ഹോളിവുഡ് സിനിമയിലെ അതികായനായ ക്ലിന്റ് ഈസ്റ്റ്‌വുഡ്‌ ഈയിടെ 96-ാമത് ജന്മദിനം ആഘോഷിക്കുകയുണ്ടായി. പണ്ട് ഒരുമിച്ച് അഭിനയിച്ച ചില നടന്മാരോടൊത്തായിരുന്നു ആഘോഷം. പോയകാല സ്മരണകൾ അയവിറക്കിക്കൊണ്ട്. സിനിമയിൽ നിന്ന് വിരമിച്ച് കുറച്ചുകാലമായെങ്കിലും ഇന്നും ക്ലിന്റിന്റെ പടങ്ങൾക്ക് വലിയ സ്വീകാര്യതയാണുള്ളത്. ലിവിങ് ലെജൻഡ് എന്ന വിശേഷണത്തിന് തികച്ചും അർഹനായ ക്ലിന്റ് ഈസ്റ്റ്‌വുഡ്‌ ഇന്നും കർമനിരതനും ഊർജസ്വലനും തന്നെ. ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് വിശ്വസിക്കുന്നത് പോലെ.

To advertise here,

ഏതുരംഗത്തും പ്രത്യേകിച്ച് കലാരംഗത്ത് ജീവിച്ചിരിക്കേതന്നെ ഇതിഹാസമായി മാറുക എന്നത് അപൂർവം ആണെങ്കിലും അങ്ങനെ ഐതിഹാസിക മാനം കൈവരിച്ച മഹാരഥനാണ് ഈസ്റ്റ്‌വുഡ്‌. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച വ്യക്തിയല്ല മറിച്ച് ക്ലേശകരമായ ജീവിതയാത്ര നയിച്ച് ആത്മവിശ്വാസം കൊണ്ടും കഴിവിന്റെ മികവ് കൊണ്ടും മാത്രം ഹോളിവുഡ് സിനിമ കീഴടക്കിയ ബഹുമുഖ പ്രതിഭയാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്‌.

പട്ടാളത്തിലെ സേവനമടക്കം വിവിധ ജോലികൾ ചെയ്ത ശേഷമാണ് ക്ലിന്റ് സിനിമയിൽ ഭാഗ്യ പരീക്ഷണത്തിന് എത്തുന്നത്. "തിരിച്ചടികളും നിഷേധങ്ങളും നിരാശത നൽകിയെങ്കിലും പൊരുതി നിൽക്കുക തന്നെയായിരുന്നു" ആദ്യകാലം ക്ലിന്റ് അങ്ങനെയാണ് ഓർത്തെടുത്തത്. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും ഭാവിയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും കൈമുതൽ ആയതാണ് വിജയം കൈവരിക്കുവാൻ ക്ലിന്റിനെ പ്രാപ്തനാക്കിയത്. അവസരങ്ങൾ ചോദിച്ച് അലഞ്ഞു നടന്നിരുന്ന കാലം ക്ലിന്റ് ഒരിക്കലും മറന്നില്ല. നവാഗതരെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം എന്നും മുന്നണിയിൽ ഉണ്ടായിരുന്നു.

Also Read: ‘ക്ലിന്റ് ഈസ്റ്റ് വുഡിന്റെ എല്ലാ ഓർമ്മകളും ചെന്നെത്തുക ആ കോഴിക്കോടൻ കൗബോയിയിലാണ്’

സ്റ്റാർഡവും സൂപ്പർസ്റ്റാർഡും ലഭിക്കുന്നതോടെ വന്ന വഴി മറക്കുന്നവരാണ് പലരും എങ്കിലും അവർക്കിടയിൽ എന്നും എളിമ പുലർത്തുന്ന ക്ലിന്റിനെ പോലെയുള്ളവരും നമ്മുടെ രജനികാന്ത്, പ്രേംനസീർ, ധർമ്മേന്ദ്ര തുടങ്ങിയ കലാകാരന്മാരും ചരിത്രത്തിൽ ഇടം നേടുന്നു. 35-ാം വയസ്സിൽ ടെലിവിഷനിലൂടെയാണ് ക്ലിന്റ് തുടക്കം കുറിച്ചത്. തുടർന്ന് സിനിമയിൽ അവസരം ലഭിച്ചു. സിനിമയിലെ ഡോളർ ത്രയം ആണ് ക്ലിന്റിനെ താരപദവിയിലേക്ക് ഉയർത്തിയത്.

ഡോളർ ട്രിലജി എന്നു വിശേഷിപ്പിക്കപ്പെട്ട ഈ ഫിസ്റ്റ് ഫുൾ ഓഫ് ഡോളേഴ്സ്, ഫോർ എ ഫ്യു ഡോളേഴ്‌സ് മോർ, ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി എന്നീ ക്ലിന്റ് പടങ്ങൾ വലിയ വിജയവും സ്വീകാര്യതയും നേടി. അങ്ങനെ ഹോളിവുഡ് ക്ലിന്റിനെ ഏറ്റെടുക്കുകയും ചെയ്തു. അഭിനയത്തിന്റെ അവസാന വാക്കുകളായ പോൾ മുനിയും ലോറൻസ് ഒലീവിയറും സിനിമയിൽ വിരാജിച്ചിരുന്ന കാലം. ആക്ഷൻ പടങ്ങളിലൂടെ ശ്രദ്ധ നേടിയ ക്ലിന്റ് അന്നു പറഞ്ഞു "അയാം നെവർ ഗോയിങ് ടു ബി ലോറൻസ് ഒലീവിയർ ബട്ട്‌ ഐ സ്റ്റീൽ ക്യാൻ ഡൂ തിങ്സ് ദാറ്റ് ഹാവ് സം കോളിറ്റി".

ജാപ്പനീസ് ക്ലാസിക് യോജിമ്പോയെ അനുകരിച്ച് ഹോളിവുഡ് തയ്യാറാക്കിയ വേർ ഈഗിൾസ് ഡയർ ക്ലിന്റിന്റെ അഭിനയത്താൽ ശ്രദ്ധിക്കപ്പെട്ട രചനയാണ്. പിന്നീട് ഡേർട്ടി ഹാരിയിലെ എന്തിനും പോന്ന, ഏതു സാഹചര്യവും നേരിടുന്ന പോലീസ് ഓഫീസറായെത്തി ആക്ഷൻ പടങ്ങളിലെ തന്റെ പാടവത്തിന് അടിവരയിട്ടു. ഹീറോയാണോ വില്ലൻ ആണോ എന്ന് നിർവചിക്കാനാവാത്ത കഥാപാത്രമായിരിക്കെ തന്നെ നന്മ തിന്മകളുടെ വിചിന്തനത്തിന് പ്രേരണ നൽകുകയും ചെയ്യുന്നു. പടത്തിന് വിവിധ രാജ്യങ്ങളിലും ഭാഷകളിലും അനുകരണങ്ങൾ ഉണ്ടായെങ്കിലും അതിനെല്ലാം മുകളിൽ ക്ലിന്റ് നിലയുറപ്പിച്ചു.

അദ്ദേഹം സ്വയം നിർമ്മിച്ച് അഭിനയിച്ച സംവിധാനം നിർവഹിച്ച അൺഫോർ ഗിവ്വൺ ഒരു മാസ്റ്റർ പീസ് ആണ്. സംഘട്ടനത്തിനും അഭിനയത്തിനും തുല്യപ്രാധാന്യമുള്ള ഈ പടത്തിലെ അധോലോക നായകനിൽ നിന്ന് സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കുന്ന ഒരാളായി മാറിയ വില്യം മുന്നി എന്ന കഥാപാത്രത്തെ ക്ലിന്റ് അനശ്വരമാക്കി. ഏകദേശം തുല്യ വയസ്സുള്ള കഥാപാത്രത്തെക്കുറിച്ച് ക്ലിന്റ് പറഞ്ഞു " ഹൃദയത്തിൽ തൊട്ടൊരാൾ". ഗ്യാങ്സ്റ്റർ പടങ്ങളുടെയും കൗബോയ് ചിത്രങ്ങളുടെയും ഹാങ്ങോവർ ചില ഭാഗങ്ങളിൽ കാണാൻ ആകുമെങ്കിലും അൺഫോർ ഗിവ് വൺ ആക്ഷനും ഇമോഷനും ഗുണപാഠവും ചേർന്നൊരു അനുപമ രചനയായി മാറി.

ഒരുകാലത്ത് അധോലോകം വാണ, തോക്കിന്റെ ഉപയോഗത്തിൽ അഗ്രഗണ്യനായിരുന്ന വില്യം മുന്നി എന്ന വയസ്സൻ കഥാപാത്രത്തെ അന്യൂനമായി തന്നെ ക്ലിന്റ് അവതരിപ്പിച്ചു. ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നതോടെ വഴക്കിനോടും വക്കാണത്തോടും വിടപറഞ്ഞ് സ്വൈരജീവിതം നയിച്ച വില്യം മുന്നി പിന്നീട് പന്നി വളർത്തലുമായി ഒതുങ്ങിക്കൂടി. വിഭാര്യനായ അയാൾക്ക് രണ്ടു കുഞ്ഞുങ്ങളും ഉണ്ട്. സാമ്പത്തിക പരാധീനതയ്ക്കിടയിൽ കിഡ് എന്ന ഒരാൾ ഒരു ഓഫറുമായി വന്നപ്പോൾ മുന്നിക്ക്‌ തിരസ്കരിക്കാനായില്ല. പ്രത്യേകിച്ച് പ്രതികാരത്തിനുള്ള കാരണമറിഞ്ഞപ്പോൾ.

കറുത്ത വർഗ്ഗക്കാരനായ സന്തത സഹചാരിയെയും കൂട്ടിയാണ് വില്യം മുന്നി അവിടെയെത്തുന്നത്. കൂടെ പുളുവടിച്ചു നടക്കുന്ന ഒരു യുവാവും. കൂടെ വന്ന സുഹൃത്തിനെ ഷെരീഫും കൂട്ടരും അതിദാരുണമായി കൊന്നു കെട്ടിത്തൂക്കിയത് കാണുന്ന വലിയ മുന്നി ഒരു സംഹാരമൂർത്തിയായി മാറുന്നു. ഷെരീഫിനെയും അനുചരന്മാരെയും നിഷ്കരുണം വധിച്ചു പ്രതികാരം നിർവഹിക്കുകയാണ് വില്യം മുന്നി.

മികച്ച ചിത്രം, സംവിധായകൻ, സഹ നടൻ, ചിത്രസംയോജകൻ എന്നീ നാല് ഓസ്കർ അവാർഡുകൾ അൺഫോർഗിവൻ നേടി. 96ലും കർമനിരതനായ ക്ലിന്റ് കാലിഫോർണിയയിലെ വസതിയിൽ ഭൂതകാലത്തിന്റെ അനുഭൂതി ദായക സ്മരണകൾ അയവിറക്കിക്കൊണ്ട് സമൃദ്ധജീവിതം നയിക്കുന്ന ക്ലിന്റ് ആരാധകർക്ക് എന്നും ഒരു വിസ്മയം തന്നെ.