
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയതാരമാണ് ഹോളിവുഡ് സൂപ്പർസ്റ്റാർ ക്ലിന്റ് ഈസ്റ്റ് വുഡ്. ഈസ്റ്റ് വുഡിന് ആദരമെന്നോണം ഈയിടെ കാർത്തിക് സുബ്ബരാജ് ജിഗർതണ്ട-ഡബിൾ എക്സ് എന്ന ചിത്രം ഇറക്കുകയും പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഈയിടെ ഓ.ടി.ടിയിൽ റിലീസായപ്പോഴും ഡബിൾ എക്സിനെ ഇരുകയ്യുംനീട്ടിയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. ഈ ചിത്രം കാണണമെന്ന് ക്ലിന്റ് ഈസ്റ്റ് വുഡിന്റെ എക്സ് പേജിൽ പോസ്റ്റിട്ട ആരാധകന് മറുപടിയുമായി സൂപ്പർതാരംതന്നെ എത്തിയിരിക്കുകയാണ്.
രാഘവാ ലോറൻസും എസ്.ജെ. സൂര്യയുമാണ് ജിഗർതണ്ട-ഡബിൾ എക്സിൽ മുഖ്യവേഷങ്ങളിലെത്തിയത്. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ആരാധകനായ അലിയസ് സീസർ എന്ന കഥാപാത്രമായാണ് ലോറൻസ് എത്തിയത്. ഈസ്റ്റ് വുഡിന്റെ പ്രശസ്തമായ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വേഷവിധാനങ്ങളായിരുന്നു ഈ കഥാപാത്രത്തിന്. ജിഗർതണ്ടയേക്കുറിച്ചും അതിലെ ഈസ്റ്റ് വുഡിന്റെ സാന്നിധ്യത്തേക്കുറിച്ചും വിജയ് എന്ന ആരാധകനാണ് ഹോളിവുഡ് സൂപ്പർതാരത്തിന്റെ എക്സ് പേജിൽ സൂചിപ്പിച്ചത്.
പ്രിയപ്പെട്ട ക്ലിന്റ്, ഇന്ത്യക്കാരായ ഞങ്ങൾ ജിഗർതണ്ട-ഡബിൾ എക്സ് എന്ന ഒരു തമിഴ്ചിത്രം നിർമിച്ചിട്ടുണ്ട്. അത് ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്. ചിത്രത്തിലുടനീളം ഞങ്ങൾ നിങ്ങൾക്കുള്ള ആദരമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ചെറുപ്പകാലം അനുസ്മരിപ്പിക്കുന്ന ചില അനിമേഷൻ രംഗങ്ങളും ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. സമയംകിട്ടുമെങ്കിൽ ഈ സിനിമ നിങ്ങളൊന്ന് കാണണം. എന്നായിരുന്നു ആരാധകന്റെ വാക്കുകൾ. എന്നാൽ ഇദ്ദേഹത്തേപ്പോലും ഞെട്ടിച്ചുകൊണ്ട് മറുപടിയുമായി സാക്ഷാൽ ക്ലിന്റ് ഈസ്റ്റ് വുഡ് തന്നെ രംഗത്തെത്തി. ക്ലിന്റിന് ഈ ചിത്രത്തേക്കുറിച്ച് അറിയാമെന്നും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജ്യൂറർ 2 എന്ന ചിത്രം പൂർത്തിയാക്കിയശേഷം അദ്ദേഹം ഡബിൾ എക്സ് കാണുമെന്നുമാണ് വിജയ്ക്ക് ലഭിച്ച മറുപടി.
ക്ലിന്റിനുവേണ്ടി അദ്ദേഹത്തിന്റെ പേജ് കൈകാര്യം ചെയ്യുന്നവരാണ് ആരാധകന് മറുപടി നൽകിയത്. ക്ലിന്റിന്റെ മറുപടി വന്നതോടെ തികഞ്ഞ ആവേശത്തിലായി ആരാധകർ. ഇത് കാർത്തിക് സുബ്ബരാജിന്റെ വിജയമാണെന്നാണ് ഏവരും ഒരേസ്വരത്തിൽ പറയുന്നത്. ജിഗർതണ്ട എന്ന പേരിൽ കാർത്തിക് സുബ്ബരാജ് സംവിധാനംചെയ്ത ചിത്രത്തിന്റെ പ്രീക്വൽ ആയാണ് ഡബിൾ എക്സ് വിലയിരുത്തപ്പെടുന്നത്. സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരായിരുന്നു ജിഗർതണ്ട ആദ്യഭാഗത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്.
Content Highlights: clint eastwood wish to see jigarthanda double x, viral x post
Published: 14 Dec 2023, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented