കാലത്തിൽ പൊലിഞ്ഞ ആർ.കെ. ശേഖർ എന്ന സംഗീതപ്രതിഭയുടെ അമ്പതാം ചരമവാർഷികം അദ്ദേഹത്തിന്റെ മകൻ എ.ആർ. റഹ്‌മാന്റെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ ചെന്നൈയിൽ ആചരിച്ചപ്പോൾ അത് തലമുറകളുടെ സംഗമമായി. മരണം മുന്നിലുണ്ടെന്നുറപ്പിച്ച നാളുകളിൽ ആർ.കെ. ശേഖർ അർബുദ ചികിത്സയ്ക്ക് ചെറിയൊരിടവേളയെടുത്തു. കുറച്ചു പണം മിച്ചംവെയ്ക്കുകയായിരുന്നു ഉദ്ദേശ്യം. ആ പണവുമായി ഭാര്യാ പിതാവിനെ ബോംബെയിലേക്കയച്ചു. ഒരു കീബോർഡ് വാങ്ങാൻ. തനിക്കുവേണ്ടിയല്ല, പിന്നീട് മക്കൾക്ക് ഉപയോഗിക്കാൻ.

To advertise here,

‘‘ഏറെക്കാലം ഞങ്ങളുടെ ജീവനോപാധി ആ കീബോർഡ് ആയിരുന്നു. അതു വായിച്ചും വാടകയ്ക്കു കൊടുത്തും കിട്ടുന്ന പണമായിരുന്നു, ഏക വരുമാനം’’-മകളും സംഗീതജ്ഞയുമായ എ.ആർ. റെയ്ഹാന ഓർക്കുന്നു. തന്റെ കാലശേഷവും കുടുംബത്തിന് വരുമാനമുറപ്പിക്കാനായിരുന്നു ആ കീബോർഡ്. സംഗീതം മാത്രമല്ല, കരുതലിന്റെ മഹാസന്ദേശം കൂടിയാണ് ശേഖർ മക്കളിലേക്കു പകർന്നത്. അൻപതാം ചരമവാർഷികദിനത്തിൽ എ.ആർ. റഹ്‌മാനും കുടുംബവും ചേർന്ന് ചെന്നൈ മ്യൂസിക് അക്കാദമിയിൽ നടത്തിയ ‘എക്കോസ് ഓഫ് എ മെയ്‌സ്‌ട്രോ’ എന്ന സംഗീതാഞ്ജലിയിൽ പാട്ടും പറച്ചിലുമായി തെളിഞ്ഞുവന്നത് മഹാനായൊരു സംഗീതജ്ഞന്റെ, സ്നേഹനിധിയായൊരു പിതാവിന്റെ, സഹജീവികളോടു കരുതൽ കാണിച്ച മനുഷ്യസ്നേഹിയുടെ ഓർമ്മച്ചിത്രമാണ്.

‘‘അദ്ദേഹം വാങ്ങിവെച്ച സംഗീതോപകരണങ്ങളായിരുന്നു ബാല്യത്തിൽ എന്റെ കളിപ്പാട്ടങ്ങൾ’’ -പിതാവിനെക്കുറിച്ചുള്ള ഓർമയിൽ എ.ആർ. റഹ്‌മാൻ മനസ്സു തുറന്നു. ‘‘വീട്ടിൽ ഒരു റെക്കോഡ് പ്ലെയറുണ്ടായിരുന്നു. ലാറ്റിൻ, ജാസ്, ചൈനീസ് റെക്കോഡുകളുടെ വലിയ ശേഖരവും. അതായിരുന്നു ലോക സംഗീതത്തിലേക്കുള്ള എന്റെ ജാലകം’’. ഓർക്കസ്ട്രയിൽ താളവാദ്യങ്ങൾ വായിച്ചിരുന്ന അച്ഛൻ എസ്.എം. ആനന്ദിനൊപ്പം ശേഖറിന്റെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം കീബോർഡുമായിരിക്കുന്ന കുട്ടിയെ കാണാറുള്ള കാര്യം ‘ഡ്രംസ്’ ശിവമണിയും പങ്കുവെച്ചു.

Also Read: വേദനകൊണ്ട് പുളയുമ്പോഴും ശേഖർ ഈണമിട്ടു, സഹായത്തിന് അർജുനനും; ആത്മബന്ധത്തിന്റെ പ്രതീകമായി ഒരു ഗാനം

ആർ.കെ. ശേഖർ ആദ്യമായി സംഗീതം നൽകിയ പഴശ്ശിരാജ എന്ന സിനിമയിൽ ഗാനങ്ങളെഴുതിയ വയലാർ രാമവർമയുടെ മകൻ വയലാർ ശരത്ചന്ദ്ര വർമയും കെ.ജെ. യേശുദാസിന്റെ മകൻ വിജയ് യേശുദാസും ശേഖറിന്റെ 54 ഗാനങ്ങൾക്കു രചന നിർവഹിച്ച കവി ശ്രീകുമാരൻ തമ്പിയും ചേർന്നപ്പോൾ ചടങ്ങ് തലമുറകളുടെ സംഗീതസംഗമമായി. ആതിഥേയരായ റഹ്‌മാനും സഹോദരിമാരായ റെയ്ഹാനയും ഫാത്തിമ റഫീഖും ഇസ്രത്ത് ഖദ്രിയും. ഒപ്പം റെയ്ഹാനയുടെ മക്കളായ ജി.വി. പ്രകാശ് കുമാർ, ഭവാനി ശ്രീ, റഹ്‌മാന്റെ മക്കളായ ഖദീജ റഹ്‌മാൻ, എ.ആർ. അമീൻ, റഹീമ റഹ്‌മാൻ എന്നിവർ പാടി. ജി.വി. പ്രകാശ്കുമാറിന്റെ മകളായ ആൻവി കൂടി പാടിയതോടെ സംഗീതരംഗത്ത് ഒരു തലമുറകൂടിയെത്തിയെന്ന്‌ റഹ്‌മാൻ പറഞ്ഞു.

ശേഖറിനും മുൻപേ തുടങ്ങിയതാണ് കുടുംബത്തിന്റെ സംഗീതയാത്ര. ചെന്നൈയ്ക്കടുത്ത് തിരുവള്ളൂരിൽ ജനിച്ച രാജഗോപാൽ കുലശേഖരൻ, ശേഖറിന്റെ അച്ഛൻ അമ്പലങ്ങളിലെ ഭജനപ്പാട്ടുകാരനായിരുന്നു. വിവിധ സംഗീതോപകരണങ്ങൾ വായിക്കുന്നതിലും അവ ഏകോപിപ്പിക്കുന്നതിലും പ്രാവീണ്യമുണ്ടായിരുന്ന ശേഖർ പ്രശസ്ത സംഗീത സംവിധായകരുടെ മ്യൂസിക് കണ്ടക്ടറും ഓർക്കസ്ട്ര അറേഞ്ചറുമായി. 1964-ൽ പഴശ്ശിരാജയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. അതേ വർഷമിറങ്ങിയ അയിഷയായിരുന്നു അടുത്ത സിനിമ.

‘‘പഴശ്ശിരാജയിലെയും അയിഷയിലെയും ഗാനങ്ങൾ ഹിറ്റായെങ്കിലും അടുത്ത എട്ടുവർഷക്കാലം അദ്ദേഹം സ്വന്തമായി സംഗീതസംവിധാനം നിർവഹിച്ചില്ല. മറ്റു സംഗീതസംവിധായകരുടെ സഹായിയായി ജോലി തുടർന്നു. അതെന്താണെന്ന് ഞാൻ ചോദിച്ചിരുന്നു. ഇന്നത്തെ എല്ലാ സംഗീതസംവിധായകരുടെയും സഹായി ഞാനാണ്. സ്വതന്ത്ര സംഗീത സംവിധായകനായാൽ ചിലപ്പോൾ അവർ വിളിക്കില്ല. അസോഷ്യേറ്റായി തുടർന്നാൽ സ്ഥിരം ജോലി കിട്ടും. കുടുംബം രക്ഷപ്പെടും. എന്നായിരുന്നു മറുപടി’’ -ശ്രീകുമാരൻ തമ്പി പറഞ്ഞു. തന്നെ ചലച്ചിത്ര സംഗീത രംഗത്തുതന്നെ പിടിച്ചുനിർത്തിയ ശക്തികളിലൊന്നായിരുന്നു സുഹൃത്തും സഹോദരനുമായിരുന്നു ശേഖറെന്ന് അദ്ദേഹം അനുസ്മരിച്ചു.

സംഗീതത്തിനായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ശേഖറിന്റേത്. 25 സിനിമകളിലായി നൂറിലേറെ പാട്ടുകൾക്ക് ഈണം നൽകി. നൂറിലേറെ ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതമൊരുക്കി. ഇരുനൂറിലധികം ചിത്രങ്ങളുടെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചു. ‘‘ഊണും ഉറക്കവും മറന്നായിരുന്നു അദ്ദേഹത്തിന്റെ ജോലി. അവസാന മൂന്നുവർഷം തീർത്തും അവശനായിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഇരുണ്ടകാലമായിരുന്നു അത്’’ -റഹ്‌മാൻ പറഞ്ഞു. 1976 സെപ്റ്റംബർ ഒൻപതിന് 43-ാം വയസ്സിലായിരുന്നു അന്ത്യം. ‘‘സ്വന്തം ശരീരം മറന്ന് ജോലിചെയ്യരുതെന്ന പാഠവും ഞാൻ അദ്ദേഹത്തിൽനിന്നു പഠിച്ചു. ആവശ്യത്തിന് ഇടവേളയെടുത്തുമാത്രമേ ഞാൻ പാട്ടുകൾ ചെയ്യാറുള്ളൂ’’ -റഹ്‌മാൻ പറഞ്ഞു.

കെ.ജെ. യേശുദാസ് വീഡിയോ സന്ദേശത്തിലൂടെ പങ്കുചേർന്നു. മലയാളത്തിലെയും തമിഴിലെയും ചലച്ചിത്ര, സംഗീതമേഖലകളിലെ പ്രമുഖരായ കമൽ ഹാസൻ, സുഹാസിനി മണിരത്‌നം, ചിത്ര, സുജാത, പ്രിയദർശൻ, രാജീവ് മേനോൻ, ഉണ്ണിമേേനാൻ, പി. ഉണ്ണികൃഷ്ണൻ, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, ഗോകുലം ഗോപാലൻ, ലിബർട്ടി ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി. സംവിധായകൻ ബ്ലെസ്സിയായിരുന്നു സാക്ഷാത്കാരം. ആർ.കെ. ശേഖറിന്റെ പ്രശസ്തഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനാഞ്ജലിയിൽ വിജയ് യേശുദാസ്, ശ്രീനിവാസ്, ചിന്മയി, ശ്വേതാ മോഹൻ, എ.ആർ. റെയ്ഹാന, ശക്തിശ്രീ ഗോപാൽ, ആര്യ ദയാൽ, ജിതിൻ, അഭിരാമി, അമൃത സുരേഷ്, അമൃത രാജൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.