങ്കിൽ സിനിമ എന്തിന് ഞാൻ ചെയ്യണം എന്ന് ചിന്തിക്കും. ചെയ്യാൻ വേണ്ടി ഒരു സിനിമ ചെയ്തിട്ട് കാര്യമില്ല. എന്തൊക്കെ പറഞ്ഞാലും, ഒരു സിനിമ ചെയ്യുന്നതിലൂടെ നമ്മൾ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. നമ്മൾ ചെയ്തു വെക്കുന്നത് കാലങ്ങൾക്കപ്പുറം മക്കളും കൊച്ചുമക്കളും വരെ കാണാനും അഭിപ്രായും പറയാനും സാധ്യതയുണ്ട്. അങ്ങനെ നിലനിൽക്കുന്ന കലാസൃഷ്ടിയാണ് സിനിമ. അപ്പോൾ നമുക്ക് കിട്ടുന്ന അവസരം ഉപയോഗിക്കുമ്പോൾ, എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നിർബന്ധമാണ്.

'സുഖമാണോ?, സുഖമാണ്!', ചെയ്യുമ്പോൾ ഏകാന്തത ചർച്ച ചെയ്യപ്പെടേണ്ട വിഷയമായി എനിക്ക് തോന്നി. മറ്റൊന്ന്, 'സ്ലൈസ് ഓഫ് എ ലൈഫ്' ആയിട്ടുള്ള ചിത്രങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ, ഇതുവരെ ഞാൻ തിരക്കഥയെഴുതിയവയെല്ലാം ത്രില്ലറുകളായിരുന്നു. അത് യാദൃച്ഛികമായി സംഭവിച്ചതാണ്.

ഞാൻ ജഗദീഷേട്ടന്റെയടുത്ത് അടുത്ത് കഥ പറയാൻ പോകുമ്പോൾ അദ്ദേഹം എന്നിൽനിന്ന് പ്രതീക്ഷിച്ചത് 'വേട്ട' പോലെ ഒരു സബ്ജക്ട് ആയിരുന്നു. കഥ പറഞ്ഞപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു, 'അരുണേ ഞാൻ 'വേട്ട' പോലയൈാരു തിരക്കഥയായിരുന്നു പ്രതീക്ഷിച്ചത്. ഇത് തികച്ചും വ്യത്യസ്തമായിപ്പോയല്ലോ', എന്ന്. എനിക്ക് ഇഷ്ടമുള്ള ഴോണറിലാണ് 'സുഖമാണോ?, സുഖമാണ്!' ഒരുക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകർക്ക് കണക്ടാവുന്ന, കണ്ണുനനയിപ്പിക്കുന്ന തരത്തിലുള്ളതാവണം ചിത്രം എന്ന് ആഗ്രഹിച്ചിരുന്നു.

ചിത്രത്തെ മുന്നോട്ടുനയിക്കുന്നത് മാജിക്കൽ റിയലിസവും ഫാന്റസിയുമൊക്കെയാണ്. മലയാളത്തിൽ അടുത്ത കാലത്തായി തുടരെ ഈ രീതിയിൽ കഥപറയുന്ന ചിത്രങ്ങൾ വരുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് 'സുഖമാണോ?, സുഖമാണ്!' വരുന്നത്. അത് യാദൃച്ഛികമാണോ?

മരണം ഒരുപാട് പേർക്ക് വേദന നൽകുമ്പോൾ അതിൽനിന്ന് സന്തോഷവും കുടുംബത്തേയും കണ്ടെത്തുന്ന ഒരു പയ്യന്റെ കഥയാണ് പറയാൻ ശ്രമിച്ചത്. അവന് വേണമെങ്കിൽ തന്റെ ഏകാന്തത മാറ്റാൻ ഡ്രഗ്സിലേക്കോ അതുപോലുള്ള സാഹചര്യങ്ങളിലേക്കോ പോവാം. പക്ഷേ, അവൻ അങ്ങനെയൊന്നും പോവുന്നില്ല. എല്ലാത്തിനും ചുറ്റും ആളുകൾ നിൽക്കുന്നത് നൽകുന്ന സന്തോഷത്തിനപ്പുറം മനുഷ്യന് ഒന്നുമില്ലെന്നതാണ് ആത്യന്തികമായി ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. എത്ര കാശോ സൗകര്യങ്ങളോ ഇല്ലെങ്കിലും നമ്മുടെ തോളിൽ കൈയിടാൻ ഒരു സുഹൃത്തോ ഒരു ബന്ധുവോ ഉണ്ടെന്നുള്ളതിനപ്പുറം സന്തോഷം മനുഷ്യന് വേറെയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

അതുകൊണ്ടുതന്നെ മാജിക്കൽ റിയലിസത്തിന്റേയോ ഹൊറർ- കോമഡിയുടേയോ ഫാന്റസിയുടേയോ എലമെന്റുകൾ ഒരുപരിധിക്കപ്പുറം ഉപയോഗിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അങ്ങനെ ഒരു ഫൺ ഏരിയയിലേക്ക് പോകരുതെന്ന് ഞാൻ ബോധപൂർവ്വം തീരുമാനിച്ചിരുന്നു. ചിത്രത്തിൽ ഒരു പോയിന്റിൽ സ്ഫടികം ജോർജിന്റെ വല്യപ്പച്ഛൻ എന്ന കഥാപാത്രത്തിന്റെ എൻട്രിയോടെ തിയോ(മാത്യു തോമസിന്റെ കഥാപാത്രം)യുടെ പെർസ്പെക്റ്റീവിലാണ് കഥ പറഞ്ഞിരിക്കുന്നത്.

വേറൊരാൾ കാണുമ്പോൾ അവിടെ ആളില്ലാത്തതുപോലെയൊരു ഷോട്ട് എനിക്ക് വെക്കാമായിരുന്നു. പാട്ടിൽ മാത്രം ഒരുഷോട്ടേ അങ്ങനെയുള്ളൂ. അല്ലാതെ അങ്ങനെ ഒരു തമാശകൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്റെ മനസ്സിൽ ഇതൊരു കുടുംബചിത്രമാണ്. പക്ഷേ ആത്മാക്കളൊക്കെയുള്ള ഒരു കുടുംബചിത്രം.

മനുഷ്യർ തമ്മിലെ ബന്ധത്തിന്റെ ആഴം പറയുന്ന അതേ സമയത്ത് കുടുംബ ബന്ധങ്ങളെ വ്യത്യസ്തമായാണ് ചിത്രം സമീപിക്കുന്നത്…

പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്നായിരിക്കും നമ്മൾ വേദനിച്ചിരിക്കുമ്പോൾ ഒരു ‘സുഖമാണോ’ എന്ന ചോദ്യമുണ്ടാവുന്നത്. കുടുംബത്തിൽ തന്നെ നമ്മൾ പ്രതീക്ഷിക്കുന്ന ആൾക്കാരിൽനിന്ന് ചിലപ്പോൾ ആ ചോദ്യമുണ്ടാവണമെന്നില്ല. അച്ഛനും അമ്മയും കൂടെയുണ്ടാവുമായിരിക്കും. എങ്കിൽ പോലും ഒരു കുടുംബത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ചിലരിൽനിന്ന് ആ ചോദ്യമുണ്ടാവില്ല.

രണ്ടുകൂട്ടുകാർ ചേർന്നാൽ ഒരു കുടുംബമാവാം. ചിലപ്പോൾ ഒരു അപരിചിതൻ നമ്മുടെ കുടുംബമായി മാറാം. 'കുടുംബ'ത്തിനെ അങ്ങനെ ഒരു അതിരുകൾക്കുള്ളിൽ, രക്തബന്ധം എന്ന ടാഗിൽ ഒതുക്കിനിർത്തേണ്ടതില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതാണ് ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിച്ചത്.

തിയോ ഒരു കുടുംബത്തെ കണ്ടെത്തുന്നത് മരിച്ചവരിൽനിന്നാണ്. കാമുകിയേയും മരിച്ചവരിൽനിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. പ്രണയത്തിന് പക്ഷേ ഒരിക്കലും ഫിസിക്കൽ ഇന്റിമസി ഇല്ലാതെ നിലനിൽക്കാൻ കഴിയില്ല. അങ്ങനെ ഒരു ചിന്ത ഒരിക്കലും തിയോയ്ക്ക് ഉണ്ടാവുന്നില്ല…

തിയോയുടെ കാഴ്ചപ്പാടിലാണ് കഥ പറഞ്ഞു പോകുന്നത്. അവന്റെ ഏറ്റവും വലിയ പ്രശ്‌നം, ഒരാളുടെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ബുദ്ധിമുട്ടാണ്. അവന്റെ ലോകം വീട്ടിനകത്താണ്. ആ ഗേറ്റിനപ്പുറം അവൻ എപ്പോഴും പരിഹസിക്കപ്പെടുന്നു. അവന് അത് അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഒരുതരം പ്യൂപ്പയാണ് തിയോ. അവന്റെ കൊക്കൂൺ ആണ് ആ വീട്.

പുറത്ത് അവന് വീടിന്റെ കംഫർട്ട് കിട്ടില്ല. തിയോ ആദ്യമായി റിയാലിറ്റിയെ അഭിമുഖീകരിക്കുന്നത് അവന്റെ അമ്മ വന്ന് കാറിൽ കയറുന്ന അപ്രതീക്ഷിതമായൊരു സീനിലാണ്. അവൻ ഉണ്ടാക്കിയെടുത്ത ലോകം അവിടെ പൊളിഞ്ഞുവീഴുകയാണ്. അങ്ങനെയൊരു അവസരത്തിലാണ് അവൻ ആദ്യമായി തന്റെ കാമുകിയുടെ മുഖത്തുനോക്കി സംസാരിക്കുന്നത്. അപ്പോൾ ഐപ്പേട്ടൻ (ജഗദീഷിന്റെ കഥാപാത്രം) പോലും അവനൊപ്പമില്ല. ആ സീൻ അങ്ങനെയാണ് ഞാൻ കൊറിയോഗ്രാഫ് ചെയ്തത്. കടൽ തീരത്ത് അവനും അവളും മാത്രമേ ഉള്ളൂ. അവിടെയാണ് അവൻ ആദ്യമായിട്ട് അവളുടെ മുഖത്ത് നോക്കി സംസാരിക്കുന്നത്. എന്റെ പ്രശ്നങ്ങൾ ഇതൊക്കെയാണെന്നും കള്ളത്തരം കാണിച്ചാണ് ജീവിക്കുന്നതെന്നും അവളോട് തുറന്നുപറയുന്നു.

അതുവരെ അവൻ ആത്മാക്കളെവെച്ച് സ്വന്തമായി ഉണ്ടാക്കിയെടുത്ത ഒരു കൊക്കൂണിലാണ്. അവിടെനിന്ന് അവൻ ബ്രേക്ക് ഡൗണാവുന്നു, യാഥാർഥ്യത്തിലേക്ക് വരുന്നു. അപ്പോൾ അവൻ ജഗദീഷേട്ടന്റെ കഥാപാത്രത്തോട് പറയുന്ന കാര്യമുണ്ട്. നമ്മളെ ആർക്കും വേണ്ടായെന്നും എന്നാൽ ചാരു (ദേവിക സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രം) അങ്ങനെയല്ലെന്നും നമ്മളേപ്പോലെ ജീവിക്കേണ്ട ആളല്ലെന്നും. അവിടെനിന്നാണ് അവൻ ജീവിതയാഥാർഥ്യങ്ങളിലേക്ക് വരുന്നത്.

ഒരേയിടത്തുനിന്ന് പലതവണ ഇറക്കിവിടപ്പെടുന്ന, ഇറങ്ങിപ്പോരുന്ന കഥാപാത്രമാണ് ജഗദീഷ് അവതരിപ്പിച്ച ഐപ്പ്. ആ കഥാപാത്രം യഥാർഥ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണോ? ജഗദീഷ് അത്രയും ആഴത്തിൽ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ സംവിധായകൻ എന്ന നിലയിൽ അനുഭവം എന്തായിരുന്നു?

ഐപ്പ് എന്ന കഥാപാത്രം എന്റെ ലൈഫിൽ ഞാൻ നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ്. അദ്ദേഹത്തിന് നാല് മക്കളുണ്ട്. പക്ഷേ, നാലുപേരും അയാളെ ജീവിതത്തിൽനിന്ന് ഇറക്കിവിടുന്നു. മക്കൾ താമസിക്കുന്ന വീടിന്റെ കുറച്ച് അപ്പുറത്ത് ഒരു വൃദ്ധസദനത്തിലാണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹം അവിടെയാണെന്ന് മക്കൾക്കും അറിയാം. പക്ഷേ, അദ്ദേഹം നിവർത്തിയില്ലാതെ മാറിക്കഴിയുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.

അച്ഛനെയോ അമ്മയേയോ മക്കൾ ഇറക്കിവിട്ടു എന്നത് നമ്മൾ എപ്പോഴും കേൾക്കുന്ന കാര്യമാണ്. സിനിമയെ സംബന്ധിച്ച് വളരേ ക്ലീഷേ.

നമ്മുടെ കൂടെ സഞ്ചരിക്കുന്നവരാണ് അച്ഛനും അമ്മയും. ഇവർ നമ്മുടെ കൂടെയുണ്ട്. ഒരു ദിവസം അവർ ഇല്ലാതാവുമ്പോഴാണ് അവരുടെ വില മനസിലാക്കുന്നത്. ജീവിച്ചിരിക്കുന്ന സമയത്ത് വേണമെങ്കിൽ അവരെ പരിഗണിക്കാം. ഇടക്കിടെ അവരുടെ അടുത്ത് സംസാരിക്കാം, ഫോൺ വിളിക്കാം. ആ ബന്ധത്തിന്റെ വാല്യൂ എടുത്തുകാണിക്കുന്ന രീതിയിലാണ് ഞാൻ ആ കഥാപാത്രത്തെ ഒരുക്കിയത്.

നമ്മൾ എന്ത് ആവശ്യപ്പെട്ടാലും അനായാസേന ചെയ്യുന്ന ആളാണ് ജഗദീഷേട്ടൻ. അദ്ദേഹത്തിന് എന്തും കേക്ക് വാക്ക് ആണ്. എത്ര കനപ്പെട്ട കഥാപാത്രത്തെ കൊടുത്താലും അദ്ദേഹം ഈസിയായി ചെയ്യും. തിരക്കഥ എഴുതിക്കഴിഞ്ഞപ്പോൾ, ഒരേ സമയം നർമ്മവും വളരേ ആഴമുള്ള ഇമോഷനും ചെയ്യുന്ന നടനായിരിക്കണം ഐപ്പ് എന്ന വേഷം ചെയ്യേണ്ടത് എന്ന ആഗ്രഹമുണ്ടായുരിന്നു. അങ്ങനെ നോക്കുമ്പോൾ ഇന്ന് ആ വേഷത്തിന് ഏറ്റവും ബെറ്റർ ചോയ്സ് ജഗദീഷേട്ടൻ തന്നെയായിരുന്നു. പ്രേക്ഷകരും അത് അങ്ങനെ തന്നെ സ്വീകരിച്ചുവെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

സ്ഫടികം ജോർജിനെ നമ്മൾ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആ കാസ്റ്റിങ് എങ്ങനെയായിരുന്നു?

സ്ഫടികം ജോർജ് ചേട്ടനെ കാസ്റ്റ് ചെയ്യുന്ന സമയത്ത് ആദ്യമേ ഒരു തീരുമാനം ഉണ്ടായിരുന്നു. ഇതുവരെ കാണാത്ത ഒരു വല്യപ്പച്ഛൻ വേഷമായിരിക്കണം അദ്ദേഹത്തിന്റേതെന്ന്.

എന്റെ വീട്ടിലെ ഒരു ഉദാഹരണം പറഞ്ഞാൽ. അച്ഛൻ എന്റെ ചെറുപ്പകാലത്ത് വളരേ സ്ട്രിക്ടും പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യുന്ന ആളായിരുന്നു. ഇവരൊക്കെ ഒരു പ്രായം കഴിഞ്ഞ്, നമുക്ക് പിള്ളേരാവുമ്പോൾ കൊച്ചുമക്കളുടെ അടുത്ത് ഇതുവരെ കാണാത്ത രൂപത്തിലായിരിക്കും പെരുമാറുക. പിള്ളാരായിരിക്കും പിന്നെ ഈ അപ്പൂപ്പമാരെ നിയന്ത്രിക്കുന്നത്. അവരുടെ മുമ്പിൽ ഇതുവരെയുണ്ടായിരുന്ന ടെറർ അല്ലാത്ത പാവം അപ്പൂപ്പനായിട്ടാണ് നമ്മുടെ അച്ഛനെയൊക്കെ കാണുക.

നമ്മുടെ ചെറുപ്പകാലത്ത്, വളർന്നു വരുന്ന സമയം നമ്മൾ കണ്ടിട്ടുള്ളത് ജോർജ് ചേട്ടന്റെ ടെറർ ക്യാരക്ടറുകളായിരുന്നു. ആ മനുഷ്യനെ വളരേ ഇന്നസെന്റായ ഒരു കഥാപാത്രമായി അവതരിപ്പിക്കണം, അത് രസമായി തന്നെ പ്രേക്ഷകർ എടുക്കുമെന്ന് എനിക്ക് തോന്നി. അദ്ദേഹം ധരിക്കുന്ന വേഷം പോലും ബോധപൂർവ്വം തിരഞ്ഞെടുത്തതാണ്.

എന്തുകൊണ്ട് തിയോയായി മാത്യുവും ചാരുവായി ദേവിക സഞ്ജയും?

ഒരുവിധത്തിൽ പറഞ്ഞാൽ 'സുഖമാണോ?, സുഖമാണ്!' യാദൃച്ഛികമായുണ്ടായ പ്രൊജക്റ്റ് ആണ്. 'നെയ്മർ' ചെയ്യുന്ന സമയത്ത് മാത്യൂ ഈ കഥ എന്റെ സുഹൃത്തുവഴി കേൾക്കുകയും വേറൊരു സെറ്റിൽ വെച്ച് ഞങ്ങൾ കാണുകയുമായിരുന്നു. അവിടെ വെച്ച് ഞാൻ കഥയുടെ ഐഡിയ പറഞ്ഞപ്പോൾ, മാത്യൂ ഇത് നമുക്ക് ചെയ്യണം രസമുള്ള കഥയാണ്, പറയേണ്ട സബ്ജക്ട് ആണെന്ന് പറഞ്ഞ് ഒപ്പംകൂടുകയായിരുന്നു. മാത്യൂവിന്റെ സപ്പോർട്ട് ഈ സിനിമ ഉണ്ടാകാൻ വലിയ കാരണമായി. ഞാൻ മാത്യൂവിലേക്ക് പോകുന്നതിനു മുമ്പ് മാത്യൂ എന്റെ അടുത്ത് വരികയായിരുന്നു. അത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.

ചാരു എന്ന കഥാപാത്രം ചെയ്യാൻ പുതിയ ഒരാൾ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഞാൻ പുതിയ സംവിധായകനാണ്. പുതിയൊരു നടിയെ ചിലപ്പോൾ എനിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുമോ എന്നൊരു ഭയമുണ്ടായിരുന്നു. എങ്കിലും ഒരാളിലേക്ക് ചർച്ചച്ചകൾ പോയിരുന്നു.. ആ സമയത്തുതന്നെയാണ് ദേവിക സഞ്ജയ് എന്ന ഓപ്ഷൻ വരുന്നത്. ദേവിക കുറച്ചു നാളായി ഗ്യാപ്പെടുത്ത് നിൽക്കുകയായിരുന്നു. പരിചിതമല്ലാത്ത മാനറിസങ്ങളുള്ള ഒരാളെ കിട്ടണമെന്ന് തോന്നി. അങ്ങനെ പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. ദേവിക ഇൻ ആയി.

ഒപ്പം പ്രവർത്തിച്ചവർ

ഛായാഗ്രഹണം 'സ്റ്റാൻഡ് അപ്പ്' എന്ന സിനിമയൊക്കെ ചെയ്തിട്ടുള്ള ടോബിൻ തോമസ് ആണ്. സംഗീതസംവിധായകൻ നിതിൻ ബെസന്റ് നവാഗതനാണ്. എഡിറ്റിങ് 'കുഞ്ഞിരാമായണം' പോലുള്ള സിനിമകൾ ചെയ്ത അപ്പു എൻ. ഭട്ടതിരി. ഇവർക്കൊപ്പം ഞാൻ ആദ്യമായി വർക്ക് ചെയ്യുകയാണ്. പക്ഷേ വലിയൊരു അടുപ്പം ഞങ്ങൾ തമ്മിൽ സ്വയമേയുണ്ടായി. എല്ലാവരും സിനിമയിലേക്ക് ഇൻ ആവാനുള്ള എനർജി, അതിന്റെ തിരക്കഥ തന്നെയായിരുന്നു. ഇതൊരു പുതിയൊരു സംഭവമാണ്. നല്ല രസമായി നമുക്ക് ചെയ്യണമെന്ന ആവേശത്തിലായിരുന്നു അവർ. അവരവർക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാനുള്ള എനർജി സ്‌ക്രിപ്റ്റ് വായിച്ചതിനു ശേഷം ലഭിച്ചു. എല്ലാവരും ഒരേ മനസോടെ ഒരേ ലക്ഷ്യത്തിനായി നിന്നു. സിനിമ നടക്കുന്ന സമയത്ത് ഒരേ മനസോടെ ചിന്തിക്കുന്ന ഒരു ടീം ഉണ്ടാവുക എന്നുള്ളതാണ് ആദ്യവിജയം എന്നാണ് ഞാൻ കരുതുന്നത്. എന്റെ ആദ്യത്തെ സിനിമ ആയിരിക്കും. പക്ഷേ, അവർ ഞാൻ ആഗ്രഹിക്കുന്നതിനേക്കാൾ ഒരുപടി മുകളിൽനിന്നു.

'സുഖമാണോ?, സുഖമാണ്!' എന്ന ടൈറ്റിൽ

ലൈഫിൽ ഏറ്റവും ഈസി ആയിട്ട് ഉപയോഗിക്കുന്ന ഒരു വാക്കാണ് 'സുഖമാണോ' എന്നത്. പക്ഷേ, ആ ചോദ്യംപോലും ചിത്രത്തിലെ നായകൻ തിയോയുടെ ലൈഫിൽ ഇല്ല. ടൈറ്റിൽ ഇടുന്നത് നമ്മുടെ പ്രൊഡ്യൂസറാണ്. അദ്ദേഹം ഒരു നോർത്ത് ഇന്ത്യനാണ്. ഞാൻ സ്‌ക്രിപ്റ്റ് മൊത്തം ഇംഗ്ലീഷിൽ എഴുതിയിട്ടാണ് അദ്ദേഹം വായിക്കുന്നത്. വല്യപ്പച്ഛൻ തിയോയോട് നിനക്ക് സുഖമാണോ എന്ന് ചോദിക്കുകയും തന്നോട് ഇതുവരെ ആരും അങ്ങനെ ചോദിച്ചിട്ടില്ല വല്യപ്പച്ചാ എന്ന് തിയോ മറുപടി പറയുകയും ചെയ്യുന്ന ഒരു സീനുണ്ട്. അദ്ദേഹത്തിന് ആ ഭാഗം വലിയ താത്പര്യമായി. ഇത് കമ്യൂണിക്കേറ്റ് ചെയ്യുന്നതാണല്ലോ എന്ന് എന്നോട് ചോദിച്ചു. അപ്പോൾ ശരിയാണല്ലോ എന്ന് എനിക്കും തോന്നി. ചിത്രത്തിന്റെ ആദ്യഭാഗത്ത്, മൂന്ന് പ്രധാനകഥാപാത്രങ്ങളോടും 'സുഖമാണോ' എന്ന് ചോദിക്കാൻ ആരുമില്ല. എന്നാൽ, രണ്ടാംപകുതിയിൽ കഥാപാത്രങ്ങൾ മുഴുവൻ 'സുഖമാണെ'ന്നുള്ള അവസ്ഥയിലേക്ക് മാറുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫുമാണ് ടൈറ്റിൽ.

സംവിധായകനെന്ന നിലയിൽ ആദ്യ ചിത്രത്തിൽ തൃപ്തനാണോ? പറയാൻ ഉദ്ദേശിച്ചത് ആ അർഥത്തിൽ സ്വീകരിക്കപ്പെട്ടു എന്ന് തോന്നുന്നുണ്ടോ?

100% ഞാൻ തൃപ്തനാണ്. ഇത്രയും കുഞ്ഞു സിനിമ ഈ രീതിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ ആദ്യമേ എനിക്ക് നിർമാതാവിനോട് നന്ദി പറയണം. ഗൗരവ് ചനാനയാണ് നിർമാതാവ്. അദ്ദേഹം ബാക്ക് ബോൺ പോലെ കൂടെനിന്നു. കുഞ്ഞു പടത്തിനെ ഇവിടെ വരെ എത്തിച്ചു, പ്രേക്ഷകർ സ്വീകരിച്ചു, പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ അവർ തിരിച്ചറിഞ്ഞു, അവർക്ക് മനസിലായി. ഇതിനപ്പുറം ഒരു തുടക്കക്കാരനായ സംവിധായകന് മറ്റൊന്നും കിട്ടാനില്ല. ഇനി നല്ല നമ്പേഴ്സ് കൂടെ വന്നാൽ സന്തോഷം.

വി.കെ. പ്രകാശ് (താങ്ക്യു), ബോബൻ സാമുവൽ(ഹാപ്പി ജേർണി), രാജേഷ് പിള്ള (വേട്ട) എന്നിവരൊക്കെയാണല്ലോ തിരക്കഥയെഴുതിയ സിനിമകൾ സംവിധാനംചെയ്തത്. ഷാജി കൈലാസിന്റെ സംവിധാന സഹായിയായിരുന്നു. സ്വതന്ത്രസംവിധായകനാവുമ്പോൾ, അവരിൽനിന്ന് പഠിച്ച പാഠങ്ങൾ എത്രത്തോളം സഹായകരമായിരുന്നു?

എല്ലാ സംവിധായകരിൽനിന്നും ഞാൻ പഠിച്ച ഓരോ പാഠങ്ങളുണ്ട്. രാവിലെ എട്ടരയ്ക്കായിരുന്നു ഷൂട്ടിങ് സമയത്ത് ബ്രേക്ക്ഫാസ്റ്റ് ബ്രേക്ക്. അതിനു മുമ്പ് എനിക്ക് രണ്ട് ഷോട്ടെങ്കിലും എടുക്കണമെന്ന് നിർബന്ധമായിരുന്നു. കുറഞ്ഞത് ഒരു ഷോട്ടെങ്കിലും ഞാൻ എടുക്കും. അത് ഷാജി കൈലാസ് സാറിൽനിന്ന് ഞാൻ പഠിച്ചതാണ്. സാർ രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുമ്പ് രണ്ടുഷോട്ട് ഉറപ്പായും എടുത്തിരിക്കും.

കൂടെ പ്രവർത്തിച്ച ഓരോ സംവിധായകരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ബോബൻ ചേട്ടൻ ഹ്യൂമറിന് നൽകുന്ന പ്രാധാന്യം, വികെപിയുടെ വേഗം.

ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരാൾ രാജേഷ് പിള്ള തന്നെയാണ്. രാജേഷേട്ടൻ ഡയറക്ട് ചെയ്യുന്ന ഒരു രീതിയുണ്ട്. ഒരു സീൻ കിട്ടിയാൽ അതിനുമുകളിൽ പണിയെടുത്ത് ഏറ്റവും പീക്ക് മൊമെന്റിൽ വരെ എത്തിക്കും. അത്രയും അധ്വാനിക്കുന്ന സംവിധായകനാണ്. എല്ലാവരും ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതൊക്കെ നമ്മുടെ ഡയറക്ഷനിൽ സഹായിച്ചിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

രാജേഷ് പിള്ളയുമായുള്ള ബന്ധം

രാജേഷേട്ടനെ ആദ്യമായി പരിചയപ്പെടുന്നത് എന്റെ ആദ്യചിത്രത്തിന് ശേഷമാണ്. '10:30 എഎം ലോക്കൽ കോളി'ൽ നിഷാനും ലാലും ഉൾപ്പെടെയുള്ളവരായിരുന്നു അഭിനയിച്ചത്.. സ്റ്റാർ വാല്യൂ ഉണ്ടെങ്കിൽ മാത്രം തിയേറ്ററിൽ ആൾക്കാർ വരുന്ന ഒരു കാലഘട്ടമായിരുന്നു. അന്നത് ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ്. പക്ഷേ, രാജേഷേട്ടൻ ആ സിനിമ തിയേറ്ററിൽ പോയി കാണുകയും തിരക്കഥാകത്ത് ആരാണെന്ന് അന്വേഷിച്ചു കണ്ടുപിടിച്ചു. ആക്ടർ കൃഷ്ണ വഴി എന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടു. നമുക്ക് ഒന്നിച്ച് ഒരു സിനിമ ചെയ്യണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞങ്ങൾ അന്ന് തൊട്ട് പല കഥകൾ പ്ലാൻ ചെയ്തു. പക്ഷേ, നടക്കാതെപോയി. 'മിലി'യുടെ മുമ്പാണ് രാജേഷൻ എന്നെ വിളിച്ച്, എനിക്കൊരു സ്‌ക്രിപ്റ്റ് വേണമെന്ന് പറഞ്ഞത്. ത്രില്ലറാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടുമൂന്ന് ഐഡിയയൊക്കെ ചർച്ച ചെയ്‌തെങ്കിലും ഒന്നും വർക്കായില്ല. അങ്ങനെ പെട്ടെന്ന് ഒരു എലമെന്റ് എനിക്ക് കിട്ടിയപ്പോൾ അദ്ദേഹത്തോട് പറഞ്ഞു.

കഥയുടെ ഒരു പൊട്ട് പറഞ്ഞാൽ രാജേഷേട്ടന് മൊത്തം സ്‌ക്രിപ്റ്റ് കിട്ടും. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ്. ഞാൻ അങ്ങനെ വളരെ കുറച്ച് സംവിധായകരയേ കണ്ടിട്ടുള്ളൂ. ഒരാൾ ജയിലിൽ ആകുന്നു, അയാൾ ഒരു മൈൻഡ് ഗെയിം കളിക്കുന്നു എന്നുമാത്രമാണ് ഞാൻ 'വേട്ട'യെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത്. ‘മോനെ നാളെ ട്രെയിൻ കേറി വാ’, എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ സംഭവിച്ചതായിരുന്നു ‘വേട്ട’.

എന്നിലെ എഴുത്തുകാരനനെ രൂപപ്പെടുത്തിയെടുത്ത സംവിധായകനാണ് രാജേഷ് പിള്ള. അങ്ങനെ വെറുതെ സിനിമ ചെയ്യുന്ന ഒരാളല്ല രാജേഷേട്ടൻ. ഓരോ സീനിനും ഡയലോഗിനും വേണ്ടി അത്രമാത്രം എഫർട്ട് അദ്ദേഹം ഇടും. 'വേട്ട'യിലെ ഒരു ഡയലോഗിന് വേണ്ടി രണ്ടും മൂന്നും ദിവസം പണിയെടുത്തിട്ടുണ്ട്.

വരാനിരിക്കുന്ന ചിത്രങ്ങൾ

ദുൽഖർ സൽമാന്റെ നിർമാണക്കമ്പനി വേഫെയർ ഫിലിംസിന്റെ ആദ്യത്തെ പ്രൊജക്റ്റ് ആവേണ്ടിയിരുന്നത് എന്റെ ചിത്രമായിരുന്നു. ദുൽഖറിന് ഇഷ്ടപ്പെട്ട സബ്ജക്റ്റ് ആയിരുന്നു. അത് നടക്കാതെ പോയി. പിന്നീട് ദുൽഖറും തിരക്കിലായി.

രണ്ടുമൂന്ന് പ്രൊജക്റ്റുകൾ ആർട്ടിസ്റ്റുകളുമായി സംസാരിച്ചിട്ടുണ്ട്. അവരുടെ ഒരു അവൈലബിലിറ്റി നോക്കി മുന്നോട്ടുപോവും. വരും ദിവസങ്ങളിൽ അതിന്റെ തീരുമാനം ഉണ്ടാകും.