ചലച്ചിത്രലോകത്തെ അഭിനയപ്രതിഭ എന്നതിലുപരി, ഇന്ത്യയിലെ കർഷകർക്കായി നടപ്പിലാക്കിയ നിശബ്ദവും മഹത്തായതുമായ സാമൂഹിക സേവനങ്ങളിലൂടെയുമാണ് നടൻ നാനാ പടേക്കർ ജനഹൃദയങ്ങളിൽ ഇടംനേടിയത്. 75-ാം വയസ്സിൽ അന്തരിച്ച ഈ ഇതിഹാസ താരം, മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും വരൾച്ച ബാധിത ഗ്രാമങ്ങളിലെ കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും പതിറ്റാണ്ടുകളോളം താങ്ങും തണലുമായി നിലകൊണ്ടു. സ്വന്തം പ്രശസ്തിയോ പരസ്യമോ ആഗ്രഹിക്കാതെ, താൻ സിനിമകളിൽ നിന്ന് സമ്പാദിച്ച വരുമാനത്തിന്റെ സിംഹഭാഗവും അദ്ദേഹം കർഷകരുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിനായി വിനിയോഗിച്ചു.

To advertise here,

നാം ഫൗണ്ടേഷനും കർഷക ആശ്വാസ പ്രവർത്തനങ്ങളും

കടുത്ത വരൾച്ചയും കടബാധ്യതയും മൂലം കഷ്ടപ്പെടുന്ന കർഷകരെ സഹായിക്കാനായി 2015-ൽ പടേക്കറും മറാഠി നടൻ മകരന്ദ് അനാസ്പുരയും ചേർന്ന് പുണെയിൽ ആരംഭിച്ച സംരംഭമാണ് 'നാം ഫൗണ്ടേഷൻ'. വിദർഭയിലെയും മറാത്ത്​വാഡയിലെയും  വരൾച്ചബാധിത പ്രദേശങ്ങളിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ നേരിട്ട് സഹായിക്കാൻ താരം മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിനായി ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന ആഡംബര കാർ വാങ്ങാനുള്ള പദ്ധതി നാനാ പടേക്കർ ഉപേക്ഷിക്കുകയും ആ തുക കർഷകർക്കുവേണ്ടി ഉപയോഗിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

നാളിതുവരെ, നാം ഫൗണ്ടേഷൻ 77.17 ലക്ഷം കർഷകരെ സഹായിക്കുകയും, 50,908 കുടുംബങ്ങൾക്ക് ദുരിതാശ്വാസം നൽകുകയും 102 സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും, 4,957 വിധവകളെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. തുടക്കത്തിൽ ആയിരക്കണക്കിന് വിധവകൾക്കും ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾക്കും ഫൗണ്ടേഷൻ 15,000 മുതൽ 25,000 രൂപ വരെയുള്ള ചെക്കുകൾ നൽകി. ധനസഹായത്തിനുപുറമേ, സ്ത്രീകൾക്ക് മറ്റ് വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി തയ്യൽ യന്ത്രങ്ങൾ, മാവ് മില്ലുകൾ, ആടുകൾ എന്നിവ വിതരണം ചെയ്തു. കൂടാതെ കർഷകരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം, ഭക്ഷണം, പാർപ്പിടം എന്നിവയും പാവപ്പെട്ട ദമ്പതികൾക്കായി സമൂഹവിവാഹങ്ങളും ഏർപ്പെടുത്തി.

Also Read: ബോധരഹിതനായി മുറിയിൽ കണ്ടെത്തി, 45 മിനിറ്റ് നീണ്ട ശ്രമം വിഫലമായി; വിടചൊല്ലി നാനാ പടേക്കർ

സഹായം ഒറ്റത്തവണത്തെ ആശ്വാസത്തിൽ മാത്രം ഒതുക്കാതെ, മഹാരാഷ്ട്രയിലെ ഏറ്റവും കൂടുതൽ വരൾച്ച ബാധിച്ച രണ്ട് പ്രദേശങ്ങളായ മറാത്ത്​വാഡയിലും വിദർഭയിലും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി അവർ 'നാം' ഔദ്യോഗിക എൻ.ജി.ഒ. ആയി രജിസ്റ്റർ ചെയ്തു.

വൃക്ഷത്തൈ നടീൽ, കർഷക പരിശീലനം, ഗ്രൂപ്പ് ഫാമിംഗ്, സ്ത്രീകൾക്കായുള്ള തയ്യൽ ക്ലസ്റ്ററുകൾ, നദീസംരക്ഷണം, ദുരിതബാധ്യതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകൽ തുടങ്ങിയ പരിപാടികളും ഫൗണ്ടേഷൻ നടത്തിവരുന്നു. പരസ്യ പ്രചാരണങ്ങളില്ലാതെ തന്റെ അവാർഡ് തുകയും സിനിമയിൽനിന്നുള്ള പ്രതിഫലവും വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്കും കർഷക പിന്തുണയ്ക്കുമായി പടേക്കർ സംഭാവന ചെയ്തു.

ഗ്രാമങ്ങളുടെ ദത്തെടുക്കൽ

ഗ്രാമങ്ങളെ ദത്തെടുക്കുകയെന്നതാണ് 'നാം' ഫൗണ്ടേഷന്റെ ഒരു പ്രധാന പ്രവർത്തനം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ വൈജാപൂർ താലൂക്കിലെ ധോണ്ടൽഗാവും, വാർധ ജില്ലയിലെ ആമലയും ഫൗണ്ടേഷൻ ഔദ്യോഗികമായി ദത്തെടുത്തിട്ടുണ്ട്. ജലസംരക്ഷണം, കൃഷി, പ്രാദേശിക തൊഴിൽ എന്നിവ മെച്ചപ്പെടുത്തി ഈ ഗ്രാമങ്ങളെ സ്വയംപര്യാപ്തവും "ടാങ്കർ-മുക്തവുമാക്കുക" എന്നതാണ് ലക്ഷ്യം.

ജലക്ഷാമത്തിന്റെ രൂക്ഷത, ഗ്രാമവാസികളുടെ സഹകരിക്കാനുള്ള സന്നദ്ധത, മദ്യപാനത്തിനും വിറകിനായി മരം വെട്ടുന്നതിനുമെതിരെയുള്ള പ്രതിബദ്ധത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഗ്രാമങ്ങളെ തിരഞ്ഞെടുത്തത്. ദത്തെടുത്ത ഗ്രാമങ്ങളിൽ കർഷകരുടെ കുട്ടികളുടെ വിദ്യാഭ്യാസം, നൈപുണ്യ വികസനം, നൂറുകണക്കിന് യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിൽ നൽകാനുള്ള പദ്ധതികൾ ഉൾപ്പെടെയുള്ള സുസ്ഥിര ജീവനോപാധികൾ സൃഷ്ടിക്കുന്നതിനാണ് 'നാം' മുൻഗണന നൽകുന്നത്.

മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ

മഹാരാഷ്ട്രയ്ക്ക് പുറമെ, സംഘർഷബാധിത പ്രദേശങ്ങളിലും ദുരന്തബാധിത മേഖലകളിലും നാനാ പടേക്കർ സഹായം എത്തിച്ചു. ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിൽ അതിർത്തിക്കപ്പുറത്തുനിന്നുമുള്ള വെടിവയ്പ്പിൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്കായി അദ്ദേഹം 42 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം നൽകുകയും നിരവധി സ്കൂളുകൾ ദത്തെടുക്കുകയും ചെയ്തു. ഒപ്പം സൈന്യവുമായി ചേർന്ന് നൈപുണ്യ വികസന പദ്ധതികളിലും പങ്കാളിയായി.

ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെയും അദ്ദേഹം പിന്തുണച്ചു. മിനിമലിസ്റ്റ് ജീവിതശെയ്ക്ക് പേരുകേട്ട പടേക്കർ, തന്റെ സിനിമാ വരുമാനത്തിന്റെ വലിയൊരു പങ്കും യാതൊരു പ്രചാരണവുമില്ലാതെ സാമൂഹിക ക്ഷേമകാര്യങ്ങൾക്കായി സംഭാവന ചെയ്തു.

സ്വാധീനവും അംഗീകാരവും

നാനാ പടേക്കറുടെ പ്രവർത്തനങ്ങളുടെ വ്യാപ്തിയും പ്രശസ്തി ആഗ്രഹിക്കാത്ത സ്വഭാവവും രാഷ്ട്രീയ നേതാക്കളിൽ നിന്നും പൊതുജനങ്ങലിൽനിന്നും ഒരുപോലെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പെട്ടെന്നുള്ള ആശ്വാസവും ദീർഘകാല ഗ്രാമീണ വികസനവും സംയോജിപ്പിച്ചുകൊണ്ട്, നാം ഫൗണ്ടേഷനിലൂടെയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഇന്ത്യയിലെ സെലിബ്രിറ്റികൾ നേതൃത്വം നൽകുന്ന ഗ്രാമ ദത്തെടുക്കലിന് ഒരു മാതൃകയായി മാറിയിട്ടുണ്ട്.