72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇത്തവണ ദശാബ്ദങ്ങൾ പഴക്കമുള്ള ഒരു പാരമ്പര്യം മാറ്റിയെഴുതുകയാണ്. മുമ്പ് ഒരുതവണ മാത്രമാണ് ചടങ്ങ് ഡൽഹിക്ക് പുറത്ത് നടന്നത്. 2026-ലെ ചടങ്ങ് സെപ്റ്റംബർ 22-ന് ഗുജറാത്തിലെ നർമദാ ജില്ലയിലെ ഏകത നഗറിലാണ് (മുൻപ് കേവഡിയ) നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും.

To advertise here,

1954-ൽ ആരംഭിച്ചതുമുതൽ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഡൽഹിയിലെ വിജ്ഞാൻ ഭവനിലെ ചടങ്ങിലാണ് വിതരണം ചെയ്തിരുന്നത്. ഇതിന് അപവാദമുണ്ടായത് 1970-ലായിരുന്നു. 17-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ചെന്നൈ യൂണിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയത്തിലാണ് സമ്മാനിച്ചത്.

1969-ൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കുള്ള 17-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ചെന്നൈയിലെ ചടങ്ങിലാണ് വിതരണം ചെയ്തത്. 1970 നവംബർ 21-ന് യൂണിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. മൃണാൾ സെന്നിന്റെ 'ഭുവൻ ഷോം' മികച്ച ഫീച്ചർ ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ ചടങ്ങിൽ ഏറ്റുവാങ്ങി. 1970-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ചെന്നൈയിൽ നടത്താനുള്ള കാരണം കേന്ദ്ര സർക്കാർ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം രാജ്യതലസ്ഥാനത്തിന് പുറത്ത് വിവിധ ഭാഗങ്ങളിൽ നടത്താനുള്ള നയപരമായ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തവണ ഗുജറാത്തിൽ ചടങ്ങ് നടത്തുന്നത് എന്നാണ് സൂചന.

എന്നാൽ, എന്തുകൊണ്ട് ഇത്തവണ ഗുജറാത്ത് തന്നെ തിരഞ്ഞെടുത്തു എന്നതിൽ വിശദീകരണമൊന്നുമില്ല. എങ്കിലും, ഇത്തവണത്തെ വേദിയും പുരസ്‌കാരങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സർദാർ വല്ലഭായ് പട്ടേലിന്റെ 597 അടി ഉയരമുള്ള 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ ഏകതാ നഗറിലാണ്. ഈ വർഷത്തെ പുരസ്‌കാരം നേടിയ ചിത്രങ്ങളിൽ ഒന്ന് ആനന്ദ് എൽ. റായിയുടെ 'സ്റ്റാച്യൂ ഓഫ് യൂണിറ്റി- ഏകതാ കാ പ്രതീക'. നോൺ- ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്.

അതിനാൽ, തന്റെ ചിത്രത്തിന് ആധാരമായ ആ സ്മാരകത്തിന്റെ പശ്ചാത്തലത്തിൽ തന്നെയായിരിക്കും സംവിധായകൻ ആനന്ദ് എൽ. റായി ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുക. സ്റ്റാച്യൂ ഓഫ് യൂണിറ്റി കോംപ്ലക്‌സിൽ ഗുജറാത്ത് സർക്കാരും നർമദാ ജില്ലാ ഭരണകൂടവും ചേർന്ന് താത്കാലിക വേദി ഒരുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

1954-ലാണ് ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകുന്നത്. സ്റ്റേറ്റ് അവാർഡ്‌സ് എന്ന പേരിൽ അറിയപ്പെട്ട പുരസ്‌കാരത്തിന്റെ വിതരണച്ചടങ്ങ്, ഒക്ടോബർ 10-ന് ഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഡിറ്റോറിയത്തിലാണ് നടന്നത്. 1953-ൽ പുറത്തിറങ്ങിയ പി.കെ. ആത്രെ സംവിധാനം ചെയ്ത 'ശ്യാംചി ആയ്' എന്ന മറാഠി ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള പ്രഥമ പ്രസിഡന്റ്‌സ് ഗോൾഡ് മെഡൽ ലഭിച്ചത്. ബിമൽ റോയിയുടെ 'ദോ ബിഗ സമീൻ', ദേബാകി ബോസിന്റെ 'ഭഗവാൻ ശ്രീ കൃഷ്ണ ചൈതന്യ' എന്നീ ചിത്രങ്ങൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകളും ലഭിച്ചു.

ആദ്യകാലങ്ങളിൽ വ്യക്തിഗത അംഗീകാരങ്ങളേക്കാൾ സിനിമകൾക്കായിരുന്നു പുരസ്‌കാരങ്ങൾ നൽകിയത്. പ്രസിഡന്റ്‌സ് ഗോൾഡ്- സിൽവർ മെഡലുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളുമായിരുന്നു നൽകിയിരുന്നത്. 1955-ൽ പുറത്തിറങ്ങിയ സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി' മികച്ച സിനിമയ്ക്കുള്ള പ്രസിഡന്റ്‌സ് ഗോൾഡ് മെഡൽ നേടി.

1968 മുതലാണ് അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമായി പ്രത്യേക പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. നർഗീസ് ദത്ത് മികച്ച നടിക്കുള്ള ആദ്യ പുരസ്‌കാരവും (ഉർവശി അവാർഡ്) ഉത്തം കുമാർ മികച്ച നടനുള്ള പുരസ്‌കാരവും (ഭരത് അവാർഡ്) സ്വന്തമാക്കി. പിന്നീട് ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം, ശബ്ദലേഖനം, നൃത്തസംവിധാനം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളിലേക്ക് പുരസ്‌കാരം വ്യാപിപ്പിച്ചു.

സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ ആദരിക്കുന്നതിനായി 1969-ലാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഏർപ്പെടുത്തിയത്. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദുണ്ഡിരാജ് ഗോവിന്ദ് ഫാൽക്കെയുടെ പേരിലുള്ള പുരസ്‌കാരം ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലാണ് സമ്മാനിക്കുന്നത്. നടി ദേവികാ റാണിയാണ് പ്രഥമ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേളയിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനെ പുരസ്‌കാരം നൽകി ആദരിച്ചു.

നിലവിൽ ഫീച്ചർ ഫിലിം, നോൺ-ഫീച്ചർ ഫിലിം, സിനിമാ വിഷയം ആസ്പദമാക്കിയുള്ള മികച്ച രചന എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. സിനിമാ രംഗത്തെ വിദഗ്ധരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ പ്രാദേശിക പാനലുകൾ ആദ്യം ചിത്രങ്ങൾ വിലയിരുത്തുകയും, തുടർന്ന് ദേശീയ ജൂറി അന്തിമ വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

വിജയികൾക്ക് മെഡൽ, ക്യാഷ്‌പ്രൈസ്, മെറിറ്റ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. ദാദാസാഹെബ് ഫാൽക്കെ അവാർഡും ഫീച്ചർ ഫിലിം വിഭാഗത്തിലെ ആറ് അവാർഡുകളും, നോൺ-ഫീച്ചർ ഫിലിം, രചനാ വിഭാഗങ്ങളിലെ മൂന്ന് അവാർഡുകൾ വീതവും 'സ്വർണ്ണ കമൽ' (സ്വർണ്ണ താമര) വിഭാഗത്തിലാണ് നൽകുന്നത്. ശേഷിക്കുന്ന പുരസ്‌കാരങ്ങൾ 'രജത കമൽ' (വെള്ളി താമര) എന്ന പേരിലും സമ്മാനിക്കുന്നു.