നടൻ പ്രദീപ് റാവത്തുമായുള്ള അഭിമുഖം, അദ്ദേഹത്തിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു

To advertise here,

 

സൂര്യ-എ.ആർ. മുരുഗദോസ് ടീമിന്റെ ഗജിനിയിലെ കൊടുംകുറ്റവാളി വീണ്ടും മലയാളത്തിലേക്ക്... കുഴൽപ്പണ ഇടപാടിനെ കേന്ദ്രീകരിച്ച് നവാഗതനായ പീറ്റർ സാജൻ സംവിധാനം ചെയ്യുന്ന 'ഒരു കടത്ത് നാടൻ കഥ' എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് റാവത്ത് വീണ്ടുമെത്തുന്നത്. സിദ്ദിഖിന്റെ മകൻ ഷഹിൻ സിദ്ദിഖാണ് ചിത്രത്തിലെ നായകൻ, പ്രതിനായകവേഷംതന്നെയാണ് ഇത്തവണയും പ്രദീപിന്.

ഗജിനിയിൽ സൂര്യയുടെയും അസിന്റെയും തലയിലേക്ക് ആഞ്ഞുപതിച്ച ആ ഇരുമ്പുദണ്ഡിന്റെ ആഘാതം ഒന്നുമാത്രം മതി പ്രദീപ് റാവത്തിന്റെ മുഖം പ്രേക്ഷകമനസ്സിലേക്കെത്താൻ. കുറ്റിത്തലമുടിയും വളഞ്ഞ പുരികങ്ങളും ക്രൗര്യം നിറഞ്ഞ കണ്ണുകളും ഒത്ത ശരീരവുമായി പ്രദീപ് റാവത്ത് പിന്നെയും പലതവണ വെള്ളിത്തിരയിൽ ഭീതിനിറച്ചു. മോഹൻലാൽ നായകനായ മൾട്ടിസ്റ്റാർ ചിത്രം ചൈനാ ടൗണിലും പ്രദീപ് ശ്രദ്ധേയവേഷം അവതരിപ്പിച്ചു.

Also Read: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

''മലയാളത്തിൽ ഇപ്പോൾ ഇങ്ങനെയൊരു ചിത്രം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുത്തകാലത്തെല്ലാം മലയാളത്തിൽനിന്ന് നിരവധി ഓഫറുകൾ വന്നിരുന്നു. കഥ തിരഞ്ഞെടുത്ത് അഭിനയിക്കാനായിരുന്നു പ്രയാസം. ഒരു കടത്ത് നാടൻ കഥ എന്നചിത്രത്തെക്കുറിച്ച് കേട്ടപ്പോൾ താത്പര്യം തോന്നി. സംവിധായകൻ നവാഗതനാണെങ്കിലും ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ച് കൃത്യമായി ബോധ്യമുള്ളവനാണെന്ന് മനസ്സിലായി. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല.''- ഇടവേളകൾക്കുശേഷം മലയാളത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് പ്രദീപ് റാവത്ത് സംസാരിച്ചുതുടങ്ങി.

ഒരു കടത്ത് നാടൻ കഥ എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ?

കൊടുംക്രൂരനോ ഭീകര കുറ്റവാളിയോ ഒന്നുമല്ല ഈ ചിത്രത്തിൽ. സാഹചര്യംകൊണ്ട് വില്ലനാകുന്ന ഒരാൾ അങ്ങനെയൊരു കഥാപാത്രത്തെ കിട്ടിയപ്പോൾ അഭിനയിക്കാമെന്ന് ഉറപ്പിക്കുകയായിരുന്നു.

ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. കഥയിൽ അധോലോക നായകനായ പ്രധാന വില്ലനാണ് ഞാൻ.

മൾട്ടിസ്റ്റാർ മലയാളസിനിമകളിലുൾപ്പെടെ അഭിനയിച്ചിട്ടുണ്ട്. മലയാളസിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ?

വളരെ കുറച്ച് മലയാള ചിത്രങ്ങളിലാണ് ഇതുവരെ അഭിനയിച്ചത്. എങ്കിലും ഒരുപാട് നല്ല സുഹൃത്തുക്കളെ ഇവിടം സമ്മാനിച്ചിട്ടുണ്ട്. എം. പത്മകുമാർ സംവിധാനം ചെയ്ത 'ഇത് പാതിരാമണൽ' ആയിരുന്നു അതിൽ ഏറ്റവും ശ്രദ്ധേയം. ആലപ്പുഴയിലെ കായലും മനോഹരമായ അന്തരീക്ഷവുമെല്ലാം ഇപ്പോഴും ഓർക്കുന്നു. ആ സിനിമ ഞാൻ കണ്ടിട്ടില്ല എന്നതാണ് സത്യം. ചൈനാ ടൗണിന്റെ ലൊക്കേഷൻ എറെ സന്തോഷം നൽകിയ ഇടമായിരുന്നു. മോഹൻലാൽ, ദിലീപ്, ജയറാം എന്നിവരുമായെല്ലാം ചെലവിട്ട ദിനങ്ങൾ ഇന്നും രസകരമായ ഓർമകളാണ്.

ഗജിനിയിലെ കൊടുംവില്ലനായിത്തന്നെയാണ് പ്രേക്ഷകർ ഇപ്പോഴും കാണുന്നതെന്ന് തോന്നിയിട്ടുണ്ടോ?

എല്ലാ നടന്മാർക്കും അവരുടെ ജീവിതത്തിൽ വഴിത്തിരിവായ കഥാപാത്രത്തെ കുറിച്ച് പറയാനുണ്ടാകും. ആ കഥാപാത്രത്തിന് കിട്ടുന്ന അംഗീകാരമാണ് പിന്നീടുള്ള സിനിമകളെല്ലാം. എന്റെ ജീവിതത്തിൽ അത്തരമൊരു വേഷം തന്നത് ഗജിനിയായിരുന്നു.

തമിഴിൽ റിലീസ് ചെയ്തതിനുശേഷം പുറത്തിറങ്ങിയ തെലുഗു മൊഴിമാറ്റ പതിപ്പിനും വൻ സ്വീകരണമായിരുന്നു. ഗജിനിക്കുശേഷം വില്ലൻവേഷങ്ങളുടെ ഘോഷയാത്രയായിരുന്നു. ഒരു വേഷം ഹിറ്റായാൽ സമാനമായ വേഷങ്ങളിലെല്ലാം നമ്മളെയാകും സംവിധായകരും എഴുത്തുകാരും പെട്ടെന്ന് കാണുക. അതിനവരെ കുറ്റം പറയാൻ കഴിയില്ല.

ബാങ്ക് ഉദ്യോഗസ്ഥനായിരുന്നെന്ന് കേട്ടിട്ടുണ്ട്?

സിനിമയിലേക്ക് വരുന്നതിന് മുമ്പാണ്. ഗ്രാജുവേഷൻ കഴിഞ്ഞ് നിൽക്കുന്ന സമയം. നല്ലൊരു ജോലി വേണമായിരുന്നു. വീട്ടിലാണെങ്കിൽ അച്ഛനും മുത്തച്ഛനും സൈനികർ. അതുകൊണ്ട് ഞാനും സൈനികനാവണമെന്നായിരുന്നു അവർക്ക്. പക്ഷേ, സൈന്യത്തിന് എന്നെ വേണ്ടായിരുന്നു (ചിരിക്കുന്നു). പിന്നെ പരീക്ഷകൾ എഴുതാൻ തുടങ്ങി. പക്ഷേ, പലർക്കും എന്റെ മുഖം ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.

പിന്നെ ഐ.പി.എസ്., യു.പി.എസ്.സി. പരീക്ഷകളൊക്കെ എഴുതി. പക്ഷേ, അതൊന്നും ഫലം കണ്ടില്ല. അതോടെ വീട്ടിൽനിന്ന് നല്ല സമ്മർദം വന്നു.

ജോലി കിട്ടാത്തതിനെച്ചൊല്ലി ചോദ്യങ്ങൾ ഉയർന്നു. അങ്ങനെ ചില ബാങ്ക് പരീക്ഷകളെഴുതി. ഭാഗ്യമെന്ന് പറയട്ടെ ഏഴോ എട്ടോ ബാങ്കുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, കിട്ടിയത് ക്ലറിക്കൽ ജോലിയായിരുന്നു. അതിൽ ഞാനൊട്ടും തൃപ്തനായിരുന്നില്ല.