തിരുവനന്തപുരം: ഡോക്യുമെന്ററി, ഹ്രസ്വചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് പ്രമുഖ അനിമേഷൻ ചലച്ചിത്രകാരി നിനാ സബ്നാനിക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബർ 30ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും. സെപ്റ്റംബർ 25 മുതൽ 30 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ നിനാ സബ്നാനിയുടെ 10 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

To advertise here,

നാലു പതിറ്റാണ്ടുകാലമായി അനിമേഷൻ സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. അനിമേഷൻ എന്ന കലയെ ചിത്രകല, നാടോടിവിജ്ഞാനീയം, വാമൊഴി പാരമ്പര്യം, വ്യത്യസ്ത മനുഷ്യവംശങ്ങളുടെ പ്രാദേശിക സംസ്‌കാരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന സമീപനരീതിയാണ് നിനാ സബ്നാനിയുടേത്. നാടോടിക്കഥപറച്ചിലുകാർക്കും ചിത്രകാരന്മാർക്കുമൊപ്പം പ്രവർത്തിച്ചുകൊണ്ട് അവർ നിർമിച്ച അനിമേഷൻ ചിത്രങ്ങൾ ദേശീയ അന്തർദേശീയതലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മികച്ച അനിമേഷൻ സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം 'ഹം ചിത്രാ ബനാത്തേ ഹെ' എന്ന ചിത്രത്തിലൂടെ 2016ൽ അവർ നേടി. മധ്യപ്രദേശിലെ ഭിൽ ഗോത്രത്തിലെ പരമ്പരാഗത ചിത്രകാരൻ ശേർ സിംഗുമായി സഹകരിച്ചാണ് നിന ഈ ചിത്രം പൂർത്തിയാക്കിയത്. 'മുകന്ദ് ആന്റ് റിയാസ്', 'ടാങ്കോ ബോലെ ഛെ' (ദി സ്റ്റിച്ചസ് സ്പീക്ക്), 'ബാത്ത് വഹി ഹെ' തുടങ്ങിയവയാണ് നിന സബ്നാനിയുടെ മറ്റു പ്രധാന ചിത്രങ്ങൾ.

വഡോദരയിലെ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സിൽനിന്ന് ബിരുദം നേടിയ നിന ന്യുയോർക്കിലെ സൈറാക്യൂസ് യൂനിവേഴ്സിറ്റിയിൽനിന്ന് ഫുൾബ്രൈറ്റ് ഫെലോഷിപ്പോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. രാജസ്ഥാനിലെ പരമ്പരാഗത കലാരൂപമായ കാവഡ് കഥാപ്രസംഗ പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തി 'കാവഡ് ട്രഡീഷൻ ഓഫ് രാജസ്ഥാൻ: എ പോർട്ടബിൾ പിൽഗ്രിമേജ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1985 മുതൽ 2006 വരെ രണ്ടു പതിറ്റാണ്ടുകാലം അഹ്‌മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അധ്യാപികയായിരുന്നു. അവിടെ അനിമേഷൻ ഡിസൈൻ പ്രോഗ്രാമിന്റെ സഹസ്ഥാപകയുമായിരുന്നു. അനസി ഇന്റർനാഷണൽ അനിമേഷൻ ഫിലിം ഫെസ്റ്റിവൽ, സിയോളിലെ ഇൻഡി അനിഫെസ്റ്റ് എന്നീ മേളകളിൽ ജൂറി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബംഗളുരുവിലെ സൃഷ്ടി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ ആന്റ് ടെക്നോളജിയിൽ അധ്യാപികയാണ്. മുംബൈയിലെ അനിമേള ഇന്റർനാഷണൽ അനിമേഷൻ ഫെസ്റ്റിവലിന്റെ ഫെസ്റ്റിവൽ ഡയറക്ടർ ആയും സേവനമനുഷ്ഠിക്കുന്നു.

2018ൽ ഇലസ്ട്രേഷനുള്ള ടാറ്റാ ട്രസ്റ്റിന്റെ ബിഗ് ലിറ്റിൽ ബുക്ക് അവാർഡ്, 2021ൽ ടൂൺസ് മീഡിയ ഗ്രൂപ്പിന്റെ ലെജൻഡ് ഓഫ് ഇന്ത്യൻ അനിമേഷൻ അവാർഡ്, 2024ൽ അനിമേഷൻ രംഗത്തെ മികവിനുള്ള റാംമോഹൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

ആനന്ദ് പട് വർധൻ (2018), മധുശ്രീ ദത്ത (2019),രഞ്ജൻ പാലിത് (2021), റീന മോഹൻ (2022), ദീപ ധൻരാജ് (2023), നരേഷ് ബേഡി, രാജേഷ് ബേഡി (2024), രാകേഷ് ശർമ്മ (2025) എന്നിവർക്കാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡുകൾ ഇതുവരെ സമ്മാനിച്ചിട്ടുള്ളത്.