വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ ‘നാസ’ ഡോക്യുമെന്ററിയുടെ സംവിധായകരുടെ പൗരത്വം റദ്ദാക്കാനൊരുങ്ങി ഇസ്രയേൽ. സംവിധായകരായ യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രയേൽ സാംസ്‌കാരിക മന്ത്രി മിക്കി സോഹർ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് നടപടി.

To advertise here,

ജൂതവിരുദ്ധരുടെ കൈയടി നേടാൻ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് ഇരുവരും ശ്രമിച്ചതെന്ന് മിക്കി സോഹർ ആരോപിച്ചു. രാജ്യദ്രോഹികളായ ഇരുവരുടെയും ഇസ്രയേലി പൗരത്വം റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും മിക്കി സോഹർ എക്‌സിൽ കുറിച്ചു.

ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും സംവിധായകർക്കെതിരെ രംഗത്തെത്തി. ഇരുവരും ഇസ്രയേലി ജനതയ്ക്ക് നാണക്കേടാണ്. ഹമാസ് ഇവരെ സ്വീകരിച്ചോളുമെന്നും ഇറ്റാമർ ബെൻ ഗ്വിർ പരിഹസിച്ചു.

യു.കെയിലെ ദ ഗാർഡിയൻ ദിനപ്പത്രമാണ് ‘നാസ’ ഡോക്യുമെന്ററിയുടെ നിർമാതാക്കൾ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളാണ് 80 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്. ഗാസയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടാൻ സാധ്യതയുള്ള സാധാരണക്കാരുടെ എണ്ണം സൂചിപ്പിക്കാൻ ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം ഉപയോഗിക്കുന്ന ചുരുക്കെഴുത്താണ് നാസ എന്ന് ഡോക്യുമെന്ററിയിൽ പറയുന്നു.

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഡോക്യുമെന്ററിക്ക് വൻസ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിന് ശേഷം 25 മിനിറ്റ് നീണ്ട കൈയടിയാണ് ചിത്രത്തിന് ലഭിച്ചത്. ഇത് ചലച്ചിത്രമേളയുടെ ചരിത്രത്തിലെതന്നെ റെക്കോർഡ് ദൈർഘ്യമാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സംവിധായകർക്കെതിരെ നടപടിക്കൊരുങ്ങുന്നതായി സാംസ്‌കാരിക മന്ത്രി അറിയിച്ചത്.