തൃശൂർ: പോളണ്ടിലെ വാഴ്സാ സർവകലാശാലാ ഫിലിം സ്കൂളിലെ വിദ്യാർഥികൾ ചിത്രീകരിച്ച ഹ്രസ്വചിത്രത്തിലെ നായിക തൃശൂരിലെ ചലച്ചിത്രകുടുംബത്തിൽനിന്ന്. കേരളത്തിൽ ചലച്ചിത്ര പ്രദർശന വ്യവസായത്തിന് തുടക്കമിട്ട, ടൂറിങ് ടാക്കീസുമായി ഇന്ത്യ മുഴുവൻ സഞ്ചരിച്ച കാട്ടൂക്കാരൻ വാറുണ്ണി ജോസഫിൻ്റെ തലമുറയിലെ ഏറ്റവും പുതിയ കണ്ണി മിയ പോൾ എന്ന മറിയം പോൾ കാട്ടൂക്കാരൻ ആണ് ഈ നായിക.

To advertise here,

ഇൻഡോ-പോളിഷ് സംയുക്ത സംരംഭമായ 'കാമാത്തിപുര എക്സ്പ്രസ്' എന്ന ഹ്രസ്വചിത്രത്തിലെ നായികയാണ് മിയ. കാട്ടൂക്കാരൻ വാറുണ്ണി ജോസഫിൻ്റെ കൊച്ചുമകൻ തൃശൂർ മുണ്ടുപാലം അവന്യൂ റോഡിലെ പോൾ ജോസ് കാട്ടൂക്കാരൻ്റെയും നിമ്മി പോളിൻ്റെയും മകൾ. മുംബൈ കാമാത്തിപുരയിലെ താമസക്കാരിയായ പെൺകുട്ടിയും പോളണ്ടുകാരനായ യുവാവും തമ്മിലുള്ള പ്രണയവും സംഘർഷവുമാണ് ചിത്രത്തിൻ്റെ പ്രമേയം. കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന പെൺകുട്ടിയെ മദ്യപനായ അച്ഛൻ വിൽക്കാൻ ശ്രമിക്കുന്നു. പെൺകുട്ടിയും യുവാവും തീവണ്ടിയിൽ കേരളത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നു.

രണ്ട് വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവർക്ക് ഒന്നായി നിൽക്കാൻ കഴിയും എന്ന കാലികപ്രസക്തമായ സന്ദേശമാണ് ചിത്രം നൽകുന്നത്. പോളണ്ടുകാരനായ സംവിധായകൻ ലിയോൺ കോർ സിൻസ്കി ഇന്ത്യ സന്ദർശിച്ച വേളയിൽ കിട്ടിയ അനുഭവമാണ് ചിത്രമായത്. വിടെക് പ്രൊകോപ്ടിക് ആണ് ഡയറക്ടർ ഓഫ് പ്രൊഡക്ഷൻ. നായകൻ പോളണ്ടുകാരനായ ഓസ്കാർ കരോസ്. വിപിൻ ശർമ്മയും ഹർദീപ് ഗുപ്തയും പ്രധാന വേഷങ്ങളിലുണ്ട്. സെപ്റ്റംബറിലെ ടൊറൻ്റോ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും. മറ്റു പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്നതിനെക്കുറിച്ച് ഉടൻ തീരുമാനമുണ്ടാകും.

തൃശൂരിൽ പ്രാഥമിക പഠനം നടത്തിയ മിയ മുംബൈയിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടി. എട്ടുവർഷത്തോളമായി മോഡലിങ് രംഗത്തുണ്ട്. ലക്മേ, ലോറിയൽ, ലിവൈസ് തുടങ്ങിയ ബ്രാൻഡുകളുടെ മോഡലായി. മ്യൂസിക് വീഡിയോകളിലും അഭിനയിച്ചു. മോഡലിങ് ഏജൻസി വഴിയാണ് സിനിമയിലെത്തിയത്.