ബോളിവുഡിന്റെ പകിട്ടേറിയ പതിവ് പാതയിൽ നിന്ന് വേറിട്ട് സഞ്ചരിച്ച നടനാണ് നാനാ പടേക്കർ. താരപദവിയിൽ നിന്ന് ബോധപൂർവം തന്നെ വഴിമാറി നടന്ന് പച്ചമനുഷ്യനായി ജീവിക്കുകയും പച്ചയായ വേഷങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ കൊടുക്കുകയും ചെയ്യുകയായിരുന്നു പടേക്കർ. പലരും ഏറ്റെടുക്കാൻ മടിച്ച പരുക്കൻ വേഷങ്ങളോടായിരുന്നു പടേക്കർക്ക് എന്നും പ്രിയം. പൗരുഷം നിറഞ്ഞുനിന്ന മുഖത്തിന് ഇത്തരം റഫ് ആൻഡ് ടഫ് വേഷങ്ങൾ അനായാസം വഴങ്ങി. വൈകാരിക തീവ്രതയും മെഴുക്കുപുരട്ടാത്ത ശബ്ദത്തിലുള്ള ഡയലോഗുകളും ഇത്തരം വേഷങ്ങൾക്ക് കൂടുതൽ ഊർജം പകർന്നു. തീയേറ്റർ വിട്ടുപോരുമ്പോഴും ആ ഡയലോഗുകൾ ഇടിമുഴക്കം പോലെ പ്രേക്ഷക മനസ്സിൽ തങ്ങിനിന്നു. നായകനായും പ്രതിനായകനായും കൊമേഡിയനായും ഒരുപോലെ തിളങ്ങി ഏത് ഭാവവും, വർണവും ഒരുപോലെ വഴങ്ങുന്ന ചുമരുപോലെയായിരുന്നു ആ മുഖവും ആകാരവും.
പിൽക്കാലത്ത് തിയേറ്ററുകൾ ഇളക്കിമറിച്ച പല ഡയലോഗുകളും സെറ്റിൽ വെച്ചുതന്നെ പടേക്കർ പരിഷ്‌കരിക്കുകയായിരുന്നുവെന്നാണ് അണിയറക്കഥ. അത് അനായാസം ജനഹൃദയങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നു. അതിഭാവുകത്വവും വർണശബളവുമായ വേഷങ്ങളിലും ജീവിതത്തിലും അഭിരമിച്ച ദന്തഗോപുരവാസികളായ പതിവ് താരങ്ങൾക്ക് പകരം തനി ഗ്രാമീണനോ പച്ച മനുഷ്യനോ ആയി കണ്ട് അവർ പടേക്കറെ തങ്ങളിൽ ഒരാളായി കണ്ട് കൂടെക്കൂട്ടി. അപാരമായ ഭാവ, വേഷവൈവിധ്യം കൊണ്ട് പടേക്കർ സദാ ഈ പ്രേക്ഷകരുടെ മനംകവർന്നുകൊണ്ടിരുന്നു. ക്രൈം ഡ്രാമകളും സാമൂഹികവിഷയങ്ങൾ കൈകാര്യം ചെയ്ത റിയലിസ്റ്റിക് ചിത്രങ്ങളുമായിരുന്നു തുടക്കക്കാലത്ത് ഏറെ ശ്രദ്ധ നേടിക്കൊടുത്തതെങ്കിൽ പിൽക്കാലത്ത് അതേ തന്മയത്വത്തോടെയും അനായാസമായും കോമഡിവേഷങ്ങളും പടേക്കർ മെരുക്കിയെടുത്ത് അവിസ്മരണീയമാക്കി. തിരശീലയിൽ അനശ്വരമാക്കിയ വേഷങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് പച്ചയായ ജീവിതം പകർത്തിയ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.
ഇതിനിടയ്ക്ക് ജനഹൃദയങ്ങളിൽ ഇടം നേടിയ അനശ്വരവേഷങ്ങൾ അനവധിയാണ്. പരിന്ദയിലെ അധോലോക നായകനായ അക്കാ സേഥ്, സൈനിക പരിശീലനവും അഴിമതിയുമെല്ലാം ഇതിവൃത്താമാക്കിയ പ്രഹാറിലെ മേജർ പ്രതാപ് ചൗഹാൻ, അനീതിക്കെതിരെ പോരാടുന്ന കഥാപാത്രമായ ക്രാന്തിവീറിലെ പ്രതാപ് നാരായൺ, അബ് തക് ഛപ്പനിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായ സാധു ആഗഷെ, കോമഡിയിൽ കഴിവു തെളിയിച്ച വെൽക്കമിലെ ഉദയ് ഷെട്ടി... ലോർഡ് മൗണ്ട്ബാറ്റൻ ദി ലാസ്റ്റ് വൈസ്രോയ് എന്ന ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയിലെ നാഥുറാം ഗോഡ്‌സെ, മുംബൈ ഭീകരാക്രമണം പ്രമേയമാക്കിയ ദി അറ്റാക്‌സ് ഓഫ് 26/11ലെ പോലീസ് കമ്മീഷണർ രാകേഷ് മരിയ.... ഇതിൽ പ്രഹാറിലെ മേജർ ചൗഹാനാവാൻ
ഈ കഥാപാത്രങ്ങളും വേറിട്ട വ്യക്തിത്വവും അവ രംഗത്തവതരിപ്പിച്ച സവിശേഷ ശൈലിയും മാത്രമല്ല, അതിലെ കുറിക്കുകൊള്ളുന്ന ഡയലോഗുകളും പുതിയൊരു അനുഭവമായി മെലോഡ്രാമയുടെ മെഴുക്കുപുരട്ടിയ ശൈലി പരിചയിച്ച്, അതിനെ പുൽകിശീലിച്ച ബോളിവുഡിന്. 'ആ ഗയേ മേരി മൗത് കാ തമാശാ ദേഖ്‌നേ...'(ക്രാന്തിവീർ-വധശിക്ഷയ്ക്ക് മുൻപുള്ള ശക്തമായ ഡയലോഗ്) 'യേ ഹിന്ദു കാ ഖൂൻ ഹേ, യേ മുസൽമാൻ കാ ഖൂൻ ഹേ... ബതാ ഇസ്‌മേ ഹിന്ദു കൗൻസാ ഹേ ഔർ മുസൽമാൻ കൗൻസാ?'(ക്രാന്തിവീർ-വർഗീയതയ്‌ക്കെതിരെയുള്ള ഡയലോഗ്) 'പന്ദ്ര സൗ കീ നൗകരി കർനേ വാലാ, ഏക് ദിൻ തുജ്‌ഹേ ദേഢ് സൗ കാ കഫൻ പഹ്നായേഗാ'(തിരംഗ) 'ഏക് മച്ചർ സാലാ ആദ്മി കോ ഹിജ്ഡാ ബനാ ദേതാ ഹേ!'(തിരംഗ) 'ഏക് മച്ചർ, ഏക് കോക്ക്‌റോച്ച്... സൗ മേം സേ അസ്സീ ബേഈമാൻ, ഫിർ ഭീ മേരാ ദേശ് മഹാന്!'(യശ്വന്ത്) കാതിന് ഇമ്പമുള്ളതായിരുന്നില്ല, മെഴുക്കുപുരട്ടിയ സ്വരമായിരുന്നില്ല, എന്നിട്ടും നിത്യഹരിതങ്ങളായി ഈ ഡയലോഗുകൾ. ചങ്കിൽ തറച്ചുനിന്നു തന്റെ ഭാവതീവ്രത. ഇതിൽ പലതും സെറ്റിൽ വെച്ചുതന്നെ പടേക്കർ ഇംപ്രൊവൈസ് ചെയ്ത് പറയുകയായിരുന്നു എന്നൊരു അണിയറക്കഥകൂടിയുണ്ട്. ഏറെ കൈയടി നേടിക്കൊടുത്ത ക്രാന്തിവീറിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ കടുത്ത പനിയോടുകൂടിയാണ് പടേക്കർ ചിത്രീകരിച്ചത്. അന്ന് സ്‌ക്രിപ്റ്റ് പൂർണമായി പിന്തുടരാതെ സ്വന്തമായി ഇംപ്രൊവൈസ് ചെയ്ത് ഒറ്റ ടേക്കിൽ ആ രംഗം പടേക്കർ തീർക്കുകയായിരുന്നുവത്രെ.
ബോളിവുഡിന് അന്നോളം അപരിചിതമായിരുന്നു ഈ രീതികളും ആ അഭ്രാവിഷ്‌കാരങ്ങളും അതിലെ അഭിനയശൈലിയും. ചോക്ലേറ്റ് നായകർ കൈയടി നേടി അരങ്ങുവാഴുന്ന കാലത്ത് ഒരുതരം ചായമൊട്ടുമില്ലാത്ത ഗ്രാമീണമായ ഊർജസാന്നിധ്യമായി, പടേക്കർ. ഇത്തരം വേറിട്ട വേഷങ്ങളിൽ കൈവയ്ക്കാനുള്ള ആത്മധൈര്യമാണ് ഈ ചങ്കൂറ്റം പിറകെ വന്നവർക്ക് സമ്മാനിച്ചത്. ഹിന്ദിയിലെയും മറാത്തിയിലെയും സമാന്തരസിനിമകൾക്കും അതൊരു വലിയ ഊർജമായി.
ബോളിവുഡിൽ പലർക്കും അവകാശപ്പെടാനില്ലാത്ത ഒരുപാട് സവിശേഷതകളും സ്വന്തമായിരുന്നു പടേക്കർക്ക്. പഹാർ' എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന് മുമ്പ് മൂന്ന് വർഷത്തോളം മറാഠാ ലൈറ്റ് ഇൻഫൻട്രിയിൽ പടേക്കർ പരിശീലനം നേടി. 1999-ലെ കാർഗിൽ യുദ്ധകാലത്ത് താത്ക്കാലികമായി അഭിനയം നിർത്തി ക്വിക് റെസ്‌പോൺസ് ടീമിന്റെ ഭാഗമായി അദ്ദേഹം സൈന്യത്തിൽ പ്രവർത്തിക്കുകയും ചെയ്തു, ടെറിറ്റോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിച്ച പടേക്കർ. പരുപരുത്ത ഘനഗംഭീര സ്വരമായിരുന്നു മുഖമുദ്രയെങ്കിലും യശ്വന്ത്, വജൂദ്, ആഞ്ച് എന്നീ ചിത്രങ്ങളിൽ പാട്ടിന് സ്വരമാവുകയും ചെയ്തു പടേക്കർ.
പുരസ്‌കാര ജേതാക്കളായ അനവധി അഭിനേതാക്കളുണ്ട് ഇന്ത്യയിൽ. എന്നിൽ, ഒന്നിലേറെ വിഭാഗങ്ങളിൽ ദേശീയ അവാർഡ് നേടിയ അപൂർവ ചലച്ചിത്ര പ്രവർത്തകരേ ഉള്ളൂ. അതിലൊരാളാണ് പടേക്കർ. 95ൽ ക്രാന്തിവീറിലൂടെ മികച്ച നടനായി. 1989ൽ പരിന്ദയിലൂടെ മികച്ച സഹനടനും 97ൽ അഗ്‌നിസാക്ഷിയിലൂടെയും മികച്ച വില്ലനുമായി. കന്നഡയിലും തമിഴിലുമെല്ലാം ഒന്ന് വന്ന് മിന്നിമാഞ്ഞത് ഒഴിച്ചുനിർത്തിയാൽ ഹിന്ദിയും മറാഠിയുമാണ് പടേക്കറിലെ അഭിനയപ്രതിഭയെ കാര്യമായി ഉപയോഗിച്ചത്. എന്നാൽ, കൂടുതൽ പ്രമേയപരമായി കൂടുതൽ അഭിനയസാധ്യതയുള്ള മലയാളം പോലുള്ള ഭാഷകൾ നാനാ പടേക്കറോട് മുഖം തിരിച്ചത് ഇന്ന് അത്ഭുതമാണ്. അത് മലയാളത്തിന്റെയും ഇന്ത്യൻ സിനിമയുടെ തന്നെ വലിയ നഷ്ടമായി തന്നെ നികത്തപ്പെടാതെ നിൽക്കും.
Content Highlights: Nana Patekar's unique journey as an unconventional, raw, and realistic actor in Bollywood., Memorable roles including Major Pratap Chauhan in Prhaar and Pratap Narayan in Krantiveer., His military background, including training in the Maratha Light Infantry and serving during the 1999 Kargil War., National Award winner across multiple categories (Best Actor, Best Supporting Actor, Best Villain).
Published: 08 Oct 2026, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented