അന്തരിച്ച വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവുവിന് ആദരാഞ്ജലികളർപ്പിച്ച് ചലച്ചിത്രരംഗത്തെ പ്രമുഖർ. നടന്മാരായ നന്ദമൂരി ബാലകൃഷ്ണ, കമൽഹാസൻ, ചിരഞ്ജീവി, വെങ്കടേഷ്, ജൂനിയർ എൻ.ടി.ആർ എന്നിവർ റാവുവിനെ അനുസ്മരിച്ചു. അഞ്ച് ഭാഷകളിലായി ആറ് പതിറ്റാണ്ട് നീണ്ട തന്റെ ചലച്ചിത്ര ജീവിതത്തിൽ പരമ്പരാഗതമായ ശൈലികളെ മറികടന്ന് പുതിയ പരീക്ഷണങ്ങൾ നടത്താൻ ശ്രമിച്ച സംവിധായകനായിരുന്നു സിംഗീതം ശ്രീനിവാസ റാവു. വ്യത്യസ്തമായ ആശയങ്ങളും കഥപറച്ചിൽ രീതികളും അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു അവിസ്മരണീയമായ സ്ഥാനം അദ്ദേഹം കെട്ടിപ്പടുത്തു.

To advertise here,

എന്റെ വ്യക്തിപരമായ വലിയ നഷ്ടം-നന്ദമൂരി ബാലകൃഷ്ണ

വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവുവിന്റെ വിയോഗത്തിൽ ഞാൻ അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മരണം എനിക്കൊരു വ്യക്തിപരമായ വലിയ നഷ്ടവും ഇന്ത്യൻ സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത നഷ്ടവുമാണ്. അദ്ദേഹം ഒരു ദാർശനികനായ ചലച്ചിത്രകാരൻ മാത്രമല്ല, ഞങ്ങളുടെ കുടുംബവുമായി വളരെ സവിശേഷവും ദൃഢവുമായ ബന്ധം പുലർത്തിയിരുന്ന ഒരാളുകൂടിയാണ്.

ആദിത്യ 369, ഭൈരവദ്വീപം, ശ്രീ കൃഷ്ണാർജുന വിജയം എന്നീ മൂന്ന് ശ്രദ്ധേയമായ ചിത്രങ്ങളിൽ സിംഗീതം ഗാരുവിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവയെല്ലാം ഓരോ വിധത്തിലും വേറിട്ട സിനിമാനുഭവങ്ങളും ചരിത്രസൃഷ്ടികളുമായിരുന്നു.

ആദിത്യ 369 തെലുങ്ക് സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിലും പുതിയ വഴികൾ വെട്ടിത്തുറന്നു. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ ആദ്യകാല ഉപയോഗത്തിലൂടെ ‘ഭൈരവദ്വീപം’ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയും നാടോടിക്കഥാ വിഭാഗത്തിലെ എക്കാലത്തെയും മികച്ച നാഴികക്കല്ലായി നിലകൊള്ളുകയും ചെയ്യുന്നു. പുരാണ സിനിമകളുടെ ഗാംഭീര്യവും സമൃദ്ധിയും അടുത്തറിയാൻ ‘ശ്രീ കൃഷ്ണാർജുന വിജയം’ ഞങ്ങൾക്ക് അവസരം നൽകി.

ഈ മൂന്ന് ചിത്രങ്ങളിലൂടെ, സാമൂഹികം, ചരിത്രപരം, നാടോടിക്കഥ, പുരാണം എന്നീ നാല് പ്രധാന വിഭാഗങ്ങളിലെ കഥാപാത്രങ്ങളെ ഒരേ ദർശനമുള്ള ചലച്ചിത്രകാരന്റെ സംവിധാനത്തിൽ അവതരിപ്പിക്കാൻ എനിക്ക് അപൂർവ്വമായ അവസരം ലഭിച്ചു. ആ സിനിമകളുടെ ഓർമകളും ഞങ്ങൾ പങ്കിട്ട സർഗാത്മക യാത്രയും എന്നും എന്റെ ഹൃദയത്തിൽ പച്ചപിടിച്ചു നിൽക്കും.

ഞങ്ങളുടെ കുടുംബവുമായുള്ള സിംഗീതം ഗാരുവിന്റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എക്കാലത്തെയും ക്ലാസിക്കായ ‘മായബസാർ’ എന്ന ചിത്രത്തിൽ, എന്റെ പിതാവ് നന്ദമൂരി താരക രാമറാവു ആദ്യമായി ശ്രീരാമകൃഷ്ണനായി വേഷമിട്ടപ്പോൾ, പ്രശസ്തനായ കെ.വി. റെഡ്ഡിയുടെ സഹായിയായിട്ടാണ് അദ്ദേഹം തന്റെ യാത്ര ആരംഭിച്ചത്. പിന്നീട് അദ്ദേഹം എന്റെ പിതാവിന്റെ നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഈ ദീർഘകാല ബന്ധം സിനിമയ്ക്കപ്പുറമുള്ള ഒരു അടുപ്പം ഞങ്ങളുടെ കുടുംബവുമായി ഉണ്ടാക്കിയെടുത്തു.

ഇന്ത്യൻ ചലച്ചിത്ര നിർമാണത്തിലെ യഥാർഥ ഇതിഹാസമായിരുന്നു സിംഗീതം ഗാരു-കഥപറച്ചിലിന്റെ അതിരുകൾ നിരന്തരം ഭേദിക്കുകയും തന്റെ അസാധാരണമായ കരിയറിലുടനീളം പുതുമകളെ സ്വാഗതം ചെയ്യുകയും ചെയ്ത ദർശനമുള്ള വ്യക്തി. സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും പരീക്ഷണത്തോടുള്ള ആവേശവും അവസാന കാലം വരെയും കുറഞ്ഞില്ല. ഭാഷകളിലും വിഭാഗങ്ങളിലും തലമുറകളിലുമായി അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യൻ സിനിമയെ അളവറ്റ രീതിയിൽ സമ്പന്നമാക്കിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. ഞങ്ങൾ ഒരുമിച്ച് നിർമ്മിച്ച സിനിമകളും പങ്കിട്ട ഓർമ്മകളും ഞങ്ങളുടെ സിനിമായാത്രയ്ക്ക് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും ഞാൻ എന്നെന്നും ഓർക്കും.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എണ്ണമറ്റ ആരാധകർക്കും എന്റെ അഗാധവും ഹൃദയംഗമവുമായ അനുശോചനം രേഖപ്പെടുത്തുന്നു.

അദ്ദേഹത്തെപ്പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നു-കമൽഹാസൻ

സിംഗീതം ഗാരു, തന്റെ സ്വന്തം ആഗ്രഹപ്രകാരം, യൗവനത്തിൽ തന്നെ, തന്റെ യൗവനത്തോടൊപ്പം അവസാന ശ്വാസവുമെടുത്തു. യൗവനമെന്ന അദ്ദേഹത്തിന്റെ ആ ഗുണം മറ്റുള്ളവരിലേക്കും പടരണമെന്ന ആഗ്രഹത്തോടെ, അദ്ദേഹം കൈപിടിച്ചു നടന്ന സുഹൃത്തുക്കളിൽ, ശിഷ്യന്മാരിൽ ഒരാളാണ് ഞാൻ. യൗവനത്തിൽ മരിക്കുന്നത് ഒരു ദുരന്തമാകണമെന്നില്ല. അതൊരു മഹത്തായ കാര്യമാകാം. സിംഗീതം ശ്രീനിവാസ റാവു അതിനൊരു വലിയ ഉദാഹരണമാണ്. എനിക്ക് അദ്ദേഹത്തെ അറിയുന്ന കാലം മുതൽ ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തെപ്പോലെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

മനസുകൊണ്ട് ചെറുപ്പക്കാരനായ ചലച്ചിത്രകാരൻ-ചിരഞ്ജീവി

വിഖ്യാത ചലച്ചിത്രകാരൻ ‘സിംഗീതം ശ്രീനിവാസ റാവു’ ഗാരുവിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. യഥാർഥ ദർശനം ഉള്ള അദ്ദേഹം, തന്റെ ഭാവനയിലൂടെയും പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ധൈര്യത്തിലൂടെയും ഇന്ത്യൻ സിനിമയ്ക്ക് എക്കാലത്തെയും മികച്ച ചില ചിത്രങ്ങൾ സമ്മാനിച്ചു. സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വലിയ ബഹുമാനത്തോടും സ്നേഹത്തോടും കൂടി എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘സിംഗ് ഗീതം’ കഥപറച്ചിലിലുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ മനോഹരമായ തെളിവായിരുന്നു. മനസ്സുകൊണ്ട് അദ്ദേഹം എന്നേക്കും ചെറുപ്പക്കാരനും ജിജ്ഞാസയുള്ളവനും സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവനുമായി തുടർന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ അനുശോചനം. സിംഗീതം ഗാരു, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും. നിങ്ങളുടെ സിനിമകൾ തലമുറകളിലൂടെ സംസാരിച്ചുകൊണ്ടേയിരിക്കും.

തെലുങ്ക് സിനിമയിലെ അസാധാരണമായ ഒരു അധ്യായത്തിന്റെ അവസാനം-വെങ്കടേഷ് ദഗ്ഗുബട്ടി

സിംഗീതം ശ്രീനിവാസ റാവു ഗാരുവിന്റെ വിയോഗവാർത്ത കേട്ട് ഹൃദയം തകർന്നുപോയി. ജിജ്ഞാസയോടും മൗലികതയോടും തമാശയോടും കൂടി സിനിമയെ സമീപിച്ച ചലച്ചിത്രകാരന്മാർ വളരെ കുറവാണ്. സിനിമയുടെ മാജിക്കിലും സാധ്യതകളിലും വിശ്വസിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കാത്ത അപൂർവ്വ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. തെലുങ്ക് സിനിമയിലെ അസാധാരണമായ ഒരു അധ്യായത്തിന്റെ അവസാനമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അദ്ദേഹത്തെ അറിയാനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും ഭാഗ്യം ലഭിച്ച എല്ലാവർക്കും എന്റെ അഗാധമായ അനുശോചനം. സിംഗീതം ഗാരു, നിത്യശാന്തി നേരുന്നു. നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച സിനിമകളിലൂടെ നിങ്ങൾ എന്നും ഓർമിക്കപ്പെടും.

കാലത്തിനുമുന്നേ ചിന്തിച്ച ദാർശനികൻ -ജൂനിയർ എൻ.ടി.ആർ

സിംഗീതം ശ്രീനിവാസ റാവു ഗാരു നമ്മെ വിട്ടുപിരിഞ്ഞു എന്ന വാർത്ത അതീവ ദുഃഖകരമാണ്. ആദിത്യ 369, പുഷ്പക വിമാനം, മയൂരി... കാലത്തിന് മുന്നേ ചിന്തിക്കുകയും ഏത് തലമുറയിലും പുതുമ തോന്നുന്ന ചിത്രങ്ങൾ സമ്മാനിക്കുകയും ചെയ്ത ദാർശനികനായ വ്യക്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. ഓം ശാന്തി

സിനിമാസംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: https://mbiurl.in/movies