
ബിരുദപഠനകാലത്ത് പുസ്തകത്താളുകളിൽ ഹോമറിന്റെ 'ഒഡീസി' വായിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞ ചില ചിത്രങ്ങളുണ്ട്. അക്ഷരങ്ങളിലൂടെ മാത്രം അനുഭവിച്ചറിഞ്ഞ ഇത്താക്കയും, ഒഡീസിയസിന്റെ യാത്രകളും, ട്രോജൻ യുദ്ധത്തിന്റെ അലയൊലികളും, കടൽക്ഷോഭങ്ങളും അന്ന് ഒരു വിദ്യാർഥിയുടെ ഭാവനയിൽ പലവിധത്തിൽ രൂപം കൊണ്ടിരുന്നു. സ്വന്തം മനസ്സിൽ മെനഞ്ഞെടുത്ത് കണ്ട ആ ഇതിഹാസ ലോകം, വർഷങ്ങൾക്കിപ്പുറം ഇരുണ്ട തിയേറ്ററിൽ ഇരുന്ന് വലിയ സ്ക്രീനിൽ കാണുക എന്നത് വാക്കുകൾക്കതീതമായ ഒരു അനുഭവമാണ്. ക്രിസ്റ്റഫർ നോളൻ എന്ന മാസ്റ്റർ ഫിലിംമേക്കറുടെ 'ഒഡീസി' കണ്ടിറങ്ങുമ്പോൾ മനസ്സിൽ നിറയുന്നത് ഒരു സിനിമ കണ്ടതിന്റെ സന്തോഷം മാത്രമല്ല, വായനയിലൂടെ സൃഷ്ടിച്ച സ്വപ്നങ്ങൾക്ക് ജീവൻ വെച്ചതിന്റെ ആവേശം കൂടിയാണ്.
ഇതൊരു സിനിമാ നിരൂപണമല്ല. കഥയോ തിരക്കഥയോ ക്യാമറയോ എങ്ങനെയുണ്ടായിരുന്നു എന്ന് വിലയിരുത്താനുള്ള ഒരു ശ്രമവുമല്ല. മറിച്ച്, സിനിമ എന്ന കലാരൂപം മനുഷ്യന്റെ ചിന്തകളെയും ഭാവനകളെയും എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചാണ്. ചില സിനിമകൾ നിരൂപണങ്ങൾക്കും റേറ്റിംഗുകൾക്കും അപ്പുറമാണ്. അത് നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. ഹോമറിന്റെ വരികൾക്ക് നോളൻ നൽകിയ ദൃശ്യഭാഷണം അത്തരത്തിൽ ഒന്നാണ്. പുസ്തകം വായിക്കുമ്പോൾ നമ്മൾ ഓരോരുത്തരും ഓരോ ഒഡീസിയെ ആണ് സൃഷ്ടിക്കുന്നത്. എന്നാൽ ആ സങ്കല്പങ്ങളെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലാണ് നോളൻ ആ ഇതിഹാസകാവ്യത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നത്.
കഥാപാത്രങ്ങളുടെ വികാരങ്ങൾ, പ്രകൃതിയുടെ രൗദ്രഭാവങ്ങൾ, കാലവും ദേശവും കടന്നുള്ള മനുഷ്യന്റെ യാത്രകൾ... ഇതെല്ലാം ഒരു ചിത്രകാരന്റെ സൂക്ഷ്മതയോടെ നോളൻ സ്ക്രീനിൽ വരച്ചിട്ടു. അവിടെ ശരിതെറ്റുകളില്ല കലയുടെ പൂർണ്ണത മാത്രം. ഓരോ ഫ്രെയിമും ഒരു കാവ്യം പോലെയാണ് അനുഭവപ്പെടുന്നത്.
ഹോമറിന്റെ കാവ്യങ്ങൾക്ക് അതിന്റേതായ ഒരു താളമുണ്ടായിരുന്നു. അത് വായിക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ രൂപപ്പെടുന്ന ഒരു അദൃശ്യ സംഗീതമുണ്ട്. അതിനോട് നൂറ് ശതമാനം നീതി പുലർത്തുന്നതായിരുന്നു ലൂഡ്വിഗ് ഗോറൻസൺ ഒരുക്കിയ സംഗീതം. ഇവിടെ പശ്ചാത്തല സംഗീതം ദൃശ്യങ്ങൾക്ക് വെറുമൊരു അകമ്പടിയാകുക മാത്രമല്ല ഒഡീസിയസ് അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെയും വീട്ടിലേക്ക് മടങ്ങാനുള്ള അയാളുടെ കാത്തിരിപ്പിന്റെ, ദിവസങ്ങളെണ്ണി കഴിയുന്ന മാനസികാവസ്ഥയുടെ ആഴം പ്രേക്ഷകനിലേക്ക് നേരിട്ട് പകർന്നുനൽകുന്നുണ്ട്.
ശബ്ദങ്ങളെയും നിശ്ശബ്ദതയെയും ഒരുപോലെ സംഗീതമായി ഉപയോഗിക്കുന്ന നോളന്റെ ശെെലി മറ്റു നോളൻ ചിത്രങ്ങളെപ്പോലെ തന്നെ ഒഡീസിയെയും മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. നേർത്ത കാറ്റിന്റെ മൂളൽ പെട്ടെന്ന് ആർത്തിരമ്പുന്ന സമുദ്രത്തിന്റെ രൗദ്രതയിലേക്ക് മാറുമ്പോൾ ഓരോ ഫ്രെയിമിനും ജീവൻ വയ്ക്കുന്നു. ഓരോ ഫ്രെയിമുകളും കണ്ണിമവെട്ടാതെ കണ്ടിരിക്കുമ്പോൾ തന്നെ അതിമനോഹരമായ സംഗീതം നമ്മൾ പോലും അറിയാതെ നമ്മുടെ ആത്മാവിനെ തൊടും.
സിനിമ കേവലം കഥ പറയാനുള്ള ഒരു മാധ്യമം മാത്രമല്ല അതൊരു ദൃശ്യവിസ്മയമാണെന്ന് ക്രിസ്റ്റഫർ നോളൻ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. സമയത്തെയും കാലത്തെയും മനുഷ്യന്റെ മനശാസ്ത്രത്തെയും ഇത്രത്തോളം ഭംഗിയായി സ്ക്രീനിലെത്തിക്കാൻ സാധിക്കുന്ന മറ്റൊരു സംവിധായകൻ ലോകസിനിമയിൽ ചുരുക്കമായിരിക്കും.
കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ അതിപ്രസരമില്ലാതെ, കഴിയുന്നത്ര സ്വാഭാവികമായി രംഗങ്ങൾ ചിത്രീകരിക്കുക എന്ന നോളന്റെ ശൈലി ഒഡീസിയിലും കാണാം. തിരമാലകളുടെ ഇരമ്പലും, കാറ്റിന്റെ വേഗതയും, ഓരോ കഥാപാത്രത്തിന്റെയും ശ്വാസനിശ്വാസങ്ങൾ പോലും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തുന്ന തരത്തിലുള്ള ശബ്ദമിശ്രണം സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.
മൊബൈൽ ഫോണുകളിലും ടെലിവിഷനുകളിലും ഒതുങ്ങിപ്പോകുന്ന ഇന്നത്തെ കാഴ്ചാശീലങ്ങളിൽ നിന്ന് മാറി, 'ഒഡീസി' പോലൊരു ചിത്രം വലിയ സ്ക്രീനിൽ തന്നെ കാണണം എന്ന് പറയുന്നതിന് ഒരു കാരണമുണ്ട്. തിയേറ്ററിലെ ഇരുട്ടിൽ, ചുറ്റിലുമുള്ള ലോകത്തെ മറന്ന്, ശബ്ദങ്ങളുടെയും വെളിച്ചത്തിന്റെയും ആ വലിയ ക്യാൻവാസിലേക്ക് നമ്മുടെ കണ്ണുകൾ ഉടക്കുമ്പോൾ മാത്രമാണ് സിനിമ ഒഡീസി അതിന്റെ പൂർണ്ണതയിൽ നമ്മളോട് സംസാരിക്കുന്നത്.
ഒരു കൂട്ടം അപരിചിതരായ ആളുകൾക്കൊപ്പം ഒരേ ഹാളിലിരുന്ന് ഒരേ വികാരങ്ങൾ പങ്കുവെക്കുന്ന ആ അനുഭവം, അത് സിനിമ എന്ന കലയ്ക്ക് മാത്രം നൽകാൻ കഴിയുന്ന ഒന്നാണ്. ഹോമറിന്റെ വരികളിലെ മാന്ത്രികതയെ നോളന്റെ ദൃശ്യങ്ങൾ ഏറ്റെടുക്കുമ്പോൾ, നമ്മൾ ഓരോരുത്തരും ആ യാത്രയിലെ സഹയാത്രികരായി മാറുകയാണ്.
ഒരു ബിരുദവിദ്യാർഥിയുടെ മനസ്സിൽ ഹോമർ വിതച്ച ഭാവനയുടെ വിത്തുകൾ, വർഷങ്ങൾക്കുശേഷം നോളന്റെ ദൃശ്യങ്ങളിലൂടെ ഒരു വലിയ വടവൃക്ഷമായി പടർന്നു പന്തലിച്ചിരിക്കുന്നു. സിനിമ എന്തിനാണ് നമ്മൾ കാണുന്നത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ജീവിക്കാൻ. മറ്റൊരു ലോകത്ത്, മറ്റൊരു കാലത്ത് കുറച്ചുനേരം ജീവിക്കാൻ. നോളന്റെ 'ഒഡീസി' ആ യാത്രയിലെ ഏറ്റവും സുന്ദരമായ അധ്യായങ്ങളിലൊന്നായി കാലങ്ങളോളം സിനിമാപ്രേമികളുടെ മനസ്സിൽ നിലനിൽക്കും.
Published: 18 Jul 2026, 11:39 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented