പി.ബി.എസ്സുമായുള്ള ആ ആദ്യ കൂടിക്കാഴ്ച്ചയിലാണ് ഒരു സത്യം അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്: ഏതു പാട്ടിനു പിന്നിലും ഒരു കഥയുമുണ്ടാകാം. നമ്മുടെ സങ്കല്പങ്ങൾക്കെല്ലാം അപ്പുറത്തെ കഥ.

കഥകൾ തിരഞ്ഞു പോകാറില്ല, ഇങ്ങോട്ട് തിരഞ്ഞുവരികയാണ് പതിവ്; ഏതെങ്കിലുമൊരു പാട്ടിന്റെ കൈപിടിച്ച്. അങ്ങനെ തിരഞ്ഞുവന്ന എത്രയോ കഥകൾ മനസ്സിനെ തൊട്ടിട്ടുണ്ട്. വെറുമൊരു സിനിമാപ്പാട്ടിന് മനുഷ്യജീവിതത്തെ, ചിന്തകളെ, വികാരങ്ങളെ ഇത്ര ആഴത്തിൽ സ്വാധീനിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് വിസ്മയിപ്പിച്ചിട്ടുണ്ട്.
ചെന്നൈ ജെമിനി സർക്കിളിൽ പഴയ വുഡ്ലാൻഡ്സ് ഡ്രൈവ് ഇൻ റെസ്റ്റോറന്റ് നിന്നിരുന്ന സ്ഥലത്തിന് മുന്നിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം കാതുകളിൽ ഒരു പാട്ടിന്റെ ഈരടികൾ ഒഴുകിനിറയും: "യാത്രക്കാരാ പോകുക പോകുക ജീവിതയാത്രക്കാരാ.." വയലാർ എഴുതി ആർ.കെ. ശേഖർ ഈണമിട്ട് പി.ബി. ശ്രീനിവാസ് പാടിയ അയിഷ എന്ന ചിത്രത്തിലെ ദാർശനിക മാനങ്ങളുള്ള ഗാനം. മൂന്ന് പതിറ്റാണ്ട് മുൻപ് അതേ റസ്റ്റോറന്റിന്റെ തിരക്കൊഴിഞ്ഞ കോണിലിരുന്ന് പി.ബി. എസ് പാടിക്കേൾപ്പിച്ചതാണല്ലോ ആ പാട്ട് - കയ്യിലെ പേനകൊണ്ട് മുന്നിലെ മേശമേൽ പതുക്കെ താളമിട്ട്.
"പാടിയ പാട്ടുകളിൽ ഇഷ്ടപ്പെട്ടവ പലതുണ്ട്. എങ്കിലും ഈ പാട്ടിനോടുള്ള സ്നേഹം ഒന്നുവേറെ. മൃതസഞ്ജീവനി കൂടിയാണല്ലോ അത്.." പാടി നിർത്തിയ ശേഷം കവി കൂടിയായ പി.ബി.എസ് പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ഓർമ്മയിൽ. "ശേഖറിനും വയലാറിനുമൊക്കെ ഏറ്റവും പ്രിയപ്പെട്ട പാട്ടായിരുന്നു അത്."
കഥ ഇതാണ്: പടം പുറത്തിറങ്ങി ഏറെക്കഴിയും മുൻപ് കേരളത്തിലെ ഏതോ കുഗ്രാമത്തിൽ നിന്ന് പി.ബി.എസ്സിനെ തേടി ഒരു പോസ്റ്റ് കാർഡ് എത്തുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാനാകാതെ സ്വയം മരണത്തിലേക്ക് നടന്നടുക്കാൻ തീരുമാനിച്ച ഒരു യുവാവിന്റെ കത്ത്. വിഷം കുടിച്ചു മരിക്കാൻ തീരുമാനിച്ച ഘട്ടത്തിലാണ് യാദൃച്ഛികമായി അയിഷയിലെ പാട്ടിന്റെ ചരണത്തിലെ ഒരു വരി വന്ന് അയാളുടെ മനസ്സിനെ തൊട്ടത്: "ഒരു വഴിയടയുമ്പോൾ ഒൻപത് വഴി തുറക്കും, കാലം ഒൻപത് വഴി തുറക്കും."
ആ ഒരൊറ്റ വരിയിൽ ചിമിഴിലെന്നോണം വയലാർ ഒതുക്കിവെച്ച അമൂല്യമായ ജീവിതതത്വം അജ്ഞാതനായ ആ മനുഷ്യനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു. അശുഭചിന്തകളുടെ കൂരിരുളിൽ പ്രതീക്ഷയുടെ ഒരു കൊച്ചു കൈത്തിരിവെട്ടമായി മാറുകയാണ് ഒരു സിനിമാഗാനം. ഏതോ ഒരു സിനിമയിലെ കഥാസന്ദർഭം മാത്രം മുന്നിൽ കണ്ട് പിറന്നുവീഴുന്ന പാട്ടിന് വിലപ്പെട്ട ഒരു മനുഷ്യജീവൻ രക്ഷിക്കാൻ കഴിയുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. പി.ബി.എസ്സിന്റെ ഏറ്റവും പ്രിയഗാനങ്ങളിലൊന്നായി "യാത്രക്കാരാ" മാറിയത് സ്വാഭാവികം. ഇന്നും ആ ഈരടികൾക്കൊപ്പം മനസ്സിൽ തെളിയുക മരണതീരത്തു നിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്ന ഒരു ഗ്രാമീണ യുവാവിന്റെ നിഷ്കളങ്കമുഖമാണെന്ന് പറഞ്ഞിട്ടുണ്ട് പ്രിയ പി.ബി.എസ്.
Also Read: ഭർത്താവിന്റെ മരണത്തിന് ശേഷം കരീമ ബീഗം തളർന്നില്ല, മക്കളെ ചേർത്തുപിടിച്ചു
"പിറ്റേന്ന് തന്നെ കത്തിന്റെ കാര്യം ശേഖറിനെയും വയലാറിനേയും വിളിച്ചുപറഞ്ഞു. അവരുടെ ആഹ്ലാദം വിവരിക്കാനാവില്ല. ശേഖറിനായിരുന്നു ഏറ്റവും സന്തോഷം. സംഗീത സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നല്ലോ അയിഷ.."
മനുഷ്യ ജീവിതത്തിലെ വിധിയുടെ ഇടപെടൽ ലളിതസുന്ദരമായി വ്യാഖ്യാനിക്കുന്നു പാട്ടിൽ വയലാർ:
"വികാരങ്ങൾ വഴികാണിക്കും
വിചാരങ്ങൾ കൂടെ നടക്കും
വിധിയുടെ വാടകവണ്ടിയിലിങ്ങനെ
വിരുന്നുപോകുവതെങ്ങോ..."
പിന്നെയും മറക്കാനാവാത്ത ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു ശേഖർ. പഴശ്ശിരാജയിലെ (1964) ചൊട്ടമുതൽ ചുടല വരെ (യേശുദാസ്) യിൽ തുടങ്ങിയ യാത്ര അവസാനിച്ചത് ചോറ്റാനിക്കര അമ്മ (1976) യിലെ "മനസ്സ് മനസ്സിന്റെ കാതിൽ (യേശുദാസ്, സുശീല) എന്ന ക്ലാസ്സിക് യുഗ്മഗാനത്തിൽ.
മ്യൂസിക് അറേഞ്ചറുടേയും കണ്ടക്റ്ററുടേയും റോളുകളിൽ ശ്വാസം മുട്ടിക്കുന്ന തിരക്കായിട്ടും സ്വതന്ത്ര സംഗീത സംവിധാന ചുമതലയേറ്റപ്പോഴെല്ലാം ഗാനസൃഷ്ടിയോട് പൂർണ്ണമായി നീതി പുലർത്താൻ ശ്രമിച്ചു ശേഖർ. ആഷാഢമാസം, അരുവീ പാലരുവീ (യുദ്ധഭൂമി), പാതിരാപ്പൂവുകൾ, അഞ്ജനക്കുന്നിൽ (പഴശ്ശിരാജ), പ്രിയേ നിനക്ക് വേണ്ടി (കണ്ടവരുണ്ടോ), മണിവർണ്ണനില്ലാത്ത വൃന്ദാവനം, നീയെന്റെ വെളിച്ചം (മിസ് മേരി), അച്ചൻകോവിലാറ്റിലെ, സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു, കത്താത്ത കാർത്തിക വിളക്കുപോലെ, പാതി വിടർന്നൊരു (അനാഥ ശിൽപ്പങ്ങൾ), താമരപ്പൂ നാണിച്ചു, സങ്കൽപ്പവൃന്ദാവനത്തിൽ (ടാക്സി കാർ), ഉഷസ്സോ സന്ധ്യയോ സുന്ദരി (സുമംഗലി), എനിക്ക് ദാഹിക്കുന്നു, ജന്മബന്ധങ്ങൾ (വെളിച്ചം അകലെ), നീലസാഗര തീരം (യോഗമുള്ളവൾ), രാഗങ്ങൾ ഭാവങ്ങൾ, കാവേരീ കാവേരീ (കുട്ടിച്ചാത്തൻ), ആരോരുമില്ലാത്ത തെണ്ടി (ആറടിമണ്ണിന്റെ ജന്മി), താരകേശ്വരി (പട്ടാഭിഷേകം)... എല്ലാം കെട്ടിലും മട്ടിലും ശേഖർ സ്പർശം നിറഞ്ഞു നിൽക്കുന്ന പാട്ടുകൾ.
പി.ബി.എസ്സുമായുള്ള ആ ആദ്യ കൂടിക്കാഴ്ച്ചയിലാണ് ഒരു സത്യം അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്: ഏതു പാട്ടിനു പിന്നിലും ഒരു കഥയുമുണ്ടാകാം. നമ്മുടെ സങ്കല്പങ്ങൾക്കെല്ലാം അപ്പുറത്തെ കഥ. എഴുത്തുകാരന്റെയോ സംഗീത ശില്പിയുടെയോ ഗായികാഗായകന്മാരുടെയോ കേൾവിക്കാരന്റെയോ അദൃശ്യ സാന്നിധ്യമുണ്ടാകാം ആ കഥയിൽ.
ശേഖറിന്റെ അൻപതാം ഓർമ്മദിനത്തോടനുബന്ധിച്ച് മകൻ എ ആർ റഹ്‌മാൻ ഒരുക്കുന്ന സംഗീതപ്രണാമം (എക്കോസ് ഓഫ് മേസ്‌ട്രോ) ചെന്നൈയിൽ സെപ്റ്റംബർ 9 ന് ആറു മണി മുതൽ.
Content Highlights: On the occasion of composer R.K. Shekhar's 50th death anniversary commemorated by his son A.R. Rahman, legendary singer P.B. Sreenivas's old memories recall how a soul-stirring lines penned by Vayalar in the movie Ayisha saved a hopeless young man from committing suicide.
Published: 08 Sept 2026, 11:21 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented