
2026 ഏപ്രിലില്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം നാസ ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് തിരികെ വരുന്ന പര്യവേക്ഷണ വാഹന ദൗത്യം നടത്തുകയാണ്. 2027 മെയ് മാസമാണ് മനുഷ്യന്‍ ചന്ദ്രനില്‍ ഇനി ഇറങ്ങുക. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത് 1969 ജൂലായ് 20നായിരുന്നു. അന്യഗ്രഹത്തില്‍ ആദ്യമായി കാലുകുത്തി ചരിത്രം സൃഷ്ടിച്ച് തിരിച്ചെത്തിയ ആദ്യ വ്യക്തി നീല്‍ ആംസ്‌ട്രോങ്ങിനെ അമേരിക്കയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി നേരിട്ട് കാണുകയും അദ്ദേഹവുമായി സൗഹൃദത്തിലാവുകയും ചെയ്ത ഒരു മലയാളി കുടുംബമുണ്ട്. നീലിന്റെ മകന്‍ മാര്‍ക് ഇപ്പോഴും ആ കുടുംബത്തിന്റെ സുഹൃത്താണ്. ആ സന്ദര്‍ശനത്തിന്റെ ഓര്‍മകളും അനുഭവങ്ങളും പശ്ചാത്തലമാക്കി 53 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ഒരു ഹ്രസ്വ ഇംഗ്ലീഷ് ചിത്രം പിറന്നു. 2022ല്‍ പിറന്ന ആ ചിത്രം നാസയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ലോകത്ത് പലയിടത്തും പ്രദര്‍ശിപ്പിച്ചു. പക്ഷേ നീല്‍ ആംസ്‌ട്രോങ്ങിന്റെ മകന്‍ മാര്‍ക് ആംസ്‌ട്രോങും അദ്ദേഹത്തിന്റെ കുടുംബവും സൗഹൃദ വലയത്തിലുള്ള ആ കൂട്ടായ്മയെ നമ്മള്‍ മലയാളികള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപൂര്‍വ സുന്ദരമായ ആ കൂട്ടുകെട്ടിന്റെ കഥയാണ് ഇത്, പത്തനംതിട്ട ജില്ലയിലെ കവുങ്ങും പ്രയാര്‍ ഊര്യം പടിക്കല്‍ കോശി എബ്രഹാം എന്ന ഓസി, ഭാര്യ ഇരവിപേരൂര്‍ ശങ്കര മംഗലം കുടുംബാംഗം നിര്‍മല, ഇവരുടെ മൂത്ത മകള്‍ അനീഷ, നിര്‍മലയുടെ അമ്മ എലിസബത് ജോര്‍ജ് എന്നിവരാണ് ഈ സൗഹൃദ കഥയിലെ കഥാപാത്രങ്ങള്‍.
1969. ജൂലായ് 20, അപ്പോളോ 11 ചാന്ദ്ര പര്യവേക്ഷണ വാഹനത്തില്‍ എത്തിയ നീല്‍ ആംസ്‌ട്രോങ്ങ് ആദ്യമായി ചന്ദ്രനില്‍ ഇറങ്ങി. 'മനുഷ്യന് ഒരു ചെറിയ കാല്‍വെപ്പ്, മാനവരാശിക്ക് ഒരു വലിയ കുതിച്ചു ചാട്ടം' എന്നായിരുന്നു ചന്ദ്രനിലിറങ്ങിയതിനു പിന്നാലെയുള്ള ആംസ്‌ട്രോങ്ങിന്റെ ചരിത്ര പ്രസിദ്ധമായ വാക്കുകള്‍. നീല്‍ ആംസ്‌ട്രോങ് ബഹിരാകാശത്ത് ചരിത്രം കുറിക്കുമ്പോള്‍ അമേരിക്കയിലെ വീട്ടിലെ ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷനില്‍ ഈ കാഴ്ചകള്‍ കണ്ട് അഭിമാനപുളകിതരാവുകയായിരുന്നു എബ്രഹാമും നിര്‍മലയും എലിസബത്തും. നീലിന്റെ ആദ്യ ചുവടുകള്‍ ചന്ദ്രനില്‍ പതിഞ്ഞ നിമിഷം ഏലിസബത്തും നിര്‍മലയും ഇരുന്നയിരിപ്പില്‍ നിന്ന് ആഹ്ളാദത്താല്‍ ചാടിയെഴുന്നേറ്റ് ചരിത്രനിമിഷത്തിന് സാക്ഷിയായി.

ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഒഹായോയിലെ സെലീനയില്‍ സുഹൃത്തിനെ കാണാന്‍ പുറപ്പെട്ടതാണ് ഓസിയും കുടുംബവും. വെള്ളക്കാര്‍ മാത്രം വസിക്കുന്ന വാപാ കൊനേറ്റാ ഗ്രാമത്തിലൂടെയായിരുന്നു അന്ന് അവര്‍ യാത്ര ചെയ്തത്. അവിടെ പച്ച നിറത്തിലുള്ള ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങളില്‍ വാപാ കൊനേറ്റയെന്ന് എഴുതിവെച്ചത് ഓസി കണ്ടു. ബോര്‍ഡ് കണ്ടതോടെ ഓസി അത്യധികം ആവേശത്തിലായി, കാരണം ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിന്റെ ജന്മനാടായിരുന്നു വാപാ കൊനേറ്റ. ഒപ്പമുള്ളവരോട് ഇക്കാര്യം പറഞ്ഞതോടെ നീല്‍ ആംസ്‌ട്രോങ്ങിന്റെ വീട് കാണാന്‍ പോകണമെന്നായി എല്ലാവരുടേയും ആഗ്രഹം. അതിനു മുന്‍പായി സമീപത്തെ ഒരു ഹോട്ടലില്‍ മൂവരും ഭക്ഷണം കഴിക്കാനായി കയറി. സാരി ഉടുത്ത എലിസബത്തിനേയും നിര്‍മലയേയും ഹോട്ടലിലുള്ളവര്‍ തുറിച്ചുനോക്കി. അമേരിക്കയില്‍ വര്‍ണവിവേചനം അല്‍പമെങ്കിലും നിലനില്‍ക്കുന്ന കാലമായിരുന്നു അത്. പ്രത്യേകിച്ച് വെള്ളക്കാര്‍ മാത്രം താമസിച്ചിരുന്ന മേഖലകളില്‍ വിവേചനം ശക്തമായി തന്നെ തുടര്‍ന്നുവന്നിരുന്നു.
നീല്‍ ആംസ്‌ട്രോങ്ങിന്റെ വീട് എവിടെയെന്ന എലിസബത്തിന്റെ ചോദ്യം ഭക്ഷണം വിളമ്പിയ വെയ്ട്രസിനോടായിരുന്നു. ചോദ്യത്തിന് കൃത്യമായ മറുപടി കിട്ടിയതോടെ ഭക്ഷണം കഴിച്ചയുടന്‍ മൂവരും അങ്ങോട്ട് തിരിച്ചു. നീലിന്റെ വീടിന് സമീപമെത്തി ഓസി കാര്‍ നിര്‍ത്തി. വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയതും ഡോര്‍ തുറന്ന് എലിസബത്ത് ചാടിയിറങ്ങി. വീട് പുറത്തുനിന്ന് കണ്ട് മടങ്ങിവരാമെന്നായിരുന്നു കണക്കുകൂട്ടലിലായിരുന്നു ഓസി കാര്‍ നിര്‍ത്തിയതെങ്കിലും അപ്പോഴേക്കും എലിസബത്ത് വീട്ടിലേക്ക് നടന്നുതുടങ്ങിയിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ നിന്ന് അമ്മ ഡോര്‍ തുറന്നു പോകുന്നത് കണ്ടപ്പോള്‍ നിര്‍മലയും പുറത്തേക്ക് ഇറങ്ങി. തന്റെ കൈയിലുണ്ടായിരുന്ന ഒമ്പത് മാസം പ്രായമുള്ള മകള്‍ അനീഷയെ നിര്‍മല ഓസിയുടെ കൈകളിലേക്ക് ഏല്‍പിച്ചു. ഇരുവരും ആവേശത്തോടെ ആംസ്‌ട്രോങ്ങിന്റെ വീട്ടിന് മുന്നിലേക്ക് നടന്നടുത്തു. അമ്മയും മകളും കൂടി വെള്ളക്കാരായ അപരിചിതന്റെ വീട്ടിലേക്ക് പോകുന്നതിലെ അസംതൃപ്തി ഓസി മറച്ചുവെച്ചില്ല. അദ്ദേഹമത് വിളിച്ചു പറയുകയും ചെയ്തു. അത് പറയാന്‍ തനിക്ക് തക്കതായ കാരണമുണ്ടെന്നായിരുന്നു ആ സംഭവത്തെ കുറിച്ച് ഓസി പിന്നീട് പറഞ്ഞത്.
'വെളുത്ത വര്‍ഗക്കാര്‍ മാത്രം താമസിക്കുന്ന നാടാണ് വാപാ കൊനേറ്റ. വീടിനു മുമ്പില്‍ അനാവശ്യമായി വന്നു നില്‍ക്കുന്ന കറുത്തവരെയും ഏഷ്യന്‍ വംശജരെയും കാണുമ്പോള്‍ ഒന്നുകില്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കും, അല്ലെങ്കില്‍ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിടും. ഇതാണ് പതിവ്, ഇനിയെങ്ങാനും പട്ടികളെ അഴിച്ചുവിട്ടാല്‍ സാരി ഉടുത്ത് നടക്കുന്ന ഭാര്യയ്ക്കും അമ്മയ്ക്കും ഓടി രക്ഷപ്പെടാനും ബുദ്ധിമുട്ടാവും. അതായിരുന്നു ആംസ്‌ട്രോങ്ങിന്റെ വീട്ടിലേക്ക് കയറുന്നതില്‍ നിന്ന് ഇരുവരേയും വിലക്കിയതെന്ന് ഓസി പറഞ്ഞു.
നീലിന്റെ വീട്ടില്‍ എത്തിയ എലിസബത്ത് മകളോട് കതകില്‍ തട്ടാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം വാതിലില്‍ തട്ടിയ അവര്‍ക്ക് മുന്നിലേക്ക് വീടിന്റെ വാതില്‍ തുറന്ന് ഒരു സ്ത്രീ ഇറങ്ങിവന്നു. അപരിചിതരെ കണ്ടതിലെ ആകാംക്ഷ ആ കണ്ണിലുണ്ടായിരുന്നു. ആരാണെന്ന് ചോദ്യവും പിന്നാലെയെത്തി. ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്‌ട്രോങിന്റെ നേട്ടത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ എത്തിയവര്‍ ആണെന്നും തങ്ങള്‍ ഇന്ത്യക്കാരാണെന്നും എലിസബത് പറഞ്ഞു. കതകുകള്‍ തുറന്ന് അപരിചിതരായ ആ സ്ത്രീകളെ വീട്ടിലെ ആതിഥേയ അകത്തേയ്ക്ക് ക്ഷണിച്ചു. നീല്‍ ആംസ്ട്രോങ്ങിന്റെ അമ്മ വയോളയായിരുന്നു അത്, പിതാവ് സ്റ്റീവ് ആംസ്ട്രോങും സന്ദര്‍ശകമുറിയിലേക്കെത്തി അതിഥികളെ സ്വീകരിച്ചു.

അല്‍പസമയം കഴിഞ്ഞിട്ടും നീലിന്റെ വീട്ടിലേക്ക് പോയവര്‍ തിരിച്ചെത്തിയില്ല. സമീപത്ത് പട്ടികള്‍ കുരയ്ക്കുന്ന ശബ്ദം കേള്‍ക്കാം. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ മകളേയും കൂട്ടി വീടിന് മുന്നിലെത്തിയ ഓസി ധൈര്യം സംഭരിച്ച് വാതിലില്‍ മുട്ടി, വാതില്‍ വീണ്ടും തുറന്നു. വയോള മുന്നിലെത്തി. ഇത് തന്റെ ഭര്‍ത്താവാണെന്ന് നിര്‍മല പറഞ്ഞതോടെ ഓസിയേയും വയോള അകത്തേക്ക് ക്ഷണിച്ചു. അല്‍പനേരത്തെ കാത്തിരിപ്പിനൊടുവില്‍ മുകളിലത്തെ നിലയില്‍ നിന്ന് ഒരാള്‍ പുറത്തേക്കിറങ്ങി വന്നു, ചന്ദ്രനെ തൊട്ട ആ അത്ഭുതമനുഷ്യനിതാ മുന്നില്‍ വന്നുനില്‍ക്കുന്നു, സാക്ഷാല്‍ നീല്‍ ആംസ്‌ട്രോങ്.!
കൗതുകം നിറഞ്ഞ കണ്ണുകളോടെ, നിറഞ്ഞ പുഞ്ചിരിയോടെയാണ് തങ്ങളെ സ്വീകരിച്ചതെന്നും പരിചയപ്പെട്ടതെന്നും ഓസി യും നിര്‍മലയും പറഞ്ഞു. ആ കുടുംബം അവരുടെ സ്വകാര്യ കാര്യങ്ങള്‍ പോലും പറഞ്ഞുവത്രേ. ബഹിരാകാശത്തും ചന്ദ്രനിലെത്തുമ്പോഴും രാജ്യങ്ങളുടെ അതിരുകള്‍ കാണാനായില്ലെന്ന് നീല്‍ പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം എബ്രഹാം കുടുംബം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ക്യാമറ ക്ലിക് ചെയ്തത് നീല്‍ ആയിരുന്നു. 9 മാസം പ്രായമുള്ള അനീഷയെ കൈകളിലെടുത്ത നീല്‍ ആ കുഞ്ഞിന്റെ കവിളില്‍ ഉമ്മ വെച്ചു. നീല്‍ ബഹിരാകാശ സഞ്ചാരിയുടെ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ഫോട്ടോ കയ്യൊപ്പിട്ട് അതിഥികള്‍ക്ക് സമ്മാനിച്ചു. ഈ കൂടിക്കാഴ്ച നല്‍കുന്ന മധുരാനുഭവവും നീലിന്റെ വാക്കുകളുമാണ് one Small Visit എന്ന ചിത്രത്തിന്റെ പ്രമേയം.

ഈ സന്ദര്‍ശനം നടക്കുമ്പോള്‍ ഓസിയും നിര്‍മലയും അമേരിക്കയില്‍ ഉപരിപഠനം നടത്തുകയായിരുന്നു. എബ്രഹാം കുടുംബത്തിലെ ആദ്യ മകള്‍ ലെഫ്റ്റനന്റ് കേണല്‍ ഡോക്ടര്‍ അനീഷ എബ്രഹാം ഇപ്പോള്‍ വാഷിങ്ടണില്‍ ചൈല്‍ഡ് അഡോളസന്റ് വിഭാഗം ഡയറക്ടര്‍ ആണ്.പീഡിയാട്രിഷ്യന്‍, കൗമാരക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വിദഗ്ധ, പ്രഭാഷക, എഴുത്തുകാരി, ചലച്ചിത്ര നിര്‍മ്മാതാവ് എന്നീ നിലകളിലും പ്രശസ്ത. അഭിഭാഷകയായ അജിത ആണ് ഓസിയുടേയും നിര്‍മലയുടേയും മറ്റൊരു മകള്‍.
ഹോങ്കോങ്ങുകാരന് കാനഡക്കാരിയില്‍ ജനിച്ചയാളാണ് ജോ രവശാ. അനീഷയുടെ സുഹൃത്ത്. സിനിമാ സംവിധായിക. ഒരു ഡിന്നര്‍ പാര്‍ട്ടിയിലാണ് തന്റെ മാതാപിതാക്കള്‍ നീല്‍ ആംസ്‌ട്രോങ്ങുമായി കൂടിക്കാഴ്ച നടത്തിയ കാര്യം അനീഷ വെളിപ്പെടുത്തിയത്. ഈ കൂടിക്കാഴ്ചയ്ക്ക് വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തി ഉണ്ടെന്ന് ജോ ചിമ്മിന് തോന്നി. കാരണം വംശീയതയും വര്‍ണവിവേചന സമാനമായ അനുഭവങ്ങളും ജോയും നിരവധി തവണ നേരിട്ടതാണ്. പല രാജ്യങ്ങളില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് താമസിക്കുന്ന ആളാണ് ജോ. മിക്ക നാടുകളിലും സമാനമായ അവസ്ഥയുണ്ടെന്ന് ജോ പറയുന്നു. അങ്ങനെയാണ് ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഒരു തിരക്കഥ തയ്യാറാക്കുന്നത്. ഒരു കുടുംബത്തില്‍ ഒതുക്കപ്പെടേണ്ട സന്ദേശം അല്ല ഇതെന്നായിരുന്നു ജോയുടെ നിലപാട്.
ലോസ് ആഞ്ജലീസ് Shorts Film ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം വണ്‍ സ്‌മോള്‍ വിസിറ്റ് നേടി. നാസയുടെ D.C. ഹെഡ്ക്വാര്‍ട്ടേഴ്സിലും കെന്നഡി സെന്ററിലും ചിത്രം പ്രദര്‍ശിപ്പിച്ചു. DC South Asian Film Festival ലിലും പുനര്‍നിര്‍മ്മിച്ച National Air and Space Museum'ലും പ്രദര്‍ശിപ്പിച്ചു. നാസയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ ഡോ. അനീഷ സദസ്സിനെ അഭിസംബോധന ചെയ്യുകയുണ്ടായി. അപ്പോള്‍ പിന്നില്‍ തെളിഞ്ഞ ചിത്രം അനീഷയുടെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു. ഈ പ്രദര്‍ശനത്തിലേക്ക് നാസ നീല്‍ ആംസ്‌ട്രോങിന്റെ മകന്‍ മാര്‍ക്കിനേയും പത്‌നി വെന്‍ഡിയേയും വിളിച്ചിരുന്നു. ഇരുവരുമെത്തി ചിത്രം കണ്ടു.

കഴിഞ്ഞയിടെ one small visit നാസയില്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം. ഡോ. അനീഷ തന്റെ മാതാപിതാക്കളെ താന്‍ താമസിക്കുന്ന ഷെവിചേസിലെ വീട്ടിലേക്ക് ക്ഷണിച്ചു. എണ്‍പതുകളിലായിരുന്നു ഓസിയും നിര്‍മലയും. നാസയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രഭാതഭക്ഷണം നല്‍കുമ്പോള്‍ അതില്‍ പങ്കാളികളാകാനായിരുന്നു ക്ഷണം. അന്ന് രാവിലെ അനീഷയുടെ വീടിന്റെ വാതിലില്‍ രണ്ടുപേര്‍ തട്ടി. വാതില്‍ തുറന്നത് നിര്‍മല. മുന്‍പില്‍ നില്‍ക്കുന്ന വെള്ളക്കാരനായ യുവാവിനോടും യുവതിയോടും ആരാണ് എന്താണെന്ന് ചോദിച്ചു. ഇത് തന്റെ ഭാര്യ വെന്‍ഡി ആണെന്നും തന്റെ പേര് മാര്‍ക്ക് ആംസ്‌ട്രോങ് എന്നാണെന്നും യുവാവ് പറഞ്ഞു. നീല്‍ ആംസ്ട്രോങ്ങിന്റെ മകനാണ് മാര്‍ക്ക്. അവിടെയെത്തിയ ഏബ്രഹാം ഇരുവരേയും വീട്ടിലേക്കു ക്ഷണിച്ചു. 1969 ലെ ഒരു കൂടിക്കാഴ്ചയ്ക്ക് സമാനമായ അനുഭവം ഇവിടെ പുനര്‍ജനിച്ചു.കുറച്ചു കാലം മുന്‍പ് ഈ ചിത്രം മാര്‍ക് കണ്ടിരുന്നുവെന്നും ഇതൊരു സര്‍പ്രൈസ് വിസിറ്റ് ആകാന്‍ അനീഷയ്‌ക്കൊപ്പം മറച്ചുവച്ചതാണെന്നും മാര്‍ക്കും വെന്‍ഡിയും പറഞ്ഞു. ഏബ്രഹാം ആംസ്‌ട്രോങ് കുടുംബങ്ങളുടെ സൗഹൃദ ബന്ധം ഇന്നും നിലനില്‍ക്കുന്നു.
2022 ലെ ലോസ് ആഞ്ജലീസ് ഷോര്‍ട്ട്സ്ഫെസ്റ്റില്‍ മികച്ച വിദേശ ചലച്ചിത്രത്തിനുള്ള പുരസ്‌കാര പട്ടികയില്‍ One Small Visit പ്രദര്‍ശിപ്പിച്ചു. 95-ാമത് അക്കാദമി സ്‌ക്രീനിങ് റൂമില്‍ ലൈവ് ആക്ഷന്‍ ഷോര്‍ട്ടിനുള്ള ഓസ്‌ക്കർ പരിഗണനയില്‍ ചിത്രം ഇടം നേടി. ക്ലീവ്ലാന്‍ഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട്ടിനുള്ള ഓഡിയന്‍സ് ചോയ്സ് അവാര്‍ഡ്,ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ആഖ്യാന ഷോര്‍ട്ട് നോമിനേഷന്‍ എന്നിവ ഈ ചിത്രത്തിന്റെ നേട്ടങ്ങളാണ്.
ചിത്രം കുവൈറ്റിലെ യര്‍മൂക്ക് കള്‍ച്ചറല്‍ സെന്റര്‍, ഹോങ്കോങ്ങിലെ ഏഷ്യ സൊസൈറ്റി, ന്യൂയോര്‍ക്ക് & ടെക്‌സസ്, ബെര്‍ലിന്‍, ആംസ്റ്റര്‍ഡാം, ലണ്ടന്‍, പാരീസ്, വില്‍മിംഗ്ടണ്‍, ബര്‍മിംഗ്ഹാം, അലബാമ, ഒഹായോയിലെ ആംസ്‌ട്രോങ് എയര്‍ & സ്പേസ് മ്യൂസിയം, ബ്രസ്സല്‍സിലെ നാറ്റോ ആസ്ഥാനം ചിത്രം എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.അമേരിക്കയിലെ മലയാളി അസോസിയേഷനുകള്‍ തങ്ങളുടെ മീറ്റിങ്ങുകളില്‍ ഈ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിക്കാറുണ്ട്.
അലബാമ സംസ്ഥാനത്തെ ചില സ്‌കൂള്‍ ജില്ലകള്‍ തങ്ങളുടെ പ്രത്യേക പാഠ്യപദ്ധതിയില്‍ ഈ സന്ദര്‍ശനം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒഹായോ സ്റ്റേറ്റ് ചേംബര്‍ ഓഫ് കൊമേഴ്സിലെ വാപകൊനേറ്റ സമ്മര്‍ മൂണ്‍ ഫെസ്റ്റിവലില്‍ പ്രത്യേക അതിഥികളായി ഓസി നിര്‍മല ദമ്പതികളെ കഴിഞ്ഞയിടെ ക്ഷണിച്ചു. ബഹിരാകാശയാത്രികരുടെ ബഹുമാനാര്‍ത്ഥം സംഘടിപ്പിക്കുന്ന ഫെസ്റ്റിവലാണിത്. ആംസ്‌ട്രോങ് എയര്‍ & സ്‌പേസ് മ്യൂസിയത്തില്‍ ഇരുവര്‍ക്കും പ്രത്യേക സ്വീകരണം നല്‍കുകയും ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.വര്‍ണാഭമായ സ്വീകരണത്തിന് ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നഗര ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നഗരത്തിലെ ഏറ്റവും പഴയ (100 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന) തീയേറ്ററിലും ചിത്രം പ്രദര്‍ശിപ്പിച്ചു.
Content Highlights: One Small Visit short film Neil Armstrong
Published: 19 Mar 2025, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented