യാദൃച്ഛികമാകാം. 'നിറകുട'ത്തിലെ 'നക്ഷത്രദീപങ്ങൾ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി' എന്ന പ്രശസ്ത ഗാനം മൊബൈലിൽ ആസ്വദിച്ച് അധികനേരമായിരുന്നില്ല ആ ദുഃഖവാർത്ത സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ: 'ഗുരുവായൂർ ദൊരൈ അന്തരിച്ചു.'
സംഗീതസംവിധായകൻ ജയൻ മാസ്റ്ററുടെ വാക്കുകളാണ് പെട്ടെന്ന് ഓർമ്മ വന്നത്. ഗൗരിമനോഹരിയുടെയും ശങ്കരാഭരണത്തിന്റെയും ആഭോഗിയുടെയും സഞ്ചാരപഥങ്ങളിലൂടെ രാഗമാലികയായി ഒഴുകിയ 'നക്ഷത്രദീപങ്ങ'ളിൽ യേശുദാസിന്റെ ആലാപനത്തിന് അകമ്പടി സേവിച്ചത് ഗുരുവായൂർ ദൊരൈയുടെ മൃദംഗവും കേശവമൂർത്തിയുടെ വയലിനും. ''പ്രൗഢഗംഭീരമായ ഒരു കച്ചേരിയുടെ ലഹരിയിലായിരുന്നു ഞങ്ങളെല്ലാവരും; ജെമിനി സ്റ്റുഡിയോയിലെ റെക്കോർഡിസ്റ്റ് കോടീശ്വരറാവു ഉൾപ്പെടെ.'' ഗാനത്തിന്റെ പിറവിയുടെ നിമിഷങ്ങൾ ഓർത്തെടുക്കവേ ജയൻ മാസ്റ്റർ പറഞ്ഞു.
'മൃദംഗത്തിൽ പാലക്കാട്ട് മണി നെയ്ത ലയതാള തരംഗങ്ങൾ ഉയർന്നെങ്ങും പ്രതിധ്വനിക്കുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കേണ്ടത് മണി അയ്യരുടെ വാദനമാണല്ലോ. എന്ത് ചെയ്യാം? അദ്ദേഹം സിനിമയിൽ വായിക്കാറില്ല. തുല്യ പ്രതിഭാശാലിയായ മറ്റൊരു കലാകാരനെ തേടിയുള്ള യാത്രയാണ് ദൊരൈയിൽ ചെന്നെത്തിയത്.' - ജയൻ മാസ്റ്ററുടെ വാക്കുകൾ.
സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിയെ കുറിച്ചാണ് ബിച്ചു തിരുമലയുടെ രചന. വയലിൻ ഇതിഹാസമായ ചൗഡയ്യയും മൃദംഗ ചക്രവർത്തി മണി അയ്യരുമൊക്കെ പക്കമേളക്കാരായി വന്നുനിറയുന്ന വരികൾ. കഥാപാത്രങ്ങൾ ഇതിഹാസതുല്യരാകുമ്പോൾ പാട്ടിന്റെ റെക്കോർഡിങ് മോശമാക്കാൻ പറ്റുമോ? സമുന്നതരായ കലാകാരന്മാർ തന്നെ വേണം പിന്നണിയിൽ വാദ്യവിദ്വാന്മാരായി എന്ന് നിർബന്ധമുണ്ടായിരുന്നു സംഗീത സംവിധായകരായ ജയവിജയന്മാർക്ക്. എട്ടാം വയസ്സിൽ ചെമ്പൈയുടെ കച്ചേരിക്ക് മൃദംഗം വായിച്ച ചരിത്രമുണ്ട് ഗുരുവായൂർ ദൊരൈക്ക്. കേശവമൂർത്തിയാകട്ടെ, ചൗഡയ്യയുടെ ഗുരുവായ ബിഡാരം കൃഷ്ണപ്പയുടെ ശിഷ്യൻ. സപ്തതന്ത്രികളുള്ള വയലിൻ വായിക്കുന്ന തെന്നിന്ത്യയിലെ അത്യപൂർവം പ്രതിഭകളിലൊരാൾ.
ഒരു ഉപകഥ കൂടി: സിനിമക്ക് വേണ്ടി എഴുതപ്പെട്ടതല്ല നക്ഷത്രദീപങ്ങൾ. ''1970-കളുടെ തുടക്കത്തിൽ ശാസ്ത്രീയ സംഗീത കച്ചേരികളും റെക്കോഡിങ്ങുകളുമായി ഞാനും വിജയനും ചെന്നൈയിൽ കഴിയുന്ന കാലം. മൈലാപ്പൂരിലെ മുരുഡീസ് ലോഡ്ജിലാണ് അന്ന് താമസം.'' - ജയൻ മാസ്റ്ററുടെ ഓർമ്മ. ''ഞങ്ങളെ പോലെ തന്നെ മനസു നിറയെ സിനിമാസ്വപ്നങ്ങളുമായി നടക്കുകയായിരുന്ന ബിച്ചു തിരുമലയും അന്ന് മദ്രാസിലുണ്ട്. വല്ലപ്പോഴുമൊക്കെ അദ്ദേഹം മുറിയിൽ വരും. അത്തരം ഒരു സന്ദർശന വേളയിൽ കയ്യിലുണ്ടായിരുന്ന ഡയറി മേശപ്പുറത്തു വച്ചിട്ട് സമീപത്തുള്ള കപാലീശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ പോയി അദ്ദേഹം. വെറുതെ ഒരു കൗതുകത്തിന് ആ പുസ്തകം എടുത്തു മറിച്ചു നോക്കിയപ്പോൾ അതാ കിടക്കുന്നു ഒരു കവിത. ഞങ്ങളുടെ ഗുരുവായ ചെമ്പൈ സ്വാമിയെ കുറിച്ചുംവയലിൻ മാന്ത്രികനായ ചൗഡയ്യയെ കുറിച്ചുമൊക്കെ പരാമർശമുണ്ട് അതിൽ. ഇഷ്ടം തോന്നിയത് കൊണ്ടാവാം, അവിടെ വെച്ചുതന്നെ ഞാനും അനിയനും ചേർന്ന് ആ വരികൾ പാടി ചിട്ടപ്പെടുത്തി. വെറുതെ ഒരു രസത്തിനു ചെയ്തതാണ്. ബിച്ചു അന്ന് ശിവശങ്കരൻ അമ്പലത്തിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഞങ്ങൾ അത് പാടിക്കേൾപ്പിക്കുകയും ചെയ്തു. പറഞ്ഞാൽ വിശ്വസിക്കില്ല, പാട്ട് കേട്ടു തീരും വരെ വിതുമ്പിക്കൊണ്ടിരിക്കയായിരുന്നു അദ്ദേഹം. 'ഈ വരികൾ എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന ഈണം തന്നെ. നിങ്ങളിതെങ്ങനെ കണ്ടെത്തി?'' -- അത്ഭുതത്തോടെ ബിച്ചുവിന്റെ ചോദ്യം.
അന്നൊന്നും 'നക്ഷത്രദീപങ്ങൾ' സിനിമയിൽ ഉൾപ്പെടുത്തണം എന്ന ചിന്തയില്ല. 1977-ൽ 'നിറകുടം' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകരാകാൻ ജയവിജയന്മാർക്ക് ക്ഷണം ലഭിക്കുന്നു. സംവിധായകൻ ഭീംസിംഗിന്റെ വകയാണ് ക്ഷണം. നേരത്തെ തന്നെ അറിയാം ഭീംസിംഗിനെ. എഴുപതുകളുടെ തുടക്കത്തിൽ അദ്ദേഹം സംവിധാനം ചെയ്ത 'പാദപൂജൈ' എന്ന തമിഴ് ചിത്രത്തിന് കവിഞ്ജർ കണ്ണദാസനൊപ്പം പാട്ടുകൾ ഒരുക്കിയത് ജയവിജയന്മാരാണ്. തന്റെ തന്നെ തമിഴ് സൂപ്പർ ഹിറ്റ് ചിത്രമായ 'ഭാഗപ്പിരിവിനൈ' മലയാളത്തിലാക്കുകയാണ് ഭീംസിംഗ്. ശിവാജി ഗണേശന്റെ റോളിൽ താരതമ്യേന തുടക്കക്കാരനായ കമൽഹാസൻ. നായികയായി ശ്രീദേവി. ഭീംസിംഗിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് സുരാസു.
'ഭാഗപ്പിരിവിനൈ'യിൽ വിശ്വനാഥൻ - രാമമൂർത്തി സഖ്യം ഒരുക്കിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് മലയാള ഭാഷ്യം ചമയ്ക്കുകയായിരുന്നു ബിച്ചു - ജയവിജയ ടീമിന്റെ ദൗത്യം. തമിഴ് സിനിമയിൽ ഒരു കഥാസന്ദർഭത്തിൽ പൊങ്കൽ പശ്ചാത്തലമായി ഒരു ഗാനം കടന്നു വരുന്നുണ്ട്. ടി.എം സൗന്ദരരാജനും ലീലയുമാണ് ഗായകർ. കഥ മലയാളത്തിലാകുമ്പോൾ പൊങ്കലിന് പ്രസക്തിയില്ലല്ലോ. പകരം നവരാത്രിയാക്കാമെന്നു നിർദേശിച്ചത് ജയവിജയന്മാർ തന്നെ.
'നേരത്തെ ചെയ്തുവച്ച നക്ഷത്രദീപങ്ങൾ എന്ന പാട്ട് ആ രംഗത്ത് ഉപയോഗിച്ചാൽ നന്നായിരിക്കും എന്ന് തോന്നി. പിന്നെ സംശയിച്ചു നിന്നില്ല. നേരെ ഭീംസിംഗിന്റെ വീട്ടിൽ ചെന്ന് പാട്ട് അദ്ദേഹത്തെ പാടിക്കേൾപ്പിച്ചു. ഇത്തരമൊരു പാട്ട് യേശുദാസ് സിനിമയിൽ പാടി അഭിനയിച്ചാൽ നന്നായിരിക്കും എന്ന് ഭീംസിംഗ് അഭിപ്രായപ്പെട്ടപ്പോൾ ഞങ്ങൾക്കും സന്തോഷം. അങ്ങനെയാണ് നക്ഷത്രദീപങ്ങൾ നിറകുടത്തിൽ ഇടം നേടിയതും യേശുദാസ് അത് പാടി അഭിനയിച്ചതും.'' - ജയൻ മാസ്റ്ററുടെ ഓർമ്മ. 2024 ഏപ്രിലിലായിരുന്നു ജയന്റെ വിയോഗം.
Content Highlights: Tribute to legendary mridangam exponent Guruvayur Dorai., Behind-the-scenes creation of the classic Malayalam song 'Nakshathradeepangal'., Memories from music composer Jayan Master regarding the song's unexpected journey into the film Nirakkudam (1977).
Published: 10 Oct 2026, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented