പോലീസുകാരിൽ 50 ശതമാനം പേരും പ്രതിഷേധിക്കുന്നവർക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ ഡൽഹി പോലീസിനൊപ്പം ആർഎസ്എസ്സിന്റെ ഗുണ്ടകളും മർദിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധിക്കുന്ന യുവാക്കളെ മർദിക്കുന്ന പോലീസ് ആർഎസ്എസ് പ്രവർത്തകരെ സ്വതന്തരായി വിഹരിക്കാൻ അനുവദിക്കുകയാണെന്നും രാഹുൽ പറഞ്ഞു. മർദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.
'പോലീസുകാരിൽ 50 ശതമാനം പേരും ഞങ്ങളോട് പറഞ്ഞത് ഞങ്ങൾ ചെയ്യുന്നത് ശരിയായ കാര്യമാണെന്നാണ്. പോലീസ്, ഐടിബിപി, സിആർപിഎഫ്, പ്രതിപക്ഷ പാർട്ടികൾ എന്നിവർക്കൊപ്പം ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ഒരുവശത്തും നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവൽ, ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷനിലെ നാലോ അഞ്ചോ പേർ എന്നിവർ മറുവശത്തും നിൽക്കുകയാണ്. ഗ്യാനേഷ് കുമാറിനെ പോലെ ഒരു കള്ളനെ നമ്മൾ എന്തിനാണ് സംരക്ഷിക്കുന്നതെന്നും യുവാക്കളെ എന്തിനാണ് നമ്മൾ മർദിക്കുന്നതെന്നുമുള്ള ചോദ്യം പോലീസുകാർ പോലും ചോദിക്കുന്നുണ്ട്.' -രാഹുൽ ഗാന്ധി പറഞ്ഞു.
ഗ്യാനേഷ് കുമാറിന് ഇത് ഉറക്കം നഷ്ടപ്പെട്ട നാളുകളാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, 'താങ്കളെ വെറുതേ വിടില്ല' എന്നും ഗ്യാനേഷിനോടായി പറഞ്ഞു. 'താങ്കൾക്ക് മുകളിലും ആളുകളുണ്ട്. അവരിലെത്തണമെങ്കിൽ നിങ്ങളെ ആദ്യം നീക്കണം. വിഷമിക്കേണ്ട, നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്. നിങ്ങളുടെ ഭൂതകാലം ഞങ്ങൾക്കറിയാം. നിങ്ങളുടെ അഴിമതിക്കഥകൾ ഞങ്ങൾക്കറിയാം. എല്ലാം ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങൾ കാത്തിരിക്കുകയാണ്.' -രാഹുൽ ഗാന്ധി ഗ്യാനേഷ് കുമാറിനോടായി പറഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചുവെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ്, സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നും വ്യക്തമാക്കി. 'ഇന്ത്യൻ ജനാധിപത്യത്തെ കൊല്ലുന്നതിനെ കുറിച്ചും നീതിപൂർവമായ തിരഞ്ഞെടുപ്പിനെ കുറിച്ചുമുള്ള വലിയ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രസിഡന്റും ഞാനും ചീഫ് ജസ്റ്റിസിന് കത്തെഴുതി. എന്നാൽ സിജെഐ പറഞ്ഞത് അദ്ദേഹം പ്രതിപക്ഷനേതാക്കളെ കാണില്ല എന്നാണ്. നിങ്ങളുടെ പ്രശ്‌നങ്ങൾ സുപ്രീം കോടതിയിൽ ഹർജിയായി നൽകാനാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ഇന്ത്യ സഖ്യത്തിലെ നേതാക്കൾക്കൊപ്പം ഞാൻ സുപ്രീം കോടതിയിൽ പോയി ഹർജി സമർപ്പിക്കും.' -രാഹുൽ തുടർന്നു.
'മോദിജീ, നിങ്ങളോട് ഞാൻ പറയുന്നു, നിങ്ങളുടെ സർക്കാരിലെ 200-ഓളം ഉദ്യോഗസ്ഥർ ഞങ്ങളുമായി ബന്ധപ്പെടുന്നവരാണ്. ഞങ്ങൾക്ക് അവർ വിവരങ്ങൾ നൽകുന്നു. ഇ.ഡിയിലേയും സിബിഐയിലേയും വിദേശമന്ത്രാലയത്തിലേയുമെല്ലാം വിവരങ്ങൾ ഞങ്ങൾക്ക് നൽകുന്നു. നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. സത്യം ഞങ്ങളുടെ കൂടെയാണ്. അഞ്ച് കുറ്റവാളികളാണ് ഇന്ത്യ എന്ന ആശയത്തെ ആക്രമിച്ചത്. ആ അഞ്ച് കുറ്റവാളികളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ഞങ്ങൾ പിന്നോട്ട് പോകില്ല.' -രാഹുൽ പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇന്ത്യ സഖ്യത്തിന്റെ ഇന്നത്തെ മാർച്ചിൽ അണിചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Content Highlights: Opposition Leader Rahul Gandhi displayed video evidence at a press conference alleging RSS activists and police brutally attacked women protesters in Delhi, warning CEC Gyanesh Kumar and the government.
Published: 12 Oct 2026, 01:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented