ഹോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പര് താരം ക്ലിന്റ് ഈസ്റ്റ് വുഡ് സിനിമയോട് വിടവാങ്ങിയതായി മകന്.

ക്ലിന്റ് ഈസ്റ്റ് വുഡിന്റെ 'ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി'' എന്ന വിഖ്യാത വെസ്റ്റേൺ ആക്ഷൻ ചിത്രം ക്രൗൺ തിയേറ്ററിൽ നിന്ന് പലയാവർത്തി കണ്ടു ഹരം മൂത്ത് ഏതോ ജഡ്കക്കാരനിൽ നിന്ന് ഒരു വെള്ളക്കുതിരയെ വാടകക്കെടുത്ത് തിരക്കേറിയ കോഴിക്കോടൻ നഗരവീഥികളിലൂടെ കൗബോയ് സ്‌റ്റൈലിൽ കുതിച്ചു പായാൻ ചങ്കൂറ്റം കാണിച്ച ചെറുപ്പക്കാരനെ നമ്മൾ എന്തു വിളിക്കും? അഹങ്കാരിയെന്നോ, അതോ കിറുക്കനെന്നോ? പക്ഷേ, സിദ്ദിക്കിന് ആ കിറുക്കും അഹങ്കാരവും ഒരു അലങ്കാരമായിരുന്നു. മിഠായിത്തെരുവിലെ ശ്വാസം മുട്ടിക്കുന്ന തിരക്കിലൂടെയാണ് ഒരു വൈകുന്നേരം കൗബോയ് തൊപ്പിയും അരയിൽ ഗൺ ബെൽറ്റും വിശറിക്കോളറുള്ള കുപ്പായവും കഴുത്തിലൊരു ഉറുമാലുമായി സിദ്ദിക്ക് തന്റെ അശ്വമേധം നടത്തിയത്. തൊട്ടടുത്തയാഴ്ചത്തെ കലാകൗമുദി ഫിലിം മാഗസിനിൽ ആ വിചിത്ര വേഷം പടം സഹിതം വാർത്തയായി, 'കാരപ്പറമ്പിലെ കൗബോയ്' എന്ന പേരിൽ!
ക്ലിന്റ് ഈസ്റ്റ് വുഡിനെ കുറിച്ചുള്ള എല്ലാ ഓർമ്മകളും ചെന്നെത്തുക ആ കോഴിക്കോടൻ കൗബോയിയിലാണ്. നടനും ഗായകനും നല്ലൊരു വായനക്കാരനും സർവോപരി സുന്ദരനുമായിരുന്ന സിദ്ദിക്കിൽ. ഇന്നത്തെ പ്രശസ്ത നടനല്ല, വിടപറഞ്ഞ സംവിധായകനുമല്ല, കോഴിക്കോട്ടെ വിളക്കുകാലുകൾക്ക് പോലും സുപരിചിതനായിരുന്ന ആ പഴയ സിദ്ദിക്ക്. ആറടി ഉയരക്കാരൻ. സൗഹൃദങ്ങളുടെ സുൽത്താൻ. ബാബുരാജ് ഭ്രാന്തൻ.
ഹോളിവുഡിൽ നിന്നുള്ള ക്ലിന്റ് ഈസ്റ്റ് വുഡിന്റെ റിട്ടയർമെന്റ് വാർത്ത വായിച്ചപ്പോൾ സുഹൃത്തായ സിദ്ദിക്കിന്റെ രൂപം വീണ്ടും മനസ്സിൽ തെളിഞ്ഞു. നടനും ജാസ് സംഗീതജ്ഞനുമായ ക്ലിന്റിന്റെ മകൻ കൈൽ ഈസ്റ്റ് വുഡ് ആണ് ക്യാമറയുടെ മുന്നിലും പിന്നിലും 96കാരൻ ക്ലിന്റിന്റെ സാന്നിധ്യം ഇനിയുണ്ടാവില്ല എന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മേയിലും ക്ലിന്റിന്റെ വിരമിക്കൽ വാർത്ത പ്രചരിച്ചിരുന്നു. അന്ന് നിഷേധക്കുറിപ്പുമായി സ്വമേധയാ രംഗത്തെത്തുകയായിരുന്നു ലോക സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പർസ്റ്റാർ. എന്നാൽ ഇത്തവണ വിടവാങ്ങൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് തറപ്പിച്ചു പറയുന്നു ക്ലിന്റിന്റെ എട്ടു മക്കളിൽ ഒരാളായ കൈൽ.
സുഹൃത്ത് പ്രതാപ് സിംഗിന്റെ (മറ്റൊരു അത്ഭുത പ്രതിഭാസം; ഡാലിയാപ്പൂക്കൾ, ആകാശത്തേക്കൊരു കിളിവാതിൽ എന്നീ ചിത്രങ്ങളുടെ സംവിധായകൻ)വെള്ളിമാടുകുന്ന് എൻജിഓ ഹോസ്റ്റലിലെ മുറിയിൽ വെച്ച് 1980 കളിൽ യാദൃച്ഛികമായി സിദ്ദിക്കിനെ കണ്ടപ്പോൾ കൗതുകം പൂണ്ടത് ആ പഴയ കൗബോയ് അവതാരത്തെ കുറിച്ചു തന്നെ. 'അത് അന്നത്തെ ഒരു പ്രാന്ത്.''സിദ്ദിക്ക് പറഞ്ഞു. 'ക്ലിന്റ് ഈസ്റ്റ് വുഡിന്റെ അഭിനയം കണ്ട് ഹരം മൂത്ത് ചെയ്ത പണിയാണ്. എന്താ മൂപ്പരെ ഒരു പൗരുഷം. അധികം മിണ്ടൂല. സൈലൻസ് ആണ് മൂപ്പരുടെ പവറ്. മലയാളത്തിൽ അതുപോലൊരു റോൾ ചെയ്യണമെന്ന് മോഹമുണ്ട്. നടന്നേക്കും. ജോൺ എബ്രഹാം ഒരു കൗബോയ് ചിത്രം പ്ലാൻ ചെയ്യുന്നുണ്ടത്രേ.. എന്തായാലും എനിക്കൊരു വേഷംണ്ടാകും..'' മലയാളത്തിൽ ഒരു കൗബോയ് ചിത്രമോ എന്ന് തിരിച്ചു ചോദിച്ചില്ല. അതും അതിലപ്പുറവും ചെയ്യാൻ മടിയില്ലാത്ത സാഹസികനായ 'കൗബോയ്''ജോൺ എബ്രഹാം ആണല്ലോ സംവിധായകൻ.
അതിരുകളില്ലാത്ത സിനിമാ മോഹങ്ങൾ എന്നും ഉള്ളിൽ കൊണ്ടുനടന്ന സിദ്ദിക്കിനെ 'യെസ് ബോസ് സിദ്ദിക്ക്'' എന്ന് പറഞ്ഞു പ്രതാപ് സിംഗിന്റെ ഒരു കൂട്ടുകാരൻ പരിചയപ്പെടുത്തിയതോർക്കുന്നു. പല സിനിമകളിലും ചെറു റോളുകളിലാണ് സിദ്ദിക്ക് പ്രത്യക്ഷപ്പെടുക. സ്‌ക്രീനിൽ മിന്നി മറയുന്ന വേഷങ്ങൾ. അധികവും കൂലിത്തല്ലുകാരന്റെ റോളായിരിക്കും. കൊള്ളത്തലവന്മാരായ ജോസ് പ്രകാശോ ജി കെ പിള്ളയോ ഗോവിന്ദൻ കുട്ടിയോ നായകനായ പ്രേംനസീറിനെ തല്ലിച്ചതയ്ക്കാൻ വേണ്ടി പറഞ്ഞയക്കുന്ന ഗുണ്ട. അറ്റൻഷനായി നിന്ന് 'യെസ് ബോസ്'' എന്ന് പറഞ്ഞു നായകനെ തിരഞ്ഞു പോകുന്ന സിദ്ദിക്ക് സ്വാഭാവികമായും നസീറിന്റെ അടി വാങ്ങി ഓടി രക്ഷപ്പെടുന്നതേ നമ്മൾ പിന്നെ കാണൂ. 'ഇവന്റെ ഏറ്റവും പ്രശസ്തമായ ഡയലോഗ് ആണ് `യെസ് ബോസ്'. എത്രയോ സിനിമകളിൽ ആ ഡയലോഗ് പറഞ്ഞിരിക്കും ഇവൻ..''സുഹൃത്തിന്റെ ആ തമാശ ആസ്വദിച്ച് തലയറഞ്ഞു ചിരിച്ചവരിൽ സിദ്ദിക്കും ഉണ്ടായിരുന്നു. (അഭിനയം നിർത്തി മിഠായിത്തെരുവിൽ സുഹൃത്തുക്കൾക്കൊപ്പം എസ്‌കിമോ എന്നൊരു ഹോട്ടൽ നടത്തിയിരുന്ന സിദ്ദിക്ക് ഇന്ന് ജീവിച്ചിരിപ്പില്ല).
സിദ്ദിക്ക് ഒറ്റപ്പെട്ട ഉദാഹരണമല്ല. 1970 -80 കാലഘട്ടത്തിലെ ക്ഷുഭിത യൗവനത്തിന്റെ ചങ്കിടിപ്പ് കൂട്ടാൻ പോന്ന എന്തോ ഒരു മാജിക് ഉണ്ടായിരുന്നു വെള്ളിത്തിരയിലെ ക്ലിന്റ് ഈസ്റ്റ്വുഡ് കഥാപാത്രങ്ങളിൽ. ആദ്യത്തെ ക്യാമറ ടെസ്റ്റിന് പോയപ്പോൾ നേരാംവണ്ണം ഡയലോഗ് പറയാൻ പോലും കഴിയില്ലെന്ന് പറഞ്ഞു നിർദയം തള്ളപ്പെട്ട ആളാണ് ക്ലിന്റ്. പല്ല് കടിച്ചുപിടിച്ചു സംസാരിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. പിന്നീട് അതേ 'പോരായ്മ'യെ തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആക്കി മാറ്റിയെടുത്തു അദ്ദേഹം. അപൂർവമായി മാത്രം ചിരി വിടരുന്ന ആ തണുത്തുറഞ്ഞ മുഖവും 'ചീമ്പ്രൻ'' കണ്ണുകളും നേർവര പോലുള്ള ചുണ്ടുകളും വെട്ടിയൊതുക്കാത്ത താടിരോമങ്ങളും കടിച്ചു പിടിച്ച ചുരുട്ടും വെള്ളിത്തിരയിൽ അനശ്വരമാക്കിയ കഥാപാത്രങ്ങൾ എത്രയെത്ര...
തൊട്ടാൽ പൊള്ളുന്ന ആ സംഭാഷണശകലങ്ങൾ പോലും മനഃപാഠം. റസ്റ്റോറന്റിലെ അക്രമിക്ക് നേരെ തോക്കു ചൂണ്ടിക്കൊണ്ട് 'സഡൻ ഇംപാക്ടി'ലെ ഹാരി കാലഗൻ പറയുന്നു: 'ഗോ എഹെഡ്, മേക്ക് മൈ ഡേ..' എക്കാലത്തെയും പ്രശസ്തമായ 100 സിനിമാ ഡയലോഗുകളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് ആ സംഭാഷണ ശകലത്തിന് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (എഎഫ്ഐ) നൽകിയത്. തീർന്നില്ല; വേറെയുമുണ്ട് അനശ്വര ഈസ്റ്റ് വുഡ് ഡയലോഗുകൾ: ഗെറ്റ് ത്രീ കോഫിൻസ് റെഡി (എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്സ്), ഇൻ ദിസ് വേൾഡ് ദേർ ആർ ടു കൈൻഡ്‌സ് ഓഫ് പീപ്പിൾ, ഫ്രൻഡ് (ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി), യു ആർ എ ലെജൻഡ് ഇൻ യുവർ ഓൺ മൈൻഡ്' (ഡേർട്ടി ഹാരി).. അങ്ങനെയങ്ങനെ.
'ഡേർട്ടി ഹാരി''യാണ് ആദ്യം കണ്ട ക്ലിന്റ് ഈസ്റ്റ് വുഡ് ചിത്രം. സ്‌കൂൾ ജീവിതകാലത്തെ അപൂർവമായ കോഴിക്കോടൻ യാത്രകളിലൊന്നിൽ ക്രൗണിൽ നിന്ന് ഗോപിയേട്ടനൊപ്പം കണ്ട സിനിമ. ടിക്കറ്റ് മുറിച്ച് വാതിൽ കടത്തിവിടുമ്പോൾ ദ്വാരപാലകനായ ഗോവിന്ദേട്ടൻ (നാലടിക്കാരനായ ആ ഹോളിവുഡ് വിജ്ഞാന കോശത്തെ കോഴിക്കോട്ടുകാർ മറക്കുമോ?) പറഞ്ഞു: 'നെറയെ വെടീം പോകേം ആണ് മക്കളേ. പിടിച്ചിരുന്നോളി. മൂപ്പര് ചില്ലറക്കാരനല്ല..'' പടം കണ്ടു പുറത്തു വന്നപ്പോഴേക്കും ക്ലിന്റ് ഈസ്റ്റ് വുഡ് സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച ഇൻസ്പെക്ടർ `ഡേർട്ടി' ഹാരി കാലഗന്റെ ആരാധകനായി മാറിക്കഴിഞ്ഞിരുന്നു ഞാൻ. ഡോളേഴ്സ് പരമ്പരയിലെ മൂന്ന് വിഖ്യാത ചിത്രങ്ങളും കണ്ടത് പിന്നീടാണ് എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്സ്, ഫോർ എ ഫ്യു ഡോളേഴ്സ് മോർ, ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി.. ക്ലിന്റും ലീവാൻ ക്ലിഫും ഇലൈ വാലക്കും മത്സരിച്ചഭിനയിച്ച ``ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി'' തന്നെ കൂട്ടത്തിൽ കേമം. ഇന്നു കാണുമ്പോഴും പുതുമ തോന്നുന്ന ചിത്രം.
പേരില്ലാ നായകനായ ക്ലിന്റ് ഈസ്റ്റ് വുഡ് ചുണ്ടിൽ എരിയുന്ന ചുരുട്ടുമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ പശ്ചാത്തലത്തിൽ മുഴങ്ങുന്ന ഒരു തീം മ്യൂസിക് ഉണ്ട് ഈ സിനിമയിൽ. എന്റിക്കോ മൊറീക്കോൺ സൃഷ്ടിച്ച ആ ചൂളമടി ശകലം പിന്നീട് എത്രയെത്ര സിനിമകളിൽ നാം കേട്ടു? നമ്മുടെ സ്വന്തം `ഖോട്ടേ സിക്കേ'യും 'ഷോലെ'യും ഉൾപ്പെടെ. ഇന്നും ക്ലിന്റ് ഈസ്റ്റ് വുഡിന്റെ പഴയ രൂപത്തോടൊപ്പം കാതിലും മനസ്സിലും വന്നു നിറയുന്നു മറക്കാനാവാത്ത ആ ഈണം. 1990കളോടെ വെടിയും പുകയും കുതിരപ്പന്തയവും നിർത്തി ക്ലിന്റ് ഈസ്റ്റ്വുഡ് അഭിനയത്തിലും സംവിധാനത്തിലും ഉയരങ്ങൾ കീഴടങ്ങിത്തുടങ്ങുന്ന അത്ഭുതക്കാഴ്ച്ച കാണുന്നു നാം. ക്യാമറക്ക് പിന്നിൽ വെള്ളിത്തിരയിലെ ആ പഴയ കൗബോയ് തന്റെ അശ്വമേധം തുടങ്ങിയിരുന്നതേയുള്ളൂ. 'അൺഫോർഗിവനി''ലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കാർ. 2005 ൽ മില്യൺ ഡോളർ ബേബിയിലൂടെ വീണ്ടും അതേ നേട്ടം. മിസ്റ്റിക് റിവർ, ഇൻ ദി ലൈൻ ഒഫ് ഫയർ, ഇൻവിക്റ്റസ് തുടങ്ങി വേറെയും അഭിനയപ്രധാനമായ ചിത്രങ്ങൾ, സംവിധാന സംരംഭങ്ങൾ...ഗ്രേസ് ഈസ് ഗോൺ, ജെ എഡ്ഗർ തുടങ്ങി ഒരു പിടി ചിത്രങ്ങളിൽ സംഗീത സംവിധായകന്റെ വേഷം.
ഏറ്റവുമൊടുവിൽ ക്ലിന്റ് ഈസ്റ്റ് വുഡിനെ കണ്ടത് 'ദി മ്യൂൾ'' (2018) എന്ന ചിത്രത്തിൽ. പതിവുപോലെ സംവിധായകന്റെയും നായകന്റെയും ഇരട്ട വേഷങ്ങളിലാണ് ക്ലിന്റ്. മയക്കുമരുന്നു മാഫിയക്ക് വേണ്ടി കൊക്കെയിൻ രഹസ്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്ന ``മ്യൂളി''ലെ നായകന് വയസ്സ് 88. ക്ലിന്റിനും അന്ന് അതേ പ്രായം. പ്രായാധിക്യം ക്ലിന്റിന്റെ ശരീരത്തെ കാര്യമായി ബാധിച്ചിരിക്കുന്നു; ശരീര ചലനങ്ങളേയും. നടക്കുമ്പോൾ അത്യാവശ്യം കൂനുമുണ്ട്. ആ നടത്തം കാണുമ്പോൾ സങ്കടം തോന്നും. പക്ഷെ അഭിനയത്തെ, സംഭാഷണ ശൈലിയെ, മുഖത്തെ സൂക്ഷ്മ ഭാവങ്ങളെ പ്രായം ബാധിച്ചിട്ടേയില്ല.. ‘മ്യൂളി’ലെ ഏൾ സ്റ്റോണിനെ മറക്കാനാവാത്ത ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നു പ്രിയ ക്ലിന്റ് ഈസ്റ്റ് വുഡ്..
Content Highlights: Clint Eastwood officially retires from acting and directing in 2026 at age 96., A nostalgic look at 'Kozhikode Cowboy' Siddique, who was inspired by Eastwood's persona., Analysis of Eastwood's impact on 1970s-80s youth culture and iconic dialogue., Reflection on Eastwood's transition from a Western icon to an Oscar-winning director.
Published: 04 Jun 2026, 02:58 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented