മലയാള സിനിമയിൽ അപൂർവ്വമായൊരു പ്രൊമോഷനുമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ടീം. സിനിമയിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ ഡേവിസ് എന്ന കഥാപാത്രം സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു. 'സോൾമേറ്റ്‌സ്: ഒരു സാത്തുക്കുടി പ്രണയം' എന്ന പേരിൽ സിനിമയ്ക്കുള്ളിലെ ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു.

To advertise here,

ഞായറാഴ്ച രാവിലെ 10.30-ഓടെയാണ് ഷോർട്ട് ഫിലിം യൂട്യൂബിലെത്തിയത്. ഭാവനാ സ്റ്റുഡിയോസിന്റെ ചാനലിലാണ് ചിത്രം അപ്​ലോഡ് ചെയ്തത്.

സിനിമയിൽ നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിൻ എന്ന കഥാപാത്രത്തിന്റെ സഹോദരനാണ് സംഗീതിന്റെ ജോയൽ. അനിയൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ജസ്റ്റിൻ തന്നെയാണ് നിർമിക്കുന്നത്. ജസ്റ്റിൻ ചിത്രത്തിലുണ്ട്. കഫെയിൽ വെയ്റ്ററായി എത്തിയ നിവിൻ പോളിയുടെ വേഷം തിയേറ്ററിൽ പൊട്ടിച്ചിരി ഉയർത്തിയിരുന്നു.

ജോയലിന്റെ കാമുകിയായ സായൂജ്യയുടെ വേഷം അവതരിപ്പിച്ച പാർവതി അയ്യപ്പദാസ് ആണ് ഷോർട്ട് ഫിലിമിലെ നായിക. വിനീത് വിശ്വം ആണ് നായകൻ. 'ബെത്‌ലഹേമി'ൽ നടൻ നന്ദൻ ജി എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്.

ഷോർട്ട് ഫിലിമിന്റെ റിലീസിനോട് അനുബന്ധിച്ച് നിർമാതാക്കളായ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ, സംവിധായകൻ ഗിരീഷ് എ.ഡി. ഉൾപ്പെടെ ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. 'ചെറായി ബീച്ചിലെ സായാഹ്നങ്ങളേക്കാൾ മനോഹരം നിന്നോടൊപ്പമുള്ള കടുംകാപ്പി' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റർ പങ്കുവെച്ചത്.

ജസ്റ്റിൻ നിർമിച്ച് ജോയൽ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിന്റെ മറ്റ് അണിയറപ്രവർത്തകരുടെ പേരും പോസ്റ്ററിലുണ്ട്.

അതിനിടെ, മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ പൊളിച്ചെഴുതി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ആറുദിവസം കൊണ്ടാണ് ചിത്രം 100 കോടി കളക്ഷൻ നേടിയത്. സെപ്റ്റംബർ നാലിന് പുറത്തിറങ്ങുന്ന തമിഴ്, തെലുങ്ക് പതിപ്പുകളുടെ ട്രെയ്‌ലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.