നാനാ പടേക്കർ പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങിന്റെ ദൃശ്യങ്ങൾ ശ്രദ്ധേയമാകുന്നു. നാലുദിവസങ്ങൾക്ക് മുൻപ് ഗോവയിലെ ഡോണ പൗളയിൽ നടന്ന സമ്രാട്ട് ക്ലബ് ഇന്റർനാഷണലിന്റെ ചടങ്ങിലാണ് നാനാ പടേക്കർ അവസാനമായി പങ്കെടുത്തത്. വെള്ള കുർത്തയും ഷാളും ധരിച്ചാണ് അദ്ദേഹം എത്തിയത്. ചടങ്ങിൽ വെച്ച് തന്റെ അടുത്ത സുഹൃത്തും ഗോവ മുൻ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കറെ ഓർമിച്ച അദ്ദേഹം, ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും സംസാരിച്ചു.

To advertise here,

"എല്ലാവർക്കും എന്നെങ്കിലും പോകേണ്ടതുണ്ട്, നാളെ ഞാൻ ഇവിടെയുണ്ടാകുമോ എന്ന് എനിക്കറിയില്ല" എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. തന്റെ പ്രസംഗത്തിൽ, സ്വന്തം കുടുംബത്തിലും വീട്ടിലും മാത്രം ഒതുങ്ങിനിൽക്കാതെ സമൂഹത്തിന് എന്തെങ്കിലും തിരികെ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചില ആശയങ്ങളെ താൻ അനുകൂലിക്കുന്നുണ്ടെന്നും എന്നാൽ ചിലതിനോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവേദികളിൽ പ്രതിഷേധങ്ങളോ വിയോജിപ്പുകളോ പ്രകടിപ്പിക്കുമ്പോൾ അസഭ്യവാക്കുകൾ ഒഴിവാക്കി അടിസ്ഥാനപരമായ മാന്യത പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

"പ്രമോദ് സാവന്ത് ഗോവയുടെ മുഖ്യമന്ത്രിയാണ്. നിങ്ങളുടെ അച്ഛന്റെ കാലത്ത് മനോഹർ പരീക്കർ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തെ എന്റെ സുഹൃത്തെന്ന് വിളിക്കുന്നതിൽ ഞാൻ അഭിമാനിച്ചിരുന്നു. എന്നെക്കാൾ ചെറുപ്പമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം നമ്മെ അദ്ദേഹത്തെ ബഹുമാനിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. അങ്ങനെയൊരു വ്യക്തി നമ്മുടെയിടയിൽ ജനിച്ചു എന്നതും അദ്ദേഹം ചെയ്ത കാര്യങ്ങൾ ചെയ്യാൻ തയ്യാറായി എന്നതും നമ്മുടെ ഭാഗ്യമാണ്. അദ്ദേഹം ഒരു ദൗത്യം ഏറ്റെടുത്തിരുന്നു. ഒരു ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ച നിരവധി ആളുകളുണ്ട്. ഇത്രയും ചെറിയ ജീവിതത്തിനുള്ളിൽ ഒരാൾക്ക് ഇത്രയധികം കാര്യങ്ങൾ ചെയ്ത് പൂർത്തിയാക്കാൻ കഴിയുന്നു എന്നത് എത്ര മഹത്തായ കാര്യമാണ്! അത്തരം അഭിനിവേശവും ദൃഢനിശ്ചയവും നിങ്ങൾക്ക് ഉണ്ടായിരിക്കണം." നാനാ പടേക്കർ പറഞ്ഞു.

തുടർന്ന് നാനാ തന്റെ സ്വന്തം ഉത്തരവാദിത്തങ്ങളെക്കുറിച്ചും, ഒരു വ്യക്തിയുടെ ലോകം അവരുടെ കുടുംബത്തിലും ചുറ്റുമുള്ളവരിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണോ എന്നതിനെക്കുറിച്ചും സംസാരിച്ചു.

"ഞാൻ പരിശ്രമിച്ചിട്ടുണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കണം. എന്റെ ലോകം എന്റെ മക്കളിലും ഭാര്യയിലും എന്റെ വീട്ടിലും മാത്രമായി ഒതുങ്ങുകയാണെങ്കിൽ, പിന്നെ എന്റെ ലക്ഷ്യമെന്താണ്? ഞാൻ ഇവിടെ എന്തെങ്കിലും തിരികെ നൽകേണ്ടതല്ലേ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചില ആശയങ്ങൾ എനിക്ക് ഇഷ്ടമാണ്, ചിലത് എനിക്ക് ഇഷ്ടമല്ല. അത് തുറന്നുപറയാൻ നമ്മൾ പഠിക്കണം. അദ്ദേഹം ചെയ്യുന്നതെല്ലാം തെറ്റാണെന്ന് പറയാനാവില്ല. എന്താണ് ആത്യന്തികമായി ഒരു പ്രതിഷേധം? നമുക്ക് ശരിയെന്ന് തോന്നാത്തപ്പോൾ, കാര്യങ്ങൾ നടക്കേണ്ട രീതിയിൽ നടക്കാതിരിക്കുമ്പോൾ ഉണ്ടാകുന്നതാണ് അത്. വിശക്കുമ്പോൾ ഒരു ചെറിയ കുഞ്ഞ് പോലും കരയാറുണ്ട്. അതൊരു പ്രതിഷേധ മാർഗ്ഗമാണ്.

പ്രായത്തിനനുസരിച്ച് പ്രതിഷേധത്തിന്റെ നിർവചനം മാറേണ്ടതല്ലേ? എനിക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഞാൻ അതിനെക്കുറിച്ച് സംസാരിക്കണം. എന്നാൽ സംസാരിക്കാൻ ഒരു വഴിയുണ്ട്. എനിക്ക് നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, ഞാൻ ഒരിക്കലും ആർക്കെങ്കിലും എതിരെ അസഭ്യമായതോ അപമാനകരമായതോ ആയ വാക്കുകൾ ഉപയോഗിക്കില്ല. ദേഷ്യത്തോടെയും അസഭ്യത്തോടും കൂടി പൊതുസ്ഥലത്ത് സംസാരിക്കരുത്. സുഹൃത്തുക്കൾക്കിടയിൽ നമ്മൾ വഴക്കിടുകയും പരസ്പരം പിടിവലി നടത്തി പലതും പറയുകയും ചെയ്തേക്കാം, എന്നാൽ അത് നമുക്കിടയിൽ മാത്രം ഒതുങ്ങണം. നമ്മൾ പൊതുസ്ഥലത്ത് സംസാരിക്കുമ്പോൾ കുറഞ്ഞത് ചില അടിസ്ഥാനപരമായ മാന്യതകളെങ്കിലും ഉണ്ടായിരിക്കണം. അത് പാലിക്കപ്പെടണം, അല്ലാത്തപക്ഷം അതിനർത്ഥമില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സിനിമയിൽ നിന്നുള്ള വരുമാനം കർഷകർക്ക്; Naam Foundation-ലൂടെ നാനാ പടേക്കറുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ

ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നാനാ പടേക്കറുടെ അന്ത്യം. സ്വന്തം വീട്ടിൽ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 5:20-ഓടെ മരണം സ്ഥിരീകരിച്ചു.

പതിറ്റാണ്ടുകളോളം ഹിന്ദി, മറാത്തി സിനിമകളിൽ സജീവമായിരുന്ന നാനാ പടേക്കർ ഇന്ത്യയിലെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്. 1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിൽ ജനിച്ച അദ്ദേഹത്തിന്റേത് അഞ്ചു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതമായിരുന്നു. 1978-ൽ പുറത്തിറങ്ങിയ 'ഗമൻ' എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കർ അഭിനയരംഗത്തേക്ക് കടന്നുവന്നത്.
 

നാടകങ്ങളിലും മറാത്തി, ഹിന്ദി സിനിമകളിലും വലിയ സംഭാവനകൾ നൽകി. 'പരിന്ദ', 'അങ്കുഷ്', 'ക്രാന്തിവീർ', 'അഗ്നി സാക്ഷി', 'അബ് തക് ഛപ്പൻ', 'നടസമ്രാട്ട്', 'വെൽക്കം' തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീരപ്രകടനങ്ങൾ അദ്ദേഹത്തിന് വൻ ജനപ്രീതി നേടിക്കൊടുത്തു. നാനാ പടേക്കറുടെ സവിശേഷമായ അഭിനയശൈലിയും സംഭാഷണങ്ങളും ഇന്ത്യൻ സിനിമയിലെ അപൂർവതയാണ്.