കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും. മലബാറിലെ നാടകവേദിയെ പതിറ്റാണ്ടുകളോളം ചുമലിലേറ്റിനടന്ന അഭിനയപ്രതിഭകൾ.

കാലം മാറി. സിനിമ മാറി. സിനിമയുടെ സാങ്കേതികവിദ്യ പാടേ മാറി. എങ്കിലെന്ത്? പപ്പുവിനു തുല്യം പപ്പു മാത്രം. "താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്. തനിക്ക് ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്. എന്നിട്ട് ഞാൻ ആരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോട് ചോദിക്ക്. അപ്പൊ തനിക്ക് ഞാൻ പറഞ്ഞുതരാം താൻ ആരാണെന്നും ഞാൻ ആരാണെന്നും...."
പതിന്മടങ്ങ് ദൃശ്യമികവോടെ "തേന്മാവിൻ കൊമ്പത്ത്" വീണ്ടുമെത്തുമ്പോൾ ചാക്കുട്ടിയമ്മാവന്റെ ആ തകർപ്പൻ ഡയലോഗ് കേട്ട് തലയറഞ്ഞു ചിരിക്കുന്ന സദസ്സിനെ സങ്കൽപ്പിക്കാൻ കഴിയും എനിക്ക്. മുപ്പത്തിരണ്ട് വർഷം മുൻപ് പടം കണ്ടവർ മാത്രമല്ല, അവരുടെ മക്കളും പേരക്കിടാങ്ങളുമെല്ലാമുണ്ടാകും ആ ചിരിക്കൂട്ടത്തിൽ. ഒരാൾ മാത്രമുണ്ടാവില്ല: പ്രിയപ്പെട്ട പപ്പുവേട്ടൻ. ഇരുപത്താറ് വർഷമാകുന്നു ആ ചിരി നിലച്ചിട്ട്.
ഒരിക്കലേ കണ്ടു സംസാരിച്ചിട്ടുള്ളൂ ആ മഹാനടനുമായി. "തേന്മാവിൻ കൊമ്പത്ത്" പുറത്തിറങ്ങി അധികം വൈകാതെയായിരുന്നു മറക്കാനാവാത്ത ആ കുടിക്കാഴ്ച്ച. പപ്പുവേട്ടന്റെ ആത്മസുഹൃത്ത് കുഞ്ഞാണ്ടിയുമൊത്താണ് അദ്ദേഹത്തെ വീട്ടിൽ ചെന്നു കണ്ടത്. തലമുതിർന്ന നടനായ കുഞ്ഞാണ്ടിക്ക് "അമ്മ" സംഘടന പെൻഷൻ നിഷേധിച്ചതിനെ കുറിച്ച് എഴുതിയ റിപ്പോർട്ട് വായിച്ചു വിളിച്ചതായിരുന്നു പപ്പുവേട്ടൻ. "ഈ വലിയ നടനെ നമ്മുടെ സംഘടന തിരിച്ചറിഞ്ഞില്ലെങ്കിലും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ തിരിച്ചറിഞ്ഞല്ലോ. അത് തന്നെ വലിയ കാര്യം." -- പപ്പുവേട്ടന്റെ വാക്കുകൾ ഓർമ്മയുണ്ട്.
കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും. മലബാറിലെ നാടകവേദിയെ പതിറ്റാണ്ടുകളോളം ചുമലിലേറ്റിനടന്ന അഭിനയപ്രതിഭകൾ. നാടകത്തിൽ നിന്ന് സിനിമയിലെത്തിയപ്പോഴും അവരുടെ പ്രതിഭയുടെ മാറ്റ് കുറഞ്ഞില്ല. ഇരുവരുടേയും സംസാരത്തിലൂടെ ഒരു നാടിന്റെ സാംസ്‌കാരിക ചരിത്രം ഇതൾവിരിയുന്നത് വിസ്മയത്തോടെ കേട്ടിരുന്നു ഞാൻ. ചിരിയും കരച്ചിലുമിടകലർന്ന ചരിത്രം. ബഷീറും കെ ടി മുഹമ്മദും തിക്കോടിയനും എം ടിയും ബാബുരാജൂം രാഘവൻ മാഷും ടി ദാമോദരനും വാസു പ്രദീപും എല്ലാം മിഴിവോടെ നിറഞ്ഞുനിന്നു ആ അനുഭവകഥകളിൽ.
ഓർമ്മകളിൽ പപ്പുവിന്റെ ശബ്ദം വീണ്ടും: "പോയി ടാസ്‌കി വിളിയെടാ..."
Content Highlights: Reflecting on the enduring magic of legendary comedian Kuthiravattam Pappu as Thenmavin Kombathu prepares for a re-release, while sharing heartfelt memories of his humble nature and strong bond with veteran actor Kunjandi.
Published: 07 Oct 2026, 04:48 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented