ചെയ്ത ഓരോ ചിത്രവും വ്യത്യസ്തം, തലമുറകൾ കടന്ന് ലഹരിയായി പടരുന്ന ആഖ്യാനരീതി. മലയാളത്തിൽ ഇങ്ങനെയൊരു ചലച്ചിത്രകാരന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ അതിലൊരുത്തരം പി. പത്മരാജൻ എന്നായിരിക്കും. ആ അനശ്വര ചലച്ചിത്രകാരന് ഇന്ന് എഴുപത്തിയേഴാം പിറന്നാൾ. അദ്ദേഹത്തേക്കുറിച്ചും അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത കാലത്തേക്കുറിച്ചും ഓർമിക്കുകയാണ് നടൻ അശോകൻ.

To advertise here,

പത്മരാജൻ ചേട്ടനെ കാണുന്ന മാത്രയിൽത്തന്നെ ഒരു പോസിറ്റിവിറ്റി നമുക്ക് അനുഭവപ്പെടുമെന്ന് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിൽ എഴുതിയ ലേഖനത്തിൽ അശോകൻ പറയുന്നു. വീട്ടിൽച്ചെന്ന് കാണുമ്പോൾ ഷർട്ടിടാതെ കള്ളിമുണ്ടുടുത്തിട്ടാവും ഇരിപ്പുണ്ടാവുക. കഴുത്തിൽ നീളത്തിലൊരു സ്വർണമാലയും വിശാലമായ താടിയും.

മദ്രാസിൽ 'അമരം' സിനിമയുടെ ഡബ്ബിങ്ങിനിടെയാണ് താൻ പത്മരാജനെ അവസാനമായി കണ്ടത്. അന്ന് സിനിമയുടെ ഡബ്ബിങ് നടക്കുകയായിരുന്നു. അദ്ദേഹം 'ഞാൻ ​ഗന്ധർവൻ' എന്ന സിനിമയുടെ പണിപ്പുരയിലുമായിരുന്നു. അവിടെ വുഡ്ലാന്റ് ഹോട്ടലിൽ പപ്പേട്ടൻ ഉണ്ടെന്നറിഞ്ഞ് ഞാൻ കാണാൻ പോയി. കൂടെ ജോഷി മാത്യുവും ​ഗുഡ്നൈറ്റ് മോഹനുമുണ്ടായിരുന്നു. 'അമര'ത്തിന്റെ റീൽ കണ്ടു. നന്നായിരിക്കുന്നു എന്നുപറഞ്ഞു. എനിക്ക് കിട്ടിയ അവസാനത്തെ അഭിനന്ദനമായിരുന്നു അത്. അവസാനമായി കണ്ടതും പറഞ്ഞതും. ഒരു മാസം പോലും പിന്നെ അദ്ദേഹം ജീവിച്ചിരുന്നില്ലെന്ന് തോന്നുന്നു. 

മലയാള സിനിമയുടെ ​ഗന്ധർവൻ മറ്റൊരു ​ഗന്ധർവലോകത്തേക്ക് പോയത് ആർക്കും വിശ്വസിക്കാൻ പറ്റിയില്ല. ഇപ്പോഴും എനിക്ക് അദ്ദേഹം മറഞ്ഞു നിൽക്കുന്നതായേ തോന്നാറുള്ളൂ. സിനിമയിലേക്ക് വരാൻ പറ്റാതെ എവിടെയോ മറഞ്ഞു നിൽക്കുന്നതു പോലെ. പത്മരാജൻ മലയാളസിനിമയിലേക്ക് കൈപിടിച്ചു നടത്തിച്ച നടനെന്നു പറയുന്നതിൽ അഭിമാനവും ഇത്തിരി അഹങ്കാരമുണ്ടെന്നും അശോകൻ പറയുന്നു.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാൻ സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം